
പി.വി. ആല്‍ബി
ധീരേ ധീരേ രേമനാ, ധീരേ സബ് കുഛ് ഹോയ്,
മാലി സീഞ്ചേ സൗഘടാ, ഋതു ആയേ ഫല് ഹോയ്.
(കബീര്‍ ദാസ്)
കബീര്‍ദാസിന്റെ ദോഹ ഗുരു കൂവള്ളൂര്‍ ഹൈസ്‌കൂളില്‍ പഠിച്ചതാണെങ്കിലും ഇപ്പോഴും അദ്ദേഹത്തിന് കാണാപ്പാടമാണ്. കടപ്ലാമറ്റം സെയ്ന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ ഹിന്ദി പഠിപ്പിച്ച കടിയംകുറ്റിയില്‍ പാപ്പച്ചന്‍ സാര്‍ തനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട ഒരു വ്യക്തിയായിരുന്നുവെന്നും, കബീര്‍ദാസിന്റെയും തുളസീദാസിന്റെയും ദോഹകള്‍ നല്ലഭംഗിയായി പാപ്പച്ചന്‍ സാര്‍ ക്ലാസില്‍ വിശദീകരിക്കുമ്പോള്‍ താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും പാപ്പച്ചന്‍ സാറിനെ ആരാധ്യനായ ഒരു മാതൃകാ അധ്യാപകനായി എക്കാലവും മനസ്സില്‍ കരുതിയിരുന്നുവെന്നും ജി.കെ. പറയുകയുണ്ടായി.
മനസ്സേ, എല്ലാം പതുക്കെ മാത്രമേ നടക്കൂ, തിടുക്കം കൂട്ടിയിട്ട് കാര്യമില്ല. ഒരു തോട്ടക്കാരന്‍ നൂറുകുടും വെള്ളം ഒഴിച്ച് നനച്ചാലും, അനുയോജ്യമായ കാലം വരുമ്പോള്‍ മാത്രമേ ചെടികായ്ക്കുകയുള്ളൂ. ഒരുകാര്യത്തിലും തിടുക്കംകൂട്ടാതെ, വേണ്ടവിധത്തില്‍ അധ്വാനിച്ചാല്‍ സമയമാകുമ്പോള്‍ ഫലം പുറപ്പെടുവിക്കാതിരിക്കില്ല. ഗുരു വിശദീകരിച്ചു. തന്റെ ഇത്രയും കാലത്തെ ജീവിതത്തിന്റെ ആകെത്തുക ഇതുതന്നെയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

My Mother Mary Joseph Koovalloor/ Kulangara with her Nieces- all Kulangara family, at Sreedhary Ayurveda Hospital ,Kurichithanam.
രണ്ടര പതിറ്റാണ്ടുകാലം മാതാപിതാക്കളോടൊത്തു താമസിച്ചിട്ടുള്ളവര്‍ ഇന്നത്തെക്കാലത്ത് വളരെ ചുരുക്കമാണ്. ഈ കാലയളവില്‍ താന്‍ ഉള്‍പ്പെട്ട സമൂഹത്തിന്റെ സ്പന്ദനം, അതായത് ജനങ്ങളുടെ മനസ്സ് ശരിക്കും മനസ്സിലാക്കിയ ഒരു വ്യക്തിയാണ് ഗുരു കൂവള്ളൂര്‍. കേരളത്തിലെ അറിയപ്പെടുന്ന മഹാന്മാര്‍ക്കുപോലും കിട്ടാത്ത അനുഭവപാഠങ്ങളും, അറിവും അദ്ദേഹത്തിനുണ്ട്. സമൂഹത്തില്‍ ആനുകാലികമായ മാറ്റം വരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം ഉദാഹരണങ്ങളിലൂടെ ചൂണ്ടിക്കാണിക്കുകയുണ്ടായി. കേരളത്തിലെ അറിയപ്പെടുന്ന പല ഗുരുക്കന്മാരും അറിയപ്പെട്ടു തുടങ്ങിയത് അവരുടെ കാലശേഷമാണെന്നു കാണാം. എന്നാല്‍, ഗുരു കൂവള്ളൂര്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ഗുരു എന്ന പദവി നേടിയെടുത്തു എന്നതിന് ഉദാഹരണമാണല്ലോ രാജസ്ഥാനിലെ അറിയപ്പെടുന്ന ആയുര്‍വേദ ഡോക്ടറും യോഗാഗുരുവുമായ ഡോ. വിക്രം മനേറിയ എന്ന ചെറുപ്പക്കാരന്‍ ഗുരുവിനെ തേടി ലോകമെമ്പാടും സോഷ്യല്‍ മീഡിയയിലൂടെ തിരച്ചില്‍ നടത്തി അവസാനം തന്റെ ഗുരുവായി ഗുരു കൂവള്ളൂരിനെ സ്വീകരിച്ചത്. സാധാരണ മലയാളികള്‍ക്ക് ഇങ്ങിനെ ഒരു ഭാഗ്യം കിട്ടാറില്ല എന്നതാണ് സത്യം.
നരേന്ദ്രനാഥ് ദത്ത എന്ന ചെറുപ്പക്കാരന്‍ ഗുരുവിനെ തേടി അവസാനം ശ്രീരാമകൃഷ്ണപരമ ഹംസറെ കാണുന്നതും ഗുരുവായി സ്വീകരിക്കുന്നതും, പില്‍ക്കാലത്ത് സ്വാമി വിവേകാനന്ദനായി ലോകമെമ്പാടും അറിയപ്പെട്ടതും. വാസ്തവത്തില്‍ ശ്രീരാമകൃഷ്ണ പരമഹംസര്‍ മരിച്ചശേഷമാണ് സ്വാമി വിവേകാനന്ദന്‍ തന്റെ ഗുരുവിന്റെ ആശയങ്ങളും സിദ്ധാന്തവും പ്രചരിപ്പിക്കാനും രാമകൃഷ്ണമഠങ്ങളും, രാമകൃഷ്ണമിഷനും സ്ഥാപിച്ച് 'മനുഷ്യസേവനമാണ് ഈശ്വരസേവനം', 'ജീവനില്‍ ശിവനെ (ഈശ്വരനെ) കാണുക', 'എത്രമതങ്ങളോ, അത്രയും മാര്‍ഗ്ഗങ്ങള്‍' (യതോ മത്തതോ പത്). എന്നിവയായിരുന്നു വിവേകാനന്ദന്റെ പ്രധാന സന്ദേശങ്ങള്‍. ഹിന്ദു, ഇസ്ലാം, ക്രിസ്തുമതങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മതക്കാര്‍ വിവേകാനന്ദനെ അംഗീകരിക്കാനുണ്ടായ കാരണം അദ്ദേഹത്തിന്റെ 'മനുഷ്യനെ സേവിക്കുന്നത് ദൈവത്തെ സേവിക്കുന്നതിനു തുല്യമാണെന്ന്:' എന്ന സന്ദേശമാണ്. കേവലം ക്ഷേത്രപൂജകളിലോ പ്രാര്‍ത്ഥനകളിലോ മാത്രം ഒതുങ്ങുന്നതല്ല ഭക്തിയെന്നും, പാവപ്പെട്ടവരെയും, രോഗികളെയും, അനാഥരെയും സഹായിക്കുന്നതാണ് യഥാര്‍ത്ഥ ഈശ്വര സേവയെന്നും ഉള്ളതാണ് ഗുരു കൂവള്ളൂരിന്റെയും ജീവിത ദര്‍ശനം എന്ന് അദ്ദേഹത്തിന്റെ ഓരോ പ്രവര്‍ത്തനങ്ങളിലും ദര്‍ശിക്കാന്‍ കഴിയും.

My Mother Mary Joseph Koovalloor/ Kulangara at the age of 91 sitting with Legendary Writer, Publisher, Activist, and Founder of Sreedhary Ayurveda Hospital, Kurichithanam , with her Niece Lillykutty Kulangara.
ചുരുക്കത്തില്‍ ഭാരതീയ ദര്‍ശനത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ആത്മീയവീക്ഷണമാണ് ഗുരു കൂവള്ളൂരിന്റേത് എന്നു നിസ്സംശയം പറയാം. വിവേകാനന്ദന്‍ ശ്രീരാമകൃഷ്ണപരമഹംസറെ കണ്ടെത്തുന്നതിന് മുമ്പ് ഒരു യുക്തിവാദിയായിരുന്നുവെന്ന് കാണാന്‍ കഴിയും. സ്വാമി വിവേകാനന്ദന്‍ ശ്രീരാമകൃഷ്ണപരമഹംസറെ ആദ്യമായി കണ്ടപ്പോള്‍ ചോദിച്ചത്. 'നീ ദൈവത്തെ കണ്ടിട്ടുണ്ടോ.' എന്നാണ്. അതിനു മറുപടിയായി 'ഞാന്‍ നിന്നെ ഇവിടെ കാണുന്നതുപോലെ തന്നെ ദൈവത്തെയും കണ്ടിട്ടുണ്ട്. അതിലും വളരെ ആഴമേറിയതും വ്യക്തവുമായ അര്‍ത്ഥത്തില്‍ എന്നായിരുന്നു. ഗുരു കൂവള്ളൂരിന്റെ ചിന്തകളാണ് ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നത്. ശരിക്കും സ്വാമി വിവേകാനന്ദന്റെ ചിന്തകളാണ് ഗുരു കൂവള്ളൂരിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത്. പാലാ സെന്റ് തോമസ് കോളജില്‍ പഠിച്ചിരുന്ന കാലത്ത് അദ്ദേഹം കോളജിനടുത്തുള്ള ശ്രീരാമകൃഷ്ണ ആശ്രമത്തില്‍ പതിവായി പോവുകയും അന്നത്തെ മഠത്തിലെ സ്വാമികളുമായി തന്റെ ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നകാര്യവും ജി.കെ. പ്രത്യേകം പറയുകയുണ്ടായി.
സ്വാമി വിവേകാനന്ദന്റെയും ഗുരു കൂവള്ളൂരിന്റെയും ചെറുപ്പക്കാലത്തെ താരതമ്യപ്പെടുത്തി നോക്കിയാല്‍ വിവേകാനന്ദന്റെ ചരിത്രം വളരെ പരിതാപകരമായിരുന്നു എന്നു കാണാം. സ്വാമി വിവേകാനന്ദന്റെ പിതാവ് മകനെ ഒരു വക്കീലായി കാണാന്‍ ആഗ്രഹിച്ചു. മാതാവ് മകനെ വിവാഹം കഴിപ്പിക്കാനും ശ്രമിച്ചു. പക്ഷേ, മകന്‍ തന്റെ മാതാപിതാക്കളുടെ ഇംഗിതത്തിനെതിരായി തന്റെ 18-ാമത്തെ വയസ്സില്‍ വീടുവിട്ടിറങ്ങി. ദുഃഖം സഹിക്കാന്‍ പറ്റാതെവന്ന പിതാവ് താമസിയാതെ ഹൃദയസ്തംഭനം മൂലം മരിച്ചതായും, മാതാവ് കുടുംബം പുലര്‍ത്താനാവാതെ പട്ടിണിയില്‍ ആയിരുന്നുവെന്നും കാണാം. ശ്രീരാമകൃഷ്ണപരമഹംസന്റെ മരണശേഷമാണ് സ്വാമി വിവേകാനന്ദന്‍ ജ്ഞാനിയായി മാറിയതെന്നു കാണാം. അതേസമയം ഗുരു കൂവള്ളൂരിന്റെ മാതാപിതാക്കള്‍ ഒരിക്കലും തങ്ങളുടെ മക്കളെ പട്ടിണിക്കിടുകയോ, ദാരിദ്ര്യം എന്താണെന്ന് അറിയുകയോ ചെയ്തിട്ടില്ല. 25 വര്‍ഷക്കാലം മാതാപിതാക്കളോടു ചേര്‍ന്നുനിന്ന ജി.കെ. ബി.കോം നല്ല മാര്‍ക്കോടെ പാസ്സായതിനുശേഷമാണ് വീടുവിട്ടിറങ്ങിയത്. ബി.കോം. പാസ്സായ ഉടനെ തന്റെ മകനെ നല്ല നിലയില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ത്തന്നെ കയറ്റാന്‍ സഹപാഠിയായിരുന്ന കെ.എം. മാണിയുടെ സ്വാധീനത്തില്‍ ജോലി വരെ ഉറപ്പിച്ചതായിരുന്നുവെന്നും അപ്പോഴാണ് പിതാവുമായുള്ള ആശയസംഘട്ടനത്തില്‍ മകന്‍ ഉടുതുണിയോടെ വീടുവിട്ട് ഇറങ്ങിപ്പോയതെന്ന് ജി.കെ.യുടെ വൃദ്ധയായ മാതാവ് പറയുകയുണ്ടായി. എവിടെപോയാലും തന്റെ മകന്‍ ഒരിക്കലും മോശം കൂട്ടുകെട്ടില്‍ചെന്നു ചാടുകയില്ലെന്നും ആ അമ്മ പറയുകയുണ്ടായി. പിന്നീടുള്ള മകന്റെ ജീവിതം പരിശോധിച്ചാല്‍ ഏതു സാഹചര്യത്തിലും പിടിച്ചുനില്‍ക്കാനും പ്രശ്‌നങ്ങളെ തരണം ചെയ്യാനുമുള്ള കഴിവ് മകന് ഉള്ളതായും ചരിത്രം തെളിയിച്ചുവെന്നും ആ അമ്മ പറഞ്ഞപ്പോള്‍ തന്റെ മകനില്‍ പൂര്‍ണ്ണവിശ്വാസമുള്ള ഒരു അമ്മയെ കാണാന്‍ കഴിഞ്ഞു.

Writer and Management Consultant Prof. A. J. James with my Mother at the age of 94.
പിതാവിന്റെ മരണശേഷം അമേരിക്കയില്‍ എത്തി താമസിയാതെ അമ്മയ്ക്കും, അങ്കിള്‍മാര്‍ക്കും എല്ലാം അവന്‍ ജോലി ചെയ്തു കിട്ടിയ ശമ്പളത്തിന്റെ വീതം അയച്ചുകൊടുത്തതായും ഒരു ഭൂമി കുലുക്കമുണ്ടായപ്പോള്‍ ഇളക്കംതട്ടിയ വീട് പുനരുദ്ധരിക്കാനുള്ള പണവും, വീടിന്റെ മറ്റുപണികള്‍ക്കും, കിണറിന് മതില്‍ കെട്ടാനുള്ള പണവും, എല്ലാം തന്നുകൊണ്ടിരുന്നത് തന്റെ മകന്‍ വാവച്ചനായിരുന്നുവെന്ന് ആ അമ്മ പറയുകയുണ്ടായി.
ഇതിനിടെ ജി.കെ.യുടെ ചെറുപ്പക്കാലത്തെപ്പറ്റി ഞാന്‍ ആ അമ്മയോടു ചോദിച്ചു. ചെറുപ്പത്തില്‍ നാട്ടില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. മകന്റെ വിവാഹം 1978 ഓഗസ്റ്റ് മാസം ഏഴാം തീയതിയായിരുന്നു വിവാഹത്തിന് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് വീട്ടില്‍ വൈദ്യുതി എത്തിയത്. അതിനു മുന്‍പ് ചെറിയ പാട്ടവിളക്കിന്റെയും ഒരു ചിമ്മിണി വിളക്കിന്റെയും സഹായത്താലാണ് രാത്രിയില്‍ അവന്‍ പഠിച്ചിരുന്നത്. വെളുപ്പിനെ കൃത്യം മൂന്നരമണിക്ക് ഒരു അലാറവും ഇല്ലാതെ അവന്‍ ഉണര്‍ന്നിരുന്നു. അവന്‍ ഉണര്‍ന്നശേഷമാണ് ഞാനും ബാക്കിയുള്ളവരും ഉണരുന്നത് കൃത്യം നാലരമണിക്ക് പിതാവ് പ്രഭാതപ്രാര്‍ത്ഥന തുടങ്ങും. മക്കളെല്ലാം അതില്‍ പങ്കെടുത്തിരിക്കണം എന്ന് പിതാവിന് നിര്‍ബന്ധമുണ്ടായിരുന്നു. പ്രാര്‍ത്ഥനയ്ക്കുശേഷം വെളുപ്പിനെ അഞ്ചരമണിക്കുള്ള കുര്‍ബാന കാണാന്‍ പിതാവ് ദിവസവും കടപ്ലാമറ്റം പള്ളിയില്‍പോയിരുന്നതായും, വീടിന്റെ കിഴക്കുഭാഗത്തുനിന്നുമുള്ള നിരവധി ചേട്ടന്മാരും, ചേട്ടത്തിമാരും തങ്ങളുടെ വീടിന്റെ തെക്കുവശത്തുകൂടിയുള്ള തൊണ്ടിലൂടെയാണ് പോയിരുന്നതെന്നും അവരില്‍ ചിലരുടെ പേരുകള്‍ എടുത്ത് ആ വൃദ്ധയായ അമ്മ പറഞ്ഞപ്പോള്‍ ആ അമ്മയെ അറിയാത്തവര്‍ ആരുംതന്നെ ആ നാട്ടില്‍ ഇല്ലായിരുന്നുവെന്നും നാട്ടിലുള്ള ആള്‍ക്കാരെയും വീട്ടുകാരെയും ആ അമ്മയ്ക്ക് സുപരിചിതമായിരുന്നുവെന്നും എനിക്കു മനസ്സിലായി. അവരില്‍ ചിലര്‍ കാരുവേലില്‍ തോമ്മാച്ചേട്ടന്‍ പ്രസിദ്ധ കുറ്റാന്വേഷണവിദഗ്ധനായിരുന്ന ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. കെ.റ്റി. മൈക്കിളിന്റെ പിതാവ്, അരുമായില്‍ മാണിച്ചേട്ടന്‍, കാരുവേലില്‍ എബ്രാഹം ചേട്ടന്‍, പുതുപ്പള്ളിയേല്‍ കറിയാചേട്ടന്‍, നെടുമ്പുറത്ത് ഫ്രഞ്ചിച്ചേട്ടന്‍, പെരുകിലാം തറപ്പേല്‍ മത്തച്ചന്റെ അമ്മ, കാരുവേലില്‍ കുഞ്ഞൗസേപ്പു ചേട്ടന്‍, അങ്ങിനെ വിശ്വാസികളുടെ ഒരു നിരതന്നെ ഞങ്ങളുടെ പറമ്പിന്റെ അതിരിലുണ്ടായിരുന്ന തൊണ്ടിലൂടെ നിരനിരയായി പോകുന്നതു കാണാമായിരുന്നു എന്ന് ആ അമ്മച്ചി പറഞ്ഞപ്പോള്‍ അവരുടെ ഓര്‍മ്മശക്തി എത്രമാത്രം വലുതായിരുന്നുവെന്നറിഞ്ഞ് ഞാന്‍ അന്ധാളിച്ചുപോയി.
അരുമായില്‍ എന്നുകേട്ടപ്പോള്‍ ഞാന്‍ ജ്യേഷ്ഠതുല്യനായി കരുതിയിരുന്ന ഏ.ജെ. ജയിംസ് അരുമായിലിനെ അറിയുമോ എന്നു ചോദിച്ചു. അരുമായില്‍ സാറിന്റെ മകന്‍ ചാക്കോച്ചനെ ഞാന്‍ അറിയും. ഏ.ജെ. ജയിംസ് സാറിനെ ചാക്കോച്ചന്‍ എന്നാണ് വീട്ടുകാരും നാട്ടുകാരും എല്ലാം വിളിച്ചിരുന്നത്. ഈ നാട്ടില്‍ അക്കാലത്ത് ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസം നേടിയവരില്‍ ഒരാളായിരുന്നു അരുമായില്‍ ചാക്കോച്ചന്‍. ചാക്കോച്ചന്റെ അമ്മ കത്രിചേട്ടത്തിയുടെ ചേച്ചിയുടെ വീട് ഞങ്ങളുടെ വീടിന്റെ വടക്കുവശത്തുള്ള വീടാണ് - ഇടവത്തൊട്ടിയില്‍ കുഞ്ഞേലിച്ചേട്ടത്തി കുഞ്ഞേലിച്ചേട്ടത്തിയുടെ ഭര്‍ത്താവിന്റെ പേര് ഇടവത്തൊട്ടിയില്‍ മത്തായിച്ചേട്ടന്‍. കുഞ്ഞേലിച്ചേട്ടത്തിയെ കാണാന്‍ ചാക്കോച്ചന്‍ ഇടയ്ക്കിടെ പോയിരുന്നത് ഞങ്ങളുടെ മുറ്റംവഴിയാണ്. ചാക്കോച്ചന്‍ നല്ല സ്‌നേഹമുള്ള ഒരു ചെറുപ്പക്കാരന്‍ ആയിരുന്നുവെന്നും പഠിച്ച് പഠിച്ച് വലിയ സ്ഥാനത്തെത്തി മന്ത്രി കെ.എം. മാണിയുടെ കൂടെ ജോലി ചെയ്തിരുന്നപ്പോള്‍ എന്റെ മകന്‍ വാവച്ചന്‍ വീടുവിട്ടുപോയകാര്യം ആ അമ്മച്ചി ഓര്‍മ്മയില്‍നിന്നും പുറത്തെടുത്തു. അന്ന് ചാക്കോച്ചന്‍ തന്നെ ആശ്വസിപ്പിച്ചതായും ആ അമ്മ പറഞ്ഞു. വളരെ വര്‍ഷങ്ങള്‍ക്കുശേഷം ഈ അടുത്തനാളില്‍ ചാക്കോച്ചന്‍ എന്നെ കാണാന്‍ വന്നിരുന്നതായും തന്റെ കൂടെ ഇരുന്ന് ഒരുഫോട്ടോ എടുത്തതായും വൃദ്ധയായ ആ മാതാവ് പറഞ്ഞു.
ചാക്കോച്ചന്‍ വീട്ടില്‍വന്നുകയറിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന ഗുരു കൂവള്ളൂരിന്റെ ഏറ്റവും ഇളയ അനുജന്‍ റോബര്‍ട്ടും, ഭാര്യ ജയ്‌മോന്‍ റോബര്‍ട്ടും ചാക്കോച്ചനെ തിരിച്ചറിഞ്ഞില്ല. കാരണം ആ നാട്ടില്‍ അങ്ങിനെ ഒരാള്‍ ഉള്ളതായി അവര്‍ കേട്ടിട്ടുപോലുമില്ല. ചാക്കോച്ചന്‍ എന്ന ഏ.ജെ.ജയിംസ് സാര്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് ആ നാട്ടില്‍നിന്നും മാറി ചങ്ങനാശ്ശേരിയില്‍ താമസമാക്കിയതായിരുന്നു. പിന്നീട് അന്യസംസ്ഥാനങ്ങളിലും, വിദേശത്തും, ഒടുവില്‍ ബാംഗ്ലൂരില്‍ മക്കളോടൊപ്പം താമസമാക്കി. വാര്‍ദ്ധക്യത്തില്‍ സ്വന്തംനാട്ടിലുള്ള കറുകച്ചാലില്‍ ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍ എന്ന മുതിര്‍ന്നവര്‍ക്കായുള്ള സുഖവാസകേന്ദ്രത്തില്‍ ഭാര്യ കാതറൈന്‍ ടീച്ചറിനോടൊപ്പം സുഖവാസ ജീവിതം നയിക്കുന്നു.

My family with Prof. A. J. James at Travancore Foundation Senior Care Center, Karukachal.
ഏ.ജെ. ജെയിംസ് സാര്‍ വീടിനകത്തേക്കു കയറിയപ്പോഴേ ഗുരുവിന്റെ മാതാവിനെക്കണ്ട് അറിയുമോ എന്നു ചോദിച്ചു. 'ചാക്കോച്ചനല്ലേ' എന്ന ആ വൃദ്ധമാതാവിന്റെ മറുപടികേട്ട് ചാക്കോച്ചന്‍ എന്ന ഏ.ജെ. ജയിംസ് സാര്‍ കോരിത്തരിച്ചു പോയതായി അദ്ദേഹം പിന്നീടു പറയുകയുണ്ടായി. ഗുരു കൂവള്ളൂരിന്റെ മാതാവ് ആ നാട്ടില്‍ 50 വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന ഓരോ വീട്ടുകാരെയും അറിയുമായിരുന്നു. അതുപോലെതന്നെ ജി.കെ.യുടെ മാതാവിനെയും ജി.കെ.യെയും അദ്ദേഹത്തിന്റെ പിതാവ് കൂവള്ളൂര്‍ പാപ്പച്ചന്‍ ചേട്ടനെയും അറിയാത്തവര്‍ ഇലക്കാട്, കിടങ്ങൂര്‍ എന്നീ രണ്ടു പഞ്ചായത്തുകളില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. കേരള രാഷ്ട്രീയത്തിലെ അതികായനായി, ആരാലും തോല്‍പിക്കാന്‍ കഴിയാത്ത അജയ്യനായ കെ.എം. മാണി സാറിന്റെ വലംകൈയായിരുന്നു. കെ.റ്റി. ജോസഫ് കൂവള്ളൂര്‍ എന്ന കൂവള്ളൂര്‍ പാപ്പച്ചന്‍ ചേട്ടന്‍ എന്ന് ഏ.ജെ. ജയിംസ് അരുമായില്‍ സാക്ഷ്യപ്പെടുത്തുകയുണ്ടായി.
ഇവിടെ ഒരുകാര്യം പ്രത്യേകം മനസ്സിലാക്കേണ്ടത് പണ്ടത്തെ ജനങ്ങള്‍ക്ക് കൂട്ടായ്മ ഉണ്ടായിരുന്നു. പട്ടിണി മരണങ്ങളോ, ആത്മഹത്യകളോ വളരെവിരളമായിരുന്നു. ഒരാള്‍ക്ക് എന്തെങ്കിലും ആപത്തോ, അസുഖമോ വന്നാല്‍ നാട്ടുകാരെല്ലാം സഹായത്തിന് ഓടിക്കൂടുമായിരുന്നു. ജി.കെ. തന്റെ കുട്ടിക്കാലത്തെ അയവിറക്കിക്കൊണ്ടുപറഞ്ഞു.
ജി.കെ.യുടെ ഈ അദ്ധ്യായം തുടങ്ങുന്നതിന് മുമ്പ് ജി.കെ. ഭാര്യ സിസിലിയെയും മകന്‍ ജോസഫിനെയും ഇരവിമംഗലത്തുള്ള വീട്ടില്‍പ്പോയി സന്ദര്‍ശിക്കുന്നതിനെപ്പറ്റി ഏ.ജെ.ജെയിംസ് സാര്‍ പറഞ്ഞതായും 'കഷ്ടപ്പെട്ട് വീട്ടിലേക്കു പോകേണ്ട കറുകച്ചാലിലുള്ള ട്രാവന്‍കൂര്‍ ഫൗണ്ടേഷനിലുള്ള താമസസ്ഥലത്ത് അവര്‍ വന്നു കണ്ടുകൊള്ളും.' എന്ന് ജി.കെ. പറഞ്ഞപ്പോള്‍ അത് ജയിംസ് സാര്‍ വിശ്വസിച്ചില്ല. പക്ഷേ, ജി.കെ. പറഞ്ഞതുപോലെ തന്നെ സിസിലിയും മകന്‍ ജോസഫും, മരുമകള്‍ സ്റ്റെഫിറോസും, കൊച്ചുമകന്‍ മിഖായേലും ഏ.ജെ. ജയിംസ് അരുമായിലിനെയും അദ്ദേഹത്തിന്റെ ഭാര്യ കാതറൈന്‍ ടീച്ചറെയും ഒരുദിവസം സന്ദര്‍ശിക്കുകയും അവരോടൊപ്പം ചിലവഴിക്കുകയും ചെയ്തതായി ജയിംസ് സാര്‍ പറഞ്ഞപ്പോള്‍ ജി.കെ. പാഴ്‌വാക്കുകള്‍ പറയാറില്ല എന്നത് ഒരിക്കല്‍കൂടി സത്യമാണെന്ന് കാണാന്‍ കഴിയും. ഇന്നത്തെ ലോകത്ത് പ്രായമായവരെ സന്ദര്‍ശിക്കാനും, അവരോടൊത്തു കുറെ സമയം ചിലവഴിക്കാനുള്ള തുറന്ന മനസ്സ് യുവതലമുറയ്ക്ക് ഇല്ലാതെവന്നതുപോലെ കാണാം. ജി.കെ. ഇന്നും താന്‍ കുട്ടിക്കാലത്തു പരിചയപ്പെട്ടവരെയെല്ലാം ഓര്‍ക്കുകയും കേരളത്തില്‍ സന്ദര്‍ശിക്കാന്‍ എത്തുമ്പോള്‍ ജീവിച്ചിരിക്കുന്നവരെയെല്ലാം കാണാന്‍ പോവുകയും ബന്ധങ്ങള്‍ ഇപ്പോഴും നിലനിര്‍ത്തുകയും ചെയ്യുന്നുവെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ എനിക്കു കഴിഞ്ഞു.
ജി.കെ.യുടെ മാതാവ് 91-ാം വയസില്‍ വാതസംബന്ധമായ അസുഖം ബാധിച്ചപ്പോള്‍ അമ്മയെ കുറിച്ചിത്താനത്തുള്ള എസ്.പി. നമ്പൂതിരിയുടെ മകള്‍ ഡോക്ടര്‍ മഞ്ജരിയുടെ മേല്‍നോട്ടത്തിലുള്ള ആയുര്‍വേദ സെന്ററില്‍ ഒന്നരമാസത്തോളം കിടത്തി ചികില്‍സിക്കുകയുണ്ടായി. ഒന്നരമാസംകൊണ്ട് 91 വയസ്സു കഴിഞ്ഞ മാതാവ് നല്ല ചെറുപ്പക്കാരിയെപ്പോലെ 95 വയസ്സുവരെ ആരുടെയും സഹായമില്ലാതെ, ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിച്ച് രോഗിയായി കിടക്കുകപോലും ചെയ്യാതെ ഇഹലോകവാസം വെടിഞ്ഞു (2026 ഫെബ്രുവരി 24ന്) എന്നുള്ളത് ആധുനികമെഡിക്കല്‍ ശാസ്ത്രത്തിനുവരെ ഒരു ചോദ്യചിഹ്നമാണ്. കാരണം 90 വയസു കഴിഞ്ഞവരെ ചികില്‍സിച്ചിട്ടും വലിയ കാര്യമില്ല എന്നുള്ളതാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ കാഴ്ചപ്പാട്. അതേസമയം ജി.കെ.യുടെ പൂര്‍വ്വീകര്‍ എല്ലാംതന്നെ ഹോസ്പിറ്റലുകള്‍ പോലും കാണാത്തവരാണ്. സാധാരണ എന്തെങ്കിലും അസുഖംവന്നാല്‍ കുറിച്ചിത്താനം ശ്രീധരി ആയുര്‍വേദ വൈദ്യശാലയായിരുന്നു ആശ്രയം.
ഇന്നും ജീവിച്ചിരിക്കുന്ന എസ്.പി. നമ്പൂതിരി ഗുരു കൂവള്ളൂരിന്റെ ഏറ്റവും അടുത്ത സുഹൃത്തും മഹാപണ്ഡിതനും, യാത്രാവിവരണം ഉള്‍പ്പെടെ നിരവധി ബുക്കുകള്‍ എഴുതിയ ആളും, മലയാള സാഹിത്യത്തിലെയും, ചലച്ചിത്ര സംഗീതലോകത്തിലെയും പരമോന്നത പദവി അലങ്കരിച്ച വയലാര്‍ രാമവര്‍മ്മയുടെ അടുത്ത സുഹൃത്തും ആയിരുന്നു. വായനാശീലമുള്ള തന്റെ അമ്മയ്ക്ക് എസ്.പി. നമ്പൂതിരി അദ്ദേഹം എഴുതിയ ബുക്കുകളെല്ലാം വായിക്കാന്‍ കൊടുത്തായും ഒന്നരമാസംകൊണ്ട് കിട്ടിയ ബുക്കുകളെല്ലാം അമ്മ വായിച്ചു തീര്‍ത്തതായും അമ്മ പറയുകയുണ്ടായി. എത്രതിരക്കാണെങ്കില്‍കൂടി എസ്.പി. അമ്മാവന്‍ രണ്ടുതവണ ദിവസവും അമ്മയെ സന്ദര്‍ശിച്ചിരുന്നു. (ജി.കെ. പലപ്പോഴും തന്റെ സുഹൃത്തായ എസ്.പി. നമ്പൂതിരിയെ വിളിച്ചിരുന്നത് അമ്മാവന്‍ എന്നാണ്). അത്രമാത്രം സ്‌നേഹബന്ധം എസ്.പി. നമ്പൂതിരിയും വാവച്ചനുമായി ഉണ്ടായിരുന്നുവെന്ന് പിന്നീടുള്ള അദ്ധ്യായത്തില്‍ നിന്നും കാണാന്‍ കഴിയും.
തന്റെ മൂത്തമകന്‍ വാവച്ചന്‍ നന്നേ ചെറുപ്പത്തില്‍ത്തന്നെ ഓര്‍മ്മകുറിപ്പുകള്‍ എഴുതുന്ന ശീലമുണ്ടായിരുന്നുവെന്നും, അവന്‍ എഴുതിയ നിരവധി ഡയറിക്കുറിപ്പുകള്‍ വീട്ടിലെ തട്ടിന്‍പ്പുറത്തുണ്ടായിരുന്നുവെന്നും അവയെല്ലാം ചിതലെടുത്തുപോയതിനാല്‍ പില്‍ക്കാലത്ത് അനുജന്‍മാര്‍ എല്ലാം തീയിലിട്ടു നശിപ്പിച്ചതായും ആ അമ്മ പറയുകയുണ്ടായി. മറ്റുമക്കളില്‍നിന്നും തികച്ചും വ്യത്യസ്ഥനായിരുന്നു തന്റെ മകന്‍ വാവച്ചന്‍ എന്നും അയല്‍പക്കംകാരോടും നാട്ടുകാരോടും പ്രത്യേകിച്ച് താഴേക്കിടയിലുള്ളവരോട് കൂടുതല്‍ സ്‌നേഹം പ്രകടിപ്പിച്ചിരുന്നുവെന്നും, പിതാവ് നല്‍കിയ സ്ഥലത്തുള്ള കോളനിയില്‍ താമസിക്കുന്നവര്‍ക്കുവേണ്ടി അമേരിക്കയില്‍ പോയശേഷം ധാരാളം പണം നല്‍കി സഹായിക്കുകയുണ്ടായി എന്നും ആ അമ്മ പറഞ്ഞു. അവരില്‍ ഏറ്റവും കൂടുതല്‍ സഹായം നല്‍കിയത് കടപ്ലാമറ്റം പള്ളിയിലെ കുഴിവെട്ടുകാരനായിരുന്ന പാപ്പിയുടെ മകന്‍ പാപ്പുവിനായിരുന്നുവെന്നും ഒരിക്കല്‍ അമേരിക്കയില്‍നിന്നും വന്ന പാപ്പിയുടെ മകന്‍ പാപ്പുവിനോട് മറ്റുള്ളവരോടു പണം ചോദിച്ചു നടക്കാതെ രക്ഷപ്പെടാന്‍ മാര്‍ഗ്ഗമൊന്നുമില്ലേ എന്നു ചോദിച്ചുവത്രേ. അപ്പോള്‍ തനിക്ക് ഒരു എം.ഐ.റ്റി വണ്ടി ഉണ്ടെങ്കില്‍ രക്ഷപ്പെട്ടുകൊള്ളാമെന്നു പറഞ്ഞു. എങ്കില്‍ ഒരെണ്ണം വാങ്ങാനുള്ള പണം തരാമെന്നു പറഞ്ഞു. മത്സ്യംകൊണ്ടുനടന്നുവില്‍ക്കുന്ന എം.ഐ.റ്റി. വണ്ടി മറ്റൊരാള്‍ക്ക് കൊടുക്കാനുണ്ടെന്നും അതിന് 15,000 രൂപ ആകുമെന്നും പറഞ്ഞപ്പോള്‍ പഴയതു വാങ്ങിയാല്‍ റിപ്പയര്‍ ചെയ്യാന്‍ വീണ്ടും പണം വേണ്ടിവന്നേക്കും അതുകൊണ്ട് പുതിയതു തന്നെ വാങ്ങിയാല്‍ മതി എന്നു പറഞ്ഞ് നാല്‍പതിനായിരം രൂപയ്ക്ക് ഒരു എം.ഐ.റ്റി. വാങ്ങിക്കൊടുത്തപ്പോള്‍ മത്സ്യം വാങ്ങാന്‍ കൂടി പണം ചോദിച്ചുവത്രേ. വാസ്തവത്തില്‍ പാപ്പു വാവച്ചന്റെ ഒരു ആരാധകനായിരുന്നു. പക്ഷേ പാപ്പുവിന്റെ ഭാര്യ ധാരാളിയും ദിവസവും ഓട്ടോറിക്ഷയ്ക്ക് സിനിമാകാണാന്‍ പോകുന്ന ഒരു കഥാപാത്രമായിരുന്നുവത്രേ.
ഒടുവില്‍ പാപ്പുവിന് പണം വര്‍ദ്ധിച്ചുതുടങ്ങി. പെട്ടെന്ന് കോളനിയില്‍ ആദ്യമായി ടി.വി.വരെ അവന്റെ ഭാര്യ വാങ്ങി. അവരുടെ കുട്ടികളുടെ ആദ്യകുര്‍ബാന നടത്തിയത് വലിയ ആഘോഷത്തോടെ മൈക്കുവച്ചായിരുന്നുവത്രേ. പിന്നീട് അവര്‍ പണം ബ്ലേഡുകമ്പനിക്കാരില്‍നിന്നും വാങ്ങിത്തുടങ്ങി. കുട്ടികളെ പണംമുടക്കി ട്യൂഷനുവിടുകയും ഒരു സുപ്രഭാതത്തില്‍ ബ്ലേഡു കമ്പനിക്കാര്‍ അവനെ ആക്രമിച്ച് കാലുവരെ തല്ലി ഒടിച്ചുവത്രേ. പിന്നീട് വാവച്ചന്‍ പറഞ്ഞതനുസരിച്ച് എം.ഐ.റ്റി വാങ്ങി അനുജന്‍ റോബര്‍ട്ട് മറ്റാര്‍ക്കോ കൊടുത്തുവത്രേ. പാപ്പുവും കുടുംബവും അതോടെ കൂവള്ളൂര്‍കുന്നു കോളനിയില്‍നിന്നും വീടുകാലിയാക്കി എവിടേയ്‌ക്കോ പോയി.
ഇതില്‍നിന്നും ഒരുപാഠം മനുഷ്യര്‍ പഠിക്കേണ്ടത് 'അല്‍പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയിലും കുടപിടിക്കും' എന്നുള്ളതാണ്.'അട്ടയെപ്പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ കിടക്കുമോ' എന്നു പറഞ്ഞതുപോലെയാണ് പാപ്പുവിന്റെയും കുടുംബത്തിന്റെയും കാര്യം. അവന് കഞ്ചാവ് അടിക്കുന്ന സ്വഭാവവും ഉണ്ടായിരുന്നുവെന്ന് കോളനിയില്‍ പിന്നീട് ഞാനും ജി.കെ.യും പോയപ്പോള്‍ കോളനി വാസികള്‍ പറയുകയുണ്ടായി.
പാപ്പു താമസിച്ചിരുന്ന കൂവള്ളൂര്‍കുന്ന് കോളനിയിലെ വീട് ഇന്ന് അനാഥമായി കിടക്കുന്നു. ആരും ഇതെവരെ അവിടെ താമസമാക്കിയിട്ടില്ല. യഥാര്‍ത്ഥ ജീവിതം വിജയകരമാക്കി മാറ്റണമെങ്കില്‍ പങ്കാളികളുടെ സഹകരണവും കൂട്ടായ്മയും ആവശ്യമാണ്. പാപ്പു കഷ്ടപ്പെട്ട് അദ്ധ്യാനിച്ചുകൊണ്ടുവന്നതെല്ലാം ഭാര്യ ആഢംബരജീവിതത്തിലേക്കു നീങ്ങിയതോടെ ഒരു കടംകഥപോലെ നിമിഷനേരംകൊണ്ട് അവസാനിച്ചു. ഇതില്‍നിന്നും പഠിക്കാനുള്ള ഒരുകാര്യം എത്രപണം കൊടുത്താലും ഒരുത്തന്‍ രക്ഷപ്പെടണമെന്നില്ല. ദൈവം നോക്കിയാല്‍പോലും ഇക്കൂട്ടരെ നന്നാക്കാനോ, രക്ഷപ്പെടുത്താനോ കഴിയുകയില്ല. മരംകയറ്റം ഉന്തിത്തള്ളി കയറ്റിയാല്‍ പഠിക്കുന്ന ഒന്നല്ല. സ്വയം കയറാന്‍ ശ്രമിച്ചാലേ മരം കയറ്റം പഠിക്കൂ. ഗുരു ഈ സംഭവത്തെപ്പറ്റി പറഞ്ഞ് അവസാനിപ്പിച്ചത് അങ്ങിനെയാണ്. ഈ സംഭവത്തിനുശേഷം സഹായം ചോദിക്കുന്നവരോട് ഗുരുവിന് പുച്ഛമായിത്തുടങ്ങി എന്നദ്ദേഹം പറയുകയുണ്ടായി. താന്‍ പണമില്ലാതിരുന്നകാലത്ത് പണമുണ്ടാക്കാന്‍ കൂലിപ്പണി എടുത്തതും, 18 വലിയ തെങ്ങുകള്‍ കയറിയതുമെല്ലാം ഇരവിമംഗലത്തെ ഞങ്ങളുടെ താമസക്കാലത്ത് പങ്കുവയ്ക്കുകയുണ്ടായി. കോഴിക്കോട് മുക്കത്തുള്ള കൊച്ചുപുരയ്ക്കല്‍ തോമസ് സാറിന്റെ വീട്ടില്‍ ഒന്നുരണ്ടുമാസം ദിവസക്കൂലിക്കാരനായി, അതായത് ദിവസം മൂന്നുരൂപ വച്ച് പണി എടുത്തകാര്യം ജി.കെ. പറഞ്ഞപ്പോള്‍ സഹായത്തിനായി ആരുടെയും മുന്നില്‍ കൈനീട്ടാത്ത ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു ഗുരു കൂവള്ളൂര്‍ എന്ന ജി.കെ. എന്ന് ഒരിക്കല്‍ക്കൂടി എനിക്ക് ബോദ്ധ്യമായി. ആ വ്യക്തിയോട് പലരും ലക്ഷക്കണത്തിന് രൂപ സംഭാവന ചോദിക്കുന്നത് എത്രയോ നാണംകെട്ട ഏര്‍പ്പാടാണെന്ന് ഒരു എഴുത്തുകാരനായ ഞാന്‍ ചിന്തിക്കാതിരുന്നില്ല. ജി.കെ.യുടെ തൊട്ടയല്‍വാസിയും സമ്പന്നനുമായ ഒരു മാന്യന്‍ ഒരിക്കല്‍ ജി.കെ.യുടെ കൈയില്‍ ഉണ്ടായിരുന്ന മുഴുവന്‍ സമ്പാദ്യവും ഉടനെ തരാം മക്കളെ കെട്ടിക്കാന്‍ ഒന്നു സഹായിക്കണമെന്നു പറഞ്ഞു വാങ്ങി. നാളെത്തരാം എന്നു പറഞ്ഞ് മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും കൊടുക്കാതെ ഒടുവില്‍ അയാളുടെ വീതം മുഴുവന്‍ വിറ്റ് മുങ്ങിയ ഒരു ചരിത്രവും ജി.കെ. എന്നോടൊപ്പം പങ്കുവയ്ക്കുകയുണ്ടായി. സമൂഹത്തില്‍ മാന്യനെന്നു നടിക്കുന്ന ആ വ്യക്തി പലരോടും പണം കടംവാങ്ങി മുങ്ങിനടന്ന് ഒടുവില്‍ അയാള്‍ക്ക് പൂര്‍വ്വീകരില്‍നിന്നും കിട്ടിയ തറവാടുവരെ വില്‍ക്കേണ്ടിവന്നു. വിറ്റിട്ടും പണം കൊടുക്കാത്ത ആ മാന്യന്റെ കാര്യം കേട്ടപ്പോള്‍ മറ്റുള്ളവരുടെ പണം കൊണ്ടു ജീവിക്കുന്ന കേരളത്തിലെ പകല്‍ മാന്യന്മാര്‍ വാസ്തവത്തില്‍ ജി.കെ.യെ ഒരു മാതൃക ആക്കുകയാണുവേണ്ടത്. വീടുവിട്ടിറങ്ങിയിട്ടും നേരേ പോയത് വിലങ്ങാട്ടുള്ള പാലൂര്‍ മലയിലെ തറപ്പേല്‍ ചാണ്ടി ചേട്ടന്റെ വീട്ടുവേലക്കാരനായിട്ടാണ്. പണിയെടുത്തു കാശുവാങ്ങുന്നതില്‍ അഭിമാനമുണ്ട്. മറ്റുള്ളവന്റെ കഷ്ടപ്പെട്ടുണ്ടാക്കിയ പണം തട്ടിയെടുക്കാന്‍ കഴുകന്മാരെപ്പോലെ നോക്കിയിരിക്കുന്ന ഒരുകൂട്ടം കേരളത്തില്‍ ഇന്നുമുണ്ട്. ഒരുപക്ഷേ, ഇത്തരക്കാര്‍ തല്‍ക്കാലം രക്ഷപ്പെട്ടാലും അധികം താമസിയാതെ പ്രപഞ്ചശക്തികളുടെ പ്രഹരമെന്നോണം തകര്‍ന്നടിയുന്നതായും കാണാന്‍ കഴിയും. ജി.കെ. 1974 ല്‍ ബി.കോം പാസ്സായശേഷമാണ് വിലങ്ങാട് പാലൂര്‍മലയിലുള്ള തറപ്പേല്‍ ചാണ്ടിച്ചേട്ടന്റെ വീട്ടുവേലക്കാരനായി പോയതും രണ്ടുമാസക്കാലം അവധിപോലും എടുക്കാതെ ദിവസം രണ്ടുരൂപയ്ക്ക് പണിയെടുത്തതും.
ഗുരു കൂവള്ളൂരിന്റെ ചെറുപ്പുംമുതല്‍ അദ്ദേഹത്തിന് വ്യക്തമായ ലക്ഷ്യബോധം ഉണ്ടായിരുന്നു. സാധാരണക്കാര്‍ക്കു കടന്നുചെല്ലാന്‍ പറ്റാത്ത മേഖലകളിലേക്കു കടന്നുചെല്ലാനും ജീവിതത്തിന്റെ എല്ലാവശങ്ങളെപ്പറ്റി പഠിക്കാനും അദ്ദേഹത്തിന് സാധിച്ചു. പ്രത്യേകിച്ച് ദിവസവും വിശ്രമില്ലാതെ പണിയെടുക്കുന്ന കൃഷിക്കാരുടെ ഇടയിലും, കഷ്ടപ്പെട്ടു പകലന്തിയോളം പണിയെടുക്കുന്ന തൊഴിലാളികളുടെ ഇടയിലും, സാധാരണക്കാരായ കുടിയേറ്റക്കാരുടെ ഇടയിലും വിദ്യാഭ്യാസം തൊട്ടുതീണ്ടാത്ത ആദിവാസികളുടെ ഇടയിലേക്കും ഹിന്ദുക്കളുടെയും മുസ്ലിംങ്ങളുടെയും ക്രിസ്ത്യാനികളുടെയും യഹൂദരുടെയും ഇടയില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ഇവിടെയാണ് ഗുരുകൂവള്ളൂര്‍ ആരായിരുന്നു എന്നും, അദ്ദേഹം എന്തിനുവേണ്ടി നിലനിന്നുവെന്നും വിലയിരുത്തേണ്ടത്. ഇന്ന് അദ്ദേഹം താമസിക്കുന്ന വടക്കേ അമേരിക്കയിലും അദ്ദേഹത്തിന് തനതായ ഒരു വ്യക്തിത്വമുണ്ട് എന്ന് അദ്ദേഹത്തെ അടുത്തറിയുവന്നവര്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ അദ്ദേഹം ഒരു യോഗാഗുരുമാത്രമല്ല, നീതിയുടെ ജ്വാല തന്നെയാണെന്ന് ഇതില്‍ കൂടുതല്‍ എന്തു തെളിവുവേണം. അദ്ദേഹത്തിന്റെ ആത്മകഥ എഴുതും തോറും ഹനുമാന്റെ വാലില്‍ തുണിചുറ്റിയതുപോല നീണ്ടുനീണ്ടുവരുന്നതായി എനിക്കു തോന്നുന്നു.
തുടരും...
Read More: https://www.emalayalee.com/writer/114