Image

ദൈവം നൽകിയ താലന്തുകൾ മനുഷ്യരുടെയും പ്രകൃതിയുടെയും നന്മയ്ക്കായി വിനിയോഗിക്കണം: ലിയോ പതിനാലാമൻ പാപ്പാ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ് Published on 16 November, 2026
ദൈവം നൽകിയ താലന്തുകൾ മനുഷ്യരുടെയും പ്രകൃതിയുടെയും നന്മയ്ക്കായി വിനിയോഗിക്കണം: ലിയോ പതിനാലാമൻ പാപ്പാ

 

ലിയോ പതിനാലാമൻ പാപ്പാ വില്ല ദെപോർത്തീവാ റെജ്യൊണാൽ ഉകായാലിയിൽ വിശുദ്ധ ബലിയർപ്പിക്കുന്നു (VATICAN MEDIA)

 

ദൈവാനുഗ്രഹങ്ങൾ മനുഷ്യരുടെയും പ്രകൃതിയുടെയും നന്മയും വളർച്ചയും മുന്നിൽക്കണ്ട് ഉത്തരവാദിത്വത്തോടെ വിനിയോഗിക്കാനും, സത്യവും നീതിയും സാഹോദര്യവും ജീവിക്കാനും, നവംബർ 15 ഞായറാഴ്ച വൈകുന്നേരം, പുകാൽപയിലെ (Pucallpa) "വില്ല ദെപോർത്തീവാ റെജ്യൊണാൽ ഉകായാലി" (Villa Deportiva Regional Ucayali) എന്ന കായികസമുച്ചയത്ത് അർപ്പിച്ച വിശുദ്ധ ബലിമദ്ധ്യേ, അവിടെയുള്ള ഫുറ്ബോൾ സ്റ്റേഡിയത്തിലും പരിസരപ്രദേശങ്ങളിലുമായി ഒത്തുചേർന്ന ഒരു ലക്ഷത്തോളം വരുന്ന ആളുകളോട് ലിയോ പതിനാലാമൻ പാപ്പാ ആഹ്വാനം ചെയ്തു.

ഭയത്തിൽനിന്ന് വിശ്വാസത്തിലേക്ക്

വിശുദ്ധ ബലിമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷത്തെ (Mt 25, 14-30) അധികരിച്ച് സംസാരിച്ച പാപ്പാ, ദൈവം മനുഷ്യനിൽ വിശ്വാസമർപ്പിക്കുകയും തന്റെ അനുഗ്രഹങ്ങൾ അവനെ ഭരമേൽപ്പിക്കുകയും ചെയ്യുന്നുവെന്ന്, താലന്തുകളെക്കുറിച്ചുള്ള യേശുവിന്റെ ഉപമ വിശദീകരിച്ചുകൊണ്ട് പറഞ്ഞു. നല്ലവനും വിശ്വസ്തനുമായ ദാസനാകുക എന്നതിന്റെ അർത്ഥം ദൈവത്തിന്റെ നന്മയ്ക്കും അവന് നമ്മിലുള്ള വിശ്വാസത്തിനും അനുയോജ്യമായി ജീവിക്കുകയും നമുക്ക് ലഭിച്ച കഴിവുകൾ നന്മയുടെ ഫലങ്ങൾ പുറപ്പെടുവിക്കാനായി വിനിയോഗിക്കുകയും ചെയ്യുക എന്നതാണെന്ന് പരിശുദ്ധ പിതാവ് ഉദ്‌ബോധിപ്പിച്ചു.

അധികാരത്തിന്റെ ധാർഷ്ട്യം ജീവിക്കുന്നതും, അതുമൂലം സാധാരണ മനുഷ്യർ ദുരിതമനുഭവിക്കുന്നതുമായ ഒരു ലോകത്ത്, ദാസരായിരിക്കുന്നവർക്ക് സ്വാതന്ത്ര്യവും, അധികാരിയെന്ന് കരുതപ്പെടുന്നവരോട് പരിവർത്തനത്തിനുള്ള ആഹ്വാനവുമാണ് യേശു പ്രഖ്യാപിക്കുന്നത്. യജമാനനെ കഠിനഹൃദയനും ചൂഷകനുമായി കരുതുന്ന ദാസന്റെ മനോഭാവത്തെ പരാമർശിച്ച പാപ്പാ, ദൈവത്തോടുള്ള ഭയത്തിൽനിന്ന് മാറി, അവിടുത്തെ സ്നേഹത്തിലുള്ള വിശ്വാസത്തിലേക്ക് മനുഷ്യർ വളരണമെന്നും നാം അടിമകളല്ല, ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളാണെന്ന് തിരിച്ചറിയണമെന്നും ഉദ്‌ബോധിപ്പിച്ചു.

വിശുദ്ധബലിയർപ്പണവേദിയിൽനിന്നുള്ള മറ്റൊരു ദൃശ്യം
വിശുദ്ധബലിയർപ്പണവേദിയിൽനിന്നുള്ള മറ്റൊരു ദൃശ്യം   (VATICAN MEDIA)
മനുഷ്യജീവിതവും പ്രകൃതിയും

മനുഷ്യജീവിതത്തിന്റെ നന്മയും പ്രകൃതിയുടെ സുസ്ഥിരതയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പാപ്പാ, മനുഷ്യന്റെ അന്തസ്സിനെ മുറിവേൽപ്പിക്കുന്ന അതിക്രമങ്ങളെയും, തൊഴിൽ മേഖലയിലെ ചൂഷണങ്ങളെയും, പരിസ്ഥിതിയെ കൊള്ളയടിക്കുകയും ഭൂമിയുടെ സൗന്ദര്യത്തെയും നശിപ്പിക്കുകയും ചെയ്യുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളെയും കുറ്റപ്പെടുത്തി.

ആമസോൺ മേഖലയിലെ പരിസ്ഥിതി നാശവും അവിടത്തെ ജനങ്ങളുടെ മനുഷ്യാന്തസ്സിനുനേരെയുള്ള ഭീഷണികളുമായി ബന്ധപ്പെട്ട്, ബെനഡിക്ട് പതിനാറാമൻ പാപ്പായും ഫ്രാൻസിസ് പാപ്പായും നടത്തിയ ഉദ്ബോധനങ്ങൾ താനും പങ്കുവയ്ക്കുന്നുവെന്ന് പറഞ്ഞ ലിയോ പതിനാലാമൻ പാപ്പാ, ദൈവം നൽകിയ താലന്തുകൾ കുഴിച്ചിടുന്ന മനോഭാവമാണ് ഇന്നും പലയിടങ്ങളിലും നിലനിൽക്കുന്നതെന്ന് ഓർമ്മിപ്പിച്ചു. സൃഷ്ടിയെ കൊള്ളയടിക്കുകയും മലിനമാക്കുകയും ചെയ്യുന്ന പ്രവണതകൾ ഇന്നും മനുഷ്യജീവിതവും പ്രകൃതിയുടെ സുസ്ഥിരതയും ദുരിതപൂർണ്ണമാക്കുന്നുണ്ടെന്ന് പ്രസ്താവിച്ച പാപ്പാ, അവയ്‌ക്കെതിരെ പ്രവർത്തിക്കാൻ  ആഹ്വാനം ചെയ്തു.

താലന്തുകൾ വർദ്ധിപ്പിക്കുക

ദൈവം നൽകിയ താലന്തുകൾ വളർത്തുന്നതിനായി മൂന്ന് കാര്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് പ്രസ്താവിച്ച പാപ്പാ, ഒന്നാമതായി, ഒരു സമൂഹമെന്ന നിലയിൽ വിശ്വാസം ഒരുമിച്ച് വളർത്തുകയും, പ്രാർത്ഥനയിലൂടെയും കൂദാശകളിലൂടെയും കുടുംബങ്ങളിലും ഇടവകകളിലും വിദ്യാലയങ്ങളിലും സമൂഹത്തിലും ദൈവത്തിന്റെ സ്നേഹവും നീതിയും പ്രചരിപ്പിക്കുകയും വേണമെന്ന് ഉദ്‌ബോധിപ്പിച്ചു. ദൈവമേകുന്ന രക്ഷ ആഘോഷിക്കുകയും, മാനവികതയുടെ മുറിവുകളെ സൗഖ്യപ്പെടുത്തുകയും ചെയ്യാൻ പാപ്പാ ആഹ്വാനം ചെയ്തു.

രണ്ടാമതായി, യുവാക്കൾക്കും കുട്ടികൾക്കും വയോധികർക്കും ദരിദ്രർക്കും അടിച്ചമർത്തപ്പെട്ടവർക്കും ശ്രദ്ധയും കരുതലും നൽകിക്കൊണ്ട് മാനവികത വളർത്തണമെന്നും, അക്രമത്തിന് സ്നേഹത്തിലൂടെയും അഴിമതിക്ക് സത്യസന്ധതയിലൂടെയും മറുപടി നൽകണമെന്നും പറഞ്ഞ പരിശുദ്ധ പിതാവ്, മനുഷ്യനെ കരുതുന്നയിടങ്ങളിൽ പ്രകൃതി പുഷ്പിക്കുമെന്നും, കാരുണ്യത്തിന്റെ സംസ്കാരം ആദ്ധ്യാത്മികമായ മലിനീകരണത്തെ ശുദ്ധമാക്കുമെന്നും ഉദ്ബോധിപ്പിച്ചു.

മൂന്നാമതായി, മയക്കുമരുന്നിലും സമ്പത്തിലും അധികാരത്തിലുമല്ല, ദൈവകൃപയിലും സാഹോദര്യത്തിലും സന്തോഷം കണ്ടെത്താനാണ് ക്രൈസ്തവർ പരിശ്രമിക്കേണ്ടതെന്നും, പ്രതിസന്ധികൾ അത് നമ്മിൽനിന്ന് എടുത്തുമാറ്റാൻ അനുവദിക്കരുതെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

നീതിയും സമാധാനവും സ്വാതന്ത്ര്യവും നിറഞ്ഞ സമൂഹം ഒരുമിച്ച് കെട്ടിപ്പടുക്കാനായി, വെളിച്ചവും പ്രത്യാശയും പകർന്നുകൊണ്ട് നമ്മോടൊപ്പം ആയിരിക്കാൻ യേശുക്രിസ്തുവിനോട് പ്രാർത്ഥിക്കാമെന്ന് ആഹ്വാനം ചെയ്ത ലിയോ പതിനാലാമൻ പാപ്പാ, പരിശുദ്ധ അമ്മ നമുക്ക് ആശ്വാസം നൽകുകയും നമ്മെ സംരക്ഷിക്കുകയും ചെയ്യട്ടെയെന്നും ആശംസിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക