
പുറത്ത് മഴ തകർത്തുപെയ്യുകയാണ്. ഇടയ്ക്കിടെ വീശിയടിക്കുന്ന ശക്തമായ കാറ്റിൽ വീടിന്റെ ജനാലകൾ ഭയപ്പെടുത്തുന്ന ശബ്ദത്തോടെ വിറയ്ക്കുന്നു. വിജനമായ ആ ഗ്രാമത്തിലെ പഴയ തറവാട്ടിൽ അന്ന് രാത്രി അനിൽ തനിച്ചായിരുന്നു. അന്ന് വെള്ളിയാഴ്ച. അതും പതിമൂന്നാം തീയതി!
സമയം രാത്രി പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു. പതിമൂന്നാം തീയതിയും വെള്ളിയാഴ്ചയും ഒരുമിച്ചുവരുന്ന ദിവസം അശുഭകരമാണെന്നൊരു പഴമക്കാരുടെ വിശ്വാസം നാട്ടിൽ നിലനിന്നിരുന്നു. അത്തരം രാത്രികളിൽ ദുരാത്മാക്കൾ അലഞ്ഞുനടക്കുമെന്നും, മനുഷ്യർക്ക് അദൃശ്യമായ പല ഭയാനക ശക്തികളും ഉണർന്നെണീക്കുമെന്നും ചിലർ വിശ്വസിച്ചിരുന്നു.
അന്ന് വീട്ടിൽ മറ്റാരുമില്ല. അച്ഛനും അമ്മയും ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയിരിക്കുകയാണ്. അവർ തിരിച്ചെത്താൻ നേരം പുലരും. അനിൽ ടിവിയിൽ സിനിമ കണ്ടുകൊണ്ട് കട്ടിലിൽ ചാരിക്കിടക്കുകയായിരുന്നു. പെട്ടെന്നാണ് താഴത്തെ നിലയിൽനിന്ന് ആരോ വിളിക്കുന്നതുപോലൊരു ശബ്ദം കേട്ടത്. അവൻ ടിവിയുടെ ശബ്ദം കുറച്ചു. എങ്ങും നിശ്ശബ്ദത! അൽപ്പസമയത്തിനുശേഷം വീണ്ടും ആ ശബ്ദം.
ആരോ വീടിന്റെ വാതിലിൽ മുട്ടുന്നതുപോലെ! അനിൽ മൊബൈലിൽ സമയം നോക്കി. 12:37.
"ഈ പാതിരാത്രിയിൽ ആരായിരിക്കും?"അവൻ പതുക്കെ എഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് നോക്കി. എങ്ങും കൂരിരുട്ട്. മഴയും കാറ്റും മാത്രം. ദൂരെ എവിടെയോ ഒരു നായ്ക്കളുടെ നീണ്ട ഓരിയിടൽ കേൾക്കാം.
പെട്ടെന്ന് വീണ്ടും വാതിലിൽ മുട്ടുന്ന ശബ്ദം. ഇത്തവണ ശബ്ദം കൂടുതൽ ശക്തമായിരുന്നു.
അവന്റെ ഹൃദയം അതിവേഗം മിടിക്കാൻ തുടങ്ങി. കൈകാലുകൾ തണുത്തുറഞ്ഞു. ശരീരമാകെ വിയർപ്പിൽ കുളിച്ചു. എല്ലാ ധൈര്യവും സംഭരിച്ച് അവൻ ഉറക്കെ ചോദിച്ചു. "ആരാ?" മറുപടിയില്ല.
കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം വാതിലിനപ്പുറത്തുനിന്ന് ഒരു സ്ത്രീയുടെ നേർത്ത ശബ്ദം.
"മോനേ... വാതിൽ തുറക്കൂ..." അനിലിന്റെ ശരീരം വിറച്ചു. അത് തന്റെ അമ്മയുടെ ശബ്ദമായിരുന്നു!
"അമ്മേ... നിങ്ങളെന്താ ഇത്ര നേരത്തെ വന്നത്?" മറുപടി വന്നില്ല പകരം "മോനേ... വേഗം വാതിൽ തുറക്ക്... എനിക്ക് നല്ല തണുക്കുന്നു നല്ല മഴയുമുണ്ട്..."
അവൻ പതുക്കെ വാതിലിനടുത്തേക്ക് നടന്നു. വാതിൽ തുറക്കാൻ കൈ നീട്ടിയതും പെട്ടെന്ന് അച്ഛൻ ഒരിക്കൽ പറഞ്ഞ കാര്യം ഓർമ്മ വന്നു. ഈ വീട്ടിൽ രാത്രിയിൽ ആരെങ്കിലും വിളിച്ചാൽ, അത് എത്ര പരിചയമുള്ള ശബ്ദമാണെങ്കിലും വാതിൽ തുറക്കരുത്! പണ്ട് പലപ്പോഴും പല ദുരനുഭവങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്.
അവൻ ഭയത്തോടെ പിന്നോട്ട് മാറി. വീണ്ടും അതേ ശബ്ദം. അനിൽ ... ഞാൻ നിന്റെ അമ്മയാണ് മോനേ... വാതിൽ തുറക്ക്..." എന്നാൽ ഇത്തവണ ആ ശബ്ദം വാതിലിന് പുറത്തുനിന്നല്ല വന്നത്. അവന്റെ മുറിക്കുള്ളിൽനിന്നായിരുന്നു! അവന്റെ ശ്വാസം നിലച്ചതുപോലെ തോന്നി. അവൻ ഓടി അവന്റെ മുറിയിൽ എത്തി.
പെട്ടെന്ന് മുറിയിലെ ലൈറ്റ് അണഞ്ഞു. പുറത്ത് കോരിച്ചൊരിയുന്ന മഴയും ഇടിമിന്നലും. ഇടയ്ക്കിടെ മിന്നൽവെളിച്ചം മുറിക്കുള്ളിലേക്ക് കടന്നുവരുന്നുണ്ട്. ആ വെളിച്ചത്തിലാണ് അവൻ കണ്ണാടിയിൽ എന്തോ കണ്ടത്.
കണ്ണാടിയിൽ തന്റെ പിന്നിലായി ഒരു സ്ത്രീ നിൽക്കുന്നു! നനഞ്ഞ മുടി മുഖത്തേക്ക് വീണുകിടക്കുന്നു. മനോഹരമായ വെളുത്ത സാരി. നിലത്തുതൊടാതെ വായുവിൽ ഉയർന്നുനിൽക്കുന്ന കാലുകൾ. അസാധാരണമായ സൗന്ദര്യമുള്ള ഒരു സ്ത്രീരൂപം. അനിൽ ഞെട്ടിത്തിരിഞ്ഞുനോക്കി. അപ്പോൾ അവിടെ ആരുമില്ല!
അവൻ വീണ്ടും കണ്ണാടിയിലേക്ക് നോക്കി.ഇത്തവണ ആ രൂപം അവന്റെ തൊട്ടുപിന്നിൽത്തന്നെയുണ്ട്!
അവൾ പതുക്കെ മുഖമുയർത്തി. ഒരു നിമിഷം അവളുടെ മുഖത്ത് മനോഹരമായ പുഞ്ചിരി തെളിഞ്ഞു. അടുത്ത നിമിഷം ആ മുഖം വികൃതമാകാൻ തുടങ്ങി. മനോഹരമായ മുഖം ക്രമേണ വിരൂപമായി. ചുണ്ടുകൾ വലിഞ്ഞു മുറുകി. വായിൽനിന്ന് പുറത്തേക്ക് തള്ളിനിൽക്കുന്ന മൂർച്ചയേറിയ കൂർത്ത പല്ലുകൾ! കണ്ണുകളുണ്ടായിരുന്നിടത്ത് രണ്ടു ചുമന്ന കുഴികൾ!
അവൾ വായ തുറന്ന് ഭീകരമായി ചിരിച്ചു. "എന്നെ തിരിച്ചറിഞ്ഞില്ലേ മോനേ?" അനിൽ സർവശക്തിയുമെടുത്ത് അലറിവിളിച്ചു. അപ്പോഴേക്കും താഴെ വീടിന്റെ പ്രധാന വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. "ആനിലെ ... മോനേ... നീ ഉറങ്ങിയോ?" അത് അച്ഛന്റെ ശബ്ദമായിരുന്നു!
അവൻ ഓടിച്ചെന്ന് മുറിയുടെ വാതിൽ തുറന്നു. അച്ഛനും അമ്മയും താഴെ നിൽക്കുന്നു. അവൻ കരഞ്ഞുകൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു. "അമ്മേ... എന്റെ മുറിയിൽ ഒരാളുണ്ടായിരുന്നു! ഭയങ്കര രൂപം! എന്നെ കൊല്ലാൻ വരുന്നതുപോലെ തോന്നി!"
അമ്മയുടെ മുഖം പെട്ടെന്ന് വിളറി."മോനേ... നീ എന്താണ് പറയുന്നത്? ഞങ്ങൾ ഇപ്പോഴല്ലേ വന്നത്?"
അച്ഛൻ ഗൗരവത്തോടെ ചോദിച്ചു. "നീ ആരുടെ ശബ്ദമാണ് കേട്ടത്?" "അമ്മയുടെ ശബ്ദം... അമ്മ തന്നെയാണ് എന്നെ വിളിച്ചത്!" അമ്മയുടെ മുഖത്ത് ഭയം പടർന്നു.
അച്ഛൻ ഒന്നും മിണ്ടാതെ അവനെ താഴത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ചുമരിൽ തൂക്കിയിട്ടിരുന്ന ഒരു പഴയ ഫോട്ടോ കാണിച്ചുകൊടുത്തു.അത് മുപ്പത് വർഷങ്ങൾക്കുമുമ്പ് ആത്മഹത്യ ചെയ്ത അനിലിന്റെ മുത്തശ്ശിയുടെ ചിത്രമായിരുന്നു. അനിൽ ചിത്രത്തിലേക്ക് സൂക്ഷിച്ചുനോക്കി.
അവൻ ഞെട്ടിപ്പോയി! അതേ മുഖം! അതേ നനഞ്ഞ മുടി! അതേ വെളുത്ത സാരി! അവൻ വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു."അച്ഛാ... മുത്തശ്ശി എങ്ങനെയാണ് മരിച്ചത്?"
അച്ഛൻ ദീർഘമായി നിശ്വസിച്ചു. "ഈ വീട്ടിലെ നിന്റെ മുറിയിലാണ് മുത്തശ്ശി ആത്മഹത്യ ചെയ്തത്. ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്നത് നിന്നെയായിരുന്നു. നീ ജനിക്കുന്നതിനു മുമ്പുതന്നെ പുതിയ കൊച്ചുമകനെക്കുറിച്ച് അവർ വാതോരാതെ സംസാരിക്കുമായിരുന്നു. പക്ഷേ, നീ ജനിക്കുന്നതിനു മുമ്പു തന്നെ അവർ ഈ ലോകത്തുനിന്ന് പോയി. മരിക്കുന്നതിനു മുമ്പ് അവർ പറഞ്ഞ അവസാന വാക്കുകൾ ഇന്നും എന്റെ ഓർമ്മയിലുണ്ട്."
"എന്തായിരുന്നു അച്ഛാ അത്?" "എന്റെ കൊച്ചുമോനെ ഒരിക്കലെങ്കിലും കാണണം... അവനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്..."അച്ഛൻ അത്രയും പറഞ്ഞുതീർന്നതും മുകളിലെ മുറിയിൽനിന്ന് വീണ്ടും ഒരു ശബ്ദം കേട്ടു.
മൂന്നുപേരും ഒരേസമയം മുകളിലേക്ക് നോക്കി.അതിനുശേഷം വ്യക്തമായി ഒരു സ്ത്രീയുടെ ശബ്ദം.
"മോനേ... നീ താഴേക്ക് പോയോ?" അച്ഛന്റെ കൈ അനിലിന്റെ തോളിൽ മുറുകി. വീണ്ടും ആ ശബ്ദം.
"മോനേ... വാതിൽ തുറക്കൂ... ഞാൻ നിന്റെ അമ്മയാണ്..." അനിൽ പതുക്കെ അമ്മയുടെ മുഖത്തേക്ക് നോക്കി. അമ്മ അവന്റെ അരികിൽത്തന്നെയുണ്ട്. അവരുടെ ചുണ്ടുകൾ അനങ്ങുന്നില്ല! എന്നിട്ടും മുകളിലെ മുറിയിൽനിന്ന് അമ്മയുടെ ശബ്ദം വീണ്ടും കേൾക്കുന്നു.
അനിൽ ... പേടിക്കേണ്ട മോനേ... അമ്മ മുകളിലുണ്ട്..." അവന്റെ തല കറങ്ങുന്നതുപോലെ തോന്നി.
പെട്ടെന്നാണ് അവന് ഒരു കാര്യം ഓർമ്മ വന്നത്. ഇന്ന് വെള്ളിയാഴ്ച! അതും പതിമൂന്നാം തീയതി!
അവന്റെ ഭയം ഇരട്ടിയായി. തന്റെ മുന്നിൽ നിൽക്കുന്നത് യഥാർത്ഥ മാതാപിതാക്കളാണോ? അതോ മാതാപിതാക്കളുടെ രൂപത്തിൽ എത്തിയ ഏതെങ്കിലും ദുരാത്മാക്കളാണോ?
അവൻ അച്ഛന്റെ കൈ തട്ടിമാറ്റി പിന്നോട്ട് നീങ്ങി. "നിങ്ങൾ ആരാണ്? എന്റെ അച്ഛനും അമ്മയും എവിടെ?"
അച്ഛൻ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. "മോനേ... എന്താ ഇത്? ഞങ്ങൾ തന്നെയാണ്..."
അപ്പോഴാണ് അച്ഛന്റെ പിന്നിൽനിന്ന് മറ്റൊരു ശബ്ദം കേട്ടത്. "അല്ല മോനേ... അവർ നിന്റെ അച്ഛനും അമ്മയുമല്ല..." അനിൽ തിരിഞ്ഞുനോക്കി.
മുകളിലെ പടിക്കെട്ടിന്റെ അവസാനത്തെ പടിയിൽ അതേ വെളുത്ത സാരിയുടുത്ത സ്ത്രീ നിൽക്കുന്നു!
അവൾ പതുക്കെ കൈ നീട്ടി വിളിച്ചു."മോനേ... മുത്തശ്ശിയുടെ അടുത്തേക്ക് വാ..."
അടുത്ത നിമിഷം അവളുടെ മുഖം വീണ്ടും വികൃതമായി. അവളുടെ വായിൽനിന്ന് ഒരു ഭീകരമായ ചിരി പുറത്തുവന്നു. "ഇന്ന് നിന്നെ ഞാൻ കൊണ്ടുപോകും..."
അനിലിന്റെ കണ്ണുകൾ നിഛലമായി . വായിൽനിന്ന് ശബ്ദം പുറത്തുവന്നില്ല. അവന്റെ കാലുകൾ തളർന്നു. ഒടുവിൽ ഒരു നിലവിളിയോടെ അവൻ ബോധരഹിതനായി നിലത്തുവീണു.
കണ്ണുതുറന്നപ്പോൾ അനിൽ ആശുപത്രിയിലെ കിടക്കയിലായിരുന്നു. അരികിൽ അച്ഛനും അമ്മയും ഇരിക്കുന്നുണ്ടായിരുന്നു. "മോനേ... ഇപ്പോൾ എങ്ങനെയുണ്ട്?" അമ്മ സ്നേഹത്തോടെ ചോദിച്ചു.
"മോനേ, നീ പേടിക്കേണ്ട. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ അമ്മയും ഞാനും വീട്ടിലെത്തിയപ്പോൾ നീ മുറിയിൽ ബോധരഹിതനായി കിടക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചതാണ്. ഡോക്ടർ പറഞ്ഞത് കടുത്ത ഭയം മൂലമുള്ള ബോധക്ഷയമാണെന്നാണ്."അനിൽ ഒന്നും മിണ്ടിയില്ല.
(താൻ കണ്ടത് ഒരു സ്വപ്നമായിരുന്നോ, അതോ വെറും തോന്നൽ മാത്രമായിരുന്നോ എന്ന് അനിലിന് തിരിച്ചറിയാനായില്ല.)