Image

'നിങ്ങൾ ഈ നാടിന്റെ ഭാഗമാണ്; ഇത് നിങ്ങളുടെ വീടാണ്'; ഇന്ത്യൻ വംശജരോട് സൊഹ്റാൻ മംദാനി

Published on 19 November, 2026
'നിങ്ങൾ ഈ നാടിന്റെ ഭാഗമാണ്; ഇത് നിങ്ങളുടെ വീടാണ്'; ഇന്ത്യൻ വംശജരോട്  സൊഹ്റാൻ മംദാനി

ന്യൂയോർക്ക്: അമേരിക്കയിൽ മതവിദ്വേഷത്തിനും പ്രത്യേകിച്ച് ഹിന്ദു വിരുദ്ധതയ്ക്കുമെതിരെ ശക്തമായ നിലപാടുമായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകാൻ ആവശ്യപ്പെടുകയും പൗരത്വവും സ്വത്വവും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നവരോട് ഒന്നേ പറയാനുള്ളൂ, നിങ്ങൾ ഈ നാടിന്റെ ഭാഗമാണ്, ഇത് നിങ്ങളുടെ വീടാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

നവംബർ 17ന് ന്യൂയോർക്ക് സിറ്റി ഹാളിൽ നടന്ന ദീപാവലി ആഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മംദാനി. ന്യൂയോർക്ക് സിറ്റിയുടെമേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനെന്ന നിലയിൽ ദീപാവലി ആഘോഷത്തിന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ ബഹുമതിയും ഭാഗ്യവുമാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുന്നതിൽ ആശങ്ക പ്രകടിപ്പിച്ച മംദാനി, സിഖ് സമൂഹവും വിവേചനവും വിദ്വേഷവും നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ അരികുകളിൽ മാത്രം നിലനിന്നിരുന്ന മുൻവിധികൾ ഇന്ന് മുഖ്യധാരാ രാഷ്ട്രീയ പ്രചാരണങ്ങളിലേക്കും കടന്നുവരികയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വാഷിങ്ടണിലായാലും ഡൽഹിയിലായാലും ഭയവും വിദ്വേഷവും വളർത്തുന്ന രാഷ്ട്രീയത്തെ തള്ളിക്കളയാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദീപാവലി ആഘോഷത്തിന്റെ വെളിച്ചം സമൂഹത്തിൽ കൂടുതൽ ഐക്യവും സഹവർത്തിത്വവും സൃഷ്ടിക്കാനുള്ള സന്ദേശമായി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ കുടുംബത്തിന്റെ ബഹുസാംസ്കാരിക പശ്ചാത്തലവും മംദാനി പ്രസംഗത്തിൽ പരാമർശിച്ചു. ഉഗാണ്ടയിൽ ജനിച്ച അക്കാദമിക് പണ്ഡിതൻ മഹ്മൂദ് മംദാനിയുടെ മകനായ അദ്ദേഹത്തിന്റെ മാതാവ് ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീര നായരാണ്. മാതാവിന്റെ കുടുംബമാണ് ചെറുപ്പം മുതൽ ഹിന്ദുമതത്തെയും അതിന്റെ ദാർശനിക പാരമ്പര്യങ്ങളെയും പരിചയപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത ആരാധനാരീതികളെയും സത്യത്തെക്കുറിച്ചുള്ള വിവിധ കാഴ്ചപ്പാടുകളെയും ഉൾക്കൊള്ളുന്ന പാരമ്പര്യമാണ് ഹിന്ദുമതമെന്ന് മംദാനി വിശേഷിപ്പിച്ചു. ക്ഷേത്രത്തിലോ പള്ളിയിലോ ഗുരുദ്വാരയിലോ പ്രാർഥിക്കുന്നവരിലും മതവിശ്വാസമില്ലാത്തവരിലും ഒരേ ആത്മീയ പ്രകാശം നിലനിൽക്കുന്നുവെന്ന ആശയവും അദ്ദേഹം പങ്കുവച്ചു.

ഹിന്ദുമതത്തിലെ പുരാതന ഗ്രന്ഥമായ ഋഗ്വേദം സത്യത്തിലേക്ക് എത്താൻ പല വഴികളുണ്ടെന്ന ആശയം മുന്നോട്ടുവയ്ക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ മതവിശ്വാസങ്ങൾക്കിടയിലെ പൊതുവായ ആത്മീയ മൂല്യങ്ങളാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കൂട്ടിച്ചേർത്തു.

രാമായണവും മഹാഭാരതവും നൽകുന്ന ജീവിതപാഠങ്ങളും അദ്ദേഹം വിശദീകരിച്ചു. സഹോദരൻ, ഭാര്യ, ഭർത്താവ്, സുഹൃത്ത് എന്നീ നിലകളിൽ മനുഷ്യർ എങ്ങനെയായിരിക്കണമെന്ന് രാമായണം കാണിച്ചുതരുമ്പോൾ, കുടുംബബന്ധങ്ങളിലെ സങ്കീർണതകളും വ്യക്തിപരമായ അടുപ്പവും ധാർമിക ഉത്തരവാദിത്തവും തമ്മിലുള്ള സംഘർഷങ്ങളും മഹാഭാരതം അവതരിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ വിശ്വസ്തതയേക്കാൾ ധർമത്തിന് പ്രാധാന്യം നൽകണമെന്ന സന്ദേശവും അദ്ദേഹം എടുത്തുപറഞ്ഞു.

ഹിന്ദു പാരമ്പര്യത്തിലെ ഈ ധാർമിക മൂല്യങ്ങൾ സാമൂഹിക മാറ്റത്തിനായുള്ള പോരാട്ടങ്ങൾക്കും പ്രചോദനമായിട്ടുണ്ടെന്ന് മംദാനി പറഞ്ഞു. മഹാത്മാഗാന്ധിയുടെ ഉപ്പുസത്യാഗ്രഹവും മാർട്ടിൻ ലൂഥർ കിങ്ങിന്റെ വാഷിങ്ടൺ മാർച്ചും നീതിക്കുവേണ്ടിയുള്ള ഇത്തരം ആശയങ്ങളുടെ സ്വാധീനത്തിന് ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ മതങ്ങളും സംസ്കാരങ്ങളും ഒന്നിച്ചുചേരുന്ന സമൂഹത്തിൽ പരസ്പര ബഹുമാനവും ഉൾക്കൊള്ളലും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് മംദാനിയുടെ ദീപാവലി സന്ദേശം വിരൽചൂണ്ടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക