
കൊച്ചി: അഭിമന്യു വധക്കേസില്‍ സാക്ഷികള്‍ കൂറുമാറിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ പലതും അടിസ്ഥാനരഹിതമാണെന്ന് അഭിഭാഷക പി എം ആതിര. കേസിന്റെ വിചാരണ ആരംഭിച്ച ദിവസം തൊട്ട് എറണാകുളം ജില്ലാ കോടതിയിലുള്ള ഒരാളെന്ന നിലയില്‍ ഓരോ സാക്ഷിയെയും വിസ്തരിച്ച് കഴിയുന്നതിനനുസരിച്ച് ഇതുവരെയുള്ള ദിവസങ്ങളില്‍ പ്രോസിക്യൂഷന്‍ കേസ് കൂടുതല്‍ ശക്തമാവുകയേ ചെയ്തിട്ടുള്ളൂ എന്നുതന്നെയാണ് തോന്നിയിട്ടുള്ളതെന്ന് പി എം ആതിര ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
'കേസിലെ പ്രധാനസാക്ഷികളായ ഏഴ് പേരെക്കുറിച്ച് കേസില്‍ വിധി വന്ന ശേഷം വിശദമായി എഴുതണം എന്ന് കരുതിയതാണ്. പ്രഗല്‍ഭരായ പ്രതിഭാഗം അഭിഭാഷകരുടെ ദിവസങ്ങള്‍ നീണ്ടുനിന്ന ക്രോസ് വിസ്താരത്തില്‍ പ്രോസിക്യൂഷന്‍ കേസില്‍ നിന്നും അണുവിട വ്യതിചലിക്കാതെ അചഞ്ചലമായി നിലകൊണ്ടവരാണവര്‍. ഒരേ വേഷവിധാനത്തില്‍ ഒരേപോലത്തെ ലുക്കില്‍ പതിനാറ് പ്രതികള്‍ കൂട്ടില്‍ നിരന്നുനിന്നപ്പോള്‍ എട്ട് വര്‍ഷത്തിനുശേഷം
ആ രാത്രിയിലെ മറക്കാനാവാത്ത ഓര്‍മ്മകളെ മാത്രം കരുത്താക്കി ഓരോ പ്രതികളെയും ചൂണ്ടിക്കാട്ടി നിര്‍ഭയം തിരിച്ചറിഞ്ഞവരാണവര്‍. അഭിമന്യുവിന്റെ സഖാക്കള്‍', പി എം ആതിര പറഞ്ഞു.
അഭിമന്യുവിനൊപ്പം കുത്തേറ്റ് 64 സ്റ്റിച്ചുകള്‍ ശരീരത്തിലുള്ള അര്‍ജുന്‍ നെതര്‍ലന്‍ഡിലെ ജോലി പോലും നഷ്ടപ്പെടുത്തി വന്നാണ് ദിവസങ്ങള്‍ നീണ്ടുനിന്ന വിചാരണയില്‍ നിര്‍ഭയം മൊഴി രേഖപ്പെടുത്തിയത്. അഭിമന്യുവിന്റെ പ്രിയപ്പെട്ടവരായിരുന്ന ബോബിന്‍സ്, സുബിമോന്‍, രണ്ട് രാഹുല്‍മാര്‍, നന്ദു, അന്ന് കുത്തേറ്റ വിനീത്. പ്രതിഭാഗം അഭിഭാഷകരെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു അവരുടെ കമിറ്റ്മെന്റും ഡെഡിക്കേഷനും നിറഞ്ഞ ഉത്തരങ്ങള്‍. ഒരു ചോദ്യത്തിന് മുന്നിലും ഒരിക്കലും അവരാരും ഉലഞ്ഞു പോയിട്ടില്ല. കാരണം അവര്‍ അഭിമന്യുവിന്റെ സഖാക്കളാണ്, അവര്‍ എസ്എഫ്ഐക്കാരാണെന്നും പി എം ആതിര വ്യക്തമാക്കി.
സഖാവെന്ന വാക്കിന് ഇത്രയും ആഴം ഉണ്ട് എന്ന് തന്നെ ഈ ദിവസങ്ങളില്‍ പഠിപ്പിച്ചവരാണ്. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ പലതും ആ സഖാക്കളെ ചെളി വാരി എറിയുന്നതിനായി പോലും ചിലര്‍ അറിയാതെ ഉപയോഗിക്കുന്നത് കണ്ടു. അവരറിയാന്‍ കൂടിയാണ്; കൂറുമാറി എന്ന് പറഞ്ഞ സാക്ഷികള്‍ മെറ്റീരിയല്‍ വിറ്റ്നസേ അല്ല. പ്രതികളുടെ വാഹന ഉടമസ്ഥത, ഫോണ്‍ നമ്പര്‍, പ്രതികളുടെ വീട്ടില്‍ പൊലീസ് നടത്തിയ സെര്‍ച്ച് തെളിയിക്കുന്നതിനായി വന്നവര്‍, ഒരു പ്രതിയുടെ ഭാര്യ, ഒരു പ്രതിയുടെ അയല്‍വാസികളായ രണ്ട് പേര്‍, ഒരു പ്രതിയുടെ കൂടെ ജോലി ചെയ്തയാള്‍, ഒരു പ്രതിക്ക് വണ്ടി വിറ്റ സുഹൃത്തുക്കളായ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ എന്നിവരാണവര്‍. അവരില്‍ നിന്ന് പോലും കേസിന് ആവശ്യമായ കാര്യങ്ങള്‍ ക്രോസ് വിസ്താരം നടത്തി വരുത്തിയിരുന്നു സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. മോഹന്‍ രാജ് സര്‍. സാറിന്റെ അനുഭവസമ്പത്തും സമര്‍പ്പണ മനോഭാവവും കേസിനെ കോടതിയില്‍ കെട്ടുറപ്പുള്ള ഒന്നാക്കി തീര്‍ക്കാനായി. അഭിമന്യുവിന്റെ കുടുംബത്തിനായി അഡ്വ. കെ എസ് അരുണ്‍ കുമാറും ആ ഓഫീസും ഒറ്റക്കെട്ടായി
വിചാരണ നടപടിയില്‍ ഉടനീളമുണ്ട്. പറഞ്ഞുവന്നത് ഇപ്പോള്‍ പലരും പ്രകടിപ്പിച്ച ആശങ്കകള്‍ക്ക് ഇടയില്ലാത്ത വിധം പ്രോസിക്യൂഷന്‍ കേസ് ഇതുവരെ കോടതിയില്‍ മുന്നോട്ട് പോയിട്ടുണ്ട് എന്നാണ്. ഇത്തരം വാര്‍ത്തകളില്‍ പെട്ട് അഭിമന്യുവിനെ സ്നേഹിക്കുന്നവര്‍, എസ്എഫ്ഐയെ സ്‌നേഹിക്കുന്നവര്‍ മനസ്സ് വിഷമിപ്പിക്കരുത്. നീതി നടപ്പിലാക്കപ്പെടും എന്ന ഉറച്ച പ്രതീക്ഷയാണ് വിചാരണയാരംഭിച്ച് ഇന്നേ ദിവസം വരെ കോടതിയില്‍ ഇരുന്ന് സാക്ഷിവിസ്താരം കേട്ടു കൊണ്ടിരിക്കുന്ന ഒരാള്‍ എന്ന നിലയ്ക്കും കുറച്ച് കാലം പ്രോസിക്യൂട്ടര്‍ പണി എടുത്തയാള്‍ എന്ന നിലയ്ക്കും പഴയ എസ്എഫ്ഐ പ്രവര്‍ത്തക എന്ന നിലയ്ക്കും തനിക്കുള്ളതെന്നും പി എം ആതിര കൂട്ടിച്ചേര്‍ത്തു.
അഭിമന്യു കേസില്‍ ആറ് സാക്ഷികള്‍ കൂറുമാറിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ, അവര്‍ എസ്എഫ്ഐക്കാര്‍ ആണെന്ന തരത്തില്‍ വ്യാച പ്രചാരണമുണ്ടായികുന്നു. കോണ്‍ഗ്രസ് അനുകൂല ഫേസ്ബുക്ക് പേജുകളിലായിരുന്നു പ്രചാരണം. ' കൂടെ കൊണ്ടുനടന്ന് തീര്‍ത്തു, എന്നിട്ട് ഇപ്പൊ വീണ്ടും ഒറ്റിക്കൊടുക്കുന്നു, എസ്എഫ്ഐ ഒക്കെ എസ്ഡിപിഐയുടെ അടിമകളാണ്' എന്നായിരുന്നു ഒരു പോസ്റ്റില്‍ പറഞ്ഞത്.