
രാഷ്ട്രീയത്തില്‍ ചിലര്‍ പ്രസംഗിച്ചാണ് ശ്രദ്ധ നേടുന്നത്. ചിലര്‍ പ്രവര്‍ത്തിച്ചും. മറ്റു ചിലരാകട്ടെ, നിരന്തരം ചിലച്ചുകൊണ്ടേയിരിക്കും. അങ്ങനെ നാവിന്റെ മസിലുകൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയ നേതാവാണ് കാസര്‍കോട് എംപി രാജ് മോഹന്‍ ഉണ്ണിത്താന്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രസ്താവന കേട്ടാല്‍ കോണ്‍ഗ്രസില്‍ ഒരു പുതിയ രാഷ്ട്രീയ തത്ത്വശാസ്ത്രം തന്നെ രൂപപ്പെട്ടുവെന്നു തോന്നും. തന്നെ നിയന്ത്രിക്കാന്‍ ശക്തിയുള്ള ആരും പാര്‍ട്ടിയിലില്ല. വിമര്‍ശിക്കണമെങ്കില്‍ ആണത്തമുള്ളവര്‍ പരസ്യമായി പറയണം! അതുവരെ ആരുടെയും വാക്കുകള്‍ക്ക് മറുപടി പറയാന്‍ താന്‍ തയ്യാറല്ല.
കെ.പി.സി.സി യോഗത്തില്‍ ഉണ്ണിത്താനെതിരെ വിമര്‍ശനമുയര്‍ന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് വീണ്ടും തീപിടിച്ചത്. പാര്‍ട്ടി വേദികളില്‍ പറയുന്ന കാര്യങ്ങള്‍ പുറത്തു ചര്‍ച്ച ചെയ്യാന്‍ താനില്ലെന്നു പറയുന്നതിനൊപ്പം, തന്നെ വിമര്‍ശിക്കുന്നവര്‍ പരസ്യമായി രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അതായത്, രഹസ്യയോഗങ്ങളില്‍ വിമര്‍ശിക്കാം, പക്ഷേ മറുപടി കിട്ടണമെങ്കില്‍ പരസ്യവേദി ഒരുക്കണം. കോണ്‍ഗ്രസിലെ വിമര്‍ശനത്തിനും മറുപടിക്കും ഇനി പ്രത്യേക വേദിയും സമയക്രമവും നിശ്ചയിക്കേണ്ടിവരുമോ എന്ന പഴയ സംശയത്തിന് പുതിയ രൂപം കിട്ടിയിട്ടുണ്ടിപ്പോള്‍.
'വാര്‍പ്പ്, ചെമ്പ്' തുടങ്ങിയ വലിയ പാത്രങ്ങള്‍ക്കു മാത്രമേ താന്‍ മറുപടി നല്‍കാറുള്ളൂവെന്നും 'കിണ്ടി, കോളാമ്പി'കള്‍ക്ക് മറുപടി ചോദിക്കരുതെന്നും ഉണ്ണിത്താന്‍ പറയുമ്പോള്‍ രാഷ്ട്രീയത്തിലെ പാത്രങ്ങളുടെ വലുപ്പവും ശബ്ദത്തിന്റെ ഗാംഭീര്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയൊരു പഠനം തന്നെ ആവശ്യമായി വരും. ജനാധിപത്യത്തില്‍ വിമര്‍ശനത്തിന്റെ മൂല്യം വിമര്‍ശിക്കുന്നയാളുടെ പദവിയോ പാത്രത്തിന്റെ വലുപ്പമോ നോക്കിയല്ലല്ലോ തീരുമാനിക്കേണ്ടത്. ചിലപ്പോള്‍ ഒരു ചെറിയ മണിയുടെ ശബ്ദംപോലും വലിയ ചെണ്ടമേളത്തെക്കാള്‍ ശ്രദ്ധിക്കപ്പെടും. അതാകട്ടെ കാതടപ്പിക്കുന്നതായിരിക്കും. ഉന്നം കെ.പി.സി.സി പ്രസിഡന്റ് സ്ഥാനമാണ്. അത് അദ്ദേഹം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുമുണ്ട്. പക്ഷേ കേള്‍ക്കാന്‍ ആരുമില്ലെന്നതാണ് മുടിഞ്ഞ സങ്കടം.
1968 മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ആളാണ് താനെന്നും അന്ന് ഇന്നത്തെ വിമര്‍ശകരില്‍ പലരും ജനിച്ചിട്ടുപോലുമില്ലെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. രാഷ്ട്രീയത്തിലെ സീനിയോറിറ്റി തീര്‍ച്ചയായും അംഗീകരിക്കപ്പെടേണ്ടതാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ എത്രകാലം ജീവിച്ചു എന്നതിലുപരി ആ കാലയളവില്‍ പൊതുസമൂഹത്തിനും പാര്‍ട്ടിക്കും എന്തു സംഭാവന നല്‍കി എന്നതും വിലയിരുത്തപ്പെടേണ്ടതല്ലേ ഉണ്ണിത്താനേ...1968-ലെ രാഷ്ട്രീയ പ്രവേശനവും 2006-ലെ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളും 2019-ലെ ലോക്‌സഭാ വിജയവും ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ യാത്ര ശ്രദ്ധേയമാണ്. എന്നാല്‍ പഴക്കമുള്ള രാഷ്ട്രീയ പരിചയം വിമര്‍ശനങ്ങളില്‍നിന്നുള്ള ആജീവനാന്ത പരിരക്ഷയാകുമോ എന്ന് തെറ്റിദ്ധരിച്ചാല്‍ ആ രോഗത്തിനുള്ള മരുന്ന് കോണ്‍ഗ്രസിലല്ല നമ്മുടെ ഒരു മെഡിക്കല്‍ കോളേജിലും ഉണ്ടാവില്ല.
2006-ല്‍ തലശ്ശേരിയില്‍ കോടിയേരി ബാലകൃഷ്ണനെതിരെ മത്സരിച്ചും 2016-ല്‍ കുണ്ടറയില്‍ മേഴ് സിക്കുട്ടിയമ്മയോട് പരാജയപ്പെട്ടും 2019-ല്‍ കാസര്‍കോട് മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലെത്തിയും രാഷ്ട്രീയത്തിലെ പല ഘട്ടങ്ങള്‍ പിന്നിട്ടയാളാണ് ഉണ്ണിത്താന്‍. പേരില്‍ 'ഉണ്ണി'യുണ്ടെങ്കിലും താന്‍ ബഹുകേമനാണെന്ന് അദ്ദേഹം ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. 2024-ലും കാസര്‍കോട്ടുനിന്ന് വിജയിച്ച് പാര്‍ലമെന്റിലെത്തി. അതുകൊണ്ടുതന്നെ തന്റെ വാക്കുകള്‍ക്കും നിലപാടുകള്‍ക്കും പൊതുസമൂഹത്തില്‍ പ്രാധാന്യമുണ്ട് എന്ന് പറഞ്ഞുകൊണ്ടിരിക്കും.
ഉണ്ണിത്താന്റെ രാഷ്ട്രീയ ജീവിതത്തില്‍ കലഹങ്ങള്‍ പുതുമയല്ല. 2023-ല്‍ കാസര്‍കോട് കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയവും സംഘടനാ സമിതികളിലെ നിയമനങ്ങളും സംബന്ധിച്ച തര്‍ക്കങ്ങള്‍ പരസ്യ പ്രതിഷേധത്തിലേക്ക് നീണ്ടിരുന്നു. 2024-ല്‍ പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദം പാര്‍ട്ടിക്കുള്ളില്‍ വലിയ തര്‍ക്കമായി. രക്തസാക്ഷികളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന ഉണ്ണിത്താന്റെ നിലപാടും മറ്റു നേതാക്കളുടെ പ്രത്യാരോപണങ്ങളും തമ്മിലുള്ള പോര് കെ.പി.സി.സിയുടെ ഇടപെടലില്‍ എത്തിയിരുന്നു. പിന്നീട് 2025 ഓഗസ്റ്റില്‍ അന്ന് പുറത്താക്കപ്പെട്ട നാലു നേതാക്കളെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുകയും ചെയ്തു. അതായത്, ഇന്നലെ പുറത്തായവര്‍ ഇന്ന് അകത്തും, ഇന്നലെ വിമര്‍ശിച്ചവര്‍ ഇന്ന് ഒരേ വേദിയിലും. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കലണ്ടറില്‍ ശത്രുതയ്ക്കും സൗഹൃദത്തിനും സ്ഥിരമായ തീയതികളില്ലെന്നു തോന്നും.
ഇതിനിടയില്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയുള്ള ഉണ്ണിത്താന്റെ പരാമര്‍ശങ്ങളും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരായ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ മുതല്‍ സ്വന്തം പാര്‍ട്ടിയിലെ അടൂര്‍ പ്രകാശ്, സണ്ണി ജോസഫ്, കെ.സി. വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ വരെ അദ്ദേഹത്തിന്റെ പ്രതികരണശൈലി പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. വിമര്‍ശനങ്ങള്‍ ഉന്നയിക്കാനുള്ള സ്വാതന്ത്ര്യം ഒരു ജനാധിപത്യ അവകാശമാണ്. എന്നാല്‍ അതേ സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്കും അനുവദിക്കപ്പെടേണ്ടതല്ലേ ഉണ്ണീ.
തന്നെക്കുറിച്ച് ഒരു രൂപയുടെ അഴിമതിയാരോപണം ഉണ്ടായാല്‍ എം.പി സ്ഥാനം രാജിവയ്ക്കാമെന്നും ഒരു തുള്ളി ഡീസല്‍ പോലും മറ്റൊരാളുടെ സൗജന്യത്തില്‍ അടിച്ചിട്ടില്ലെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു. പൊതുപ്രവര്‍ത്തകന്റെ സത്യസന്ധതയെക്കുറിച്ചുള്ള ഈ ആത്മവിശ്വാസത്തിന് പാര്‍ട്ടിയില്‍ മൈലേജ് കിട്ടുമോയെ ന്നറിയില്ല.
ഇവിടെ ഉയരുന്ന യഥാര്‍ഥ ചോദ്യം മറ്റൊന്നാണ്. ഉണ്ണിത്താനെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസില്‍ ആരുമില്ലെന്നതാണോ പ്രശ്‌നം, അതോ കോണ്‍ഗ്രസില്‍ പരസ്പരം നിയന്ത്രിക്കാനുള്ള സംഘടനാ സംവിധാനം ദുര്‍ബലമായിരിക്കുന്നുവെന്നതാണോ? ഒരു പാര്‍ട്ടിയില്‍ ഒരാള്‍ക്ക് എന്തും പറയാം, മറ്റുള്ളവര്‍ക്ക് അതിനെക്കുറിച്ച് മിണ്ടാന്‍ പാടില്ല എന്ന അവസ്ഥയുണ്ടായാല്‍ അത് സംഘടനാ ജനാധിപത്യമല്ല, വ്യക്തികേന്ദ്രിത രാഷ്ട്രീയത്തിന്റെ മറ്റൊരു കരാള രൂപമാണ്. കോണ്‍ഗ്രസിന് ഇന്ന് ആവശ്യമായിരിക്കുന്നത് ആരാണ് വലിയ പാത്രം, ആരാണ് ചെറിയ പാത്രം എന്ന തര്‍ക്കമല്ല. മറിച്ച്, ആരാണ് ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്നത്, ആരാണ് സംഘടനയെ ശക്തിപ്പെടുത്തുന്നത്, ആരാണ് ഉത്തരവാദിത്വത്തോടെ സംസാരിക്കുന്നത് എന്ന തിരിച്ചറിവാണ്.
രാഷ്ട്രീയത്തില്‍ ആണത്തം തെളിയിക്കേണ്ടത് ശബ്ദത്തിന്റെ ഉയരത്തിലൂടെയല്ല, നിലപാടിന്റെ ഉറപ്പിലൂടെയാണ്. പാര്‍ട്ടിയില്‍ തന്നെ നിയന്ത്രിക്കാന്‍ ആരുമില്ലെന്ന് ഒരു നേതാവിന് അഭിമാനത്തോടെ പറയേണ്ടിവരുന്ന സാഹചര്യം ഉണ്ടെങ്കില്‍, അതിന്റെ അര്‍ഥം പാര്‍ട്ടിക്ക് നിയന്ത്രണശക്തിയില്ലെന്നാണോ, അതോ നിയന്ത്രണത്തിന് അതീതനാണെന്ന് നേതാവ് സ്വയം കരുതുന്നുവെന്നാണോ..?
കോണ്‍ഗ്രസിലെ ഈ പാത്രങ്ങളുടെ പോരാട്ടത്തില്‍ ജനങ്ങള്‍ക്ക് അറിയേണ്ടത് ആരാണ് വാര്‍പ്പ്, ആരാണ് ചെമ്പ് എന്നല്ല. അവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കുള്ള മറുപടി ആരുടെ കൈയിലുണ്ടെന്നാണ്. കിണ്ടിയും കോളാമ്പിയും തമ്മിലുള്ള ശബ്ദമത്സരം തുടരട്ടെ. പക്ഷേ, ജനാധിപത്യത്തിന്റെ അടുക്കളയില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുള്ള കഞ്ഞി വെന്തുതുടങ്ങുന്നുണ്ടോ എന്നുകൂടി നേതാക്കള്‍ ഇടയ്‌ക്കൊന്ന് പരിശോധിക്കുന്നത് നന്നായിരിക്കും..!