Image

മഴമുകിലൊളി വർണ്ണൻ ( വിചാരസീമകൾ : പി.സീമ )

Published on 14 November, 2026
മഴമുകിലൊളി വർണ്ണൻ  ( വിചാരസീമകൾ : പി.സീമ )

"ചേച്ചീ , സർ ഒരു കറുത്ത കൃഷ്ണനെ വാങ്ങി കൊണ്ട് വരുന്നുണ്ട്. സ്കൂട്ടറിന്റെ മുന്നിൽ വെച്ചിട്ടുണ്ട്  ഞാൻ ദൂരെ നിന്നേ കണ്ടു "

വർഷങ്ങൾക്കു മുൻപ് ഒരു ദിവസം എന്റെ സഹായി പെൺകുട്ടി ഓടി വന്നു പറഞ്ഞു. എന്റെ മനസ്സ് പിടി വിട്ടു പറന്നു. ഏറെക്കാലമായി ഒരു കറുത്ത കൃഷ്ണനെ വാങ്ങിക്കാൻ  ഞാൻ ആഗ്രഹിക്കുന്നു. ഞാൻ പെട്ടെന്ന് ടീപ്പോയി ഒക്കെ തുടച്ചു റെഡിയാക്കി. നീല കൃഷ്ണനോട് പുതിയ ഒരാൾ കൂട്ട് വരുന്നുണ്ട് എന്ന് മന്ത്രിച്ചു.

പുഴയിറമ്പിലെ വഴിയിലൂടെ അന്നത്തെ കൈനറ്റിക് ഹോണ്ട മുറ്റത്തു വന്നു. കൈ കഴുകി ശുദ്ധമാക്കി കറുത്ത കൃഷ്ണനെ വാങ്ങാൻ തയ്യാറായി ഞാൻ നിന്നു. പൊടുന്നനെ കൃഷ്ണൻ എന്നെ നോക്കി ഒന്ന് ചിരിച്ചു. നിരയൊത്ത കുഞ്ഞരിപ്പല്ലുകൾ....പ്രകാശമുള്ള ചിരി. സ്കൂട്ടറിൽ നിന്നിറങ്ങിയ കൃഷ്ണന്റെ കയ്യിൽ ഒരു പിച്ചപ്പാത്രം.. ഊന്നു വടി...കീറിയ തോർത്ത്‌ ദേഹമാകെ  വ്രണങ്ങൾ ..

"അച്ഛൻ എന്നെ കുഷ്ഠരോഗി ആക്കി ഫാൻസി ഡ്രെസ്സിൽ ഒന്നാം സമ്മാനം കിട്ടി "  പെട്ടെന്ന് മൂത്ത മകൻ വിഷ്ണു   ചിരിച്ചു കൊണ്ട്  ഒരു കുചേലനെക്കാൾ ദൈന്യത്തോടെ എന്നെ നോക്കി.

"നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്നോർത്തു. പണ്ട് എനിക്കും സ്കൂളിൽ ഈ വേഷം കെട്ടി ഒന്നാം സ്ഥാനം കിട്ടീട്ടുണ്ട്."  അദ്ദേഹം വെളുക്കെ ചിരിച്ചു.

"ഇനി ഇതിനെ എങ്ങനെയാ ഒന്ന് വെളുപ്പിച്ചെടുക്കുക.? ദേഹം മുഴുവൻ കരിയാണല്ലോ." ഞാൻ പറഞ്ഞു.

"അതിനല്ലേ നമ്മുടെ പുഴ....ഞാൻ കൊണ്ട് പോയി  തേച്ചു വെളുപ്പിച്ചു കൊണ്ട് വരാം." വടിയും പിച്ചപ്പാത്രവും മേടിച്ചു  വെച്ചിട്ട് ഞാൻ അകത്തേക്ക് ചെന്നപ്പോൾ സഹായി പെൺകുട്ടി വിളക്ക് തേച്ചു കഴുകി കൊണ്ട് വരുന്നു.

"കറുത്ത കൃഷ്ണന് മുന്നിൽ വിളക്ക് കൊളുത്തണ്ടേ?"അവൾ ചോദിച്ചു.

"സർ കൃഷ്ണനെ കുളിപ്പിക്കാൻ കൊണ്ട് പോയി ഇപ്പോൾ വരും "ഞാൻ പറഞ്ഞു.

"പൊടി പറ്റിക്കാണും അല്ലെ? ഒന്ന് തുടച്ചാൽ പോരായിരുന്നോ? പുതിയ തോർത്ത്‌ കൊണ്ട് വേണം തുടയ്ക്കാൻ.. ഇവിടുണ്ടോ?"

അവൾ അങ്ങനെ ചോദിച്ചുകൊണ്ട് ആകാംക്ഷയോടെ പുഴയിലേക്ക് നോക്കി നിന്നു. ഞാൻ "മഴമുകിലൊളി വർണ്ണൻ "മൂളി  ഗൂഢമായി ചിരിച്ചു നിന്നു.

ഞാൻ ചമ്മിയത് പോലെ കറുത്ത കൃഷ്ണനായ വെളുത്ത വിഷ്ണുവിനെ കണ്ട് അവളും ചമ്മിപ്പോട്ടെ എന്ന് ഒരു അത്യാഗ്രഹം എനിക്കുണ്ടായത് സ്വാഭാവികം മാത്രമാണല്ലോ.  നിങ്ങൾക്കായാലും അങ്ങനെ അല്ലെ തോന്നു.. അഭിപ്രായം രേഖപ്പെടുത്തു.  

കറുത്ത കൃഷ്ണനെ തേച്ചു വെളുപ്പിച്ചത് പോലെ   ആർക്കും ഇനി നിറം ചാർത്താൻ ആകാത്ത വിധം  അറിഞ്ഞോ അറിയാതെയോ ജീവിതവും തേച്ചു വെളുപ്പിച്ചു വെച്ചിട്ടാണ് ആൾ പോയതെങ്കിലും "ഓർമ്മകൾക്കെന്തു സുഗന്ധം..ആത്മാവിൻ നഷ്ട സുഗന്ധം "എന്ന കാവ്യഭാവന പോലെ  ഓരോ ദിവസവും ഒഴുകുന്നു. ഞാൻ അമരക്കാരനില്ലാത്ത ഒരു തോണി തുഴയുന്നു. അകലെ എവിടെയോ ഒരു തീരമോ തുരുത്തോ തെളിഞ്ഞു മായുന്നുണ്ട്.  അവിടെ എത്തും മുൻപ് ചുഴിയിൽ മുങ്ങരുതേ എന്നൊരു പ്രാർത്ഥന മാത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക