
അപ്പോൾ നാളെ, ഞായറാഴ്ച അറിയാം ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ഇലക്ടറൽ കോളജിൽ ആരൊക്കെ കാണുമെന്ന് .ഇന്നായിരുന്നു സൂക്ഷ്മ പരിശോധന. എല്ലാ കണ്ണുകളും ഇലക്ടറൽ ഓഫിസറും റിട്ടേണിങ് ഓഫിസറുമായ സഞ്ജയ് കുമാർ ശ്രീവാസ്തവ എന്ന മുൻ ഐ.എ .എസ്.ഓഫിസറിൽ.
30 ദേശീയ കായിക സംഘടനകൾ നാമനിർദേശം ചെയ്ത 60 പേരിൽ മൂന്നുപേർക്കെതിരെയാണ് ശക്തമായ പരാതി.
പി.ടി.ഉഷ ( ഐസ് ഹോക്കി, ഉദിത് ഹരീഷ് സേഥ് ഹാൻഡ്ബോൾ ), ഹർപാൽ സിങ് (സ്കീയിങ്/സ്നോ ബോർഡ്).
ഇതിനു പുറമെ ഐ.ഒ.എ. മുൻ പ്രസിഡൻറും രാജ്യാന്തര ഹോക്കി ഫെഡറേഷൻ മുൻ പ്രസിഡൻ്റുമായ ഡോ.ന രീന്ദർ ധ്രുവ് ബത്ര ഭോലാനാഥ് സിങ്ങിനും ജോയ്ദീപ് കൗറിനുമെതിരെ പരാതി കൊടുത്തിട്ടുണ്ട്.
പക്ഷേ, ഉഷയ്ക്കെതിരെ ആന്ധ്രയിൽ നിന്നുള്ള കെ.പി.റാവു കൊടുത്ത പരാതി നിസാരമായി കാണാൻ സാധിക്കില്ല. കാര്യകാരണസഹിതമാണ് പരാതി എന്നതിലുപരി സ്പോർട്സ് രംഗത്തെ പല കേസുകളിലും ഉയർന്നു കേൾക്കുന്നത് കെ.പി.റാവു എതിർ കക്ഷിയായ പരാതികളാണ്.അതു പലതും നിയമവൃത്തങ്ങളിൽ രേഖയാണ്.
ഇനി ഏതാനും മണിക്കൂറുകൾ മാത്രം. വിധി എതിരായാൽ കേസുകൾ തുടരാനാണു സാധ്യത.
പി.ടി. ഉഷ നൽകിയ പരാതിയുടെയും മറ്റു വിവാദങ്ങളുടെയും തുടർച്ചയായി രാജ്യാന്തര ഒളിംപിക് കമ്മിറ്റി ആശങ്ക അറിയിക്കുകയും മുന്നറിയിപ്പു നൽകുകയും ചെയ്തു കഴിഞ്ഞു. 2036 ലെ ഒളിംപിക് വേദി സംബന്ധിച്ച ഇന്ത്യയുടെ പ്രസൻ്റേഷൻ 26 ന് ആണ്. ഡിസംബർ അഞ്ചിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതുവരെ നിലവിലെ നേതൃത്വത്തിനായിരിക്കും ചുമതല. അവരായിരിക്കണം പ്രസൻ്റേഷൻ നടത്താൻ.ഐ.ഒ.എയിലെ വിവാദം കേന്ദ്ര സർക്കാറിനു തന്നെ തലവേദനയായിട്ടുണ്ട്. പി.ടി.ഉഷയും സ്പോർട്സ് മന്ത്രാലയവും രണ്ടു തട്ടിലാണെന്നു കേൾക്കുന്നു.
ഐസ് ഹോക്കി അസോസിയേഷൻ്റെ പ്രതിനിധിയായി ഉഷ ജനറൽ ബോഡിയിൽ എത്തി.(ഈ സംഘടനയ്ക്ക് കേന്ദ്ര സ്പോർട്സ് മന്ത്രാലയത്തിൻ്റെ അംഗീകാരമില്ലെന്നു കേൾക്കുന്നു)
30 ദേശീയ കായിക സംഘടനകളുടെ രണ്ടു വീതം പ്രതിനിധികളെയാണ് ( ഒന്നു വീതം പുരുഷനും വനിതയും) ഇന്നലെ പ്രഖ്യാപിച്ചത്. പക്ഷേ, പരാതികൾ കേട്ടും വിശകലനം ചെയ്തും വേണം അവസാന ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ.
ഉഷ പ്രസിഡൻറ് സ്ഥാനത്തേക്കോ ഇങ്ങേയറ്റം എക്സിക്യൂട്ടീവിലേക്കോ മൽസരിച്ചാൽ കായിക സംഘടനകളിൽ നിന്നു കൂടുതൽ വോട്ട് കിട്ടിയാലേ ജയിക്കാൻ സാധിക്കൂ.
10 കായിക താരങ്ങളിൽ ഉഷയ്ക്ക് എത്രപേർ വോട്ട് ചെയ്യുമെന്ന് കണ്ടറിയണം.
ഗഗൻ നാരങ് സ്ഥാനാർഥിയാകാൻ സാധ്യതയുണ്ടെങ്കിലും ഉഷ മത്സരിച്ചാൽ എതിരായി വനിത വന്നുകൂടായ്കയില്ല. സൈന നെഹ് വാൾ എസ്.ഒ.എ.( സ്പോർട്സ് പേഴ്സൻസ് ഓഫ് ഔട്ട് സ്റ്റാൻഡിങ് മെറിറ്റ് ) വിഭാഗത്തിൽ നാലാമതായതിനാൽ ഒന്നാമതു വന്ന അഞ്ജുവിനെ രംഗത്തിറക്കാൻ ഇതര താരപ്രതിനിധികൾ ശ്രമിച്ചേക്കും.
ഗഗൻ നാരങ്, കമലേഷ് മേത്ത, യോഗേശ്വർ ദത്ത്, വിജേന്ദർ സിങ്, അഞ്ജു ബോബി ജോർജ്, റാണി റാംഫാൽ ,ഡോള ബാനർജി, സൈന നെഹ് വാൾ എന്നിവരാണ് എസ്.ഒ.എം.പ്രതിനിധികൾ.
ഇവർക്കു പുറമെ 10 അംഗ അത് ലറ്റിക്സ് കമ്മിഷനിൽ നിന്ന് രണ്ടു പേർ ജനറൽ അസംബ്ളിയിൽ എത്തി.മീരാ ബായ് ചാനുവും സാജൻ പ്രകാശും. ഇവർക്ക് വോട്ടുണ്ട്. അത് ലറ്റസ് കമ്മിഷൻ ചെയർപേഴ്സൻ പി.വി.സിന്ധുവും വൈസ് ചെയർപേഴ്സൻ ഹർമൻപ്രീത് സിങ്ങിനും വോട്ടില്ല. ഇവർ പക്ഷേ, നേരിട്ട് 15 അംഗ എക്സിക്യൂട്ടീവ് കൗൺസിലിൽ എത്തും.
സലിമ ടീറ്റെ, സ്വപ്നിൽ കുശാലെ, ഭവാനി ദേവി, തേജീന്ദർ സിങ് ടൂർ, ബൊംബെയ്ല ദേവി, മഞ്ജീത് സിങ് ( മഞ്ജീത് തുഴച്ചിൽ താരമാണ്), സിംറഞ്ജിത് കൗർ എന്നിവരാണ് അത് ലറ്റ്സ് കമ്മിഷനിലെ ഇതര അംഗങ്ങൾ. ശിവ കേശവനും രാജേശ്വരി കുമാരിയും (രാജാ രൺധീർ സിങ്ങിൻ്റെ പുത്രി) ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ അത്ലറ്റ്സ് കമ്മിഷൻ അംഗങ്ങളെന്ന നിലയിൽ ഐ.ഒ.എ.അത് ലറ്റസ് കമ്മിഷനിൽ എക്സ് ഒഫി ഷ്യോ അംഗങ്ങൾ ആയിരിക്കും.
ഐ.ഒ.സിയുടെ ഇന്ത്യൻ പ്രതിനിധി എന്ന നിലയിൽ നിത അംബാനിക്ക് വോട്ട് ചെയ്യാം. ആകെ 71 വോട്ട് എന്നാണ് ഇപ്പോൾ കാണുന്നത്.
22 മുതൽ 24 വരെയാണ് നാമനിർദേശ പത്രികാ സമർപണം. ഡിസംബർ മൂന്നിന് രംഗം വ്യക്തമാകും.ഡിസംബർ അഞ്ചിന് വോട്ടെടുപ്പ്. ഉച്ചയ്ക്കുശേഷം 3.30 ന് വോട്ടെണ്ണും.
34 പേർ ആണ് അത് ലറ്റ്സ് കമ്മിഷനെ തിരഞ്ഞെടുത്തത്.17 സംഘടനകളിൽ നിന്ന് രണ്ടു പേർ വീതം. സ്വന്തമായി അത് ലറ്റ്സ് കമ്മിഷൻ ഉള്ള സംഘടനകൾക്കു മാത്രമേ ഐ.ഒ.എ. അത് ലറ്റ് സ് കമ്മിഷൻ തിരഞ്ഞെടുപ്പിൽ ഇലക്ടറൽ കോളജിൽ എത്താൻ കഴിയൂ.
ഇതിനിടെ അത്ലറ്റ്സ് കമ്മിഷൻ അംഗങ്ങൾ വേണമായിരുന്നു എസ്.ഒ.എം.പ്രതിനിധികളെ തിരഞ്ഞെടുക്കാൻ എന്ന വാദവും ഉയർന്നിട്ടുണ്ട്. എസ്.ഒ.എമ്മിൽ വിരമിച്ച കായിക താരങ്ങളെങ്കിൽ അത് ലറ്റ്സ് കമ്മിഷനിൽ നിലവിലെ താരങ്ങളാണ്.
ഒത്തുതീർപ് ശ്രമങ്ങൾ ഒരു വഴിക്കു നടക്കുന്നുണ്ട്.പക്ഷേ, തിരഞ്ഞെടുപ്പ് കഴിഞ്ഞാലും വിവാദം തീരില്ല. ആകെയുള്ള ആശ്വാസം സംസ്ഥാന ഒളിംപിക് അസോസിയേഷനുകൾക്ക് വോട്ടില്ല എന്നതാണ്. ജസ്റ്റിസ് നാഗേശ്വര റാവുവിന് നന്ദി.