Image

കണ്ണുണ്ടായാല്‍ പോരാ...( രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 16 November, 2026
കണ്ണുണ്ടായാല്‍ പോരാ...( രാജു മൈലപ്രാ)

വാര്‍ദ്ധക്യം വന്നു പടിവാതിലില്‍ മുട്ടുമ്പോള്‍, അകമ്പടി സേവിക്കാനായി രോഗാരിഷ്ടതകള്‍, ബാന്‍ഡുമേളം മുഴക്കി ഒന്നിനു പിറകേ ഒന്നായി ഓട്ടോ പിടിച്ചു വരും. ബ്ലഡ് പ്രഷര്‍, ഡയബറ്റീസ്, വാതം, സന്ധിവേദന, കൈകാല്‍ കഴപ്പ്- അങ്ങിനെ പലതും.

അതിനൊരു തുടര്‍ച്ചയെന്നതു പോലെ, പഞ്ചേന്ദ്രിയങ്ങളും പണിമുടക്കും. കേള്‍വി, കാഴ്ച, രുചി, മൂക്ക്, ത്വക്ക് കൂടാതെ ഈ ഇന്ദ്രിയങ്ങളില്‍ പെടാത്ത മറ്റു പലതും.

'വെടിപൊട്ടിയാല്‍ പുക' എന്നു പറയുന്ന അവസ്ഥ. ഭക്ഷണപ്രിയര്‍ക്കുപോലും ഒന്നിനും ഒരു രുചി തോന്നുകയില്ല. ഒരു പിടി, നല്ലതു പോലെ വേവിച്ച ചോറും, മുകളുസമ്മന്തിയും, കൂട്ടത്തില്‍ ഒരു ഉണക്കമീനും കിട്ടിയാല്‍ കുശാലായി.

നേഴ്‌സിംഗ് ഹോമിലെ മെനുവില്‍ ഇതുകൂടി ഉള്‍പ്പെടുത്തുന്ന കാര്യം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടു വരണമെന്നും, നമ്മുടെ മലയാളി ദേശീയ സംഘടനാ നേതാക്കന്മാരോടു അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളെക്കൊണ്ട് അങ്ങിനെയെങ്കിലും ഒരു ഗുണമുണ്ടാകട്ടെ! പുകഴ്ത്തി പറയുകയാണെന്നും കരുതരുത്- ഇതുവരെ അമേരിക്കന്‍ മലയാളികള്‍ക്ക് നിങ്ങളേക്കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല.

അങ്ങിനെ എന്റെ കാഴ്ചക്കും ഒരു മങ്ങല്‍ അനുഭവപ്പെട്ടു തുടങ്ങി. പല ആംഗിളിലും ചരിഞ്ഞും, തിരിഞ്ഞും നോക്കി- നോ രക്ഷ!
ഒടുവില്‍ വാര്‍ദ്ധക്യമെന്ന അവസ്ഥയെ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ച്, ഒരു Ophthalmologist- നെ കാണുവാന്‍ തീരുമാനിച്ചു.

യഥാര്‍ത്ഥ മെഡിക്കല്‍ ഡോക്ടറുടെ അടുത്ത് എത്തുന്നതിനു മുമ്പ് ചില കടമ്പകള്‍ കടക്കുവാനുണ്ട്.[ അമേരിക്കന്‍ മലയാളികള്‍ പേരിനു മുന്‍പില്‍ ഒരു 'വാഴക്കുല ഡോക്ടറേറ്റ്' ഒരു അലങ്കാരമായി ചേര്‍ക്കുന്ന പ്രവണത ഈയിടെയായി വര്‍ദ്ധിച്ചിട്ടുണ്ട്. മുട്ടനാടിനു കഴുത്തില്‍ മുലകിളിച്ചതുപോലെ, അതുകൊണ്ട്  അവര്‍ക്കോ, നാട്ടുകാര്‍ക്കോ ഒരു പ്രയോജനവും ഇല്ലെന്ന് നമ്മള്‍ക്കുമറിയാം, അവര്‍ക്കും അറിയാം.]

ആദ്യം ഒരു ടെക്‌നീഷ്യന്‍, കണ്ണുപരിശോധന യന്ത്രത്തിന്റെ മുന്നിലിരുത്തി, അതിലെ ഒരു ചെറിയ ദ്വാരത്തിലൂടെ നോക്കുവാന്‍ പറയും. ദൂരെ ഒരു ചുവന്ന ബലൂണോ, വീടോ കാണുന്നുണ്ടോ? എന്നു ചോദിക്കും. നമ്മള്‍ നോക്കുമ്പോള്‍ ആകപ്പാടെ ഒരു മഞ്ഞപ്പുക മാത്രമേ കാണുകയുള്ളൂ.

അതുകഴിഞ്ഞ് അക്ഷരം വായിപ്പിക്കല്‍ എന്ന പീഡനമുറയാണ്. ഒന്നാമത്തെ ലൈനാണോ, അതോ ര്ണ്ടാമത്തെ ലൈനാണോ കൂടുതല്‍ ക്ലിയര്‍. ഈ അഭ്യാസം രണ്ടു കണ്ണിലും മാറിമാറി നടത്തും. നമ്മള്‍ നോക്കുമ്പോള്‍ എല്ലാം ഒരുപോലെയാണ്. എങ്കിലും ആ തരുണീമണിയെ സന്തോഷിപ്പിക്കുവാന്‍ വേണ്ടി, 'Line two is better than line one' എന്നൊരു കള്ളം പറയും. പരീക്ഷ എഴുതുവാന്‍ പോകുന്ന കുട്ടികളുടെ വേവലാതിയാണ് ഉള്ളില്‍. ഇംഗ്ലീഷ് അക്ഷരമാല അറിയാത്തവരുടെ കാഴ്ചശക്തി പരിശോധിക്കുന്നത് എങ്ങിനെയാണോ; ആവോ!


അവിടെ നിന്നു പാസു മാര്‍ക്കു നേടി, ഡോക്ടറെ കാണുവാനുള്ള അനുമതി കിട്ടി. സ്വാമി എന്നു പോരുള്ള ഒരു ഇന്‍ഡ്യന്‍ വംശജനാണു ഡോക്ടര്‍. ഒരു ചെറുപ്പക്കാരന്‍.(സമര്‍ത്ഥരായ ഇന്‍ഡ്യന്‍ മെഡിക്കല്‍ പ്രൊഫഷ്ണലുകള്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നു എന്നത് അഭിമാനത്തിനു വക നല്‍കുന്നു.)

പോലീസുകാരെപ്പോലെ ഡോ.സ്വാമി കണ്ണിലേക്കു ടോര്‍ച്ചടിച്ചു. പിന്നെ കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ റിപ്പോര്‍ട്ടുകള്‍ നോക്കി.
'പേടിക്കാനൊന്നുമില്ല. Cataracts ആണ്. ചെറിയാൊരു സര്‍ജറി വേണ്ടി വരും. പത്തുമിനിറ്റു നേരത്തെ കാര്യമേയുള്ളൂ.'

അങ്ങിനെ സര്‍ജറിയുടെ ദിവസമെത്തി. തലേന്ന് പാതിരാത്രി മുതല്‍ പട്ടിണി ഇരിക്കണം. പച്ചവെള്ളം പോലും കുടിക്കാന്‍ പാടില്ല.
കണ്ണിനു സര്‍ജറി നടത്തുന്നതിന് അന്നനാളം എ്ന്തിനാണ് അടച്ചിടുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല.
ആമാശയവും കണ്ണും തമ്മില്‍ എന്തു ബന്ധം?

പച്ചഗൗണുമണിയിച്ച്, ഒരു സ്‌ട്രെച്ചറില്‍ കിടത്തി ഒരു റൂമിലേക്കു തള്ളിക്കൊണ്ടുപോകുന്നു. അവിടെ കുറേപ്പേരെ നിരനിരയായി കിടത്തിയിട്ടുണ്ട്. ഒരു കര്‍ട്ടന്റെ മറവേയുള്ളൂ. എല്ലാവരോടും പേരും നാളും പലരും പലവട്ടം ചോദിക്കും.
എന്റെ അടുത്ത ബെഡില്‍ കിടന്ന ആളിനോട് Are you allergic to anything?' എന്നു ചോദിച്ചപ്പോള്‍ 'Only to wife's cooking' എന്ന അയാളുടെ മറുപടി കേട്ട് ചുറ്റും നിന്നവര്‍ ചിരിച്ചുപോയി. കൂട്ടത്തില്‍ ചിരിച്ച എന്നെ എനിക്കു കൂട്ടിനു വന്ന ഭാര്യ കണ്ണുരുട്ടി കാണിച്ചു.

Anesthesiologist നടപടിക്രമങ്ങള്‍ വിശദീകരിച്ചപ്പോള്‍
'Why you have to go through all these troubles? 
Just give me a couple of martinis. I will be fine' എന്നായിരുന്നു ആ രസികന്റെ മറുപടി.

ഏതൊരു വിഷമഘട്ടത്തേയും ഒരു സെന്‍സ് ഓഫ് ഫ്യൂമറോടു കൂടി സമീപിക്കുന്നത് നമ്മള്‍ക്കും മറ്റുള്ളവര്‍ക്കും ഒരു 'പോസിറ്റീവ് എനേര്‍ജി' നല്‍കും.

അവിടെ നിന്നു ഓപ്പറേഷന്‍ തിയറ്ററിലേക്ക്! ഡോ.സ്വാമി അവിടെ ഇരയെ കാത്തിരിപ്പുണ്ട്. ഒരു ബഹിരാകാശ സഞ്ചാരിയേപ്പോലെ തോന്നിപ്പിക്കുന്ന വേഷവിധാനം. കണ്ണുമാത്രം പുറമേ കാണാം. എന്റെ കണ്ണിലേക്കു ചില തുള്ളിമരുന്നുകള്‍ ഒഴിക്കുന്നു. ആയിരം വാള്‍ട്ട് പ്രകാശം എന്റെ കണ്ണിലേക്ക് അടിക്കുന്നു. കത്തിയും കത്രികയും കൈയിലേന്തി, ചില കൈക്രിയകള്‍ കാണിക്കുന്നു. പത്തുമിനിറ്റിനുള്ളില്‍ പണിതീര്‍ത്ത്.

'Okay. You can go home'- എന്നു പറഞ്ഞ് അനുഗ്രഹിച്ച് എന്നെ യാത്രയാക്കുന്നു. സ്വാമി ശരണം!

'കുനിയരുത്, ഭാരം എടുക്കരുത്, കണ്ണില്‍ വെള്ളം വീഴരുത്, മരുന്നുകള്‍ കൃത്യമായ ഇടവേളകളില്‍ കണ്ണിലൊഴിക്കണം'- അങ്ങിനെ ചില നിര്‍ദ്ദേശങ്ങളുമുണ്ട്.

എം.ജി.ആര്‍. സ്റ്റൈലില്‍ ഒരു വലിയ കറുത്ത കണ്ണടയും ധരിച്ച് വീട്ടിലെത്തിയ എന്നെ, കൊച്ചുമകള്‍ 'വിക്കി' ക്ക് ഒറ്റനോട്ടത്തില്‍ മനസ്സിലായില്ല. ഒരു അപരിചിതനെ കാണുന്നതുപോലെ അവള്‍ എന്നെ തുറിച്ചു നോക്കി.

'What happened Appa'- ആളെ മനസ്സിലായപ്പോള്‍ അവള്‍ ചോദിച്ചു.

നടന്ന കാര്യങ്ങളെല്ലാം ഞാന്‍ വിശദമായി പറഞ്ഞു കൊടുത്തു. എന്നിട്ടു 'വിക്കിച്ചു' വിനെ എന്നോടു ചേര്‍ത്തു നിര്‍ത്തി പറഞ്ഞു:
'Vicky, now I can see things very clearly. I never realized you are this much beautiful.'

ഒരു 'Thank you' പറഞ്ഞിട്ട്, ഒരു നിമിഷം എന്തോ ആലോചിച്ചിട്ട്, ഒരു കള്ളച്ചിരിയോടെ, കൊച്ചുമോള്‍ പറഞ്ഞു.

'Now you realize what I was telling all this time is true'
'What?'
'That your wife is fat and ugly. Please don't tell Amma.'
വിക്കിയുടെ ഈ കൊച്ചു തമാശ, എ്‌ന്റെ ഭാര്യയുള്‍പ്പെടെ എല്ലാവരും ആസ്വദിച്ചു ഉള്ളു തുറന്നു ചിരിച്ചു.

കണ്ണാടിയില്‍ എന്റെ തനിസ്വരൂപം കണ്ടു ഞാനൊന്നു ഞെട്ടി.

ഇത്രയും കാലം ഞാനൊരു 'കൊച്ചുകുട്ടപ്പനാ'ണെന്നാണ് ഞാന്‍ സ്വയം കരുതിയത്. ഞാന്‍ 'കൊച്ചുകുട്ടപ്പ'നല്ല, ഒരു 'വലിയ കുട്ടപ്പനാ'ണെന്നു ഇപ്പോഴാണു മനസ്സിലായത്.

മുഖമാകെ കുണ്ടും കുഴിയും! വാര്‍ദ്ധക്യ രേഖകള്‍ മുഖത്തും കഴുത്തിലും ചാലുകള്‍ കീറിയിരിക്കുന്നു. AI ക്യാമറക്കു പോലും മായ്ക്കുവാന്‍ പറ്റാത്ത രേഖകള്‍.

ഒരു സത്യം ഞാന്‍ തിരിച്ചറിഞ്ഞു!
'കാലത്തിന്റെ കുത്തൊഴുക്കില്‍, ഏതു മമ്മൂട്ടിയും, മമ്മൂക്കയാകും!'
 

Join WhatsApp News
Ponnachen Thomas, TX 2026-11-16 13:09:06
"Age is just a number", എന്ന് ഭംഗിവാക്കു പറയുമെങ്കിലും വാർദ്ധക്യo വല്ലത്തൊരു അവസ്ഥ തന്നെ. അത് അനുഭവിക്കുന്നവർക്കേ മനസിലാകൂ. ഒരു കാലത്തു ആർത്തിയോടെ ആസ്വദിച്ച് കഴിച്ചിരുന്ന പല ഭക്ഷണ പദാർത്ഥങ്ങളും ഇന്ന് തിരിഞ്ഞു കടിക്കുന്നു. ചോറും, മുളക് ചമ്മന്തിയും മലയാളിക്ക് ഒരിക്കലും മടുക്കില്ല. ഇത് പറഞ്ഞു indirect ആയി , FOKANA/FOMAA നേതാക്കൻമ്മാർക്ക് ഒരു കൊട്ട് കൊടുത്തിട്ടുണ്ട്. അവരോടു ചേർന്ന് നിന്നിട്ടു, അവർക്കിട്ടു പണി കൊടുക്കുന്നത് നല്ലതല്ല. അവർ ചെയ്യുന്ന നല്ല കാര്യങ്ങൾ കാണാതെ പോകരുത്. 'മുട്ടനാടിനു മുല' കിളിച്ചതു പോലെ, എൻ്റെ ചില പരിചയക്കാരും ഈ ഡോക്ടർ ഡിഗ്രിയും തൂക്കി നടപ്പുണ്ട്. "മുട്ടനാടിനു മുല കിളിച്ചത് പോലെ" എന്ന പ്രയോഗം നൽകിയ മൈലപ്ര സാറിന് നന്ദി.
Researcher 2026-11-16 14:48:11
Warning: The cheapest and easiest way is to subscribe to one of these online universities, which will consider your 'life experience' and award you a PhD - for a fee. It is a bit of a scam to allow disreputable people to claim that they have a PhD. They have as much worth as a certificate cut from a cereal box. If you try to use this fake PhD to qualify for employment or in any other way involving commerce or pay, that is fraud and can be punished legally.
ടോം വെണ്മണി 2026-11-16 20:51:06
"കണ്മണി നീ എൻ കരം പിടിച്ചാൽ കണ്ണുതോളെന്തിനു വേറെ" ഇതൊരു കണ്ണിൻറെ കാര്യമായതിനാൽ പഴയ ഒരു ചലച്ചിത്ര ഗാനം ഓർമ്മ വന്നു. ഈയിടെ Houstan - Texas വമ്പൻ സിറ്റിയിൽ പോയി ഒരു മലയാളി ചിരിയങ്ങിൽ പങ്കെടുത്തു എന്ന് കേട്ടല്ലോ. സംഗതി എങ്ങനെ ഉണ്ടായിരുന്നു?. clutch അതോ ചീറ്റി പോയോ?. clutch - Click ആകാനാണ് സാധ്യത. ഇനി നല്ല കണ്ണടയൊക്കെ വെച്ച് പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരിക. ആശംസകൾ. പിന്നെ എവിടെപ്പോയാലും കണ്മണിയുടെ കരം പിടിച്ചോ കേട്ടോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക