
ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യകാലം മുതൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കു നീളുന്ന വലിയൊരു കാലയളവിൻ്റെ സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായ മാറ്റങ്ങളുടെ നേർക്കാഴ്ചയാണ് 'ഓർമ്മവീഥികൾ' എന്ന സി. വി. ജോർജിൻ്റെ ഈ അനുഭവക്കുറിപ്പുകൾ. വളരെ ലളിതമായി ഒരു കഥ പറയും പോലെ സ്വാഭാവികമായ ഒഴുക്കിലാണ് ഈ ഓർമ്മകൾ പങ്കു വെച്ചിരിക്കുന്നത്.
തങ്ങൾ നേരിട്ട് അനുഭവിച്ചറിയാത്ത ഒരു കാലത്തിൻ്റെ ജീവിതവും ചിന്തകളും പ്രതീക്ഷകളും സംഘർഷങ്ങളും സ്വപ്നങ്ങളും അടുത്ത തലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള ഏറ്റവും സജീവമായ വഴികളിലൊന്നാണിത്. രണ്ടു നൂറ്റാണ്ടുകളെ സ്പർശിച്ചുകൊണ്ട് മുന്നേറുന്ന ഒരു ജീവിതയാത്രയുടേ രേഖയാണിത്, അതുകൊണ്ടുതന്നെ ഇത് കുറിപ്പോ, ആത്മകഥയോ എന്നതിനപ്പുറം ഒരു സാമൂഹിക രേഖ കൂടിയാണ്.
വിരൽത്തുമ്പിലെ വിവരങ്ങളും, അനുഭവങ്ങളും തമ്മിൽ കടലും കടലാടിയും പോലെയല്ലെങ്കിലും കാര്യമായ വ്യത്യാസം ഉണ്ട്. ഇന്ന്, സിസ്റ്റം ഡൗൺ ആകുന്നതുവരെ, ഏതു കാലത്തെക്കുറിച്ചുള്ള വസ്തുതകളും അറിയാൻ സേർച്ച് എൻജിനുകൾ സഹായിയായി കൂടെയുണ്ടാകും. എങ്കിലും ഇന്നലെകളിൽ മനുഷ്യർ എങ്ങനെ ജീവിച്ചു, അവർ എന്ത് സ്വപ്നം കണ്ടു, അവരുടെ പ്രതീക്ഷകളും ആശങ്കകളും അവരെ എങ്ങനെ നയിച്ചു, കാലത്തിൻ്റെ മാറ്റങ്ങളെ അവർ എങ്ങനെ നേരിട്ടു എന്നറിയാൻ ഇത്തരം ഓർമ്മക്കുറിപ്പുകളിൽ തന്നെ തിരയേണ്ടി വരും.

'ബാല്യകാല സ്മരണാബിന്ദുക്കൾ' എന്ന ആദ്യ അധ്യായത്തിൽ താൻ പിറന്നത് 1948 ലെ ഒരു മഴക്കാലത്ത് അമ്മയുടെ വീട്ടിൽ വെച്ചാണെന്ന് പറയുന്നുണ്ട്. ആശുപത്രിയും ഡോക്ടറും ഇല്ലാതെ വീട്ടിൽ വെച്ചു തന്നെയുള്ള പ്രസവങ്ങളെക്കുറിച്ച് ഈ തലമുറയ്ക്ക് ചിന്തിക്കാനാവില്ല. അതിന് തൊട്ടുമുൻപു നടന്ന രണ്ടാം ലോകമഹായുദ്ധകാലവും ഭാരതത്തിൻ്റെ സ്വാതന്ത്ര്യ സമരവും കേരള സാമൂഹ്യ ജീവിതാവസ്ഥകളും ഓർത്തെടുത്തിരിക്കുന്നു. ആ സങ്കർഷഭരിതമായ കാലത്തിൻ്റെ അലയൊലികളും കെടുതികളും കഷ്ടപ്പാടുകളൂം എഴുത്തുകാരൻ്റെ ബാല്യകാലത്തിൽ നിറഞ്ഞു നിൽക്കാതെ തരമില്ല. ചരിത്ര പുസ്തകത്തിൽ വായിച്ചറിഞ്ഞ വലിയ സംഭവങ്ങൾ ഒരു സാധാരണ മനുഷ്യൻ്റെ ജീവിതത്തെ എങ്ങനെ സ്പർശിച്ചു എന്ന അറിവ് ഈ വായനയിലൂടെ ലഭിക്കും.
വിമോചന സമര കാലത്ത് പോലീസ് വെടിവെപ്പിൽ ഒരു ഗർഭിണിയായ മുക്കുവസ്ത്രീ കൊല്ലപ്പെട്ടു. അപ്പോൾ സമരജാഥയിലെ കുട്ടികളോടൊപ്പം ഏഴുത്തുകാരനും ഏറ്റു വിളിച്ച മുദ്രാവാക്യം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.
'തെക്കു തെക്കൊരു ദേശത്ത്,
തിരമാലകളുടെ തീരത്ത്,
ഭർത്താവില്ലാ നേരത്ത്,
ഫ്ളോറിയെന്നൊരു ഗർഭിണിയെ,
കൊന്നു മുടിച്ചൊരു സർക്കാരെ,
ഓരോ തുള്ളി ചോരയ്ക്കും,
പകരം ഞങ്ങളു ചോദിക്കും.'
ആ മുദ്രാവാക്യത്തിൻ്റെ ശക്തിയിലാവും തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചു വിട്ട് കേന്ദ്രസർക്കാർ പ്രസിഡൻ്റ് ഭരണം ഏർപ്പെടുത്തിയത്.
'1960 കളിൽ' എന്ന രണ്ടാം അധ്യായം 1969 ൽ മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തുന്നിടം വരെയുള്ള കാലഘട്ടം അടയാളപ്പെടുത്തിയിരിക്കുന്നു. അന്നത്തെയും യൗവനകാലം സങ്കർഷ ഭരിതമായിരുന്നെങ്കിലും അതൊക്കെ സമചിത്തതയോടെ എങ്ങനെ വിജയകരമായി നേരിട്ടെന്ന് ഈ വായനയിലൂടെ മനസ്സിലാക്കാം. നല്ല മൂല്യങ്ങൾ അടിത്തറയാക്കി മുന്നേറാൻ തീരുമാനിച്ചാൽ, ഒരുവനെ മുന്നോട്ടു നയിക്കാൻ കാലം സർവ്വ സന്നാഹങ്ങളൊരുക്കി കൂടെയുണ്ടാകും എന്നുള്ളതിന് തെളിവാണീ വാക്കുകൾ.
തുടർന്ന് 1972 കാലത്തെ ചരിത്രത്തോടൊപ്പം സ്റ്റാറ്റിസ്റ്റിക്കൽ സർവ്വീസ് ട്രെയിനിംഗ് കാലവും ദില്ലി ജീവിതവും പറഞ്ഞിരിക്കുന്നു. അവിടെ വെച്ചാണ് ഇപ്പോഴത്തെ സഹധർമ്മണി റോസമ്മയുമായി സൗഹൃദത്തിലായതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. പിന്നീട് കൽക്കട്ടയിലെ നഗരജീവിതത്തിൻ്റെ നാളുകളിലൂടെ വായനക്കാരെ കൈ പിടിച്ച നടത്തുന്നു.
1975 ൽ അമേരിക്കൻ മണ്ണിൽ എത്തപ്പെടുന്നതു മുതലുള്ള കാര്യങ്ങളാണ് തുടർന്നുള്ള അധ്യായങ്ങളിൽ പറയുന്നത്. കൽക്കട്ടയിൽ നിന്നും ഡാലസുവരെയുള്ള യാത്ര വിശദമായി പറഞ്ഞിട്ടുണ്ട്. ഡാലസിലെ ആരംഭകാലവും ജീവിതവും വളർച്ചയും ഒക്കെ തുടക്കക്കാർക്ക് ഒരു പാഠപുസ്തകമായി ഉപയോഗിക്കാം. അന്നു വന്നവർക്ക് അവർ താണ്ടിയ ജീവിത വഴിയിലെ ക്ളേശങ്ങളെ ഈ കണ്ണാടിയിൽ കാണാം. താണ്ടി വന്ന വഴികൾ ഓർക്കാനും അഭിമാനത്തോടെ ഒന്നുകൂടി നെഞ്ചുവിരിച്ച് നിൽക്കാനും ഈ വായന സഹായിക്കും.
'വീണ്ടും കുറേ യാത്രകൾ' എന്ന അധ്യായത്തിലും അതിനു മുൻപു പിൻപു ഉള്ള അധ്യായങ്ങളിലുമായി എഴുത്തുകാരൻ്റെയും കുടുംബത്തിൻ്റെയും രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധയാത്രകളുടെ വിവരണങ്ങൾ ഉണ്ട്. യാത്രയെ ഇഷ്ടപ്പെടുന്നവർക്ക് ഈ യാത്രാവിവരണം കൂടുതൽ അറിവ് നൽകുകയും കൂടുതൽ യാത്ര ചെയ്യാൻ പ്രചോദനമേകുകയും വഴികാട്ടിയാവുകയും ചെയ്യും.
2017 ൽ വേതനം ലഭിക്കുന്ന ജോലിയിൽ നിന്നും വിരമിച്ചെങ്കിലും സാമൂഹ്യ ജീവിതത്തിൽ കൂടുതൽ സജീവമായത് കാണാനാവും. റിട്ടയേർഡ് ആകുന്നത് പ്രശ്നമല്ല, റിട്ടാർഡ് ആകുന്നതാണ് കുഴപ്പം എന്ന് എഴുത്തുകാരൻ തന്നെ പറയുന്നുണ്ട്.
'അമ്പോ, അമ്പത് !' എന്നതിൽ അമേരിക്കൻ മണ്ണിൽ അരനൂറ്റാണ്ട് പിന്നിട്ടതിൻ്റെ സംതൃപ്തതമായ വിവരണമാണ്. ഈ ജീവിതയാത്രയിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ അത് കേവലം വിജയത്തിനു വേണ്ടിയുള്ള കുടിയേറ്റത്തിൻ്റെ കഥയായി ചുരുങ്ങുന്നില്ല, മറിച്ച് അതിജീവനത്തിൻ്റെയും അത്മവിശ്വാസത്തിൻ്റെയും നിരന്തരമായ അന്വേഷണത്തിൻ്റെയും മനുഷ്യബന്ധങ്ങളുടെയും കഥയായി ഇത് വികസിച്ചിരിക്കുന്നു.
' ദൂരെ കിഴക്ക് ' എന്ന അധ്യായത്തിൽ റിട്ടയർമെൻ്റിനു ശേഷവും അൻപതാം വിവാഹവാർഷികത്തിനു ശേഷവും ഭാര്യയോടൊപ്പമുള്ള യാത്രയുടെ വിവരണങ്ങൾ തുടരുകയാണ്. ആരും മറക്കാത്ത ജപ്പാനിലെ ഹിരോഷിമയിലും കൊറിയൻ അതിർത്തിയിലും മറ്റും നടത്തിയ യാത്രകൾ. ലിറ്റററി സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ ക്യാമ്പിൻ്റെയും, കേരള ലിറ്റററി സൊസൈറ്റി പിക്കിനിക്കിൻ്റെയും ചിത്രങ്ങൾ ചേർത്ത് സാഹിത്യ സാമൂഹ്യ മേഖലയിൽ താനിപ്പോഴും സജീവമാണെന്ന് അറിയിച്ചുകൊണ്ടാണ് കുറിപ്പുകൾ തൽക്കാലം അവസാനിപ്പിച്ചിരിക്കുന്നത്.
ഓരോ കാലഘട്ടത്തിലെയും ചരിത്ര പ്രാധാന്യമുള്ള സംഭവങ്ങളൊക്കെ ഓർമ്മിപ്പിച്ചതിനു ശേഷമാണ് വ്യക്തിഗതമായ സംഭവങ്ങളിലേക്ക് കടന്നിരിക്കുന്നത്. വ്യക്തി ജീവിതം പറയാൻ ശ്രമിക്കുമ്പോഴും പറയുന്നതും തെളിഞ്ഞു വരുന്നതുമൊക്കെ സാമൂഹ്യ ജീവിതമാണ്. സ്വന്തം ജീവിതത്തെക്കുറിച്ച് തനിക്ക് പറയാനുള്ളതൊക്കെ വാരിവലിച്ച് പറഞ്ഞിരിക്കുകയല്ല. വായനക്കാർക്ക് അറിയേണ്ടത് അത് അറിയുന്നതിലൂടെ സമൂഹത്തിന് എന്തെങ്കിലും പ്രയോജനം ഉണ്ടാകുന്ന ഓർമ്മകൾ മാത്രമേ ഈ പുസ്തകത്തിൽ പങ്കുവെച്ചിട്ടുള്ളൂ.
ഒരു പുതിയ സമൂഹത്തിൽ സ്വന്തം വ്യക്തിത്വം നിലനിർത്തിക്കൊണ്ട് പുതിയ അനുഭവങ്ങളെ സ്വീകരിച്ചു കൊണ്ട് കാലത്തിനനുസരിച്ച് മാറിക്കൊണ്ട് മുന്നോട്ട് പോയ ഒരു കുടിയേറ്റക്കാരൻ്റെ ജീവിതമാണ് ഇവിടെ കോറിയിട്ടിരിക്കുന്നത്. കുടിയേറ്റത്തിൻ്റെ പുറം കാഴ്ചകൾക്കപ്പുറം ഉള്ളറകളിലേക്ക്, ആഴങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നതാണ് ഈ കുറിപ്പുകൾ.
ജീവിതത്തിലെ സംഭവങ്ങളെ കൃത്രിമമായ അലങ്കാലങ്ങളില്ലാതെ, അനുഭവങ്ങളുടെ സ്വാഭാവികത നഷ്ടപ്പെടുത്താതെ, നർമ്മവും നൊമ്പരവും കൗതുകവും ചിന്തയും ഇടകലർത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ നമുക്ക് എഴുത്തുകാരനോടൊപ്പം ആയാസരഹിതമായി സഞ്ചരിക്കാനാവും.
ഓസ്റ്റിനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ദർശന മനയത്ത് ശശിയാണ് അവതാരിക എഴുതിയിരിക്കുന്നത്. 16 അധ്യായങ്ങളുള്ള 128 പേജുകളുള്ള ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് കോട്ടയത്തു നിന്നുള്ള ഇന്ദുലേഖ.കോം ആണ്. വില 240 രൂപ. ആമസോണിലും പുസ്തകം ലഭ്യമാണ്. https://www.amazon.in/OrmmaVeedhiyil-Malayalam-C-V-George-ebook/dp/B0HMJKFRM1

സി. വി. ജോർജ്
കോട്ടയം ജില്ലയിൽ പാലായ്ക്കടുത്ത് വലവൂർ സ്വദേശി. വലവൂർ, കുടുക്കച്ചിറ, ഇടനാട് സ്കൂളുകളിൽ പഠിച്ചു. പാലാ സെൻ്റ് തോമസ് കോളേജിലും അമേരിക്കയിലും ഉന്നത വിദ്യാഭ്യാസം. മാത്തമാറ്റിക്സിൽ ബിരുദം. സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം. കേരളാ യൂണിവേഴ്സിറ്റിയിൽ 'നാഗം അയ്യാ' സ്വർണ്ണ മെഡൽ ജേതാവ്.
കേന്ദ്ര ഗവണ്മെൻ്റിൽ പ്ളാനിംഗ് മിനിസ്ട്രിയിൽ അസിസ്റ്റൻ്റ് ഡയറക്ടറായി (ഐ. എസ്. എസ്.) ജോലി ചെയ്തിട്ടുണ്ട്. 1975 ൽ അമേരിക്കയിലേക്ക് കുടിയേറി. 41 ൽ പരം വർഷം ഐ.ടി. മേഖലയിൽ ജോലി ചെയ്തു. ഇപ്പോൾ കുടുംബത്തോടൊപ്പം ഡാലസിൽ വിശ്രമജീവിതം നയിക്കുന്നു.
ആനുകാലികങ്ങളിലും ഓൺലൈനിലും കഥ, കവിത, ലേഖനം തുടങ്ങിയവ എഴുതാറുണ്ട്. കേരള ലിറ്റററി സൊസൈറ്റിയുടെ പ്രസിഡൻ്റ്, സെക്രട്ടറി, ട്രഷറർ, കേരള അസോസിയേഷൻ ഓഫ് ഡാലസ് സെക്രട്ടറി തുടങ്ങി വിവിധ സാഹിത്യ സാമൂഹ്യ സംഘടനകളിൽ നേതൃ ചുമതലകൾ വഹിച്ചിട്ടുണ്ട്.
ഭാര്യ :- റോസമ്മ ജോർജ്, മക്കൾ :- മിൻ്റോ, റാൻ്റി, മിറാൻ്റ.
ഇമെയിൽ :- calgeorge@yahoo.com