Image

അറിവിന്‍റെ വേദമരം (ലേഖനം:ജോണ്‍ വേറ്റം)

Published on 13 November, 2026
അറിവിന്‍റെ വേദമരം (ലേഖനം:ജോണ്‍ വേറ്റം)

ഒരു മരത്തിന്‍റെ വേരുകള്‍ ഭൂമിക്കടിയില്‍ ആഴങ്ങളില്‍ ആയിരുന്നാല്‍, മണ്ണ്‌ മാറ്റാതെ അതിന്‍റെ വേരുകളെ കാണാന്‍ കഴിയില്ല. പക്ഷേ, ആ വേരുകള്‍ ഇല്ലെങ്കില്‍ മരം ഇല്ല. ആ മരത്തിന് അനവധി ശാഖകളുണ്ട്. ചില ശാഖകളില്‍ മതം എന്ന പൂവ് വിരിയുന്നു. മറ്റൊരു ശാഖയില്‍ ശാസ്ത്രം എന്ന കായ് ഉണ്ടാകുന്നു. വേറൊരു ശാഖയില്‍ തത്ത്വചിന്ത എന്ന ഇല തളിര്‍ക്കുന്നു. ചില ശാഖകളില്‍ യുക്തിവാദം എന്ന കാറ്റ് വീശുന്നു. ശാഖകള്‍ തമ്മില്‍ മഴയത്തും വെയിലത്തും, ഞാനാണ് വലിയവന്‍ എന്ന് തര്‍ക്കിക്കുന്നു. എന്നാല്‍, അവര്‍ അറിയുന്നില്ല അവര്‍ എല്ലാവരും വന്നത് ഒരേ വേരില്‍ നിന്നാണെന്ന്.. ആ വേരിന്‍റെ പേരാണ് വേദം!  
  
വേദം മതമല്ല. വേദം അറിവാണ്. പാണ്ഡിത്യം അര്‍ത്ഥമാക്കുന്നത് അറിവ് എങ്ങനെ പ്രയോഗിക്കുന്നു എന്നതാണ്. ഒരു ജ്ഞാനിക്ക് അവന്‍റെ ജീവിതത്തി ന്‍റെ അര്‍ത്ഥവും ഉദ്ദേശ്യവും അറിയാം. എപ്പോള്‍ പ്രതികരിക്കണമെന്നും മിണ്ടാതിരിക്കണമെന്നും അറിയാം. ബൈബിള്‍ വേദമാണോ എന്ന സംശയം പരിഹരിക്കേണ്ടതാണ്. ബൈബിള്‍ ദൈവീകമായ അറിവാണ്. അതിനാല്‍ അത് വേദമാണ്. ക്രിസ്ത്യാനി അതിന് വേദപുസ്തകം എന്ന് പേരിട്ടത് മറ്റൊരു കാരണത്താലല്ല. ഏതാനും പതിപ്പുകള്‍ക്ക് ആത്മീയ അര്‍ത്ഥമുള്ള മറ്റ് പേരുകളും കൊടുത്തിട്ടുണ്ട്. ബൈബിളിന് ഇംഗ്ലീഷില്‍ മാത്രം നൂറുകണക്കിന് വിവര്‍ത്തനങ്ങളുണ്ട്. പ്രൊട്ടസ്റ്റ്ന്‍റെ് ബൈബിള്‍ 66  പുസ്‌തകങ്ങള്‍ ചേര്‍ന്നതാണ്. എന്നാല്‍, കത്തോലിക്കാ ബൈബിളില്‍ 73 പുസ്തകങ്ങള്‍ ഉണ്ട്. ഇതില്‍ ചേര്‍ത്തിട്ടുള്ള ഏഴ് പുസ്തകങ്ങള്‍ അപ്പോക്രിഫാ അഥവാ ഉപപുസ്തകങ്ങള്‍ എന്ന് അറിയപ്പെടുന്നു.   
   
ഹിന്ദുമതത്തില്‍ വേദം എന്ന് പറയുന്നത് ഋഗ്വേദം, യജുര്‍‌വേദം, സാമവേദം അഥര്‍വ്വവേദം എന്നിവയാണ്. ഉപനിഷത്തുകള്‍ വേദങ്ങളുടെ അന്ത്യഭാഗം ആണ്. അതുകൊണ്ട് ഉപനിഷത്തുകളെ വേദാന്തം എന്നും വിളിക്കുന്നുണ്ട്. ഋഷിമാര്‍ക്ക് അവരുടെ ധ്യാനത്തില്‍ കിട്ടിയ അറിവാണ് വേദം. 
ഭക്തിയുടെ കാഴ്ചപ്പാടില്‍, വേദം മനുഷ്യന്‍ ഉണ്ടാക്കിയതല്ല. പല ഋഷിമാര്‍ തലമുറകളായി കേട്ടും മനപാഠമാക്കിയും കൈമാറി വന്നതാണ്. കാറ്റും സൂര്യനും എന്ന പോലെ, വേദം എന്നും ഉണ്ടായിരുന്നു. ഋഷിമാര്‍ അത് കേട്ടു. അതുകൊണ്ട്, വേദത്തെ കേട്ടത്‌ എന്ന് അര്‍ത്ഥമുള്ള “ശ്രുതി” എന്നും വിളിക്കുന്നുണ്ട്. ചരിത്രത്തിന്‍റെ കാഴ്ചപ്പാടില്‍, വേദം പല കാലങ്ങളിലായി പല ഋഷിമാര്‍ എഴുതി ചേര്‍ത്തതാണ്. ഏകദേശം മൂവായിരത്തിഅഞ്ഞുറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ ആരംഭിച്ച് വായ്‌മൊഴിയായി കൈമാറി വന്നു. പ്രകൃതിയിലുള്ളതാണ് വെള്ളം. അത് കോരിയെടുത്ത് പാത്രത്തിലാക്കുന്നത് മനുഷ്യനാണ്. അതുപോലെ, വേദം, മനുഷ്യനില്‍ എത്തുന്നതിനു മുമ്പ് ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാം.    
ക്രിസ്തുമതത്തില്‍, വേദം എന്ന് പറയുന്നത് ബൈബിള്‍ തന്നെയാണ്. ഹിന്ദുമതത്തിന്‍റെയും ക്രിസ്തുമതത്തിന്‍റെയും വേദങ്ങള്‍ രണ്ടാണ്. പക്ഷേ, രണ്ടിന്‍റെയും ഉള്‍പ്പൊരുള്‍ ഒന്നു തന്നെയാണ്. ബൈബിള്‍ പറയുന്നു: നിങ്ങള്‍ മനുഷ്യരോട് അവരുടെ അതിക്രമങ്ങള്‍ ക്ഷമിച്ചാല്‍, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും ( മത്തായി 6 : 14 ).  യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയിലും ഈ വാക്യം ഉണ്ട്. ചില ഹിന്ദു ഗ്രന്ഥങ്ങളിലെ ആശയം പഠിപ്പിക്കുന്നത്‌: പരമധര്‍മ്മം ക്ഷമയാണ്. ക്ഷമിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥത്തില്‍ ധര്‍മ്മം അറിയുന്നവന്‍. ഉദാ: മനുസ്മൃതി, മഹാഭാരതം, ഭഗവദ്ഗീത.

വേദം സൃഷ്ടിയാണോ  അല്ലയോ എന്ന ചോദ്യം വെളിപ്പെട്ടിട്ടുണ്ട്. ബൈബിള്‍ ഒരര്‍ത്ഥത്തില്‍ ഒരു പുസ്തകമല്ല. 66  പുസ്തകങ്ങളുടെ ഒരു ഗ്രന്ഥശാലയാണ്. പഴയനിയമം 39  പുസ്തകങ്ങള്‍ ഹീബ്രു ഭാഷയിലും പുതിയനിയമം 27  പുസ്തകങ്ങള്‍ ഗ്രീക്ക് ഭാഷയിലും എഴുതി. നാല്‍പ്പതില്‍ അധികം ആളുകള്‍ 1500  വര്‍ഷം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. പല കാലങ്ങളില്‍, പല ദേശങ്ങളില്‍ പല ആളുകള്‍ എഴുതിയതെങ്കിലും ഒരു കഥയാണ്‌ ബൈബിള്‍ പറയുന്നത്. ദൈവം മനുഷ്യനെ സ്നേഹിക്കുന്ന കഥ. വേദം എല്ലാ    മതങ്ങള്‍ക്കും ഉണ്ട്. ഹിന്ദുമതം: നാല് വേദങ്ങള്‍. ക്രിസ്തുമതം: ബൈബിള്‍. യഹൂദ മതം: തോറ. ഇസ്ലാം മതം: ഖുര്‍ആന്‍. ബുദ്ധമതം: ബുദ്ധന്‍റെ  ഉപദേശങ്ങളുടെ സമാഹാരം അഥവാ “ത്രിപിടക.” ജൈനമതം; “ആഗമങ്ങള്‍,” സിഖ് മതം: “ഗുരു ഗ്രന്ഥ് സാഹിബ്.” എല്ലാ മതങ്ങളും, അവരുടെ മതം അറിവാണെന്നും അത് ദൈവദത്തമാണെന്നും വിശ്വസിക്കുന്നു. പരസ്പരം ക്ഷമിക്കാനും, സ്നേഹിക്കാനും, നന്മചെയ്യാനുമാണ് സകല മതങ്ങളും പഠിപ്പിക്കുന്നത്. എങ്കിലും, വേദം പഠിച്ചാല്‍ മാത്രം പോരാ, അതനുസരിച്ച് ജീവിക്കണം എന്നും നിര്‍ദ്ദേശിക്കുന്നു. പക്ഷേ, ശത്രുക്കളെ സ്നേഹിക്കാനും അവരോട് ക്ഷമിക്കാനും കഴിഞ്ഞില്ലെങ്കില്‍, ജ്ഞാനികളിലും നന്മയില്ലെന്ന് വ്യക്തമാകുന്നുണ്ട്. ഭാഷകള്‍ വ്യത്യസ്തമാണെങ്കിലും, ദൈവം പ്രാര്‍ത്ഥന കേള്‍ക്കുമെന്നും വിശ്വസിക്കുന്നു.    

പുരാതന കാലത്ത്, പല ആദിവാസി ഗോത്രങ്ങളിളും വേദഗ്രന്ഥങ്ങളും  വേദങ്ങളും ഇല്ലായിരുന്നു. മലയാളദേശത്ത് തന്നെയും ഗോത്രാചാരങ്ങള്‍ക്ക് ഗ്രന്ഥങ്ങള്‍ ഇല്ല. ആയതിനാല്‍, അവരുടെ വേദം വാമോഴിയിലാണ്. മറ്റ് ചിലര്‍ക്ക് വേദങ്ങള്‍ ഉണ്ടെങ്കിലും, പ്രാധാന്യം നല്‍കുന്നത് മനുഷ്യന്‍റെ അനുഭവങ്ങള്‍ക്കാണ്. എന്നാല്‍, സമാധാനവും സ്നേഹവുമാണ് കുടുംബ ജീവിതത്തെ ധന്യമാക്കുന്നതെന്ന് വിശ്വസിക്കുന്നവര്‍ക്ക് മതങ്ങള്‍ വേണ്ടാ. അമേരിക്കന്‍ ആദിമനിവാസികള്‍, ആഫ്രിക്കന്‍ ഗോത്രങ്ങള്‍, ഓസ്ട്രേലിയന്‍ ആദിവാസികള്‍, ഇന്ത്യയിലെ ആദിവാസികള്‍ എന്നിവര്‍ക്ക് എഴുതപ്പെട്ട വേദങ്ങള്‍ ഇല്ല. പൂര്‍വ്വികരേയും പ്രകൃതിയേയും ആരാധിക്കുന്നവര്‍ക്കും, നിരീശ്വരവാദികള്‍ യുക്തിവാദികള്‍ എന്നിവര്‍ക്കും വേദഗ്രന്ഥങ്ങള്‍ ഇല്ല. അവര്‍ മനുഷ്യബുദ്ധിയാണ് വലിയതെന്ന് കരുതുന്നു. ദൈവത്തെ ഗ്രന്ഥത്തില്‍ കെട്ടിയിടാന്‍ പറ്റില്ലെന്ന് പറയുന്നു. അനുഭവങ്ങളിലൂടെയും പ്രകൃതിയിലൂടെ യും ദൈവത്തെ കാണണം എന്ന് വിശ്വസിക്കുന്നവരും ഉണ്ട് .  
 
ശാസ്ത്രം ഇല്ലാത്ത വേദം വെറും വിശ്വാസമത്രേ. വേദം ഇല്ലാത്ത ശാസ്ത്രം വെറും യന്ത്രമാണ്. ശാസ്ത്രം ലോകത്ത് എങ്ങനെ ജീവിക്കണമെന്ന്‌ പറയുന്നു. വേദം എന്തിനുവേണ്ടി ജീവിക്കണമെന്ന് പഠിപ്പിക്കുന്നു. വേദം പറയുന്നു: പ്രാര്‍ത്ഥന നല്ല മനസ്സിനെയും ഉത്തമ ജീവിതത്തെയും ഉണ്ടാക്കുന്നുവെന്ന്. ശാസ്ത്രം പറയുന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ തലച്ചോറില്‍ ശാന്തത നല്‍കുന്ന ഹോര്‍മോണുകള്‍ ഉണ്ടാവുകയും, ഹൃദയമിടിപ്പ്‌ ക്രമപ്പെടുകയും ചെയ്യുമെന്ന്. ശാസ്ത്രം ഇതിനെ “ധ്യാനഫലം” എന്ന് പറയുന്നു. മനശാസ്ത്രപ്രകാരം, പ്രാര്‍ത്ഥന ചിന്തകളെ ക്രമപ്പെടുത്തുന്നു. ഞാന്‍ ഒറ്റക്കല്ല എന്ന തോന്നലും ആശ്വാസവും നല്‍കുന്നു. ആത്മീയതയുടെ കാഴ്ചപ്പാടില്‍, പ്രാര്‍ത്ഥന ദൈവവുമായുള്ള സംസാരമാണ്. മനസ്സറിയുന്ന ദൈവം കേള്‍ക്കും എന്ന് വിശ്വസിക്കുന്നു. അതുകൊണ്ട്, പ്രാര്‍ത്ഥിക്കുമ്പോള്‍ തലച്ചോറും മനസ്സും ശാന്തമാകും  

ശാസ്ത്രം പറയുന്നു: വിശ്വാസം ഒരു മരുന്നിന് പകരമല്ല, പക്ഷേ, മരുന്നിനൊപ്പം പ്രവര്‍ത്തിക്കുന്ന ഒരു സഹായിയാണെന്ന്. അതുകാരണം  ഉത്തരം ഇതാണ്: പ്രാര്‍ത്ഥന നിങ്ങളെത്തന്നെയാണ് ആദ്യം മാറ്റുന്നത്. വേദം ആ മാറ്റത്തിന് ഒരു വഴി തരുന്നു. ശാസ്ത്രം ആ മാറ്റം എന്തുകൊണ്ട് എന്ന് വിശദീകരിക്കുന്നു. പ്രാര്‍ത്ഥിക്കുമ്പോള്‍ മനസ്സ് ശുദ്ധമാകും. പ്രവര്‍ത്തിയും  നന്നാകും. ജീവിതം തന്നെ നന്മയിലേക്ക് മാറും. അതാണ്‌ ഏറ്റവും വലിയ സ്വാധീനം. അതിനെത്തുടര്‍ന്ന്, വിശ്വാസമുള്ളവര്‍ വേദത്തെ അന്വേഷിക്കുന്നു. വേദം കിട്ടിയവരുടെ വിശ്വാസം ഉറക്കുന്നു. 
വേദം മനപാഠമാക്കി കൊണ്ടു നടന്നതിനാല്‍, കാര്‍ബണ്‍ കാലനിര്‍ണ്ണയത്തിലൂ ടെ പരിശോധന നടത്തി പഴമ നിര്‍ണ്ണയിക്കാന്‍ സാധിക്കില്ല. നമ്മള്‍, ഇന്ന് കാണുന്ന ശാത്രം തുടങ്ങിയത്‌ നാനൂറിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. എന്നാല്‍, വേദം എഴുതപ്പെട്ടതിലും കൂടുതല്‍ പഴക്കമുള്ളതാണ്. ശാസ്ത്രമില്ലെങ്കില്‍ നമ്മള്‍ അന്ധരാണ്. വേദം ഇല്ലെങ്കില്‍ നമ്മള്‍, എന്താണ് കാണുകയും കേള്‍ക്കുകയും ചെയ്യുന്നതെന്ന് അറിയാത്തവരാകും. പ്രപഞ്ചത്തെത്തന്നെ മുഴുവനും കാണാന്‍ ശാസ്ത്രം വേണം. കാണുന്നവനെ തിരിച്ചറിയാന്‍ വേദവും ആവശ്യമാണ്‌. എന്നാല്‍, ശാസ്ത്രം കൊണ്ട് പ്രപഞ്ചത്തെ കാണാന്‍ മാത്രമേ സാധിക്കു. അനുഭവിക്കാനാവില്ല. സൂര്യന്‍ ആകാശത്ത്‌ ഉദിക്കുന്നില്ല. അവിടെ തന്നെ ഉണ്ട്. അതിനെക്കുറിച്ചും ശാസ്ത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അത് വായിക്കുമ്പോള്‍ മാത്രമാണു് സൂര്യനെക്കുറിച്ചു കൂടുതല്‍ മനസ്സിലാകുന്നത്‌. വായനയില്ലാത്തവരുടെ അറിവ് അപൂര്‍ണ്ണമാണ്.   

സത്യം അഥവാ ദൈവം ആദ്യം മുതലേ ഉണ്ട്. ആ സത്യത്തെക്കുറിച്ചുള്ള അറിവാണ് വേദം. അത് എന്തെന്ന് അറിയുമ്പോഴാണ് മനസ്സിലും ജീവിതത്തിലും ദൈവവിശ്വാസം ഉറയ്‌ക്കുന്നത്. 
ബോധം, ബുദ്ധി, യുക്തി എന്നിവ തലച്ചോറുമായി ബന്ധപ്പെട്ടതാണ്. ബോധം ഉണര്‍ന്നിരിക്കുന്ന അവസ്ഥയാണ്. ഉറങ്ങുമ്പോള്‍ ഇല്ലാതാവുന്നതും ഉണരുമ്പോള്‍ വരുന്നതുമായ തോന്നല്‍ വെറും അറിവല്ല, മറിച്ച്       അറിഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയാണ് ബോധം. ബുദ്ധി എന്തെന്ന് പറഞ്ഞാല്‍, ചിന്തിച്ച് തീരുമാനം എടുക്കുന്ന ശക്തിയാണ്. മനസ്സില്‍ വന്നത്‌  ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കുന്നത് ബുദ്ധിയാണ്. ബോധമുള്ള വരുടെ ബുദ്ധി തനിയെ വരും. കാര്യകാരണ സഹിതം ചിന്തിക്കുന്നതാണ് യുക്തി.

കണ്ണുകൊണ്ട് കാണാനും, പരീക്ഷിച്ചു തെളിയിക്കാനും കഴിയുന്നതില്‍ മാത്രം വിശ്വസിക്കുന്ന നിരീശ്വരവാദികളും യുക്തിവാദികളും വേദത്തില്‍ ഒട്ടും  വിശ്വസിക്കുന്നില്ല. വേദം എന്തെന്ന് അന്വേഷിക്കുന്നവരും കുറച്ചാണ്. ആദിമ കാലത്ത് വേദം എഴുതിവച്ചത് പഴയ സംസ്കൃത ഭാഷയിലായിരുന്നു. അതില്‍ പറഞ്ഞിട്ടുള്ള നിരവധി കാര്യങ്ങള്‍, പ്രത്യേകിച്ച് യാഗങ്ങള്‍ മൃഗബലി തുടങ്ങിയവ, വര്‍ത്തമാന കാലത്തിന് ചേര്‍ന്നതല്ലെന്ന് അവര്‍ കരുതുന്നു. അതിന്‍റെ ഫലമായി, ആംഗീകരിക്കുന്നില്ല. എല്ലാ ചോദ്യങ്ങള്‍ക്കും ശാസ്ത്രം ഉത്തരം പറയുന്നുവെന്നും, അവ കാണാന്‍ കഴിയുന്ന യാഥാര്‍ത്ഥൃ ങ്ങള്‍ ആണെന്നും അവര്‍ പറയുന്നു. ദൈവം ഉണ്ടെങ്കില്‍, സാധുജനങ്ങളെ കഷ്ടതയിലും കഠിനദുഖത്തിലും തളച്ചിടുന്നത് എന്തിനെന്നും അവര്‍ ചോദിയ്‌ക്കുന്നുണ്ട്. വേദം നല്‍കുന്ന വിശദീകരണങ്ങള്‍ അവര്‍ക്ക് സ്വീകാര്യമല്ല. അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടുമുള്ള വെറുപ്പാണ് മറ്റ് കാരണം. വേദത്തിന്‍റെ പേരില്‍ ഇപ്പോഴും നിലനിര്‍ത്തുന്ന, നീതിയില്ലാത്ത  ജാതിവിവേചനവും ചൂഷണവും നിരീശ്വരവാദികളുടെ നിത്യ വിമര്‍ശന വിഷയങ്ങളാണ്.  എന്നാല്‍, വേദം പറയുന്നത് അനുഭവിക്കുന്നതിനു മുന്‍പ് അഭ്യസിക്കണം എന്നാണ്.  

ഇന്ത്യയിലെ ഏറ്റവും പഴക്കമുളള ദര്‍ശനമാണ് “ലോകായതം.” ഇതിനെ തന്നെയാണ് “ചാര്‍വാക ദര്‍ശനം” എന്നും പറയുന്നത്. ഇവര്‍ ഭൗതികവാദി കള്‍ ആകുന്നു. ഇവരുടെ ആശയപ്രകാരം, ദൈവം, ആത്മാവ്‌, സ്വര്‍ഗ്ഗം, നരകം എന്നിവ ഇല്ല. നാം കാണുന്ന ഈ ലോകം മാത്രമേയുള്ളൂ. കണ്ണുകൊണ്ട് കാണാനും അനുഭവിക്കാനും പറ്റുന്നത് മാത്രം സത്യമെന്ന് അവര്‍ കരുതുന്നു. പുനര്‍ജ്ജന്മം പാപം പുണ്യം എന്നിവ ഒന്നുമില്ലെന്നും, പഞ്ചഭൂതങ്ങളില്‍ ആകാശം ഒഴികെ ഭൂമി ജലം അഗ്നി വായു എന്നീ നാല് ഭൂതങ്ങള്‍ കൊണ്ടാണ് ശരീരം ഉണ്ടായതെന്നും വിശ്വസിച്ചു. മരണം എന്തിലേക്കുള്ള വാതിലാണെന്ന് ബുദ്ധിജീവികള്‍ ചിന്തിച്ചപ്പോള്‍, മരണത്തോടെ ജീവിതം അവസാനിക്കുന്നു എന്നും, മോക്ഷം ഇല്ലെന്നും, മരണമാണ് മോക്ഷമെന്നും അവര്‍ പ്രസ്താവിച്ചു. അക്കാരണത്താല്‍, ചാര്‍വാകരെയും നാസ്തികരായി കണക്കാക്കുന്നു. കടം വാങ്ങിയാണെങ്കിലും സുഖിച്ച് ജീവിക്കുക എന്നൊരു സിദ്ധാന്തവും അവര്‍ക്കുണ്ടായിരുന്നു. “ബൃഹസ്പതി” എന്ന ആളാണ്‌ ഈ ചാര്‍വാക ദര്‍ശനത്തിന്‍റെ സ്ഥാപകന്‍. ഇദ്ദേഹം, വേദത്തെയും ദൈവത്തെയും എതിര്‍ത്തു. പ്രതിഷേധാര്‍ഹമായ പരാതികളും അവര്‍ക്ക് ഉണ്ടായിരുന്നു പുരോഹിത വര്‍ഗ്ഗത്തെ അപലപിച്ചു. വിപ്ലവകരമായ, നൂതന ആശയങ്ങള്‍ രേഖപ്പെടുത്തി. അവയെയെല്ലാം തീവ്രവാദികള്‍ നശിപ്പിച്ചു. അങ്ങനെയാണെങ്കിലും, ചാര്‍വാകരുടെ വിശ്വാസങ്ങളും സിദ്ധാന്തങ്ങളുമായി, മതരഹിതജനവിഭാഗം ഇന്ത്യയില്‍ വളരുന്നുണ്ട്‌. ഇവര്‍ക്ക് സ്വന്തമായി ക്ഷേത്രങ്ങളും സംഘടനകളും ഇല്ലെന്നും പറയപ്പെടുന്നു.     
    
ബുദ്ധമതവും ജൈനമതവും വേദത്തിന്‍റെ ആധികാരികത ആംഗീകരിച്ചിട്ടില്ല. അവര്‍ മൃഗബലിയെ എതിര്‍ക്കുന്നു. വേദം, മനുസ്മൃതി, ചാതുര്‍വര്‍ണ്യം എന്നിവയെ വിമര്‍ശിക്കുന്നു. അവ ജാതിവ്യത്യാസത്തെ വളര്‍ത്തുന്നുവെന്നും, ഏകദൈവവിശ്വാസത്തിനും ജനങ്ങളുടെ ഏകോപനത്തിനും എതിരാനെന്നും  ചൂണ്ടിക്കാണിച്ചു. ബഹുദൈവത്വം ജനഭിന്നതക്ക് കാരണമാണെന്നും പറഞ്ഞു. ചില സെമിറ്റിക് ചിന്തകര്‍ വേദം വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കുന്നു എന്നും, അതുകൊണ്ട് അത് സത്യവേദം അല്ലെന്നും പ്രസ്താവിച്ചിട്ടുണ്ട്.  

ആധുനിക ജനസമൂഹത്തില്‍ ഇന്ന് രണ്ട് തരം ആളുകളെ കാണാന്‍ കഴിയും. ഒന്നാമത്തെ വിഭാഗക്കാര്‍ വേദത്തില്‍ വിശ്വസിക്കുന്നവരാണ്. പക്ഷേ, പുറമേ ദൈവത്തിലോ വേദത്തിലോ വിശ്വസിക്കുന്നവരല്ലെന്ന് അഭിനയിക്കും. അവര്‍, നിരീശ്വരവാദികളും, യുക്തിവാദികളും പണ്ഡിതന്മാരുമാണെന്ന് അഭിനയിച്ചു കാണിച്ചുകൊണ്ടിരിക്കും. ഇവര്‍ ആംഗീകാരങ്ങള്‍ക്കും പ്രശസ്തിക്കും വേണ്ടി,     മതങ്ങള്‍ക്കും ദൈവങ്ങള്‍ക്കും എതിരേ ഏഴുതുകയും പ്രസംഗിക്കുകയും ചെയ്യും. സകലരേയും സഹോദരങ്ങളായി കണ്ട് സ്നേഹിക്കണമെന്ന സുവര്‍ണ്ണ നിയമത്തില്‍ രണ്ടാമത്തെ വിഭാഗം ആളുകള്‍ വിശ്വസിക്കുന്നില്ല. എന്നാലും, പുറമേ വേദങ്ങളെയും മതങ്ങളെയും പിന്തുണക്കുന്നവരാണെന്നു പറയും. മതപരമായ കാര്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കും.  വേദപണ്ഡിതന്മാരാണെന്ന് നടിക്കും പക്ഷേ, ധനത്തിനും സുഖദജീവിതത്തിനും വേണ്ടി വേഷം കേട്ടുന്നവരാണ്. ഈ രണ്ട് വിഭാഗങ്ങളും, മനസ്സില്‍ ഒന്നും പുറത്ത് മറ്റൊന്നും കാണിക്കുന്നു. എന്നാല്‍, അറിവും സത്യവുമുള്ള മനുഷ്യര്‍, എപ്പോഴും ഹൃദയത്തിലുള്ളതുതന്നെയാണ് പുറത്ത് പറയുന്നത്. പക്ഷേ, ദൈവത്തിലേക്ക് സജീവമായി കടന്നുചെല്ലാന്‍ വ്യക്തിഗദമായ ഇച്ഛാശക്തി വേണമെന്ന് പലരും മനസ്സിലാക്കുന്നില്ല.        
വേദത്തിന്‍റെ ഭാവി എന്തായിത്തീരുമെന്ന് ചിന്തിക്കുന്നവര്‍ വര്‍ദ്ധിക്കുന്നു. വേദഗ്രന്ഥങ്ങള്‍ ക്രമേണ ലോപിച്ച്, വിജ്ഞാനശേഖരം എന്ന ഒരവസ്ഥയില്‍ എത്തിച്ചേരുമെന്നു വിശ്വസിക്കുന്ന ചിന്തകരുണ്ട്. എങ്കിലും, ഭൂലോകത്ത്, മനുഷ്യന്‍റെ ആത്മവിചാരം വളരുകയും, അവ കാലാനുസൃതം നവീകരിക്ക പ്പെടുകയും ചെയ്യുന്നുണ്ട്. പണ്ട് വാമൊഴികളിലും ഏഴുത്തോലകളിലുമായി രുന്ന വേദം, ഇപ്പോള്‍ ഡിജിറ്റല്‍ ലോകത്ത് പടരുന്നു. അതിനാല്‍, ഭാവിയില്‍ വേദം വേരറ്റുവീണ് നശിക്കില്ലെന്ന് വിശ്വസിക്കാം. വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയായ യുനെസ്കോ, വേദപാരായണത്തെ ലോകപൈതൃകമായി പ്രഖ്യാപിച്ചിട്ടുണ്ട്. അത് മുഖാന്തിരം, വേദത്തെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുമുണ്ട്. ഈ ലോകത്ത്, എന്ത് മാറ്റങ്ങള്‍ ഉണ്ടായാലും വേദം ഒരു മഹത്തായ സ്രോതസ്സായി തുടരും.  

വേദം പറയുന്നു: ആദ്യം ഒരു ശൂന്യത ഉണ്ടായിരുന്നു ആ ശൂന്യത എവിടെയും ആയിരുന്നില്ല. കാരണം എവിടെ എന്ന സ്ഥലംപോലും ഉണ്ടായിരുന്നില്ല. അന്ന് ആകാശമില്ല. ഭൂമി ഇല്ല. സമയം ഇല്ല. മുകളില്‍, താഴെ എന്ന് പറയാന്‍ അങ്ങനെ ഒന്നും ഇല്ല. ആ ശൂന്യത അതില്‍ത്തന്നെ ആയിരുന്നു. അതിനെ വേദം വിളിക്കുന്നത്‌ ബ്രപ്മം എന്നാണ്. ഈ പ്രപഞ്ചം ഉണ്ടാകുന്നതിനു മുന്‍പ്‌ ആ ശൂന്യത ബ്രപ്മത്തിലായിരുന്നു. അതുകൊണ്ട്, ശൂന്യത ഒരു സ്ഥലത്തായിരുന്നില്ല. ശൂന്യത തന്നെയായിരുന്നു എല്ലാം. പിന്നെ, ഒരു ശക്തിയില്‍ നിന്ന്‍ എല്ലാം ഉണ്ടായി. “ബിഗ് ബാംഗും” ഇങ്ങനെ ഉണ്ടായതാണ്. ദൈവത്തിന്‍റെ ക്രമീകരണത്തില്‍ പ്രപഞ്ചത്തിന്‍റെ സ്ഥാനം ഒരു അത്ഭുതമാണ്.   
 
വേദവും ശാസ്ത്രവും തമ്മില്‍ ഇന്ന് മത്സരിക്കുന്നില്ല. ഇവ രണ്ടും, പ്രയോജനങ്ങള്‍ കൈവരുത്തുന്ന ഉണര്‍വിന്‍റെ അനുഭവങ്ങള്‍ നല്‍കുന്നുണ്ട്. മനുഷ്യനെ സഹായിക്കാന്‍ പരസ്പരം സഹകരിക്കുന്നുണ്ട്. വേദത്തില്‍ അധിഷ്ഠിതമായ ജ്ഞാനത്തെ ശാസ്ത്രം അതിന്‍റെ വെളിച്ചത്തില്‍ പരിശോധിക്കുന്നു. വേദം ശാസ്ത്രത്തിന്‍റെ കണ്ടെത്തലുകളെ മനുഷ്യന്‍റെ നന്മക്കുവേണ്ടി ഉപയോഗിക്കു. ജ്ഞാനത്താല്‍ പ്രപഞ്ചത്തെ മനസ്സിലാക്കണം. വിവേകംകൊണ്ടു മനുഷ്യനെ സ്നേഹിക്കണം. വേദം ഇല്ലാത്ത ശാസ്ത്രം ദിശയില്ലാത്ത ശക്തിയാകും. ശാസ്ത്രം ഇല്ലാത്ത വേദം പ്രവര്‍ത്തിയില്ലാത്ത വിശ്വാസമാകും. അതുകൊണ്ട്, രണ്ടിന്‍റെയും ഉത്തരവാദിത്തം മനുഷ്യനെ മഹത്വമുള്ളവന്‍ ആക്കുക എന്നതാണ്.    
ആയിരക്കണക്കിന്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌, ഋഷിമാര്‍ കണ്ണടച്ചു കണ്ട സത്യത്തെ, ഇന്ന് ശാസ്ത്രം കണ്ണ് തുറന്നു കാണാന്‍ സഹായിക്കുന്നു. വേദം നന്മയിലേക്കുള്ള, ജീവദ്പ്രത്യാശയുടെ വഴി കാണിക്കുന്നു. ശാസ്ത്രം ആ വഴി ശരിയാണെന്ന് തെളിയിക്കുന്നു!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക