Image

വിശ്വാസി എറിഞ്ഞ ജപമാല മാര്‍പ്പാപ്പയുടെ കണ്ണില്‍ക്കൊണ്ടു; എറിഞ്ഞ ആളോട് ക്ഷമിച്ചെന്ന് പോപ്പ്

Published on 18 November, 2026
 വിശ്വാസി എറിഞ്ഞ ജപമാല മാര്‍പ്പാപ്പയുടെ കണ്ണില്‍ക്കൊണ്ടു; എറിഞ്ഞ ആളോട് ക്ഷമിച്ചെന്ന് പോപ്പ്

ലിമ: പെറുവില്‍ വിശ്വാസികളെ അഭിവാദ്യംചെയ്ത് സഞ്ചരിക്കുന്നതിനിടെ ഒരാള്‍ എറിഞ്ഞ ജപമാല ലിയോ പതിന്നാലാമന്‍ മാര്‍പാപ്പയുടെ കണ്ണില്‍ക്കൊണ്ടു. തിങ്കളാഴ്ച ലിമയിലെ വ്യോമതാവളത്തില്‍ കുര്‍ബാനയ്ക്കായി തടിച്ചുകൂടിയ 15 ലക്ഷത്തോളം വിശ്വാസികളെ അഭിവാദ്യംചെയ്യുന്നതിനിടെയായിരുന്നു സംഭവം.

ജപമാല കണ്ണില്‍ തട്ടിയതോടെ പാപ്പ വേദനകൊണ്ട് മുഖം ചുളിക്കുകയും കണ്ണില്‍ കൈവെക്കുകയും ചെയ്‌തെങ്കിലും ചടങ്ങുകള്‍ തടസ്സപ്പെടുത്താതെ അദ്ദേഹം മുന്നോട്ടുപോയി. സംഭവത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

റോമിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് പാപ്പ ഇതേക്കുറിച്ച് പ്രതികരിച്ചത്. ജപമാല എറിഞ്ഞയാളോട് തനിക്ക് വിരോധമില്ലെന്നും അദ്ദേഹത്തോട് ക്ഷമിക്കുന്നതായും പറഞ്ഞു. അത് ആഴത്തിലുള്ള വിശ്വാസത്തിന്റെ പ്രകടനമായാണ് കാണുന്നതെന്നും അറിയിച്ചു. ''വിശ്വാസത്തോടെ ജപമാല സമര്‍പ്പിക്കാന്‍ ആഗ്രഹിച്ച ഒരാളുടെ പ്രവൃത്തിയാണത്. ചില കാര്യങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കാനുള്ളതാണ്,  ചിലപ്പോള്‍ കണ്ണിലും'' എന്നായിരുന്നു പാപ്പയുടെ തമാശകലര്‍ന്ന പ്രതികരണം.

ജപമാലകളും കളിപ്പാട്ടങ്ങളും ജേഴ്സികളുമെല്ലാം മാര്‍പാപ്പയ്ക്കുനേരേ എറിയുന്നത് പതിവാണെങ്കിലും ഇത്തരം പ്രവൃത്തികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. പെറുവില്‍ രണ്ടുപതിറ്റാണ്ടോളം ജീവിച്ചിട്ടുള്ള മാര്‍പാപ്പയ്ക്ക് രാജ്യത്തോടും അവിടത്തെ ജനങ്ങളോടും പ്രത്യേക അടുപ്പമുണ്ട്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക