
കോതമംഗലം: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമാ പ്രഖ്യാപിച്ച 'ഫോമാ 20-20 ഹൗസിങ് പ്രോജക്ടി'ന്റെ ഭാഗമായി എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കില്‍ കോട്ടപ്പടി പഞ്ചായത്തിലെ അയപ്പാറയില്‍ നിര്‍മിക്കുന്ന വീടിന്റെ കട്ടിളവയ്പ് നടന്നു. കോതമംഗലം എം.എല്‍.എ ഷിബു തെക്കുംപുറത്തിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

പ്രവാസി മലയാളികള്‍ ജന്മനാടിനോടുള്ള സ്‌നേഹവും സാമൂഹിക പ്രതിബദ്ധതയും പ്രവര്‍ത്തനങ്ങളിലൂടെ പ്രകടിപ്പിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഫോമയുടെ ഭവനപദ്ധതിയെന്ന് എം.എല്‍.എ ആശംസിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കൈത്താങ്ങാകുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണ്. വീടെന്നത് കേവലം ഒരു കെട്ടിടമല്ല, ഒരു കുടുംബത്തിന്റെ സുരക്ഷിതത്വവും പ്രതീക്ഷയും ആത്മാഭിമാനവുമാണ്. അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് വീടൊരുക്കാന്‍ മുന്നിട്ടിറങ്ങിയ ഫോമാ നേതൃത്വത്തെയും അമേരിക്കന്‍ മലയാളികളെയും അദ്ദേഹം അഭിനന്ദിച്ചു. പദ്ധതിയുടെ ഭാഗമായിത്തീരാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവച്ചു.
കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാര്‍, ഫോമാ നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഷാലു പുന്നൂസ്, ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ബിജു സക്കറിയ, ഭാര്യ ജിനി സക്കറിയ എന്നിവര്‍ അമേരിക്കയില്‍നിന്ന് ചടങ്ങില്‍ സാന്നിധ്യമറിയിച്ചു.

2028-ല്‍ സംഘടനയുടെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും കേരളത്തിലെ അര്‍ഹരായ നിര്‍ധന കുടുംബങ്ങള്‍ക്ക് 20 വീടുകള്‍ നിര്‍മിച്ചുനല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഫോമാ 20-20 ഹൗസിങ് പ്രോജക്ടിന് രൂപം നല്‍കിയിരിക്കുന്നത്. ആഘോഷങ്ങള്‍ക്കപ്പുറം മനുഷ്യജീവിതങ്ങളില്‍ സന്തോഷവും സുരക്ഷിതത്വവും പകരുന്ന സേവനപ്രവര്‍ത്തനങ്ങളിലൂടെ സംഘടനയുടെ ഇരുപതാം വാര്‍ഷികം അടയാളപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ പിന്നിലെ ആശയം.
പദ്ധതിയുടെ ഭാഗമായി ആദ്യ വീടിന് പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ പഞ്ചായത്തിലെ ചെങ്ങരൂരില്‍ തിരുവല്ല എം.എല്‍.എ അഡ്വ. വര്‍ഗീസ് മാമന്‍ തറക്കല്ലിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായി പിറവം ഉള്‍പ്പെടെ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ ഭവനനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സ്വന്തമായി ഒരു വീട് എന്നത് ഏതൊരു കുടുംബത്തിന്റെയും ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ്. സാമ്പത്തിക പരാധീനതകള്‍ മൂലം ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയാത്തവര്‍ക്ക് സുരക്ഷിതമായ ഭവനമൊരുക്കുക എന്ന മാനുഷിക ലക്ഷ്യമാണ് പദ്ധതിയുടെ കാതല്‍. വിദേശത്ത് കഴിയുമ്പോഴും സ്വന്തം നാടിന്റെ ആവശ്യങ്ങള്‍ മറക്കാതെ, അര്‍ഹരായവരുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ വെളിച്ചം പകരുന്ന അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയുടെ സേവനമുഖമാണ് ഈ പദ്ധതി.
വിദ്യാഭ്യാസം, ചികിത്സ, ഭവനനിര്‍മാണം, സ്ത്രീശാക്തീകരണം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കുള്ള സഹായം തുടങ്ങി വിവിധ മേഖലകളില്‍ ഫോമാ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച കൂടിയാണിത്. ഫോമാ പ്രസിഡന്റ് ബിജു തോണിക്കടവില്‍, ജനറല്‍ സെക്രട്ടറി പോള്‍ പി. ജോസ്, ട്രഷറര്‍ പ്രദീപ് നായര്‍, വൈസ് പ്രസിഡന്റ് സാമുവല്‍ മാത്യു, ജോയിന്റ് സെക്രട്ടറി ഡോ. മഞ്ജു പിള്ള, ജോയിന്റ് ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 2026-2028 ഭരണസമിതിയുടെ പ്രധാന മുന്‍ഗണനകളിലൊന്നാണ് 20 വീടുകള്‍ നിര്‍മിച്ചുനല്‍കുകയെന്ന പ്രഖ്യാപിത ലക്ഷ്യം സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നത്. ഒരു വീടിന്റെ കട്ടിളവയ്പ് എന്ന ചടങ്ങിനപ്പുറം, ഒരു കുടുംബത്തിന്റെ ജീവിതത്തില്‍ പുതിയ പ്രതീക്ഷകളുടെ വാതില്‍ തുറക്കുകയാണ് ഫോമാ 20-20 ഭവനപദ്ധതിയിലൂടെ.