
കോഴിക്കോട്: മാൾട്ട പാർലമെന്റിൽ നടത്തിയ ബജറ്റ് പ്രസംഗത്തിനിടെ മലയാളി നഴ്‌സിനെ പേരെടുത്തു പറഞ്ഞ് പ്രശംസിച്ച് പ്രധാനമന്ത്രി റോബർട്ട് അബേല. ചാലക്കുടി മേലൂർ പയ്യപ്പിള്ളി വീട്ടിൽ ഗീതു ലൂയിസിനെയാണ് (35) പ്രധാനമന്ത്രി അഭിനന്ദിച്ചത്. തന്റെ മാതാപിതാക്കൾക്ക് അസുഖം വന്നപ്പോഴും മകൾക്ക് പരിചരണം ആവശ്യമായി വന്നപ്പോഴും തുണയായത് ഗീതുവാണെന്നും അവരുടെ സേവനങ്ങൾക്ക് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി പാർലമെന്റിൽ പറഞ്ഞു. തന്റെ കടമ മാത്രമാണ് ചെയ്തതെന്നും പ്രധാനമന്ത്രിയുടെ വാക്കുകൾ വലിയ അമ്പരപ്പും സന്തോഷവും നൽകിയെന്നും ഗീതു പ്രതികരിച്ചു.
2018-ലാണ് ഗീതു മാൾട്ടയിലെത്തുന്നത്. കോവിഡ് വ്യാപനകാലത്ത് പലരും മടിച്ചുനിന്ന വിമാനത്താവളത്തിലെ രോഗപരിശോധനാ ദൗത്യം ധൈര്യപൂർവ്വം ഏറ്റെടുത്തതോടെയാണ് ഗീതു ആരോഗ്യവകുപ്പിന്റെ ശ്രദ്ധാകേന്ദ്രമായത്. തുടർന്ന് 32 ആശുപത്രികളിലായി മുന്നൂറോളം ജീവനക്കാരുടെ ചുമതലയുള്ള കോവിഡ് പരിശോധനാ വിഭാഗത്തിന്റെ പൂർണ്ണ നേതൃത്വം ഗീതുവിന് ലഭിച്ചു. ഇതോടെ മാൾട്ടയിലെ ഏറ്റവും വിശ്വസ്തരായ ആരോഗ്യപ്രവർത്തകരുടെ നിരയിലേക്ക് ഗീതു ഉയർന്നു.
ഇതിനിടെ, അപകടത്തിൽ പരിക്കേറ്റ പ്രധാനമന്ത്രിയുടെ പിതാവും മുൻ പ്രസിഡന്റുമായ ജോർജ് അബേലയെ പരിചരിക്കാനുള്ള ദൗത്യവും ഗീതുവിനെ തേടിയെത്തി. ഒരു വർഷത്തോളം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ താമസിച്ച ഗീതു, റോബർട്ട് അബേലയുടെ ഭാര്യയ്ക്കും മകൾക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായപ്പോഴും മികച്ച പരിചരണം നൽകി. പ്രവാസി മലയാളി സമൂഹത്തിനാകെ അഭിമാനമായി മാറിയിരിക്കുകയാണ് ഗീതുവിന് ലഭിച്ച ഈ അപൂർവ്വ അംഗീകാരം.