Image

പുടിനുമായി ചർച്ച നടത്തി ദക്ഷിണ കൊറിയൻ പ്രസിഡന്റ്

Published on 19 November, 2026
 പുടിനുമായി ചർച്ച നടത്തി ദക്ഷിണ കൊറിയൻ പ്രസിഡന്റ്

സിയോൾ: കൊറിയൻ ഉപദ്വീപിലെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും സാധ്യമായ മേഖലകളിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനും ദക്ഷിണ കൊറിയയും റഷ്യയും ധാരണയിലെത്തിയതായി റിപ്പോർട്ട്. ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുങും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ ചൈനയിലെ ഷെൻഷെനിൽ നടന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (എപെക്) ഉച്ചകോടിക്കിടെയാണ് ചർച്ച നടത്തിയത്.

ബുധനാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ആതിഥേയത്വം വഹിച്ച സ്വാഗത വിരുന്നിനുശേഷം ഇരുനേതാക്കളും പത്തുമിനിറ്റോളം കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ വർഷം ജൂണിൽ അധികാരമേറ്റശേഷം ലീയും പുടിനും നേരിട്ട് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.

വിവിധ സാഹചര്യങ്ങൾ കാരണം സഹകരണം എളുപ്പമാകില്ലെങ്കിലും തടസ്സങ്ങളില്ലാത്ത മേഖലകളിൽ സഹകരണം മുന്നോട്ടുകൊണ്ടുപോകാമെന്ന വിശാലമായ ധാരണയിലെത്തിയതായി ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കൊറിയൻ ഉപദ്വീപിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളാകുന്നത് തടയേണ്ടതിന്റെയും സംഘർഷം കുറയ്ക്കാൻ ശ്രമിക്കേണ്ടതിന്റെയും ആവശ്യകതയിലും ഇരുനേതാക്കളും യോജിപ്പിലെത്തി.

യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യ ഉത്തര കൊറിയയുമായി കൂടുതൽ അടുപ്പം പുലർത്തുന്നതാണ് ദക്ഷിണ കൊറിയ-റഷ്യ ബന്ധത്തിൽ വിള്ളലുണ്ടാക്കിയത്. റഷ്യൻ സൈന്യത്തോടൊപ്പം യുക്രെയ്നിൽ പോരാടാൻ ഉത്തര കൊറിയ വലിയൊരു വിഭാഗം സൈനികരെ അയച്ചതും സിയോളിന്റെ ആശങ്ക വർധിപ്പിച്ചിരുന്നു.

അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായി നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ദക്ഷിണ കൊറിയ. കൊറിയൻ ഉപദ്വീപുമായി ബന്ധപ്പെട്ട വിഷയങ്ങൾ വ്യാഴാഴ്ച നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എന്നിവരുടെ ത്രികക്ഷി കൂടിക്കാഴ്ചയിൽ ചർച്ചയായേക്കുമെന്നാണ് വിലയിരുത്തൽ.

ദക്ഷിണ കൊറിയയുടെ ദേശീയ താൽപര്യങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ, പ്രത്യേകിച്ച് കൊറിയൻ ഉപദ്വീപുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, രാജ്യത്തിന്റെ നിലപാടുകൾ ചർച്ചകളിൽ വേണ്ടത്ര പരിഗണിക്കപ്പെടണമെന്ന് പ്രസിഡന്റ് ലീയുടെ ഓഫീസ് വ്യക്തമാക്കി. ഇതിനായി ബന്ധപ്പെട്ട രാജ്യങ്ങളുമായി അടുത്ത ആശയവിനിമയവും സഹകരണവും നടത്തുന്നുണ്ടെന്നും അറിയിച്ചു.

എപെക് ഉച്ചകോടിക്കിടെ ട്രംപ് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ഇതുവരെ തീരുമാനമൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക