Image

അഥീനയുടെ സമ്മാനവും ഏഥൻസ് നഗരവും (ശിശുദിനം - കുട്ടികൾക്കുള്ള കഥ: രാജീവ് പഴുവിൽ)

Published on 14 November, 2026
അഥീനയുടെ സമ്മാനവും ഏഥൻസ് നഗരവും (ശിശുദിനം - കുട്ടികൾക്കുള്ള കഥ: രാജീവ് പഴുവിൽ)

ഗ്രീക്ക് പുരാണങ്ങളിൽ ബുദ്ധിശക്തിയുടെ ദേവതയായ അഥീനയ്ക്ക് പ്രമുഖമായ സ്ഥാനമുണ്ട്. ദേവന്മാരുടെ രാജാവായ 
സ്യുസ് ദേവന്റെ പുത്രിയായിരുന്നു അവൾ.

​പുരാതന ഗ്രീസിലെ അതിമനോഹരമായ ഒരു നഗരത്തിന് ആര് കാവൽ ദേവനാകണം എന്ന കാര്യത്തിൽ അഥീനയും സമുദ്രദേവനായ പോസിഡണും തമ്മിൽ തർക്കമുണ്ടായി.

രണ്ട് പേരും തുല്യശക്തികളായതുകൊണ്ട് സ്യുസ് ദേവൻ ഒരു മത്സരം നിശ്ചയിച്ചു. നഗരത്തിലെ ജനങ്ങൾക്ക് ഏറ്റവും പ്രയോജനകരമായ സമ്മാനം നൽകുന്നയാൾ മത്സരത്തിൽ വിജയിക്കുമെന്നും നഗരത്തിന്റെ സംരക്ഷകനാവുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു.

​നഗരവാസികളും ദേവന്മാരും വിധി കർത്താക്കളായി എത്തി.

​ആദ്യം പോസിഡൺ മുന്നോട്ട് വന്നു. അദ്ദേഹം തന്റെ തൃശ്ശൂലം കൊണ്ട് പാറമേൽ ശക്തമായി അടിച്ചു. അവിടെ നിന്ന് പെട്ടെന്ന് ഒരു ഉറവ പൊട്ടിപ്പുറപ്പെട്ടു. ജനങ്ങൾ അത്ഭുതപ്പെട്ടു! പക്ഷേ, വെള്ളം കുടിച്ചു നോക്കിയപ്പോൾ അതിൽ  നിറയെ ഉപ്പായിരുന്നു. സമുദ്രദേവനായതുകൊണ്ട് അദ്ദേഹത്തിന് ഉപ്പുവെള്ളം മാത്രമേ നൽകാൻ കഴിയുമായിരുന്നുള്ളൂ. അത് ജനങ്ങൾക്ക് കുടിക്കാനോ കൃഷിക്കോ ഉപകരിച്ചില്ല.
​
​അടുത്ത ഊഴം അഥീനയുടേതായിരുന്നു. അവൾ ശാന്തമായി നിലത്ത് ഒരു കുഴി കുഴിച്ച് അതിൽ ഒരു വിത്ത് നട്ടു. നിമിഷങ്ങൾക്കുള്ളിൽ അവിടെ മനോഹരമായ ഒരു ഒലീവ് മരം വളർന്നുവന്നു.
​അഥീന അതിന്റെ ഗുണങ്ങൾ വിവരിച്ചു.
​ഇതിന്റെ പഴം ഭക്ഷണമായി ഉപയോഗിക്കാം.
​പഴത്തിൽ നിന്ന് എടുക്കുന്ന എണ്ണ വിളക്ക് കത്തിക്കാനും പാചകത്തിനും ഉപയോഗിക്കാം.
​മരത്തിന്റെ തടി വീടുനിർമ്മാണത്തിന്  സഹായിക്കും.
​എല്ലാറ്റിനുമുപരി, ഒലീവുമരം സമാധാനത്തിന്റെ പ്രതീകമാകുന്നു.
​
​പോസിഡണിന്റെ തൃശൂലത്തിന്റെ ശക്തിയേക്കാൾ ലോകത്തിനാവശ്യം  അഥീനയുടെ വിവേകബുദ്ധിയാണ്.
ഒരു വസ്തു എത്ര കരുത്തുള്ളത് എന്നതിനേക്കാൾ മറ്റുള്ളവർക്ക് എത്രത്തോളം ഉപകരിക്കുന്നു എന്നതിലാണ് അതിന്റെ മൂല്യം.
​ശക്തിയുള്ള ആയുധത്തേക്കാളും യുദ്ധസാമർഥ്യത്തേക്കാളും, സമാധാനവും ഉപജീവനത്തിനുള്ള മാർഗ്ഗവുമാണ് ജനങ്ങൾക്ക് വേണ്ടതെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. അതിനാൽ അഥീനയുടെ സമ്മാനമാണ് മികച്ചതെന്ന് തീരുമാനമായി.
ആ നഗരത്തിന് അഥീനയെ ഓർമ്മിപ്പിക്കുംവിധത്തിൽ 'ഏഥൻസ്'' എന്ന പേര് നല്കപ്പെട്ടു.

അഥീനയുടെ സമ്മാനമായ ഒലീവ് മരത്തിന്റെ ചില്ലകൾ ലോകമെമ്പാടും സമാധാനത്തിന്റെ  അടയാളമായി കരുതപ്പെടുന്നു.

ശുഭം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക