
ക്രിക്കറ്റ് കളത്തില്‍ ഇനി ആ ഹെലികോപ്റ്റര്‍ ഷോട്ടുകളുണ്ടാകില്ല; അവസാന ഓവറുകളില്‍ ധോണിയെന്ന മാന്ത്രികന്റെ കാത്തിരിപ്പുമുണ്ടാകില്ല. 18 വര്‍ഷം നീണ്ട ഐ.പി.എല്‍ ഇതിഹാസത്തിന് വിരാമം. ചെന്നൈയുടെ ഹൃദയത്തുടിപ്പായ ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും വലിയ വൈകാരിക അധ്യായങ്ങളിലൊന്നിന് മാസ്റ്റര്‍പീസായ സ്വയം സ്റ്റംപിങ്. ചില വിടവാങ്ങലുകള്‍ അങ്ങനെയാണ്. ഒരിക്കല്‍ നമ്മുടെ ഹൃദയത്തില്‍ ഇടംപിടിച്ച, ജീവിതത്തിലെ അനേകം സായാഹ്നങ്ങളെ ആവേശംകൊണ്ട് നിറച്ച ഒരു മനുഷ്യന്‍ തന്റെ പ്രിയ പിച്ചില്‍നിന്ന് പടിയിറങ്ങുമ്പോള്‍ അറിയാതെ കണ്ണുകള്‍ നിറയും. മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കല്‍ അത്തരമൊരു വല്ലാത്ത നിമിഷമാണ്.
ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിന്റെ ഗാലറികളില്‍ ഇനി ആ ഏഴാം നമ്പര്‍ മഞ്ഞക്കുപ്പായത്തിനായി കാത്തിരിപ്പുണ്ടാകില്ല. അവസാന ഓവറുകളില്‍ ബാറ്റുമായി ക്രീസിലെത്തുന്ന ധോണിയെ കണ്ട് എതിര്‍ടീമിന്റെ ആരാധകരുടെ പോലും നെഞ്ചിടിപ്പ് ഉയരുന്ന ആ കാഴ്ച ഇനി ഐ.പി.എല്ലില്‍ ആവര്‍ത്തിക്കില്ല. സിക്‌സറുകള്‍കൊണ്ട് മത്സരത്തിന്റെ ശ്വാസ ഗതി മാറ്റുന്ന ആ ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ ഇനി ഓര്‍മ്മകളുടെ ഭാഗം മാത്രം. 2008-ല്‍ ആരംഭിച്ച ഐ.പി.എല്‍ യാത്രയ്ക്ക് 2026 നവംബര്‍ 17-ന് ധോണി ഔദ്യോഗികമായി വിരാമമിട്ടിരിക്കുന്നു. എന്നാല്‍, ക്രിക്കറ്റ് ലോകത്തിന് അദ്ദേഹം നല്‍കിപ്പോയത് എണ്ണിത്തിട്ടപ്പെടുത്താവുന്ന റണ്‍സിനും കിരീടങ്ങള്‍ക്കും അപ്പുറമുള്ള വൈകാരിക ഇന്നിംഗ്‌സുകളാണ്.
ചെന്നൈ സൂപ്പര്‍ കിംഗ്സും മഹേന്ദ്ര സിങ് ധോണിയും തമ്മിലുള്ള ബന്ധം ഒരു കളിക്കാരനും ഫ്രാഞ്ചൈസിയും തമ്മിലുള്ള സാധാരണ കരാര്‍ബന്ധമായിരുന്നില്ല. അതൊരു നഗരവും അതിന്റെ ആരാധകരും ക്രിക്കറ്റീവായ മനുഷ്യനും തമ്മില്‍ രൂപപ്പെടുത്തിയ അപൂര്‍വമായ ആത്മബന്ധമായിരുന്നു. 2008-ലെ ആദ്യ ഐ.പി.എല്‍ സീസണില്‍ ചെന്നൈയുടെ നായകനായി എത്തിയ ധോണി പിന്നീട് ആ ടീമിന്റെ പര്യായമായി മാറുകയായിരുന്നു. 2016, 2017 വര്‍ഷങ്ങളില്‍ ചെന്നൈയ്ക്ക് വിലക്ക് നേരിടേണ്ടിവന്നപ്പോള്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റിനുവേണ്ടി കളിക്കേണ്ടിവന്നതൊഴിച്ചാല്‍ അദ്ദേഹത്തിന്റെ ഐ.പി.എല്‍ ജീവിതത്തിന്റെ വലിയൊരു ഭാഗവും മഞ്ഞപ്പടയ്‌ക്കൊപ്പമായിരുന്നു.
2010, 2011, 2018, 2021, 2023 വര്‍ഷങ്ങളില്‍ അഞ്ച് ഐ.പി.എല്‍ കിരീടങ്ങളാണ് ധോണി ചെന്നൈയുടെ അലമാരയിലെത്തിച്ചത്. തോല്‍വികളില്‍ തളരാത്ത, വിജയങ്ങളില്‍ അമിതമായി ആഹ്ലാദിക്കാത്ത, പ്രതിസന്ധികളില്‍ ശാന്തത കൈവിടാത്ത ഒരു നായകന്‍. അതായിരുന്നു ധോണി. ''എം.എസ്. ധോണിയില്ലാതെ ചെന്നൈ സൂപ്പര്‍ കിംഗ് സ് ഇല്ല...'' എന്ന ടീം ഉടമ എന്‍. ശ്രീനിവാസന്റെ വാക്കുകള്‍ കേവലം വൈകാരികമായ ഒരു പ്രസ്താവനയല്ല. ഒരു ഫ്രാഞ്ചൈസിയുടെ ചരിത്രവും സ്വത്വവും ഒരു കളിക്കാരനുമായി എത്രത്തോളം ഇഴചേര്‍ന്നിരിക്കുന്നു എന്നതിന്റെ സാക്ഷ്യപത്രം കൂടിയാണത്.
ഐ.പി.എല്‍ കരിയറില്‍ 278 മത്സരങ്ങളില്‍നിന്ന് 5,439 റണ്‍സ്. 38.30 ശരാശരി, 137-ഓളം സ്‌ട്രൈക്ക് റേറ്റ്. ചെന്നൈയ്ക്കുവേണ്ടി മാത്രം 5,314 റണ്‍സ്. അഞ്ച് കിരീടങ്ങള്‍. കണക്കുകള്‍ ധോണിയുടെ മികവിന്റെ ഒരു ഭാഗം മാത്രമേ പറയുന്നുള്ളൂ. വിക്കറ്റിന് പിന്നിലെ മിന്നല്‍ വേഗത്തിലുള്ള സ്റ്റമ്പിംഗുകള്‍, ബൗളര്‍മാരെ നിയന്ത്രിക്കുന്ന തന്ത്രങ്ങള്‍, ഫീല്‍ഡര്‍മാരുടെ സ്ഥാനം മാറ്റുന്നതിലെ അസാധാരണമായ മികവ്, അവസാന പന്തുവരെ പ്രതീക്ഷ കൈവിടാത്ത പോരാട്ടവീര്യം... ഇവയെല്ലാം ചേര്‍ന്നതാണ് ധോണിയെ വ്യത്യസ്തനാക്കിയത്.
ക്രിക്കറ്റ് ലോകത്ത് ഡി.ആര്‍.എസ് എന്ന സാങ്കേതിക സംവിധാനത്തിന് 'ധോണി റിവ്യൂ സിസ്റ്റം' എന്ന വിളിപ്പേര് ലഭിച്ചത് അദ്ദേഹത്തിന്റെ കളിനിരീക്ഷണ ശേഷിയുടെ അംഗീകാരമായിരുന്നു. വിക്കറ്റിന് പിന്നില്‍നിന്ന് ഒരു ബാറ്ററുടെ ചെറിയ ചലനംപോലും വായിച്ചെടുക്കാനുള്ള കഴിവ് മറ്റാര്‍ക്കും എളുപ്പത്തില്‍ അനുകരിക്കാനാവാത്തതായിരുന്നു. ധോണിയുടെ ഏറ്റവും വലിയ പ്രത്യേകത സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്ത രീതിയായിരുന്നു. അവസാന രണ്ട് ഓവറുകളില്‍ ജയിക്കാന്‍ 25 റണ്‍സ് വേണമെങ്കിലും അദ്ദേഹം പരിഭ്രമിച്ചിരുന്നില്ല. മുഖത്ത് ഭാവമാറ്റമില്ലാതെ ബാറ്റ് വീശുന്ന ആ മനുഷ്യനെ കാണുമ്പോള്‍ ആരാധകര്‍ക്ക് ഒരേയൊരു വിശ്വാസമേ ഉണ്ടായിരുന്നുള്ളൂ: ''ധോണി ക്രീസിലുണ്ടെങ്കില്‍ കളി തീര്‍ന്നിട്ടില്ല...'' അതാണ് 'ക്യാപ്റ്റന്‍ കൂള്‍' എന്ന വിശേഷണത്തിന് അദ്ദേഹം നല്‍കിയ യഥാര്‍ഥ അര്‍ഥം.
2023-ല്‍ അഞ്ചാം ഐ.പി.എല്‍ കിരീടം ചെന്നൈയ്ക്ക് സമ്മാനിച്ചശേഷം ധോണി നായകസ്ഥാനം ഋതുരാജ് ഗെയ്ക്ക് വാദിന് കൈമാറിയിരുന്നു. 2025-ല്‍ അണ്‍ക്യാപ്ഡ് താരമെന്ന നിലയില്‍ ടീമില്‍ തുടര്‍ന്ന അദ്ദേഹം തന്റെ അനുഭവസമ്പത്തും ഫിനിഷിംഗ് മികവുംകൊണ്ട് ടീമിന് കരുത്തേകി. എന്നാല്‍ പ്രായവും പരിക്കുകളും പതിയെ അദ്ദേഹത്തിന്റെ കളിജീവിതത്തിന് വെല്ലുവിളിയായി. കാല്‍മുട്ടിലെ പ്രശ്‌നങ്ങള്‍ക്കു പിന്നാലെ 2026 സീസണില്‍ കാല്‍വണ്ണയ്‌ക്കേറ്റ പരിക്ക് എം.എസ് പൂര്‍ണമായും കളത്തിന് പുറത്തുനിര്‍ത്തി. 2025 മേയ് 25-ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരേ കളിച്ചതാണ് ഐപിഎല്ലിലെ അദ്ദേഹത്തിന്റെ അവസാന മത്സരം.
45-ാം വയസ്സില്‍, ഇനിയൊരു സീസണ്‍കൂടി കളിക്കുമെന്ന ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വിരാമമിട്ടുകൊണ്ട് ധോണി തന്റെ തീരുമാനം പ്രഖ്യാപിച്ചു. ഐ.പി.എല്‍ 2027-നു മുന്നോടിയായി കളിക്കാരനെന്ന നിലയില്‍ വിരമിച്ച അദ്ദേഹം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ടീം മെന്ററായി പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. ധോണിയുടെ വിരമിക്കല്‍ ചെന്നൈയുടെ ഒരു യുഗത്തിന് അവസാനമാണെങ്കിലും ടീമുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിന് അതൊരു പുതിയ തുടക്കമാണ്. മെന്റര്‍ എന്ന നിലയില്‍ യുവതാരങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും കളിയുടെ സൂക്ഷ്മതകള്‍ പകര്‍ന്നുനല്‍കാനും ഇനി അദ്ദേഹമുണ്ടാകും.
ധോണിയുടെ സാന്നിധ്യം ഒരു ടീമിന് നല്‍കുന്ന ആത്മവിശ്വാസം എത്ര വലുതാണെന്ന് ചെന്നൈയ്ക്ക് നന്നായറിയാം. കളിക്കളത്തില്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ച അനുഭവം, തോല്‍വികളില്‍നിന്ന് തിരിച്ചുവരാനുള്ള മനക്കരുത്ത്, നിര്‍ണായക നിമിഷങ്ങളില്‍ ശരിയായ തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയെല്ലാം പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കാന്‍ അദ്ദേഹത്തിന് കഴിയും. കളിക്കാരനെന്ന നിലയില്‍ മഞ്ഞക്കുപ്പായം അഴിച്ചുവെച്ചെങ്കിലും ചെന്നൈയുടെ ഹൃദയത്തില്‍നിന്ന് ധോണിക്ക് ഒരിക്കലും പടിയിറങ്ങേണ്ടിവരില്ല. ടീമിന്റെ തന്ത്രങ്ങളിലും തീരുമാനങ്ങളിലും യുവതാരങ്ങളുടെ വളര്‍ച്ചയിലും ഇനി അദ്ദേഹത്തിന്റെ കൈയൊപ്പുണ്ടാകും.
ധോണിയുടെ നായകമികവിന്റെ സുവര്‍ണ അധ്യായങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരിക്കലും മായാത്തതാണ്. 2007-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പില്‍ യുവതാരങ്ങളെ അണിനിരത്തി ഇന്ത്യയെ കിരീടവിജയത്തിലേക്ക് നയിച്ച ധോണി, ലോകക്രിക്കറ്റിന് പുതിയൊരു നായകസങ്കല്‍പ്പം സമ്മാനിച്ചു. 2008-ല്‍ ഓസ് ട്രേലിയയില്‍ നടന്ന സി.ബി. സീരീസ് ത്രിരാഷ്ട്ര ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ആതിഥേയരായ ഓസ് ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം ചൂടിയതും ധോണിയുടെ നായകത്വത്തിന്റെ തിളക്കമാര്‍ന്ന നേട്ടങ്ങളിലൊന്നായിരുന്നു.
എന്നാല്‍, അദ്ദേഹത്തിന്റെ കായികജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂര്‍ത്തം 2011 ഏപ്രില്‍ രണ്ടിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ പിറന്ന ചരിത്രവിജയമാണ്. 28 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യയെ ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ധോണി, ഫൈനലില്‍ പുറത്താകാതെ നേടിയ 91 റണ്‍സിലൂടെ വിജയത്തിന്റെ അമരക്കാരനായി. നുവാന്‍ കുലശേഖരയുടെ പന്ത് ലോങ് ഓണിന് മുകളിലൂടെ സിക്‌സറിന് പറത്തി ഇന്ത്യയുടെ ലോകകപ്പ് സ്വപ്നം യാഥാര്‍ഥ്യമാക്കിയ ആ നിമിഷം ഇന്ത്യന്‍ കായികചരിത്രത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നായി ഇന്നും നിലനില്‍ക്കുന്നു.
ട്വന്റി20 ലോകകപ്പും ഏകദിന ലോകകപ്പും നേടിയ നായകനെന്ന അപൂര്‍വ നേട്ടത്തിനൊപ്പം, 2013-ല്‍ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യയ്ക്ക് സമ്മാനിച്ച് മൂന്ന് പ്രധാന ഐ.സി.സി കിരീടങ്ങളും സ്വന്തമാക്കിയ ഏക നായകനെന്ന ചരിത്രനേട്ടവും ധോണി കൈവരിച്ചു. കിരീടങ്ങള്‍ക്കപ്പുറം, ഒരു രാജ്യത്തിന്റെ ക്രിക്കറ്റ് സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കിയ നായകനെന്ന നിലയിലാണ് മഹേന്ദ്ര സിങ് ധോണി എന്നും ഓര്‍മിക്കപ്പെടുക.