Image

നിഴൽക്കാഴ്ചകൾ (ലേഖനം: രാജേഷ് എ.ആർ)

Published on 13 November, 2026
നിഴൽക്കാഴ്ചകൾ (ലേഖനം: രാജേഷ് എ.ആർ)

2026 ഏപ്രിൽ മാസം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം. എനിക്ക് ഡ്യൂട്ടി ലഭിച്ചിരുന്നത് തിരുവനന്തപുരത്തെ കോവളം നിയോജക മണ്ഡലത്തിൽ ആയിരുന്നു. തിരഞ്ഞെടുപ്പ് തിരക്കുകളിൽ നിന്ന് മോചിതനായി, നെയ്യാറ്റിൻകരയിലെ കളക്ഷൻ സെന്ററിൽ സാമഗ്രികൾ തിരിച്ചേൽപ്പിക്കുമ്പോൾ രാത്രി ഒൻപതരയോടടുത്തിരുന്നു. ജനാധിപത്യത്തിന്റെ വലിയൊരുത്സവം കഴിഞ്ഞതോടെ തെരുവുകളെല്ലാം പെട്ടെന്ന് നിശ്ചലമായി കഴിഞ്ഞിരുന്നു. ജനങ്ങൾ അവരുടെ ഉത്തരവാദിത്വം നിർവഹിച്ചുകഴിഞ്ഞു; വിധി ആർക്കനുകൂലമെന്നറിയാൻ പിന്നെയും ദിവസങ്ങൾ കാത്തിരിക്കണം.

ഉദ്യോഗസ്ഥരെ തിരികെയെത്തിച്ച് തമ്പാനൂരിലേക്ക് മടങ്ങുന്ന ഒരു സ്കൂൾ ബസ്സിൽ ഞാനും കയറിപ്പറ്റി. തമ്പാനൂരിലിറങ്ങി കൊല്ലത്തേക്കുള്ള ബസ് പിടിക്കണം; മനസ്സിൽ അത്രമാത്രം. പോളിംഗ് ഡ്യൂട്ടിയുടെ ക്ഷീണത്തെക്കാൾ, വയറ്റിൽ കത്തുന്ന വിശപ്പായിരുന്നു അപ്പോൾ എന്നെ അലട്ടിയത്.
തമ്പാനൂരിൽ ഇറങ്ങി, ബസ് സ്റ്റാൻഡിനടുത്തുള്ള ആര്യാസ് വെജിറ്റേറിയൻ ഹോട്ടലിൽ കയറി ഒരു മസാലദോശ കഴിച്ചു. പുറത്തിറങ്ങുമ്പോൾ നഗരം ഉറക്കത്തിന്റെ ആദ്യ ആലസ്യത്തിലേക്ക് വീണുതുടങ്ങിയിരുന്നു. പത്തുമണി കഴിഞ്ഞതോടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ സർവീസുകൾ ഏതാണ്ട് നിലച്ചു. ദൂരയാത്രക്കാർ 'മിന്നൽ' ബസ്സുകൾക്കായി ആകുലതയോടെ കാത്തുനിൽക്കുന്നു. മുൻകൂട്ടി ബുക്ക് ചെയ്തവർക്കു മാത്രം പ്രവേശനമുള്ള ആ ബസ്സുകൾക്കു മുന്നിൽ സാധാരണക്കാരുടെ വലിയൊരു ജനക്കൂട്ടം ബഹളം വെക്കുന്നുണ്ടായിരുന്നു. ഒടുവിൽ പ്രതിഷേധത്തിനു വഴങ്ങി ഒരു ബസ് കൊല്ലം–ആലപ്പുഴ റൂട്ടിലേക്ക് ഓടാൻ തയ്യാറായെങ്കിലും ഞൊടിയിടയിൽ അത് നിറഞ്ഞുകവിഞ്ഞു. ഒരിഞ്ച് സ്ഥലം പോലും ബാക്കിയില്ല.

ആ നിമിഷം ഞാൻ ചിന്തിച്ചത് ജനാധിപത്യത്തിന്റെ കാവലാളുകളെക്കുറിച്ചാണ്. ഉദ്യോഗസ്ഥർക്കു മാത്രം ഭരണം വിട്ടുകൊടുത്താലുണ്ടാകുന്ന സ്തംഭനത്തിന്റെ ഒരു ചെറിയ ഉദാഹരണമായിരുന്നു അത്. ഉത്തരവാദിത്വമുള്ള ഒരു മന്ത്രിയോ രാഷ്ട്രീയ നേതാവോ ഉണ്ടായിരുന്നെങ്കിൽ ഇടപെടൽ കുറേക്കൂടി വേഗത്തിലാകുമായിരുന്നു. കാവൽ മന്ത്രിസഭയുടെ പരിമിതി തിരിച്ചറിഞ്ഞ ആ നിമിഷം, രാഷ്ട്രീയക്കാർ സക്രിയമായി പ്രവർത്തിക്കുന്ന ഒരു ഭരണവ്യവസ്ഥ വിഭാവനം ചെയ്ത ഭരണഘടനാ ശിൽപികളോട് ഉള്ളിൽ ബഹുമാനം തോന്നി.
ബസ് ഇനി പ്രതീക്ഷിക്കേണ്ടെന്നുറപ്പായപ്പോൾ ഞാൻ റെയിൽവേ ആപ്പ് പരിശോധിച്ചു. രാത്രി 12.30-ന് ഒരു ചെന്നൈ എഗ്മൂർ–ഗുരുവായൂർ എക്സ്പ്രസ്സുണ്ട്. സമയം പത്തരയേ ആയുള്ളൂ; രണ്ടുമണിക്കൂർ ബാക്കി.
തമ്പാനൂരിലെ ആൾക്കൂട്ടത്തിനിടയിൽ ആ സമയം കളയാൻ മനസ്സനുവദിച്ചില്ല. കാരണം, ഈ മണ്ണിലെ ഓരോ ചതുരശ്ര ഇഞ്ചും അവളുടേതു കൂടിയാണ്. വർഷങ്ങൾക്കുശേഷം അവളെ വീണ്ടും കണ്ടതും, ഒടുവിൽ യാത്രയാക്കിയതും ഇവിടെവെച്ചാണ്. ആൾക്കൂട്ടത്തിൽ അവൾ കൈവീശുന്നതായും, പുറപ്പെടാനൊരുങ്ങുന്ന ബസ്സിലിരുന്ന് എന്നെ വിളിക്കുന്നതായും ഇന്നും തോന്നിപ്പോകും. ഒരിക്കൽ അവളുടെ സാന്നിധ്യം തോന്നി, കാട്ടാക്കട ഫാസ്റ്റ് പാസഞ്ചറിൽ ഓടിക്കയറിയത് ഇപ്പോഴും ഒരു കനൽപോലെ ഓർമ്മയിലുണ്ട്. ടിക്കറ്റെടുക്കുമ്പോഴാണ് അതെല്ലാം വെറും തോന്നൽ ആണെന്ന് ഞാൻ തിരിച്ചറിഞ്ഞത്.

അത്തരം എല്ലാ ഓർമ്മകളുടെ ശ്വാസംമുട്ടലിൽ നിന്നു രക്ഷപ്പെടാൻ  അവിടെ നിന്നും ഇറങ്ങി നടക്കാൻ ഞാൻ തീരുമാനിച്ചു. തമ്പാനൂർ ഓവർബ്രിഡ്ജ് കടന്ന്, ആസാദ് ബേക്കറിക്കു മുന്നിലൂടെ കിഴക്കേകോട്ട ലക്ഷ്യമാക്കി നടന്നു. ഡിപ്ലോമ പഠനകാലത്ത് പഴവങ്ങാടിയിലെ ശാരദ ബുക്ക് സ്റ്റാളിൽ ഗൈഡുകൾ വാങ്ങാൻ നടന്ന അതേ വഴി. മറ്റൊരർത്ഥത്തിൽ ഇതൊരു സമരവീഥി കൂടിയാണ്; പുത്തരിക്കണ്ടം മൈതാനത്ത് അവസാനിക്കുന്ന എത്രയോ ജാഥകൾ ഇതുവഴി കടന്നുപോയിരിക്കുന്നു. മൈതാനത്തിനു മുന്നിലെത്തിയപ്പോൾ പഴയൊരു ജാഥക്കാരന്റെ ആവേശം ഉള്ളിൽ നിറഞ്ഞു. പണ്ട് അവിടെനിന്നു കേട്ട സീതാറാം യെച്ചൂരിയുടെ പ്രസംഗം കാതിൽ വീണ്ടും മുഴങ്ങി. ഇന്ത്യയെ ഒരു പൂന്തോട്ടത്തോടാണ് അദ്ദേഹം ഉപമിച്ചത്: പല നിറങ്ങളിലും ഗന്ധങ്ങളിലുമുള്ള പൂക്കൾ, ഒന്നും മറ്റൊന്നിനു മുകളിലല്ല. സ്വന്തം കുടുംബത്തിലെ വ്യത്യസ്ത പാരമ്പര്യങ്ങൾ ചൂണ്ടിക്കാട്ടി, അദ്ദേഹത്തിന്റെ അച്ഛൻ ബ്രാഹ്മണ കുടുംബത്തിൽ നിന്നുമുള്ള വ്യക്തിയാണ്, അദ്ദേഹം വിവാഹം കഴിച്ചതാവട്ടെ ഒരു സൂഫി വിശ്വാസിയായ സ്ത്രീയെയും,അതെല്ലാം ഓർമിപ്പിച്ചു കൊണ്ടു സദസ്സിനെ നോക്കി ഒരു ചോദ്യം അദ്ദേഹം ഉന്നയിച്ചു "അപ്പോൾ എന്റെ മകൻ ആരാണ്?". ഈ രാജ്യം എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന ഉത്തരം ആ ചോദ്യത്തിൽത്തന്നെ ഉണ്ടായിരുന്നു.

മതേതരത്വത്തിന്റെ സൗന്ദര്യം എത്ര ലളിതമായാണ് അദ്ദേഹം വിവരിച്ചത്! ആ വാക്കുകൾ ഒരിക്കൽക്കൂടി ഓർത്തപ്പോൾ ഉള്ളിൽ എന്തോ നന്മ നിറഞ്ഞതുപോലെ തോന്നി.
ആ ഓർമ്മയുടെ വെളിച്ചത്തിൽ ഞാൻ വീണ്ടും നടന്നു. കിഴക്കേകോട്ടയുടെ പടിവാതിലിലെത്തുമ്പോൾ സമയം 10.44. തെരുവിന്റെ കോണിൽ ചുരുണ്ടുകൂടി ഉറങ്ങുന്ന ഒരു വൃദ്ധയെ കണ്ടപ്പോൾ, ചിത്തിര തിരുനാൾ മഹാരാജാവിനെ പ്രണയിച്ച് ഭ്രാന്തിയായിപ്പോയെന്നു പറയപ്പെടുന്ന പഴയ ആ സ്ത്രീയുടെ കഥ ഓർമ്മവന്നു. പ്രണയം ചിലപ്പോൾ അങ്ങനെയാണ്: നമ്മെ നമ്മിൽനിന്നുതന്നെ വേർപെടുത്തി മറ്റൊരാളിൽ അർപ്പിക്കും. ലോകം അതിനെ 'ഭ്രാന്ത്' എന്നു വിളിച്ച് പരിഹസിക്കും. ആർക്കും മനസ്സിലാക്കാനാകാത്തവിധം തീവ്രമായ പ്രണയങ്ങളെക്കുറിച്ചും, ഇടപ്പള്ളിയെക്കുറിച്ചും, ആ ഓർമ്മകൾ ഇരമ്പുന്ന ചങ്ങമ്പുഴയുടെ വരികളെക്കുറിച്ചും ഞാൻ ഓർത്തു.

നിശ്ശബ്ദത തളംകെട്ടിനിൽക്കുന്ന ആ രാജവീഥിയിലൂടെ നടക്കുമ്പോൾ, അനന്തശയനനായ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം ദൂരെനിന്നേ തെളിഞ്ഞു. രാത്രിയുടെ നിഴൽ വീണ ആ ഗോപുരത്തിന് എന്തൊരു ഗാംഭീര്യം! കോടിക്കണക്കിന് രഹസ്യങ്ങൾ ഉള്ളിലൊളിപ്പിച്ച്, ചരിത്രത്തിന്റെ എത്രയോ യുഗപ്പകർച്ചകൾക്കു സാക്ഷിയായി നിൽക്കുന്ന ആ മണ്ണിൽ, മനു എസ്. പിള്ളയുടെ തിരുവിതാംകൂർ ചരിത്രപുസ്തകങ്ങളുടെ താളുകൾ ഒന്നൊന്നായി മറിയുകയായിരുന്നു. മാർത്താണ്ഡവർമ്മയും സ്വാതിതിരുന്നാളും ആ രാത്രിവെളിച്ചത്തിൽ എനിക്കു മുന്നിലൂടെ കടന്നുപോകുന്നതുപോലെ. അധികാരത്തിന്റെയും സംഗീതസപര്യയുടെയും കനലുകൾ വീണ ആ വഴിയിലൂടെ ഞാൻ സാവധാനം തിരികെ നടന്നു.

പഴവങ്ങാടി ഗണപതി ക്ഷേത്രവും കടന്ന് തിരികെ ആയുർവേദ കോളേജിനു മുന്നിലെത്തിയപ്പോൾ, റോഡരികിൽ പ്ലാസ്റ്റിക് പായ വിരിച്ചു മൂടിയ പുസ്തകക്കെട്ടുകൾ കണ്ടു. അർധരാത്രിയിലെ ആ വിജനതയിലും ആ പുസ്തകങ്ങൾ തികച്ചും സുരക്ഷിതമാണ്. കള്ളന്മാർക്ക് പുസ്തകം വേണ്ടല്ലോ! വായിക്കുന്ന കള്ളന് പിന്നെ മോഷ്ടിക്കാനാവില്ലെന്ന് ആരോ എഴുതിയത് എത്ര സത്യം. ആ കൂട്ടത്തിൽ, പ്ലാസ്റ്റിക്കിനിടയിലൂടെ എന്നെ നോക്കി നിഗൂഢമായി ചിരിച്ച ഒരു കൊച്ചുപുസ്തകം ഞാൻ കയ്യിലെടുത്തു: ഹുവാൻ റുൾഫോയുടെ 'പെഡ്രോ പാരാമോ'. മാർക്വേസിനെപ്പോലും വിസ്മയിപ്പിച്ച, 'ഏകാന്തതയുടെ നൂറുവർഷങ്ങൾ'ക്കു നിമിത്തമായ ആ നോവലിന്റെ പ്രശസ്തമായ ആദ്യവരി ഞാൻ മനസ്സിൽ വായിച്ചു: "എന്റെ അച്ഛൻ ഇവിടെയാണ് താമസിക്കുന്നതെന്നു കേട്ടതുകൊണ്ടാണ് ഞാൻ കോമാലയിലേക്കു വന്നത്."

അച്ഛനെത്തേടി, തകർന്നു വിജനമായ കോമാല എന്ന ഭൂതനഗരത്തിലേക്കെത്തുന്ന മകൻ; അവിടെ അവനെ സ്വീകരിക്കുന്ന മരിച്ചവരുടെ ആത്മാക്കൾ; ഒടുവിൽ, താൻ സംസാരിച്ചിരുന്നത് ജീവനുള്ളവരോടാണെന്നു കരുതിയ ആ മകനും വെറുമൊരാത്മാവു മാത്രമാണെന്ന തിരിച്ചറിവ്! മാർക്വേസിനും മുൻപേ മാജിക്കൽ റിയലിസത്തിന്റെ വാതിൽ തുറന്നത് റുൾഫോയാണെന്ന് ഓർമ്മിപ്പിക്കുന്ന, മരിച്ചവരുടെ ശബ്ദവും വിലാപവും മാത്രമായൊരു നോവൽ. ഞാൻ ആ പുസ്തകം തിരികെ വെച്ചു.

വീണ്ടും നടത്തം. ശാന്ത പെയിന്റ് ഷോപ്പും മാതൃഭൂമി ബുക്സും രാത്രിയുടെ മങ്ങിയ വെളിച്ചത്തിൽ നിശ്ചലദൃശ്യങ്ങൾപോലെ തോന്നിച്ചു. പള്ളിമുക്കു കടന്ന് സെക്രട്ടേറിയറ്റിനു മുന്നിലെത്തിയപ്പോൾ മാധവറാവുവിന്റെ പ്രതിമയും സെക്രട്ടേറിയറ്റ് മന്ദിരവും എന്നെ വീണ്ടും തിരുവിതാംകൂർ ചരിത്രത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. ഇത്തവണ പക്ഷേ, മനു എസ്. പിള്ളയുടെയോ എം.ജി. ശശിഭൂഷൺ സാറിന്റെയോ വാക്കുകളല്ല ഓർമ്മയിൽ വന്നത്; മലയാളത്തിലെ ആദ്യകാല ചരിത്രനോവലിസ്റ്റായ സി.വി. രാമൻപിള്ളയാണ്. സി.വിയുടെ തീച്ചൂളയിൽ ഉരുക്കിയെടുത്ത എത്രയെത്ര കഥാപാത്രങ്ങൾ: ഹരിപഞ്ചാനൻ, ദിവാൻ കേശവപിള്ള, പത്മനാഭൻ തമ്പി, പാറുക്കുട്ടി… അങ്ങനെ നീളുന്നു നിര.

എന്നാൽ അക്കൂട്ടത്തിൽ ഇന്നും ജനമനസ്സിൽ ഏറ്റവും ശക്തമായി നിൽക്കുന്നതാരാണ്? എന്റെ ചിന്ത ചെന്നെത്തിയത് 'മാർത്താണ്ഡവർമ്മ'യിലെ സുഭദ്രയിലാണ്. അധികാരവടംവലികളുടെ കഥ പറയാൻ സി.വി. നിരവധി പുരുഷകഥാപാത്രങ്ങളെ സൃഷ്ടിച്ചെങ്കിലും, അവരിൽനിന്നെല്ലാം വേറിട്ടുനിന്നത് സുഭദ്രയായിരുന്നു. പ്രണയവും പ്രതികാരവും വാത്സല്യവും ചതിയും ഒരുപോലെ അലതല്ലിയ വികാരങ്ങളുടെ ഒരു മഹാസമുദ്രം. സി.വിയുടെ പേനയിൽനിന്നു വീണ ചോരയും കണ്ണീരുമായിരുന്നു അവൾ.

സമയം ഒട്ടും ബാക്കിയില്ലായിരുന്നു. ഞാൻ നടത്തത്തിന്റെ വേഗം കൂട്ടി. പാളയത്തുനിന്ന് ബേക്കറി ജംഗ്ഷനിലേക്ക്, അവിടെനിന്ന് അരിസ്റ്റോ ജംഗ്ഷൻ വഴി തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തുമ്പോൾ സമയം കൃത്യം 12.30. ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് അടുത്തുകഴിഞ്ഞിരുന്നു.

പെട്ടെന്നാണ് ഞാൻ അവളെ കണ്ടത്. ഇത്രയും നേരം കൂടെയില്ലാതിരുന്നതിന്റെ പരിഭവവുമായി അവൾ ഒരു സിമന്റ് തൂണും ചാരി നിൽക്കുന്നു. എന്നെ കണ്ടതും മുഖത്തെ കറുപ്പ് മാറി. തിരക്കിനിടയിലൂടെ അവൾ വാച്ച് ഉയർത്തിക്കാണിച്ച്, "താമസിച്ചല്ലോ" എന്ന മട്ടിൽ കണ്ണുകൾ കൂർപ്പിച്ചു. ഞാൻ ചിരിച്ചുകൊണ്ട് അവൾക്കൊപ്പം അഞ്ചാം പ്ലാറ്റ്ഫോമിലേക്ക് ഓടി. അപ്പോഴേക്കും പുറപ്പെടാനുള്ള അവസാന വിസിൽ മുഴങ്ങിയിരുന്നു. കിതച്ചുകൊണ്ട് ജനറൽ കോച്ചിന്റെ പടിയിലേക്ക് ഞാൻ ഓടിക്കയറി.

അവൾക്കു കയറാനായി കൈ നീട്ടാൻ തിരിഞ്ഞുനോക്കിയതും ഉള്ളൊന്നു മരവിച്ചു. വാതിൽക്കൽ ആരുമില്ല! നീങ്ങിത്തുടങ്ങിയ ട്രെയിനിന്റെ വെളിച്ചത്തിൽ, പ്ലാറ്റ്ഫോമിലെ ഒഴിഞ്ഞ സിമന്റ് ബെഞ്ചുകൾ മാത്രം പിന്നിലേക്കു പായുന്നു. ഭയത്തോടെ, പരിഭ്രമത്തോടെ ഞാൻ ഫോണെടുത്ത് അവളുടെ നമ്പറിൽ വിളിച്ചു. ഒരു നേർത്ത ബീപ്പ് മാത്രം. വാട്സാപ്പിൽ അയച്ച സന്ദേശങ്ങൾക്കു നേരെ ഒറ്റ ടിക്ക് മാത്രം.

ട്രെയിൻ വേഗം കൂട്ടിയിരുന്നു. എന്നിൽനിന്ന് എന്നെന്നേക്കുമായി അകന്നുപോകുന്ന ആ പ്ലാറ്റ്ഫോമിലേക്കു നോക്കി, ഒരു ഭ്രാന്തനെപ്പോലെ ഞാൻ വാതിൽക്കൽത്തന്നെ നിന്നു. അവൾ അവിടെങ്ങുമില്ലായിരുന്നു. ഈ ക്രൂരമായ ലോകത്തിന്റെ കാഴ്ചകളിൽനിന്ന് അവൾ എന്നോ മറഞ്ഞുപോയിരിക്കുന്നു… ബാക്കിയായത് ഈ കനക്കുന്ന രാത്രിയും, തിരുവനന്തപുരത്തിന്റെ വഴികളും, നെഞ്ചു പിളർക്കുന്ന ഒടുങ്ങാത്ത കുറേ ഓർമ്മകളും മാത്രം.

Rajesh AR
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക