
ഇന്ത്യയിലും ആഗോളതലത്തിലും ഹിന്ദു ജനസംഖ്യ വർധിക്കുമെങ്കിലും മറ്റ് മതവിഭാഗങ്ങളെ അപേക്ഷിച്ച് വളർച്ചയുടെ വേഗം കുറവായിരിക്കുമെന്ന് അമേരിക്കൻ ഗവേഷണ സ്ഥാപനമായ പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ പഠനം. 2020 മുതൽ 2070 വരെയുള്ള ജനസംഖ്യാ പ്രവചനമനുസരിച്ച് ഇന്ത്യയിലെ ഹിന്ദു ജനസംഖ്യയിൽ 176 മില്യണിന്റെ വർധനയുണ്ടാകുമെങ്കിലും ആകെ ജനസംഖ്യയിലെ അവരുടെ വിഹിതം നേരിയ തോതിൽ കുറയും.
എന്നാൽ 2070ലും ഇന്ത്യയിലെ ജനസംഖ്യയുടെ മുക്കാൽ ഭാഗത്തിലധികം ഹിന്ദുക്കളായിരിക്കുമെന്നാണ് പഠനത്തിന്റെ വിലയിരുത്തൽ. 2020ൽ ഇന്ത്യയിൽ ഏകദേശം 1.1 ബില്യൺ ഹിന്ദുക്കളുണ്ടായിരുന്നു. ലോകത്തെ ആകെ ഹിന്ദു ജനസംഖ്യയുടെ 95 ശതമാനവും ഇന്ത്യയിലായിരുന്നു.
ഹിന്ദു ജനസംഖ്യയുടെ ആഗോള വളർച്ചയും മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് മന്ദഗതിയിലായിരിക്കും. 2020ൽ ലോകജനസംഖ്യയുടെ 15 ശതമാനമായിരുന്ന ഹിന്ദു വിഭാഗത്തിന്റെ വിഹിതം 2070ൽ 14 ശതമാനമായി കുറയുമെന്നാണ് പ്രവചനം. അതേസമയം, ആഗോള ഹിന്ദു ജനസംഖ്യയിൽ 199 മില്യണിന്റെ വർധനയുണ്ടായി ഏകദേശം 1.4 ബില്യണിലെത്തും.
ഇന്ത്യയിലെ മുസ്ലിം ജനസംഖ്യയുടെ താരതമ്യേന ഉയർന്ന ജനനനിരക്കും പ്രായം കുറഞ്ഞ ജനസംഖ്യാ ഘടനയുമാണ് മതവിഭാഗങ്ങളുടെ ആനുപാതിക വളർച്ചയിൽ മാറ്റമുണ്ടാക്കുന്ന പ്രധാന ഘടകങ്ങളെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. മതപരിവർത്തനത്തേക്കാൾ ജനനനിരക്കും പ്രായഘടനയും കുടിയേറ്റവുമാണ് ഭാവിയിലെ ജനസംഖ്യാ മാറ്റങ്ങളെ പ്രധാനമായും സ്വാധീനിക്കുക.
ഇന്ത്യയ്ക്ക് പുറത്ത് പാകിസ്താനിലും അമേരിക്കയിലുമാണ് ഹിന്ദു ജനസംഖ്യയിൽ കാര്യമായ വർധന പ്രതീക്ഷിക്കുന്നത്. പാകിസ്താനിലെ ഹിന്ദു ജനസംഖ്യ 2070ഓടെ ഇരട്ടിയായി പത്തുമില്യണിലെത്തുമെന്നാണ് കണക്ക്. അമേരിക്കയിൽ കുടിയേറ്റം പ്രധാന കാരണമായി ഹിന്ദു ജനസംഖ്യ നാലു മില്യണിൽ നിന്ന് ഒമ്പത് മില്യണായി ഉയരുമെന്നും പഠനം പ്രവചിക്കുന്നു. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ ഹിന്ദുക്കളുള്ള അഞ്ചാമത്തെ രാജ്യമായി അമേരിക്ക മാറും.
ആഗോളതലത്തിൽ 2020 മുതൽ 2070 വരെയുള്ള കാലയളവിൽ ഹിന്ദു ജനസംഖ്യയിൽ 200 മില്യണിലധികം വർധന സ്വാഭാവിക ജനസംഖ്യാ വളർച്ചയിലൂടെ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതിൽ ഭൂരിഭാഗവും ഏഷ്യ-പസഫിക് മേഖലയിലായിരിക്കും. ലോകത്തെ ഹിന്ദുക്കളിൽ 99 ശതമാനവും ഈ മേഖലയിലാണ് കഴിയുന്നത്.
ഹിന്ദുമതത്തിൽ ജനിച്ചവരിൽ 99 ശതമാനവും പ്രായപൂർത്തിയായ ശേഷവും അതേ മതത്തിൽ തുടരുന്നതായും പഠനം കണ്ടെത്തി. അതിനാൽ മതപരിവർത്തനം ഹിന്ദു ജനസംഖ്യയുടെ വളർച്ചയിൽ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നാണ് വിലയിരുത്തൽ.
അതേസമയം, ആഗോള മതജനസംഖ്യാ കണക്കുകളിൽ ഇസ്ലാം 2035ഓടെ ക്രിസ്തുമതത്തെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ മതവിഭാഗമായി മാറുമെന്നും പ്യൂയുടെ പ്രവചനമുണ്ട്. 2035ൽ മുസ്ലിം ജനസംഖ്യ 2.57 ബില്യണിലെത്തുമ്പോൾ ക്രിസ്ത്യൻ ജനസംഖ്യ 2.52 ബില്യണായിരിക്കുമെന്നാണ് കണക്ക്.