
ഈ വർഷം (2026 ) നാലാമത്തെ വ്യാഴാഴ്ചയാണ് നന്ദി പറയാൻ അമേരിക്കൻ ഐക്യനാടുകളിൽ അവധിയുള്ള ദിവസം. പൂർവികർ വിശന്നുവലഞ്ഞപ്പോൾ ദൈവം ഒരു തർക്കിക്കോഴിയെ കാണിച്ചുകൊടുത്തതിന്റെ ഉപകാരസ്മരണയത്രെ ഈ ആഘോഷത്തിന് പിറകിൽ. അപ്പോൾ ഇത് തലമുറയായി പാലിച്ചുപോരുന്ന ആചാരമാണ്. നന്ദി പറയുന്നത് ദൈവത്തിനും. ദൈവത്തിന് മാത്രമല്ല വാസ്തവത്തിൽ നമ്മൾ നന്ദി പറയുന്നത്, നമ്മെ സ്നേഹിക്കയും നമുക്ക് താങ്ങും തണലുമായി നിന്നവരെയെല്ലാം നമ്മൾ ഓർക്കുകയും അവർക്ക് നന്ദി പറയുകയും ചെയ്യേണ്ടതാണ്. ചെയ്യുന്നുണ്ട്. പക്ഷെ ഈ ആഘോഷം പൂർവികരും ദൈവവും തമ്മിൽ നടന്ന ഒരു ബന്ധത്തിന്റെ തുടർച്ചയായിട്ടാണ് എല്ലാവരും കണക്കാക്കുന്നത്. . ഇ-മലയാളിയുടെ വായനക്കാർക്ക് ഇതേക്കുറിച്ച് ലേഖനങ്ങളോ, കഥകളോ, കവിതകളോ രസകരമായ അനുഭവങ്ങളോ എഴുതി അയക്കാവുന്നതാണ്. ഇപ്പോൾ മുതൽ നവംബർ 25 വരെ അയക്കാവുന്നതാണ്. ഇമെയിൽ mag.emalayalede@gmail.com or ggjey1@gmail.com.
നന്ദിപ്രകടനദിനത്തിൽ മാത്രമല്ല ജീവിതത്തിലെ എല്ലാ ദിവസവും നമ്മൾ കൃതജ്ഞതയുള്ളവരാകണം. കർമ്മനിരതരുമാകണം. നമ്മുടെ ഒരു പ്രവർത്തിയും ചെറുതല്ലെന്നു നമ്മൾ മനസ്സിലാക്കണം. എത്രയോ ചെറിയ അണ്ണാറക്കണ്ണന്മാർ രാമസേതു പണിയുമ്പോൾ അവരുടെ കൊച്ചു ചുമലിൽ വെള്ളാരംകല്ലുകൾ ചുമന്നു കൊണ്ടുപോയി മറ്റു പണിക്കാർക്കൊപ്പം ജോലി ചെയ്തു. നന്ദിസൂചകമായി ശ്രീരാമചന്ദ്രൻ അവയുടെ മുതുകിൽ തടവി . ആ തടവൽ അവർക്ക് മനോഹരമായ ശ്യാമരേഖകൾ സമ്മാനിച്ചു. പരസ്പരം നന്മ ചെയ്യുക സഹായങ്ങൾ ചെയ്യുക. ജീവിതം സന്തുഷ്ടമാക്കുക
ഇ-മലയാളിയുടെ എല്ലാ സുഹൃത്തുക്കൾക്കും ഐശ്വര്യസമൃദ്ധവും, സന്തോഷകരവുമായ താങ്ക്സ്ഗിവിങ് നേരുന്നു.
________________