
ന്യൂയോർക്ക്: കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (കെ.സി.എ.എൻ.എ.) സുവർണജൂബിലി സമാപനാഘോഷം 2026 നവംബർ 14 ശനിയാഴ്ച വൈകിട്ട് നാലുമുതൽ എൽമോണ്ടിലെ സെന്റ് വിൻസന്റ് ഡി പോൾ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പൊതുസമ്മേളനവും വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികളും ഉൾപ്പെടുത്തി ഒരുക്കുന്ന ആഘോഷത്തിന്റെ വേദി 1500 De Paul Street, Elmont, NY 11003 ആണ്.
1976-ൽ സ്ഥാപിതമായ കെ.സി.എ.എൻ.എ., കഴിഞ്ഞ അമ്പതുവർഷമായി ന്യൂയോർക്ക് നഗരത്തിലും പരിസരപ്രദേശങ്ങളിലും മലയാളികളുടെ സാമൂഹികബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാംസ്കാരിക പ്രവർത്തനങ്ങൾക്കും സമൂഹസേവനത്തിനും വേദിയൊരുക്കിവരുന്നു. പ്രവാസജീവിതത്തിനിടയിലും മലയാളഭാഷയോടും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തോടുമുള്ള ബന്ധം നിലനിർത്താൻ സംഘടനയുടെ കൂട്ടായ്മകളും പരിപാടികളും സഹായകമായിട്ടുണ്ട്.

സംഘടനയുടെ സ്വന്തമായുള്ള കെട്ടിടം ഈ പ്രവർത്തനങ്ങളുടെ വലിയ കരുത്താണ്. ഒത്തുചേരലുകൾക്കും സാംസ്കാരിക പരിപാടികൾക്കും സാമൂഹിക ഇടപെടലുകൾക്കും സ്ഥിരമായ ഇടം നൽകുന്ന ഈ ആസ്ഥാനം, തുടർച്ചയായി പരിപാടികൾ സംഘടിപ്പിക്കാൻ സംഘടനയെ സഹായിക്കുന്നു. വരുംതലമുറകളെ ഭാഷയോടും പൈതൃകത്തോടും ബന്ധിപ്പിച്ചുകൊണ്ട്, ന്യൂയോർക്കിലെ മലയാളികളുടെ പ്രധാന സാംസ്കാരിക–സാമൂഹിക കേന്ദ്രമായി ഈ ആസ്ഥാനത്തെ കൂടുതൽ വികസിപ്പിക്കാനുള്ള സാധ്യതയും സുവർണജൂബിലി മുന്നോട്ടുവയ്ക്കുന്നു.
ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലെ 26-ാം ഡിസ്ട്രിക്ട് അംഗം എഡ്വേർഡ് സി. ബ്രൗൺസ്റ്റീൻ മുഖ്യാതിഥിയായി പങ്കെടുക്കും. നോർത്ത് ഹെംപ്സ്റ്റെഡ് ടൗൺ ക്ലർക്ക് രാഗിണി ശ്രീവാസ്തവ, നാസൗ കൗണ്ടി ലെജിസ്ലേറ്റർ തോമസ് മക്കെവിറ്റ്, ന്യൂയോർക്ക് സ്റ്റേറ്റ് കംപ്ട്രോളർ ഓഫീസിലെ സ്ട്രാറ്റജിക് പ്ലാനിങ് വിഭാഗം അസിസ്റ്റന്റ് കംപ്ട്രോളർ ജോസഫ് ഗലാന്റേ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
വൈകിട്ട് നാലുമുതൽ അഞ്ചുവരെ ലഘുഭക്ഷണവും സൗഹൃദസംഗമവും നടക്കും. അഞ്ചുമണിക്ക് ആഘോഷഘോഷയാത്ര ആരംഭിക്കും. തുടർന്ന് പൊതുസമ്മേളനവും നൂപുര ഡാൻസ് സ്കൂളിന്റെ നൃത്താവതരണം, കലാപരിപാടികൾ ഉൾപ്പെടെയുള്ള സാംസ്കാരിക വിനോദപരിപാടികളും അരങ്ങേറും.

സുവനീർ എഡിറ്റർ മാത്യു ജോഷ്വയുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കുന്ന സുവർണജൂബിലി സ്മരണിക ചടങ്ങിൽ പ്രകാശനം ചെയ്യും. സംഘടനയുടെ പുതിയ വെബ്സൈറ്റിന്റെ ഉദ്ഘാടനവും ആഘോഷത്തിന്റെ ഭാഗമായിരിക്കും. രാത്രി 8.30-ന് അത്താഴം ഒരുക്കിയിട്ടുണ്ട്.
പ്രസിഡന്റ് റെജി കുര്യൻ, സെക്രട്ടറി ബാഹുലേയൻ രാഘവൻ, ട്രഷറർ റിനോജ് കോരുത്ത്, വൈസ് പ്രസിഡന്റ് സോസമ്മ ആൻഡ്രൂസ്, ജോയിന്റ് സെക്രട്ടറി ജോബി ജോർജ്, ജോയിന്റ് ട്രഷറർ ജൂബി ജോസ് എന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി ആഘോഷത്തിന്റെ ഒരുക്കങ്ങൾ നടത്തിവരുന്നു.
ജനറൽ കൺവീനർ അജിത് കൊച്ചുകുടിയിൽ, സുവനീർ കോർഡിനേറ്ററും എഡിറ്ററുമായ മാത്യു ജോഷ്വ, ഫിനാൻസ് കമ്മിറ്റി കോർഡിനേറ്റർ ഫിലിപ്പ് മഠത്തിൽ, സാംസ്കാരിക പരിപാടികളുടെ കമ്മിറ്റി കോർഡിനേറ്റർ ശബരിനാഥ് നായർ, രാജു ഏബ്രഹാം, ഏബ്രഹാം പുത്തുശ്ശേരി എന്നിവരടങ്ങുന്ന ആറംഗ സുവർണജൂബിലി കോർഡിനേഷൻ സമിതി സംഘാടനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. ട്രസ്റ്റി ബോർഡ് അംഗങ്ങളും വിവിധ സബ് കമ്മിറ്റികളും ഒരുക്കങ്ങളിൽ പങ്കാളികളാണ്.

അമ്പതുവർഷത്തെ സേവനപാരമ്പര്യം അടയാളപ്പെടുത്തുന്ന ആഘോഷത്തിൽ അംഗങ്ങളും കുടുംബങ്ങളും സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. പ്രവേശനം പാസ് മുഖേനയായിരിക്കും.
പാസുകൾക്കും കൂടുതൽ വിവരങ്ങൾക്കും പ്രസിഡന്റ് റെജി കുര്യൻ: 917-975-1690, സെക്രട്ടറി ബാഹുലേയൻ രാഘവൻ: 516-640-9978, ജനറൽ കൺവീനർ അജിത് കൊച്ചുകുടിയിൽ: 516-225-2814 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
വാർത്ത നൽകുന്നത്:
വർഗീസ് കോരസൺ
പബ്ലിക് റിലേഷൻസ് ഓഫീസർ
കെ.സി.എ.എൻ.എ.