
ഭാരതത്തിൽ എല്ലാ വർഷവും നവംബർ 14 ശിശുദിനമായി ആചരിക്കുന്നു. സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് നാം ശിശുദിനം ആയി ആംഘോഷിക്കുന്നത്. കുട്ടികളെ ഏറെ സ്നേഹിച്ച അദ്ദേഹത്തെ അവർ ആദരവോടെ "ചാച്ചാജി" എന്നു വിളിച്ചിരുന്നു. 1889-ൽ അലഹബാദിൽ ജനിച്ച നെഹ്റു, 1964-ൽ അന്തരിച്ചു.
"ഇന്നത്തെ കുട്ടികളാണ് നാളത്തെ ഭാരതം" നമ്മൾ അവരെ വളർത്തുന്ന രീതി രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കും എന്ന് വിശ്വസിച്ച നേതാവായിരുന്നു നെഹ്റു. ഒരു രാജ്യത്തിന്റെ യഥാർഥ സമ്പത്ത് അവിടത്തെ കുട്ടികളാണെന്നും, അവർക്ക് ലഭിക്കുന്ന വിദ്യാഭ്യാസവും സ്നേഹവും
പരിരക്ഷയുമാണ് ആ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കോട്ടിൽ ഒരു റോസാപ്പൂവ് ചൂടി, കുഞ്ഞുങ്ങളോടു കുശലം പറയുന്ന ചാച്ചാജിയുടെ ചിത്രം ഇന്നും നമ്മുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.
ശിശുദിനം കേവലം ഒരു ആഘോഷമല്ല, അതൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. വിദ്യാലയങ്ങളിൽ റാലികളും കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കപ്പെടുന്നു. കേരളത്തിലും കുട്ടികൾ വർണാഭമായ ഘോഷയാത്രകളോടെ ഈ ദിനം ആഘോഷിക്കുന്നു. എന്നാൽ ആഘോഷങ്ങൾക്കപ്പുറം, കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള അവസരമാണിത്.
പീഡനം, അപകടകരമായ ചുറ്റുപാടുകൾ എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും സമൂഹത്തിന്റെയും കടമയാണ്. പോഷകസമ്പന്നമായ ഭക്ഷണം, ക്രമമായ വാക്സിനേഷൻ, ശുചിത്വം, വിശ്രമം, കളിക്കുന്ന സമയം എന്നിവ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് അത്യാവശ്യമാണ്.
ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികൾക്ക് മൊബൈൽ, ടിവി, സോഷ്യൽ മീഡിയ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതും പ്രധാനമാണ്. അതിനേക്കാൾ കഥ പറയൽ, വായന, കളിക്കുറിപ്പുകൾ, കലാപ്രവർത്തനങ്ങൾ, പ്രകൃതിയുമായുള്ള സമ്പർക്കം എന്നിവ അവരുടെ ഭാവനയും സർഗശേഷിയും വളർത്തും. കുട്ടികളുടെ സംസാരം ശ്രദ്ധിക്കുമ്പോൾ അവരുടെ മനസ്സിലെ സങ്കടങ്ങളും സ്വപ്നങ്ങളും നമുക്ക് മനസ്സിലാകും.
ഇന്നും പോഷകാഹാരക്കുറവ്, വിദ്യാഭ്യാസം നിഷേധിക്കപ്പെടൽ,സംരക്ഷണക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ പല കുഞ്ഞുങ്ങളുടെയും ബാല്യം കവർന്നെടുക്കുന്നു. മറുവശത്ത്, പഠനഭാരവും മത്സരബുദ്ധിയും കുട്ടികളിൽ മാനസിക സമ്മർദം വർധിപ്പിക്കുന്നു. കളിക്കാനും ചിരിക്കാനും സ്വപ്നം കാണാനുമുള്ള കുട്ടികളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്.
മാതാപിതാക്കളും അധ്യാപകരും സമൂഹവും ഒരുപോലെ ഉത്തരവാദിത്വം ഏറ്റെടുക്കണം. കുട്ടികളെ കേൾക്കാനും, അവരുടെ കഴിവുകളെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കാനും, സുരക്ഷിതമായ ഒരു ബാല്യം ഉറപ്പാക്കാനും നാം തയ്യാറാകണം. സ്നേഹത്തോടെ വളർത്തുന്ന കുട്ടികളാണ് നാളെ നല്ല പൗരന്മാരായി രാജ്യത്തെ മുന്നോട്ടു നയിക്കുന്നത്.
ഓരോ കുഞ്ഞും ഒരു വിത്താണ്, സ്നേഹമെന്ന വെള്ളവും അറിവെന്ന വെളിച്ചവും നൽകിയാൽ അത് തണൽമരമായി വളരും. ചാച്ചാജിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ, ഈ ശിശുദിനത്തിൽ നമുക്ക് ഓരോരുത്തർക്കും പ്രതിജ്ഞയെടുക്കാം, ഒരു കുഞ്ഞിന്റെയും ചിരി മായാത്ത, ഒരു കുഞ്ഞിന്റെയും സ്വപ്നം മുരടിക്കാത്ത ഒരു നാടിനായി നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം.
ശിശുദിനാശംസകൾ!
അഡ്വ. വത്സ മരങ്ങോലി