Image

വികാരഭരിതമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് ലിയോ പതിനാലാമൻ പാപ്പാ ചിക്ളായോയുടെ മണ്ണിൽ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി Published on 15 November, 2026
വികാരഭരിതമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് ലിയോ പതിനാലാമൻ പാപ്പാ ചിക്ളായോയുടെ മണ്ണിൽ

അപ്പസ്തോലിക സന്ദർശനത്തിന്റെ മൂന്നാം ദിനം

 

ലാറ്റിൻ അമേരിക്കയിലേക്കുള്ള പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ അപ്പസ്തോലിക സന്ദർശനം, ഉറുഗ്വേയും, അർജന്റീനയും കടന്നു, പെറുവിന്റെ മണ്ണിലേക്ക് എത്തുമ്പോൾ, കടന്നു വന്ന ഓരോ വഴികളിലും, കണ്ടുമുട്ടിയ ഓരോ വ്യക്തികളിലും, പ്രാർത്ഥിച്ച ഓരോ കൂട്ടായ്മകളിലും, കത്തോലിക്കാ സഭയുടെ തലവനെയും, പത്രോസിന്റെ പിൻഗാമിയെയും തങ്ങളുടെ ഹൃദയങ്ങളിലേക്ക് സ്വീകരിക്കുന്ന ആളുകളുടെ വിശ്വാസത്തിന്റെ ആഘോഷമാണ്, ലോകം മുഴുവനും അനുഭവിക്കുവാൻ സാധിക്കുന്നത്. 

പെറുവിലേക്കുള്ള സന്ദർശനത്തിന്റെ മൂന്നാം ദിനമായ, നവംബർ പതിമൂന്നാം തീയതി വെള്ളിയാഴ്ച്ച, പാപ്പായുടെ കൂടിക്കാഴ്ചകൾക്കും, വിശുദ്ധ ബലിക്കും, വേദിയൊരുങ്ങുന്നത്, ലിയോ പാപ്പായുടെ അസ്‌തിത്വത്തിന്റെ ഭാഗം തന്നെയായ, പരിശുദ്ധ പിതാവ്, പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപായി, താൻ അജപാലന ശുശ്രൂഷ ചെയ്തിരുന്ന ചിക്ളായോയിലാണ്.

ചിക്ളായോ: സൗഹൃദത്തിന്റെ നഗരം

“സൗഹൃദത്തിന്റെ നഗരം” എന്നറിയപ്പെടുന്ന ചിക്ലായോ , വടക്കൻ പെറുവിലെ ലംബായെക്കെ  മേഖലയിലുള്ള ഒരു തീരദേശ നഗരമാണ്. ഇതേ പേരിലുള്ള പ്രവിശ്യയുടെ തലസ്ഥാനം കൂടിയാണിത്. പതിനാറാം നൂറ്റാണ്ടിൽ ‘സാന്താ മരിയ ദേ  ലോസ് വാലെസ് ഡി ചിക്ലായോ’ (Santa María de los Valles de Chiclayo) എന്ന പേരിൽ സ്ഥാപിതമായ ഈ സ്ഥലം, പത്തൊൻപതാം നൂറ്റാണ്ട് വരെ ഒരു ചെറിയ ഗ്രാമമായിട്ടാണ് നിലനിന്നിരുന്നത്. എന്നാൽ പിന്നീടുണ്ടായ തുടർച്ചയായ ജനസംഖ്യാ വളർച്ചയിലൂടെ ഇന്ന് പെറുവിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നാലാമത്തെ നഗരമായി ചിക്ലായോ മാറി. പിയുറ (Piura), ട്രുഹില്ലോ (Trujillo) എന്നിവയ്ക്കൊപ്പം രാജ്യത്തെ പ്രധാന സാമ്പത്തിക, വാണിജ്യ തലസ്ഥാനങ്ങളിലൊന്നായും ഈ നഗരം അറിയപ്പെടുന്നു. 2015 സെപ്റ്റംബർ മുതൽ 2023 ജനുവരി വരെ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് (Robert Francis Prevost) ചിക്ലായോയിലെ മെത്രനായിരുന്നു.

പാപ്പാ ചിക്ലായോയിൽ

പാപ്പാ ചിക്ലായോയിൽ   (ANSA)

പുരാവസ്തു ഗവേഷണപരമായി വലിയ പ്രാധാന്യമുള്ള ഒരു പ്രദേശത്തിന്റെ കേന്ദ്രം കൂടിയാണ് ചിക്ലായോ. മോച്ചിക്ക (Mochica) സംസ്കാരവുമായി ബന്ധപ്പെട്ട അതിപ്രധാനവും വിപുലവുമായ കണ്ടെത്തലുകളാണ് ഈ പ്രദേശത്തെ ശ്രദ്ധേയമാക്കുന്നത്. ഒന്നാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിലാണ് മോച്ചെ (Moche) സംസ്കാരം വളർച്ച പ്രാപിച്ചത്. ഇന്നത്തെ വടക്കൻ പെറുവിന്റെ തീരപ്രദേശങ്ങളിൽ വലിയൊരു ഭാഗത്ത്  ഈ സംസ്കാരം വ്യാപിച്ചുകിടന്നിരുന്നു; അങ്കാഷ് (Ancash), ലംബായെക്കെ (Lambayeque), ലാ ലിബർത്താദ് (La Libertad) എന്നീ മേഖലകളിലെ ഇന്നത്തെ തീരദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ലിമയിൽ നിന്നും ചിക്ളായോയിലേക്ക്

നവംബർ മാസം പതിമൂന്നാം തീയതി, പ്രാദേശിക സമയം, 7.40 നു വിമാനമാർഗം, പെറുവിന്റെ തലസ്ഥാനമായ ലിമയിൽ നിന്നും, 651 കിലോമീറ്ററുകൾ അകലെയുള്ള ചിക്ളായോയിലേക്ക് പാപ്പാ യാത്രയായി. ഏകദേശം ഒന്നര മണിക്കൂർ യാത്രക്ക് ശേഷം, ചിക്ളായോ വിമാനത്താവളത്തിൽ എത്തിച്ചേർന്ന പാപ്പായെ, പ്രാദേശിക ഭരണാധികാരികൾ സ്വീകരിച്ചു. തുടർന്ന്, കാറ് മാർഗം, തന്റെ ഹൃദയത്തിന്റെ ഭാഗമായ, 2025 മെയ് 8-ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ  ബസിലിക്കയുടെ മധ്യ ബാൽക്കണിയിൽ നിന്ന് സ്പാനിഷ് ഭാഷയിൽ അദ്ദേഹം നടത്തിയ അവിസ്മരണീയമായ ആശംസയിലൂടെ ലോകശ്രദ്ധ നേടിയ ആ “പ്രിയപ്പെട്ട രൂപതയിലേക്ക്” (querida Diocesis) ചിക്ളായോ മണ്ണിലേക്ക്, പാപ്പാ യാത്രയായി. കടന്നുവരുന്ന തെരുവുകളിൽ കിലോമീറ്ററുകളോളം  പത്തു ലക്ഷത്തിലധികം  ജനങ്ങളാണ് പാപ്പായെ  കാണാൻ തടിച്ചുകൂടിയത്. "ഭവനത്തിലേക്ക് സ്വാഗതം" എന്ന പ്ലക്കാർഡുകളും, “പാദ്രെ”, ‘പാദ്രെ റോബർത്തോ’ എന്ന വിളിയും ഈ യാത്രയിൽ അകമ്പടി സേവിച്ചപ്പോൾ, മാധ്യമങ്ങളിലൂടെ ഈ കാഴ്ച്ച കാണുന്നവർക്കും, സന്തോഷത്തിന്റെ അനുഭവം  സമ്മാനിച്ചുവെന്നു പറയുന്നതിൽ തെല്ലും അതിശയോക്തിയില്ല.

 വിശുദ്ധ കുർബാന "പാമ്പാസ് ദെ പിമെന്തെൽ”

ചിക്ളായോ സന്ദർശനം തുടങ്ങുന്നത്, വിശുദ്ധ ബലിയർപ്പണത്തോടുകൂടിയാണ്.  എൽ നിനോ പ്രളയകാലത്തും, കോവിഡ്-19 മഹാമാരിയിൽ ഓക്സിജനും ചികിത്സയുമില്ലാതെ ജനം വലഞ്ഞ ദുരന്തനിമിഷങ്ങളിലും സ്നേഹത്തോടും ധൈര്യത്തോടും കൂടി ഒരു സമൂഹത്തെ മുഴുവൻ കൈപിടിച്ചുയർത്തിയ ഇടയനായിരുന്നു, ചിക്ളായോ ജനതയ്ക്കു അവരുടെ പ്രിയപ്പെട്ട മെത്രാൻ റോബർട്ട് പ്രെവോസ്റ്റ്. ഒരു പക്ഷെ ആ കാലഘട്ടങ്ങളിൽ, മെത്രാൻ എന്ന നിലയിൽ, താൻ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് വിശുദ്ധ കുർബാനയുടെ മുൻപിൽ ആയിരുന്നുവെന്നതിനാൽ, പാപ്പായുടെ പ്രഥമ വേദി, ഈ അൾത്താര ആണെന്ന് പറയുന്നതിനു വളരെയധികം പ്രാധാന്യമുണ്ട്. വെള്ളിയാഴ്‌ച രാവിലെ 10.30-ന്, ഇന്ത്യയിൽ വൈകുന്നേരം 9 മണിക്ക്, അഞ്ചുലക്ഷത്തോളം വിശ്വാസികളുടെ പങ്കാളിത്തത്തോടെയാണ് പാപ്പാ വിശുദ്ധ ബലിയർപ്പിച്ചത്.

തിരുവസ്ത്രങ്ങൾ അണിഞ്ഞുകൊണ്ട്, സഹകാർമ്മികർക്കൊപ്പം പാപ്പാ, അൾത്താരയുടെ സമീപത്തേക്ക് കടന്നുചെന്നപ്പോൾ, ഗായകസംഘം  ആമുഖഗാനം ആലപിച്ചു. വിശുദ്ധ ലൂക്കയുടെ സുവിശേഷം, പതിനേഴാം അധ്യായം, 26 മുതൽ 37 വരെയുള്ള വചനങ്ങളാണ്, വിശുദ്ധ ബലി മദ്ധ്യേ വായിക്കപ്പെട്ടത്. തുടർന്ന് പാപ്പാ വചന സന്ദേശം പങ്കുവച്ചു.

പാപ്പാ ചിക്ലായോയിൽ വിശുദ്ധ ബലി  അർപ്പിക്കുന്നു

പാപ്പാ ചിക്ലായോയിൽ വിശുദ്ധ ബലി അർപ്പിക്കുന്നു   (ANSA)

ചിക്ലായോ രൂപത മെത്രാന്റെ കൃതജ്ഞത

സമാപന ആശീർവാദത്തിനു മുൻപായി, ചിക്ലായോ രൂപതയുടെ മെത്രാൻ എഡിൻസോൺ എഡ്ഗാർദോ ഫർഫാൻ, പാപ്പായുടെ സന്ദർശനത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു. ചരിത്രപരമായ ഈ സന്ദർശനത്തിന് പാപ്പായ്ക്ക് നന്ദി എന്ന് പറഞ്ഞപ്പോൾ, വിശ്വാസികൾ കരഘോഷം മുഴക്കിക്കൊണ്ട്, പാപ്പായോടുള്ള തങ്ങളുടെ നന്ദി പ്രകടിപ്പിച്ചു. കൂട്ടായ്മയുടെയും, വിശ്വാസത്തിന്റെയും, പ്രത്യാശയുടെയും നിമിഷങ്ങളാണ് വിശുദ്ധ ബലിയുടെ അവസരത്തിൽ തങ്ങൾക്ക് ലഭിച്ചതെന്ന് മോൺസിഞ്ഞോർ എടുത്തു പറഞ്ഞു. ജനതയുടെ ലാളിത്യമാർന്ന സ്നേഹത്തിന്റെ പ്രകടനമാണ്, ഈ അവസരത്തിൽ കാണുന്നതെന്ന് പറഞ്ഞ അദ്ദേഹം, പാപ്പാ, മെത്രാൻ എന്ന നിലയിൽ നൽകിയ സേവനങ്ങളും എടുത്തു  പറഞ്ഞപ്പോൾ, വിശ്വാസിസമൂഹം ഒന്നടങ്കം പാപ്പായ്ക്ക് നന്ദിയർപ്പിച്ചു. രൂപതയ്ക്ക്, തന്റെ സമ്മാനമായി, ഒരു കാസയും പാപ്പാ നൽകി. തുടർന്ന് സമാപന ആശീർവാദവും പാപ്പാ നൽകി.

വിശുദ്ധ ബലിയായി എത്തിയ ജനം

വിശുദ്ധ ബലിയായി എത്തിയ ജനം   (ANSA)

വിശുദ്ധ ഓസ്കാർ റോമെറോയുടെ ചാപ്പലിൽ സന്ദർശനം

ചിക്ലായോ സന്ദർശനത്തിന്റെ, രണ്ടാം നിമിഷത്തിനു സാക്ഷ്യം വഹിച്ചത്, വിശുദ്ധ ഓസ്കാർ റോമെറോയുടെ ചാപ്പലിൽ ആയിരുന്നു. വിശുദ്ധ കുർബാന നടന്ന, "പാമ്പാസ് ദെ പിമെന്തെൽ”ലിൽ നിന്നും, 14.5 കിലോമീറ്ററുകൾ അകലെയുള്ള കപ്പേളയിലേക്ക്, കാറ് മാർഗം പാപ്പാ യാത്രയായി. സ്ഥലത്ത് എത്തുന്നതിനു മുൻപ് കാറിൽ നിന്നും ഇറങ്ങി, തന്നെ കാത്തിരുന്ന അനേകായിരം ജനങ്ങളുടെ മധ്യത്തിലൂടെ പാപ്പാ, അവരെ എല്ലാവരെയും ആശീർവദിച്ചുകൊണ്ട് കടന്നുവന്നു.

ചിക്ലായോ പ്രവിശ്യയിലെ ലാ വിക്ടോറിയ (La Victoria) ജില്ലയിൽ സ്ഥിതി ചെയ്യുന്ന സാൻ ഓസ്കാർ റൊമേരോ ചാപ്പൽ (Capilla San Óscar Romero), ലാറ്റിനമേരിക്കൻ സഭയുടെ തന്നെ പ്രതീകമായി മാറിയ സാൻ സാൽവദോറിലെ ആർച്ച്ബിഷപ്പിന്റെ സ്മരണയ്ക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ദേവാലയമാണ്. യേശുവിന്റെ മാതൃക പിന്തുടർന്ന്, സ്വന്തം ജീവൻ പോലും ബലികഴിക്കേണ്ടി വന്നാലും തന്റെ ജനങ്ങളുടെ—പ്രത്യേകിച്ച് പാവപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും—ഇടയിൽ നിലകൊള്ളാൻ തിരഞ്ഞെടുത്ത ധീരനായ ഒരു ഇടയനായിരുന്നു അദ്ദേഹം. നീതിക്കുവേണ്ടി പോരാടി രക്തസാക്ഷിത്വം വരിച്ച അദ്ദേഹത്തെ, 2018 ഒക്ടോബർ 14-ന് ഫ്രാൻസിസ് പാപ്പാ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഓസ്കാർ റോമെറോയുടെ ചാപ്പലിൽ

ഓസ്കാർ റോമെറോയുടെ ചാപ്പലിൽ   (ANSA)

ദേവാലയ കവാടത്തിൽ പാപ്പാ എത്തിച്ചേർന്നപ്പോൾ, ഇടവക വികാരി ഫാദർ ഹോസെ അലോൻസോ അദ്ദേഹത്തെ, കുരിശു ചുംബിപ്പിച്ചും, ഹന്നാ വെള്ളം തളിച്ചും ദേവാലയത്തിലേക്ക് സ്വീകരിച്ചു. തുടർന്നു പാപ്പാ, ജനങ്ങളെ വിശുദ്ധ ജലം തളിച്ച് ആശീർവദിക്കുകയും, വൈകല്യമുള്ള ആളുകളുടെ അടുത്ത് ചെന്ന് അവരോടു  സംസാരിക്കുകയും, അവർക്ക് ആശീർവാദം നൽകുകയും ചെയ്തു. ഇടവക വികാരിയുടെ ആമുഖപ്രസംഗത്തിനും, മറ്റൊരു വിശ്വാസി നടത്തിയ സ്വാഗത പ്രസംഗത്തിനും ശേഷം പാപ്പാ തന്റെ സന്ദേശം നൽകി.

തുടർന്ന് സമ്മാനങ്ങൾ പങ്കുവയ്ക്കുകയും, രോഗികളെ ആശീർവദിക്കുകയും ചെയ്തതിനു ശേഷം, തന്റെ സന്ദർശനത്തിന്റെ അനുസ്മരണമായുള്ള ശില അനാച്ഛാദനം ചെയ്തു. സമാപന ഗാനത്തെ തുടർന്ന്, പാപ്പാ, മെത്രാൻ ഭവനത്തിലേക്ക് യാത്രയാവുകയും, അവിടെ ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു.

സഭാനേതൃത്വവും സമർപ്പിതരും ഇടവകപ്രതിനിധികളുമൊത്ത് കൂടിക്കാഴ്ച്ച

നവംബർ പതിമൂന്നാം തീയതി ഉച്ചകഴിഞ്ഞു, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യകൂടികാഴ്ചയ്ക്കു വേദിയൊരുങ്ങിയത്,  ‘നുയെസ്ത്ര സെഞ്ഞോറ ദെ ലാ പാസ്’ (Nuestra Señora de la Paz - സമാധാനത്തിന്റെ മാതാവ്) തീർത്ഥാടന കേന്ദ്രത്തിലായിരുന്നു.ചിക്ലായോ രൂപതയിൽ ഈ തീർത്ഥാടന കേന്ദ്രം നിർമ്മിക്കുക എന്ന ആശയം മുന്നോട്ടുവെച്ചത് മോൺസിഞ്ഞോർ ഇഞ്ഞാസിയോ മരിയ ദെ ഓർബെഗോസോ  (Ignacio María de Orbegoz) ആയിരുന്നു. സമാധാനത്തിന്റെ മാതാവായി വണങ്ങപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തോടുള്ള അദ്ദേഹത്തിന്റെ അഗാധമായ ഭക്തിയിൽ നിന്നാണ് ഈ പദ്ധതി പിറവിയെടുത്തത്.

ബസിലിക്കയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് കാറിൽ നിന്നും ഇറങ്ങിയ പാപ്പാ, ജനങ്ങൾക്കിടയിലൂടെ നടന്നുകൊണ്ട് ഏവരെയും അഭിവാദ്യം ചെയ്തു. വഴിയിൽ തന്റെ അടുക്കലേക്ക് കടന്നുവന്ന കുഞ്ഞുങ്ങളെ ചേർത്തണക്കുകയും, ആശീർവദിക്കുകയും  ചെയ്തു.

 ‘നുയെസ്ത്ര സെഞ്ഞോറ ദെ ലാ പാസ്’ (Nuestra Señora de la Paz - സമാധാനത്തിന്റെ മാതാവ്) തീർത്ഥാടന കേന്ദ്രത്തിൽ പാപ്പാ

‘നുയെസ്ത്ര സെഞ്ഞോറ ദെ ലാ പാസ്’ (Nuestra Señora de la Paz - സമാധാനത്തിന്റെ മാതാവ്) തീർത്ഥാടന കേന്ദ്രത്തിൽ പാപ്പാ   (VATICAN MEDIA)

തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടറായ ഫാദർ ഹോസെ അന്തോണിയോ  പാപ്പായെ സ്വീകരിച്ചു. ചത്വരം കടന്ന് ദേവാലയത്തിനുള്ളിലേക്ക് പ്രവേശിച്ച പാപ്പാ, പരിശുദ്ധ കുർബാനയുടെ സന്നിധിയിൽ അല്പനേരം മൗനപ്രാർത്ഥനയിൽ ചിലവഴിക്കുകയും, പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തിനു മുൻപിൽ ‘സുവർണ്ണ റോസാപ്പൂവ്’ (Rosa d'oro) സമർപ്പിക്കുകയും ചെയ്തു. തദവസരത്തിൽ പരിശുദ്ധ രാജ്ഞി എന്ന പ്രാർത്ഥന ഗാനരൂപത്തിൽ ആലപിച്ചു. തുടർന്ന്, പുറത്ത് ഒരുക്കിയിരിക്കുന്ന വേദിയിലേക്ക് പാപ്പാ  എത്തിച്ചേർന്നു.

ചിക്ലായോ രൂപതയുടെ മെത്രാൻ എഡിൻസോൺ എഡ്ഗാർദോ ഫർഫാൻ പാപ്പായ്ക്ക് സ്വാഗതം ആശംസിച്ചു. തുടർന്ന്, ഫാദർ ഫെലിക്സ് ഫിയസ്റ്റാസ്, ട്രുഹില്ലോ (Trujillo) അതിരൂപതയിൽ നിന്നുള്ള ഒരു സന്യാസിനി സിസ്റ്റർ റോസിയോ കറാസ്കോ, പിയുറ (Piura) അതിരൂപതയിൽ നിന്നുള്ള ഒരു അല്മായ വനിത ഗ്ലോറിയ ആൽബെർത്തീന എന്നിവർ തങ്ങളുടെ സാക്ഷ്യങ്ങൾ പങ്കുവച്ചു. ശേഷം പാപ്പാ തന്റെ സന്ദേശം പങ്കുവച്ചു.

കർത്തൃപ്രാർത്ഥനയ്ക്കു ശേഷം, പാപ്പാ ആശീർവാദം നൽകുകയും, പരിശുദ്ധ പിതാവിന് ഒരു സമ്മാനം നൽകുകയും ചെയ്തു. സമാപന ഗാനത്തിന്റ അകമ്പടിയോടെ പാപ്പാ, സമ്മേളനനഗരിയോട് വിടപറഞ്ഞുകൊണ്ട് അടുത്ത കൂടിക്കാഴ്ച്ചയ്ക്കായി, വിശുദ്ധ തോരിബിയോ മോഗ്രോവേഹോ കത്തോലിക്കാ സർവ്വകലാശാലയിലേക്ക് യാത്രയായി.

വിശുദ്ധ തോരിബിയോ മോഗ്രോവേഹോ കത്തോലിക്കാ സർവ്വകലാശാലയിൽ

പരിശുദ്ധ പിതാവിന്റെ, നവംബർ പതിമൂന്നാം തീയതിയിലെ അടുത്ത കൂടിക്കാഴ്ചയ്ക്കു വേദിയാകുന്നത്, ചിക്ലായോയിലെ, വിശുദ്ധ തോരിബിയോ മോഗ്രോവേഹോ കത്തോലിക്കാ സർവ്വകലാശാലയായിരുന്നു. 1998-ൽ ബിഷപ്പ് ഇഞ്ഞാസിയോ മരിയ ദെ ഓർബെഗോസോയുടെ താത്പര്യത്തിൽ  സ്ഥാപിതമായ ഈ സ്ഥാപനം, സമൂഹസേവനത്തിനായി സമർപ്പിച്ചിരിക്കുന്നതും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നതുമായ ഒരു സ്വകാര്യ സർവ്വകലാശാലയാണ്.

സർവ്വകലാശാലയുടെ ഗ്രാൻഡ് ചാൻസലറും ചിക്ലായോ മെത്രാനുമായ മോൺസിഞ്ഞോർ എഡിൻസൺ എഡ്ഗാർദോയും (Edinson Edgardo Farfán Córdova), റെക്ടർ പത്രീസിയ ഹൂലിയ കാംപോസ് ഒലാസബാലും (Patricia Julia Campos Olazábal) ചേർന്ന് പരിശുദ്ധ പിതാവിനെ സ്വീകരിച്ചു. റെക്ടറേറ്റിന് മുന്നിൽ സജ്ജീകരിച്ചിരിക്കുന്ന വേദിയിൽ എത്തുന്നതിന് മുൻപ്, അവിടെ സന്നിഹിതരായവരുടെ ഇടയിലൂടെ അദ്ദേഹം ഒരു ഗോൾഫ് കാർട്ടിൽ (golf-cart) ചുറ്റിസഞ്ചരിക്കുകയും ചെയ്തു.

പാപ്പാ സർവകലാശാലയിൽ

പാപ്പാ സർവകലാശാലയിൽ   (ANSA)

കൂടിക്കാഴ്ച്ചയുടെ ആദ്യം, സർവ്വകലാശാലയുടെ ഗ്രാൻഡ് ചാൻസലറും ചിക്ലായോ മെത്രാനുമായ മോൺസിഞ്ഞോർ എഡിൻസൺ എഡ്ഗാർദോ ആമുഖപ്രസംഗം നടത്തുകയും, റെക്ടർ പത്രീസിയ ഹൂലിയ സ്വാഗതം ആശംസിക്കുകയും ചെയ്തു. തുടർന്ന് വിദ്യാർഥികൾ ഗാനങ്ങൾ ആലപിക്കുകയും, സാക്ഷ്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ശേഷം പാപ്പാ സന്ദേശം നൽകി. സമ്മേളനത്തിന് ശേഷം പാപ്പാ, സർവകലാശാല അംഗങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

വൈദികർക്കൊപ്പം ഭക്ഷണം

പതിമൂന്നാം തീയതിയിലെ പൊതുപരിപാടികൾക്ക് ശേഷം, പാപ്പാ, , വിശുദ്ധ തോരിബിയോ മോഗ്രോവേഹോ കോളേജിലേക്ക് യാത്രയായി. അവിടെ ചിക്ലായോ രൂപതയിലെ വൈദികർക്കൊപ്പം പാപ്പാ അത്താഴം കഴിച്ചു. എട്ടുവർഷങ്ങൾ ചിക്ലായോ രൂപതയുടെ മെത്രാനായി അജപാലനസേവനം നിർവഹിച്ച അവസരത്തിൽ, തന്റെ രൂപതാവൈദികർക്കൊപ്പം ഭക്ഷണം കഴിച്ചിട്ടുള്ള, റോബർട്ട് പ്രെവോസ്റ്റ്, തുടർന്ന് ആഗോള കത്തോലിക്കാസഭയുടെ  തലവൻ എന്ന നിലയിൽ കടന്നുവരുമ്പോൾ, ഈ അത്താഴത്തിന്റെയും പ്രാധാന്യം വർധിക്കും. തുടർന്ന്, പാപ്പാ മെത്രാൻ  ഭവനത്തിലേക്ക് യാത്രയാവുകയും, വിശ്രമിക്കുകയും ചെയ്തു.

Join WhatsApp News
റെജീസ്🔆നെടുങ്ങാ ഡ പ്പളളി®️ 2026-11-15 09:42:29
💥🔥ശ്രീ.പതിനാലാം നമ്പർ സിംഹമേ , 🔸പ്രകാശം ഒരു ദിവസം കൊണ്ടു സഞ്ചരിക്കുന്ന ദൂരം 39 ഭൗമ വർഷങ്ങൾ കൊണ്ടു പറന്നു തീർത്ത സൗര യൂഥവും കടന്നു പോയ Voyager -1 എന്ന മനുഷ്യ നിർമ്മിത പേടകത്തെ കുറിച്ചുള്ള താങ്കളുടെ വിലയിരുത്തൽ എന്താണ്??? ഇന്നലത്തെ സ്റ്റാർഷിപ്പിന്റെ റോക്കറ്റ് തിരികെ ഭൂമിയിൽ വന്നതിനെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം എന്താണ്??? ഇപ്പോഴും താങ്കൾ ,ആ എന്നോ കാലഹാരണപ്പെട്ട പുസ്തകമാണോ കാര്യങ്ങൾ മനസ്സിലാക്കാൻ സമയം കിട്ടുമ്പോൾ വിമാന യാത്രയിലൊക്കെ ഉപയോഗിക്കുന്നത്?? ഉത്തരം തരാമോ??? മാർപ്പാപ്പ്യ്ക്ക് തിരക്ക് ആണെങ്കിൽ മറ്റാരെങ്കിലും ഉത്തരം പറഞ്ഞാലും മതി. എന്റെ തന്തയ്ക്കു വിളിക്കരുത്, പ്രാകുകയുമരുത്. 🙏🙏🙏 നേരേ ചൊവ്വേ വളച്ചു കെട്ടില്ലാതെ മനുഷ്യർക്ക് മനസ്സിലാകുന്ന ഭാഷയിൽ വേണം ഉത്തരങ്ങൾ. 🙏plz റെജീസ് ✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക