
ജവഹർലാൽ നെഹ്റുവിന്റെ 137-ാം ജന്മവാർഷികം
നെഹ്റുവിന്റെ പൈതൃകം ഉയർത്തിപ്പിടിക്കുകയും ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ മാറ്റിമറിച്ച അദ്ദേഹത്തിന്റെ മൂല്യവത്തായ ആദർശങ്ങൾ പുതിയ തലമുറയിലേക്ക് കൈമാറുകയും ചെയ്യേണ്ടത് ഇന്ന് എന്നത്തേക്കാളും അനിവാര്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനാധിപത്യ സംവിധാനങ്ങളെയും വ്യക്തിസ്വാതന്ത്ര്യങ്ങളെയും വെല്ലുവിളിക്കുന്ന ഏകാധിപത്യ പ്രവണതകൾ ശക്തിപ്പെട്ടുവരികയും ചെയ്യുന്ന കാലഘട്ടമാണിത്. ഇന്ത്യയും ഇതിൽനിന്ന് വ്യത്യസ്തമല്ല. സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയാനും, അധികാരത്തിലിരിക്കുന്നവരെ വിമർശിക്കാനും, സർക്കാർ നയങ്ങളെ ചോദ്യം ചെയ്യാനുമുള്ള പൗരന്റെ അവകാശങ്ങൾ പോലും ഇന്ന് വെല്ലുവിളികൾ നേരിടുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളായി ജവഹർലാൽ നെഹ്റുവും ഡോ. ബി.ആർ. അംബേദ്കറും വിഭാവനം ചെയ്ത സ്ഥാപനങ്ങൾ തന്നെ അഭൂതപൂർവമായ സമ്മർദ്ദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ചരിത്രത്തിൽനിന്ന് അദ്ദേഹത്തിന്റെ സംഭാവനകൾ മായ്ച്ചുകളയാൻ പ്രതിജ്ഞ എടുത്തവർ നെഹ്റുവിന്റെ പൈതൃകത്തെയും നിരന്തരമായ ആക്രമണത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.
2026 നവംബർ 14-ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 137-ാം ജന്മവാർഷികം ആചരിക്കുമ്പോൾ, അദ്ദേഹം എന്തിനുവേണ്ടിയാണ് നിലകൊണ്ടതെന്നും, അദ്ദേഹത്തിന്റെ ആശയങ്ങൾ എന്തുകൊണ്ട് ഇന്ന് എന്നത്തേക്കാളും പ്രസക്തമാകുന്നുവെന്നും ചിന്തിക്കേണ്ടതുണ്ട്.
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലെത്തിയിട്ട് ഏകദേശം 12 വർഷമാകുമ്പോൾ, നെഹ്റുവിന്റെ നേട്ടങ്ങളെ ചെറുതാക്കി കാണിക്കാനുള്ള നിരന്തര പ്രചാരണമാണ് നടന്നുവരുന്നത്. ഇന്നത്തെ ഓരോ പരാജയത്തിനും പതിറ്റാണ്ടുകൾക്കുമുമ്പ് നെഹ്റു ചെയ്ത കാര്യങ്ങളാണ് ചിലർ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ദാരിദ്ര്യവും ആഴത്തിലുള്ള സാമൂഹിക വിഭജനങ്ങളും നേരിട്ടിരുന്ന ഒരു സമൂഹത്തെ ആധുനിക ജനാധിപത്യ രാഷ്ട്രമായി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവിന്റെ അനിതരസാധാരണമായ സംഭാവനകൾ അംഗീകരിക്കുന്നതിനുപകരം ചരിത്രം തിരുത്തിയെഴുതാൻ ആഗ്രഹിക്കുന്നവർക്ക് ചിലർ ശ്രമിക്കുന്നത്.ദേഹത്തിന്റെ പേര് സൗകര്യപ്രദമായ ഒരു ആയുധമായി മാറിയിരിക്കുന്നു.
എന്നാൽ, നെഹ്റുവിന്റെ ഏറ്റവും വലിയ സംഭാവന അണക്കെട്ടുകളോ ഉരുക്കുനിർമാണശാലകളോ ശാസ്ത്ര ഗവേഷണശാലകളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ മാത്രമായിരുന്നില്ല. മറിച്ച്, ജനാധിപത്യം, വ്യക്തിസ്വാതന്ത്ര്യം, മതേതരത്വം, വിയോജിക്കാനുള്ള അവകാശം എന്നിവയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പൈതൃകം. ഇന്നത്തെ പല നേതാക്കളും മറന്നുപോയ ഒരു യാഥാർഥ്യം നെഹ്റു തിരിച്ചറിഞ്ഞിരുന്നു: വിയോജിപ്പുകളില്ലാതെ ജനാധിപത്യത്തിന് നിലനിൽക്കാനാവില്ല.
വിമർശനങ്ങളോടുള്ള നെഹ്റുവിന്റെ സമീപനത്തിന് അസാധാരണമായ ഒരു ഉദാഹരണം ഡോ. നീരജ് ഗുപ്തയുടെ 'ദ ട്രൈസ്റ്റ് വിത്ത് ഡിസെന്റ് ( The Tryst with Dissent)' എന്ന ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. 1937-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷനെന്ന നിലയിൽ വലിയ ജനപ്രീതി ആർജ്ജിച്ച കാലത്ത് നെഹ്റു സ്വന്തം നിലപാടുകളെ വിമർശിച്ചുകൊണ്ട് ഒരു ലേഖനം തൂലികാനാമത്തിൽ എഴുതി. The Modern Review എന്ന പ്രസിദ്ധീകരണത്തിൽ 'ചാണക്യ' എന്ന തൂലികാനാമത്തിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ജവഹർലാൽ നെഹ്റുവിനെപ്പോലെ ജനപ്രീതിയുള്ള ഒരാളായാലും ഒരൊറ്റ വ്യക്തിയുടെ കൈകളിൽ അമിതാധികാരം കേന്ദ്രീകരിക്കരുതെന്ന് അദ്ദേഹം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വ്യക്തിപൂജയുടെ അപകടങ്ങളെക്കുറിച്ചും താൻ ഒരു ഏകാധിപത്യ ഭരണാധികാരിയായി മാറാനുള്ള സാധ്യതയെക്കുറിച്ചും അദ്ദേഹം ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മുന്നറിയിപ്പ് വളരെ വ്യക്തമായിരുന്നു: 'നമുക്ക് സീസർമാരെ ആവശ്യമില്ല.'
ഒരു നിമിഷം അതേക്കുറിച്ച് ചിന്തിച്ചുനോക്കൂ. ജനങ്ങൾക്കിടയിൽ അസാധാരണമായ ജനപ്രീതി നേടിയ ഒരു നേതാവ്, തന്റെ മുന്നിൽ ജനങ്ങൾ വിവേചനബുദ്ധി അടിയറവയ്ക്കരുതെന്ന് സ്വയം മുന്നറിയിപ്പ് നൽകുകയാണ്. അമിതമായ ആരാധന സദുദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന ഒരു നേതാവിനെപ്പോലും അധികാരദുരുപയോഗത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. സ്വന്തം കൈകളിൽ അധികാരം കേന്ദ്രീകരിക്കുന്നതിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനുള്ള ധൈര്യമോ വിനയമോ ഇന്ന് എത്ര രാഷ്ട്രീയ നേതാക്കൾക്കുണ്ട്? വ്യക്തിപൂജ രാഷ്ട്രീയത്തിന്റെ ഭാഗമായി മാറുകയും നേതാക്കളെ തെറ്റുപറ്റാത്തവരായി ചിത്രീകരിക്കുകയും ചെയ്യുന്ന കാലത്ത്, നെഹ്റുവിന്റെ ഈ നിലപാട് ജനാധിപത്യപരമായ പക്വതയുടെ വേറിട്ട മാതൃകയാണ്.
വിമർശനങ്ങളോടുള്ള നെഹ്റുവിന്റെ സഹിഷ്ണുത വാക്കുകളിൽ മാത്രം ഒതുങ്ങിയിരുന്നില്ല. വിഖ്യാത കാർട്ടൂണിസ്റ്റ് കെ. ശങ്കർ പിള്ള 1948-ൽ ശങ്കർസ് വീക്കിലി ആരംഭിച്ചപ്പോൾ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നെഹ്റു പറഞ്ഞത് ഇന്ന് ഏറെ പ്രസിദ്ധമായ വാക്കുകളാണ്: 'ശങ്കർ, എന്നെ വെറുതെ വിടരുത്.' നെഹ്റുവിന്റെ നയങ്ങളെയും രാഷ്ട്രീയ തീരുമാനങ്ങളെയും പരിഹസിച്ചുകൊണ്ട് ശങ്കർ നിരവധി കാർട്ടൂണുകൾ വരച്ചു. എന്നാൽ അത്തരം ആക്ഷേപഹാസ്യങ്ങൾ രാജ്യത്തിനെതിരായ ആക്രമണമല്ലെന്നും ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും നെഹ്റു തിരിച്ചറിഞ്ഞിരുന്നു.
ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷവുമായി ഈ സമീപനത്തെ ഒന്ന് താരതമ്യം ചെയ്തുനോക്കൂ. അധികാരത്തിലിരിക്കുന്നവരെ വിമർശിച്ചതിന്റെ പേരിൽ മാധ്യമപ്രവർത്തകരും കാർട്ടൂണിസ്റ്റുകളും വിദ്യാർഥികളും സാധാരണ പൗരന്മാരും പൊലീസ് പരാതികൾക്കും നിയമനടപടികൾക്കും പീഡനങ്ങൾക്കും വിധേയരാകുന്ന സാഹചര്യമാണ് പലപ്പോഴും കാണുന്നത്.
പരീക്ഷാ ക്രമക്കേടുകൾ, തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയ വിഷയങ്ങളിൽ ഉത്തരവാദിത്തം ആവശ്യപ്പെട്ട് ന്യൂഡൽഹിയിൽ അടുത്തിടെ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളെ കൈകാര്യം ചെയ്ത രീതി ഗൗരവമായ ആശങ്കകൾ ഉയർത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, പ്രതിഷേധിച്ച യുവാക്കൾക്ക് പൊലീസ് ബലപ്രയോഗവും അറസ്റ്റും നേരിടേണ്ടിവന്നു. സ്വന്തം ഭാവിയെക്കുറിച്ച് ന്യായമായ ആശങ്കകൾ ഉന്നയിച്ച യുവാക്കളുടെ ശബ്ദങ്ങളെ ഗൗരവമായ ചർച്ചകളിലൂടെ നേരിടുന്നതിനുപകരം ബലപ്രയോഗത്തിലൂടെയാണ് നേരിട്ടത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം സ്വന്തം യുവതലമുറയോട് ഇങ്ങനെയാണോ പെരുമാറേണ്ടത്?
വിയോജിപ്പുകൾ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയല്ല, മറിച്ച് ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് നെഹ്റു വിശ്വസിച്ചിരുന്നു. വിമർശനങ്ങളെ രാജ്യദ്രോഹമായും സമാധാനപരമായ പ്രതിഷേധങ്ങളെ അധികാരത്തിനുള്ള ഭീഷണിയായും കാണുമ്പോൾ അപകടത്തിലാകുന്നത് ജനാധിപത്യം തന്നെയാണ്.
ജനാധിപത്യപരമായ ഉത്തരവാദിത്തത്തിന്റെ കേന്ദ്രസ്ഥാപനമായി പാർലമെന്റിനെയും നെഹ്റു ബഹുമാനിച്ചു. കോൺഗ്രസിന് പാർലമെന്റിൽ വൻ ഭൂരിപക്ഷമുണ്ടായിരുന്ന കാലത്തുപോലും പ്രതിപക്ഷ അംഗങ്ങളുടെ അഭിപ്രായങ്ങൾ അദ്ദേഹം ശ്രദ്ധയോടെ കേട്ടിരുന്നു. തന്റെ സർക്കാരിനെ ചോദ്യം ചെയ്യാനുള്ള അവരുടെ അവകാശത്തെ അംഗീകരിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പുകളിൽ വിജയിക്കുക മാത്രമല്ല പാർലമെന്ററി ജനാധിപത്യമെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. തന്നോട് വിയോജിക്കുന്നവരെപ്പോലും ബഹുമാനിക്കുകയെന്നതാണ് അതിന്റെ അടിസ്ഥാനതത്വം. ഇന്നത്തെ ഇന്ത്യക്ക് ഇതിൽനിന്ന് ഏറെ പഠിക്കാനുണ്ട്. ഒരു സർക്കാരിന് പാർലമെന്റിൽ ഭൂരിപക്ഷമുണ്ടാകാം. എന്നാൽ അതിന്റെ പേരിൽ രാജ്യത്തിന്റെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥാവകാശം തങ്ങൾക്കാണെന്ന് അവകാശപ്പെടാനാവില്ല.
ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളും ഈ സാഹചര്യത്തിൽ പരിശോധിക്കേണ്ടതാണ്. 2023-ൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന നിയമം, തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്ന സമിതിയിൽനിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുകയും പകരം പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന കേന്ദ്ര കാബിനെറ്റ് മന്ത്രിയെ ഉൾപ്പെടുത്തുകയും ചെയ്തു. ഇതോടെ മൂന്നംഗ സമിതിയിൽ സർക്കാരിന് രണ്ട് പ്രതിനിധികളായി.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ നടത്താൻ ചുമതലപ്പെട്ട ഒരു സ്ഥാപനത്തിന്റെ നിഷ്പക്ഷതയിൽ പൊതുജനങ്ങൾക്ക് എങ്ങനെ വിശ്വാസമുണ്ടാകുമെന്ന ചോദ്യം ഇവിടെ ഉയരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായാണ് വിഭാവനം ചെയ്യപ്പെട്ടത്;അല്ലാതെ ഭരണകൂടത്തിന്റെ ഒരു അനുബന്ധ സംവിധാനമായിട്ടല്ല. നീതിന്യായ വ്യവസ്ഥ, പാർലമെന്റ്, അന്വേഷണ ഏജൻസികൾ തുടങ്ങി വ്യക്തിസ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഇതേ തത്വം ബാധകമാണ്. ഈ സ്ഥാപനങ്ങൾ ഇന്ത്യയിലെ ജനങ്ങളുടേതാണ്;അല്ലാതെ ഏതെങ്കിലും പ്രധാനമന്ത്രിയുടെയോ രാഷ്ട്രീയ പാർട്ടിയുടെയോ സ്വകാര്യ സ്വത്തല്ല.
ഒരു ഭരണഘടനാ സ്ഥാപനത്തിൽനിന്ന് പ്രതീക്ഷിക്കുന്ന സ്വതന്ത്രമായ നിലപാട് പ്രകടിപ്പിക്കുന്നതിനുപകരം, പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്.ഐ.ആർ (Special Intensive Revision) കൈകാര്യം ചെയ്ത രീതിയും തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിലെ സർക്കാരിന് കൂടുതൽ വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന ആശങ്ക വ്യാപിപ്പിച്ചിട്ടുണ്ട്. കരട് വോട്ടർപട്ടികയിൽനിന്ന് ലക്ഷക്കണക്കിന് പേരുകൾ ഒഴിവാക്കപ്പെട്ടത് വോട്ടവകാശത്തിന്റെ സംരക്ഷണത്തെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നു. അർഹതയില്ലാത്ത പേരുകൾ ഒഴിവാക്കാനാണ് നടപടിയെന്ന് കമ്മീഷൻ വിശദീകരിക്കുന്നുണ്ടെങ്കിലും അർഹരായ വോട്ടർമാർക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അതിന്റെ ഉത്തരവാദിത്തമാണ്.
തിരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത സംരക്ഷിക്കുക എന്നത് ചീഫ് ഇലക്ഷൻ കമ്മീഷണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്; ഭരണപരമായ തീരുമാനങ്ങളെ ന്യായീകരിക്കുക മാത്രമല്ല അദ്ദേഹത്തിന്റെ കടമ. ജനാധിപത്യത്തിന്റെ ജീവശ്വാസമാണ് വോട്ടവകാശം. ആ അവകാശത്തിലുള്ള പൊതുവിശ്വാസത്തെ തകർക്കുന്ന ഏതൊരു നടപടിയും ജനാധിപത്യത്തിന്റെ അടിസ്ഥാനഘടനയെതന്നെ അപകടത്തിലാക്കും.
സ്വതന്ത്ര സ്ഥാപനങ്ങളുടെ പ്രാധാന്യം നെഹ്റു ആഴത്തിൽ മനസ്സിലാക്കിയിരുന്നു. കൊളോണിയൽ ചൂഷണം, ദാരിദ്ര്യം, നിരക്ഷരത, വർഗീയ കലാപങ്ങൾ, വിഭജനം എന്നിവയാൽ തകർന്നടിഞ്ഞ ഒരു രാജ്യത്തെയാണ് അദ്ദേഹം ഏറ്റെടുത്തത്. അന്നത്തെ ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം വെറും 32 വയസ്സായിരുന്നു. ലക്ഷക്കണക്കിന് ആളുകൾക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പോലും കഠിനമായി പോരാടേണ്ടിവന്നിരുന്നു. എന്നിട്ടും ശാസ്ത്രീയ അറിവ്, വ്യാവസായികവികസനം, വിദ്യാഭ്യാസം, സാമൂഹികനീതി എന്നിവയിൽ അധിഷ്ഠിതമായ ആധുനിക ഇന്ത്യയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM), ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രമുഖ ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളുടെയും സ്ഥാപനത്തിന് അദ്ദേഹം പ്രോത്സാഹനം നൽകി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭിലായ്, റൂർക്കേല, ദുർഗാപൂർ എന്നിവിടങ്ങളിൽ ഉരുക്കുനിർമാണശാലകൾ സ്ഥാപിക്കപ്പെട്ടു. ഭക്രാ നംഗൽ പദ്ധതി വികസിപ്പിക്കുകയും രാജ്യത്തിന്റെ വ്യാവസായിക അടിസ്ഥാനസൗകര്യങ്ങൾ വിപുലീകരിക്കുകയും ചെയ്തു. ഡോ. ഹോമി ഭാഭയുടെ നേതൃത്വത്തിലുള്ള ആണവോർജ ഗവേഷണങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും, പിന്നീട് ഇന്ത്യയുടെ ഉയർന്നുവന്ന ബഹിരാകാശ പദ്ധതികളുടെ അടിത്തറയായ ശാസ്ത്രീയ ഗവേഷണ സംവിധാനങ്ങളുടെ വളർച്ചയ്ക്കും അദ്ദേഹം വഴിയൊരുക്കുകയും ചെയ്തു.
സാങ്കേതികവിദ്യാ മേഖലയിൽ എന്റെ ഔദ്യോഗിക ജീവിതത്തിന്റെ വലിയൊരു ഭാഗം ചെലവഴിച്ച വ്യക്തിയെന്ന നിലയിൽ, ശാസ്ത്രവിദ്യാഭ്യാസത്തിനും സാങ്കേതിക പുരോഗതിക്കും നെഹ്റു നൽകിയ പ്രാധാന്യം അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്നായി ഞാൻ വിലയിരുത്തുന്നു. മഹത്തായ ഭൂതകാലത്തെക്കുറിച്ച് അഭിമാനിക്കുന്നതുകൊണ്ടുമാത്രം ഒരു രാജ്യത്തിന് ദാരിദ്ര്യത്തിൽനിന്ന് ഉയർന്നുവരാനാവില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അറിവിലും നവീകരണത്തിലും ജനങ്ങളുടെ കഴിവുകൾ വികസിപ്പിക്കുന്നതിലും നിക്ഷേപം നടത്തേണ്ടതുണ്ട്. ഇന്ന് ഇന്ത്യക്കാർ അഭിമാനിക്കുന്ന സാങ്കേതിക നേട്ടങ്ങൾ പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല. പതിറ്റാണ്ടുകൾക്കുമുമ്പ് പടുത്തുയർത്തിയ അടിത്തറയിലാണ് അവ വളർന്നുവന്നത്.
നെഹ്റുവിന് വീഴ്ചകളൊന്നും ഉണ്ടായിരുന്നില്ലെന്ന് പറയാനാവില്ല. ചൈനയോടുള്ള അദ്ദേഹത്തിന്റെ സമീപനവും 1962-ലെ വിനാശകരമായ യുദ്ധവും വിമർശനത്തിന് വിധേയമാകേണ്ടതാണ്. അദ്ദേഹത്തിന്റെ ചില സാമ്പത്തിക നയങ്ങളും കാലക്രമേണ അപര്യാപ്തമാണെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ തെറ്റുകൾ അംഗീകരിക്കുന്നതും ആധുനിക ഇന്ത്യയുടെ വളർച്ചയിൽ അദ്ദേഹം നൽകിയ അസാധാരണമായ സംഭാവനകളെ നിഷേധിക്കുന്നതും രണ്ടുകാര്യങ്ങളാണ്.
അതുപോലെതന്നെ പ്രധാനപ്പെട്ടതായിരുന്നു മതേതരത്വത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത. മതം, ജാതി, ഭാഷ, വംശം എന്നിവയുടെ വ്യത്യാസമില്ലാതെ ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ഈ രാജ്യം ഒരുപോലെ അവകാശപ്പെട്ടതാണെന്ന് അദ്ദേഹം വിശ്വസിച്ചു. അസാധാരണമായ വൈവിധ്യമുള്ള ഒരു രാജ്യത്ത് ദേശീയ ഐക്യം നിലനിർത്താൻ മതസ്വാതന്ത്ര്യവും തുല്യ പൗരാവകാശങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. മതധ്രുവീകരണം രാഷ്ട്രീയ ആയുധമായി മാറുന്ന ഇന്നത്തെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾക്ക് വീണ്ടും പ്രസക്തിയേറുകയാണ്.
ഇന്ത്യയിലെ തലമുറകളായുള്ള കുട്ടികൾക്ക് നെഹ്റു സ്നേഹപൂർവം 'ചാച്ചാ നെഹ്റു' ആയിരുന്നു. കുട്ടികളാണ് ഇന്ത്യയുടെ ഭാവിയെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആചരിക്കുന്നത്. മുൻ തലമുറകൾക്ക് ലഭിക്കാതിരുന്ന അവസരങ്ങൾ സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വിദ്യാഭ്യാസത്തിന് അദ്ദേഹം നൽകിയ ഊന്നൽ. ഇന്നും അദ്ദേഹത്തിന്റെ ഏറ്റവും നിലനിൽക്കുന്ന സംഭാവനകളിലൊന്നാണത്.
നെഹ്റുവിന്റെ പൈതൃകത്തെ ചെറുതാക്കി കാണിക്കാനുള്ള ശ്രമങ്ങൾ പൊതുസ്ഥാപനങ്ങളിലേക്കുപോലും വ്യാപിച്ചിട്ടുണ്ട്. നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിന്റെയും ലൈബ്രറിയുടെയും പേര് മാറ്റിയത് ഇതിന്റെ ഭാഗമാണ്. അതുപോലെ സർദാർ പട്ടേലിനെ നെഹ്റുവിന്റെ രാഷ്ട്രീയ എതിരാളിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ രാഷ്ട്രനിർമാണത്തിൽ ഇരുവരും നൽകിയ സംയുക്ത സംഭാവനകളെ അവഗണിക്കുന്നതാണ്. ഗാന്ധിയും നെഹ്റുവും പട്ടേലും അംബേദ്കറും ആധുനിക ഇന്ത്യയുടെ സൃഷ്ടിയിൽ നിർണായക പങ്കുവഹിച്ചവരാണ്. ഒരാളെ ചെറുതാക്കി മറ്റൊരാളെ ആദരിക്കാനാവില്ല.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച അതേ കാലഘട്ടത്തിൽ സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും പിന്നീട് സൈനിക ഏകാധിപത്യത്തിലേക്കോ സ്വേച്ഛാധിപത്യ ഭരണത്തിലേക്കോ വഴുതിവീണു. എന്നാൽ, വലിയ വെല്ലുവിളികൾക്കിടയിലും ഇന്ത്യ പാർലമെന്ററി ജനാധിപത്യം നിലനിർത്തി. അത് യാദൃച്ഛികമായി സംഭവിച്ചതല്ല. ഭരണഘടനാ ദർശനത്തിന്റെയും രാജ്യത്തിന്റെ സ്ഥാപക നേതാക്കളുടെ ജനാധിപത്യ പ്രതിബദ്ധതയുടെയും ഫലമായിരുന്നു അത്.
കോൺഗ്രസ് അനുഭാവികൾക്കുവേണ്ടി മാത്രമായിരുന്നില്ല നെഹ്റു സ്ഥാപനങ്ങൾ പടുത്തുയർത്തിയത്. ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടിയായിരുന്നു. വിദേശരാജ്യങ്ങളിൽ വിജയകരമായ ഔദ്യോഗിക ജീവിതം കെട്ടിപ്പടുത്ത ഞങ്ങളടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാർ അദ്ദേഹത്തിന്റെ ദർശനത്തിന്റെ ഗുണഫലങ്ങൾ നേരിട്ടോ അല്ലാതെയോ അനുഭവിച്ചിട്ടുണ്ട്.
നെഹ്റുവിന്റെ 137-ാം ജന്മവാർഷികം ആചരിക്കുമ്പോൾ, അദ്ദേഹം സ്വീകരിച്ച എല്ലാ നയങ്ങളോടും നമുക്ക് യോജിപ്പുണ്ടോ എന്നതല്ല പ്രധാന ചോദ്യം. ചരിത്രത്തിലെ ഒരു നേതാവും വിമർശനത്തിന് അതീതനല്ല. ഏറ്റവും ജനപ്രീതിയുള്ള നേതാവുപോലും ജനങ്ങളോട് ഉത്തരവാദിത്തമുള്ളവനായിരിക്കണമെന്ന് നെഹ്റു സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു. പ്രധാനമന്ത്രിമാർ വരികയും പോകുകയും ചെയ്യും. രാഷ്ട്രീയ പാർട്ടികൾ വാഴുകയും വീഴുകയും ചെയ്യും. എന്നാൽ ജനങ്ങളുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അവർ എന്തു സംഭാവന നൽകി എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ചരിത്രം ആത്യന്തികമായി അവരെ വിലയിരുത്തുക.
പേരുകൾ മാറ്റിയതുകൊണ്ടോ, പാഠപുസ്തകങ്ങൾ തിരുത്തിയെഴുതുന്നതുകൊണ്ടോ, രാഷ്ട്രീയ പ്രചാരണങ്ങൾ നടത്തുന്നതുകൊണ്ടോ നെഹ്റുവിന്റെ ചരിത്രത്തിലെ സ്ഥാനം മായ്ച്ചുകളയാനാവില്ല. അദ്ദേഹം വളർത്തിയെടുത്ത സ്ഥാപനങ്ങളിലും രാജ്യത്തിന്റെ ശാസ്ത്ര-സാങ്കേതിക നേട്ടങ്ങളിലും ഏറ്റവും പ്രധാനമായി കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജനാധിപത്യ സ്വപ്നങ്ങളിലുമാണ് അദ്ദേഹത്തിന്റെ പൈതൃകം ജീവിക്കുന്നത്.
ഇന്ന് ഇന്ത്യയ്ക്ക് എന്നത്തേക്കാളും ഉപരിയായി നെഹ്റുവിന്റെ ആദർശങ്ങൾ അനിവാര്യമാണ്. ഭൂതകാലത്തിലെ മഹാനായ ഒരു നേതാവിനെ ഓർക്കാൻ മാത്രമല്ല, വർത്തമാനകാലത്തെ സ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കാനും വരുംതലമുറകളുടെ ഭാവി സുരക്ഷിതമാക്കാനും വേണ്ടിയാണത്.
ജവഹർലാൽ നെഹ്റുവിന്റെ 137-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും ഉചിതമായ ആദരാഞ്ജലി അതായിരിക്കും.
(ഐക്യരാഷ്ട്രസഭയുടെ മുൻ ചീഫ് ടെക്നോളജി ഓഫീസറും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, യു.എസ്.എയുടെ വൈസ് ചെയർമാനുമാണ് ലേഖകൻ)