Image

ഖത്തറിൽ നടക്കുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ നിന്ന് അമേരിക്ക പിന്മാറി

Published on 12 November, 2026
 ഖത്തറിൽ  നടക്കുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ നിന്ന് അമേരിക്ക പിന്മാറി

ദോഹ : സുരക്ഷാ ആശങ്കകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഖത്തറിൽ  നടക്കാനിരിക്കുന്ന 2026 ഫിഫ അണ്ടര്‍-17 പുരുഷ ലോകകപ്പില്‍ നിന്ന് അമേരിക്കന്‍ ടീം ഔദ്യോഗികമായി പിന്മാറി. ടൂര്‍ണമെന്റ് ആരംഭിക്കാന്‍ വെറും എട്ട് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് യു എസ് സോക്കര്‍ ഫെഡറേഷന്‍ ഈ തീരുമാനമെടുത്തത്. താരങ്ങളുടെയും സ്റ്റാഫിന്റെയും സുരക്ഷക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി.

 പശ്ചിമേഷ്യയിലെ നിലവിലെ സൈനിക സംഘര്‍ഷങ്ങളും ഒക്ടോബര്‍ 23-ന് യു എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് ഖത്തറിനായി പുറപ്പെടുവിച്ച ലെവല്‍ 3 യാത്രാ മുന്നറിയിപ്പുമാണ് പിന്മാറ്റത്തിന് നേരിട്ടുള്ള കാരണം. സായുധ സംഘര്‍ഷ സാധ്യതയും മേഖലയില്‍ പെട്ടെന്നുണ്ടാകാവുന്ന പ്രത്യാക്രമണങ്ങളും കണക്കിലെടുത്ത് ഖത്തറി ലേക്കുള്ള യാത്ര പുനര്‍വിചിന്തനം ചെയ്യണമെന്ന് മുന്നറിയിപ്പില്‍ ആവശ്യപ്പെട്ടിരുന്നു. ദോഹയിലെ യു എസ് എംബസി ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളും യാത്ര ഒഴിവാക്കാന്‍ കാരണമായി.

പിന്മാറ്റ പ്രഖ്യാപനത്തിന് പിന്നാലെ അത്‌ലാന്റയില്‍ നടക്കാനിരുന്ന പ്രീ-ടൂര്‍ണമെന്റ് പരിശീലന ക്യാമ്പ് യു എസ് സോക്കര്‍ റദ്ദാക്കുകയും താരങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഔദ്യോഗികമായി കത്ത് നല്‍കുകയും ചെയ്തു. മുഖ്യ പരിശീലകന്‍ അലക്‌സ് അല്‍ഡാസ് ദിവസങ്ങള്‍ക്ക് മുമ്പാണ് 21 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നത്. ഫിലാഡല്‍ഫിയ യൂണിയന്റെ മാലിക് ജാക്കുപോവിച്ച്, ചിക്കാഗോ ഫയറിന്റെ റോബര്‍ട്ട് ടര്‍ഡിയന്‍, എല്‍ എ ഗാലക്‌സിയുടെ വിന്നി ഗാര്‍സിയ തുടങ്ങിയ പ്രമുഖ യുവതാരങ്ങള്‍ ഈ ടീമില്‍ ഉള്‍പ്പെട്ടിരുന്നു.

 ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നതിന് മുമ്പ് ഗ്രൂപ്പ് ജെ-യില്‍ മോണ്ടിനെഗ്രോ, ചിലി, അള്‍ജീരിയ എന്നീ ടീമുകള്‍ക്കൊപ്പമായിരുന്നു അമേരിക്കയുടെ സ്ഥാനം. ദോഹയിലെ ആസ്പയര്‍ സോണ്‍ കോംപ്ലക്‌സിലായിരുന്നു അമേരിക്കയുടെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളും നിശ്ചയിച്ചിരുന്നത്. നവംബര്‍ 21-ന് മോണ്ടിനെഗ്രോക്കെതിരെയായിരുന്നു അമേരിക്കയുടെ ആദ്യ മത്സരം നടക്കേണ്ടിയിരുന്നത്. അമേരിക്കയുടെ പിന്മാറ്റം സ്ഥിരീകരിച്ച ഫിഫ, 48 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പ് നവംബര്‍ 19 മുതല്‍ ഡിസംബര്‍ 13 വരെ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക