
കാസർഗോഡ് ജില്ലയിലെ ഒരു കൊച്ചുഗ്രാമത്തിൽ കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകനായി ജനിച്ച്, ജീവിതപ്രതിസന്ധികളോട് പൊരുതി പഠനം പൂർത്തിയാക്കി, ഇന്ത്യയിലെ സുപ്രീം കോടതിയിൽ അഭിഭാഷകനായും പിന്നീട് അമേരിക്കയിലെ ടെക്സസിൽ ജില്ലാ കോടതി ജഡ്ജിയായും വളർന്ന വ്യക്തിയാണ് സുരേന്ദ്രൻ കെ. പട്ടേൽ. പത്താം ക്ലാസിനുശേഷം പഠനം നിർത്തി കൂലിപ്പണിക്കിറങ്ങിയ ജീവിതത്തിൽനിന്ന് അമേരിക്കയിലെ സുപ്രധാനമായ ജുഡീഷ്യൽ പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര അതിജീവനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും അപൂർവ മാതൃകയാണ്.
2022-ൽ ആദ്യമായി ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, ആദ്യ ടേമിൽ കോടതിയിലെ കേസുകളുടെ കെട്ടിക്കിടക്കുന്ന ബാക്ക്ലോഗ് പൂർണമായി ഒഴിവാക്കി മികച്ച പ്രവർത്തനമികവ് തെളിയിച്ചു. ഇരുന്നൂറിൽ താഴെ വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ ആദ്യ വിജയം നേടിയ അദ്ദേഹം, രണ്ടാം തിരഞ്ഞെടുപ്പിൽ ഏകദേശം 60,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. വ്യക്തിപരമായ നേട്ടത്തേക്കാൾ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും അംഗീകാരമായാണ് ഈ വിജയത്തെ അദ്ദേഹം കാണുന്നത്.

കുട്ടിക്കാലത്തേക്കും കുടുംബപശ്ചാത്തലത്തിലേക്കും ഒന്ന് തിരിഞ്ഞുനോക്കാമോ?
ഞാൻ ജനിച്ചുവളർന്നത് കാസർഗോഡ് ജില്ലയിലെ ബളാൽ എന്ന ചെറിയ ഗ്രാമത്തിലാണ്. ബളാൽ ഗവൺമെന്റ് ഹൈസ്കൂളിലായിരുന്നു ഒന്നുമുതൽ പത്താം ക്ലാസ് വരെയുള്ള പഠനം. പഠനത്തിൽ വലിയ മികവൊന്നും അവകാശപ്പെടാനില്ലാത്ത ഒരു സാധാരണ വിദ്യാർഥിയായിരുന്നു.
വളരെ ദരിദ്രമായ കുടുംബപശ്ചാത്തലമായിരുന്നു. കൂലിപ്പണിക്കാരായ അച്ഛനും അമ്മയ്ക്കും ഞങ്ങൾ ആറു മക്കൾ. മൂത്ത സഹോദരി ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മരണപ്പെട്ടു. ആ സംഭവവും അതുമായി ബന്ധപ്പെട്ട് കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന ബോധ്യവും വലിയ മുറിവായി അവശേഷിച്ചു. ഒരുപക്ഷേ, നിയമരംഗത്തേക്ക് എത്തണമെന്ന ആഗ്രഹത്തിന്റെ ഒരു വിത്ത് അന്നേ മനസ്സിൽ വീണിട്ടുണ്ടാകാം.
കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഒമ്പതാം ക്ലാസ് മുതൽ തന്നെ ജോലി ചെയ്യേണ്ടിവന്നു. സഹോദരിമാരോടൊപ്പം ബീഡിതെറുപ്പിൽ സഹായിച്ചു. അടുത്തുള്ള പലചരക്ക് കടയിൽ ജോലി ചെയ്തു. അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലും കൂലിപ്പണിക്കും പോയി.
പത്താം ക്ലാസ് കഴിഞ്ഞ് തുടർപഠനം ഏറെക്കുറെ അസാധ്യമായി. ഒരു വർഷത്തോളം പൂർണമായും കൂലിപ്പണിയെടുത്തു. എന്നാൽ ആ ഒരു വർഷമാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവായത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിയാനും വീണ്ടും പഠനത്തിലേക്ക് മടങ്ങാനും തീരുമാനിച്ചത് ആ കാലത്താണ്.

പഠനം പുനരാരംഭിച്ചപ്പോൾ മികച്ച അക്കാദമിക് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. അതിന് പിന്നിലെ പ്രയത്നം എങ്ങനെയായിരുന്നു?
എളേരിത്തട്ട് ഗവൺമെന്റ് കോളജിൽ പ്രീഡിഗ്രിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. പയ്യന്നൂർ കോളജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. ഇരു കോളജുകളിലും രണ്ടാം റാങ്ക് നേടാനും ഫസ്റ്റ് ക്ലാസോടെ പാസാകാനും സാധിച്ചത് ആത്മവിശ്വാസം വർദ്ധിപ്പിച്ചു. എന്നാൽ, പഠനത്തിനൊപ്പം ജോലി ഉപേക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും ചെറിയ ജോലികൾ ചെയ്തു.
നിയമപഠനത്തിനായി കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ ചേർന്നപ്പോൾ വെല്ലുവിളികൾ വീണ്ടും വർധിച്ചു. കാസർഗോഡുനിന്ന് ദിവസവും യാത്രചെയ്യാൻ സാധിക്കാത്തതിനാൽ കോഴിക്കോട്ട് താമസിക്കേണ്ടിവന്നു. അതിനുള്ള ചെലവ് കണ്ടെത്താൻ മലബാർ പാലസ് ഹോട്ടലിൽ ജോലി അഭ്യർഥിച്ചു. അവിടെ ഹൗസ് കീപ്പിങ് വിഭാഗത്തിൽ ജോലി ലഭിച്ചു.
ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി പതിനൊന്നുവരെയായിരുന്നു ജോലി. ക്ലാസുകൾ രാവിലെ മുതൽ ഉച്ചകഴിഞ്ഞ് മൂന്നര വരെ. അതിനാൽ ഉച്ചയ്ക്കുശേഷമുള്ള ക്ലാസുകൾ നഷ്ടപ്പെടുമായിരുന്നു. ലഭിക്കുന്ന സമയമത്രയും പഠനത്തിനായി വിനിയോഗിച്ചു. അങ്ങനെയാണ് നിയമബിരുദം പൂർത്തിയാക്കിയത്.

ഇന്ത്യയിലെ അഭിഭാഷകജീവിതം എങ്ങനെയായിരുന്നു? സുപ്രീം കോടതിവരെയുള്ള യാത്രയെക്കുറിച്ച് പറയാമോ?
1996 ജനുവരിയിൽ കാഞ്ഞങ്ങാട്ട് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. അവിടെ അപ്പുക്കുട്ടൻ എന്ന പ്രമുഖ അഭിഭാഷകന്റെ ഓഫീസിലായിരുന്നു തുടക്കം. മികച്ച ട്രയൽ ലോയറായി വളരാനുള്ള അവസരം ആ ഓഫീസ് എനിക്ക് നൽകി. 2004 അവസാനം വരെ അവിടെ പ്രാക്ടീസ് ചെയ്തു.
2004-ലായിരുന്നു വിവാഹം. ഭാര്യയ്ക്ക് ഡൽഹിയിൽ ജോലി ലഭിച്ചതോടെ ഞങ്ങൾ രണ്ടിടങ്ങളിലായി കഴിയേണ്ട സാഹചര്യമുണ്ടായി. പിന്നീട് ഭാര്യ ഗർഭിണിയായപ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. ഭാര്യയെ പരിചരിക്കേണ്ട സാഹചര്യം വന്നതോടെ കാഞ്ഞങ്ങാട്ടെ നല്ലൊരു പ്രാക്ടീസ് ഉപേക്ഷിച്ച് 2005-ൽ ഡൽഹിയിലേക്ക് മാറി.
തുടക്കത്തിൽ വലിയ ബുദ്ധിമുട്ടുകളുണ്ടായെങ്കിലും പിന്നീട് സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ചു. അവിടെ രണ്ടര മുതൽ മൂന്നു വർഷത്തോളം പ്രവർത്തിച്ചു. ആ കാലയളവിൽ ഏകദേശം 32 കേസുകൾ കൈകാര്യം ചെയ്യാൻ സാധിച്ചു.
അതിനിടെയാണ് ഭാര്യയ്ക്ക് അമേരിക്കയിൽ ജോലി ലഭിച്ചത്. കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് വരേണ്ടിവന്നതോടെ ഡൽഹിയിലെ പ്രാക്ടീസ് ഉപേക്ഷിക്കേണ്ടിവന്നു.

അമേരിക്കയിലെത്തിയപ്പോൾ ജീവിതം ഒന്നിൽനിന്ന് തുടങ്ങേണ്ടിവന്നു. അഭിഭാഷകനായിരുന്ന ഒരാൾക്ക് ഗ്രോസറി സ്റ്റോറിൽ ജോലി ചെയ്യേണ്ടിവന്ന സാഹചര്യം എങ്ങനെയായിരുന്നു?
അമേരിക്കയിലെത്തിയപ്പോൾ ഇവിടുത്തെ നിയമവ്യവസ്ഥയിൽ എങ്ങനെ പ്രാക്ടീസ് തുടരാമെന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. നാട്ടിൽനിന്ന് വന്ന പല അഭിഭാഷകർക്കും ഇവിടെ നിയമരംഗത്ത് തുടരാൻ കഴിയാതെ വന്ന അനുഭവങ്ങളും അറിയാമായിരുന്നു.ഭാര്യ രണ്ടാമത് ഗർഭിണിയായി.കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ടായിരുന്നു.അതുകൊണ്ട് ടെക്സസിലെ ക്രോഗർ ഗ്രോസറി സ്റ്റോറിൽ സെയിൽസ്മാനായി ജോലി ആരംഭിച്ചു. മണിക്കൂറിന് അഞ്ചര ഡോളറായിരുന്നു അന്നത്തെ വേതനം.
ഭാര്യക്ക് നൈറ്റ് ഷിഫ്റ്റ് ആയിരുന്നതിനാൽ കുട്ടികളെ നോക്കേണ്ട ചുമതലയും എനിക്കുണ്ടായിരുന്നു. ഇതിനിടയിൽ ടെക്സസിലെ നിയമവ്യവസ്ഥയിൽ വിദേശ അഭിഭാഷകർക്ക് ലഭ്യമായിരുന്ന ഒരു പ്രത്യേക അവസരത്തെക്കുറിച്ച് അറിഞ്ഞു.
ബ്രിട്ടീഷ് കോമൺ ലോ പിന്തുടരുന്ന രാജ്യങ്ങളിൽ നിശ്ചിത കാലയളവിൽ നിയമപ്രാക്ടീസ് നടത്തിയ അഭിഭാഷകർക്ക് ടെക്സസിൽ ലോ സ്കൂളിൽ വീണ്ടും പഠിക്കാതെ നേരിട്ട് ബാർ പരീക്ഷ എഴുതാനുള്ള വ്യവസ്ഥ ഉണ്ടെന്ന അറിവ് അവസാന കച്ചിത്തുരുമ്പായി. കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ അഞ്ചു വർഷത്തെ നിയമപ്രാക്ടീസും മറ്റു യോഗ്യതകളും അതിന് ആവശ്യമായിരുന്നു.
എന്റെ ഇന്ത്യൻ നിയമപരിചയം ഈ അവസരത്തിന് യോഗ്യത നേടാൻ സഹായിച്ചു. അപേക്ഷ സമർപ്പിച്ചശേഷം വിശദമായ പരിശോധനകളിലൂടെ കടന്നുപോകേണ്ടിവന്നു. എന്നാൽ അപേക്ഷ അംഗീകരിക്കപ്പെട്ടപ്പോഴേക്കും പരീക്ഷയെഴുതാനുള്ള അവസരങ്ങളിൽ ഒന്ന് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.
കുട്ടികളെ നോക്കേണ്ട ചുമതലയും ഭാര്യയുടെ ജോലി സമയവും കാരണം പരീക്ഷയ്ക്കുള്ള പ്രത്യേക കോഴ്സിൽ ചേരാനും കഴിഞ്ഞില്ല. സ്വയം പഠിച്ചാണ് പരീക്ഷയെ നേരിട്ടത്.

അമേരിക്കയിൽ ലോ സ്കൂളിൽ പഠിച്ചെത്തുന്നവരിൽ പോലും വിജയശതമാനം പരിമിതമാണ്. വിദേശ നിയമപരിചയത്തിന്റെ അടിസ്ഥാനത്തിൽ പരീക്ഷയെഴുതുന്നവരിൽ വളരെ കുറച്ചുപേർക്കേ വിജയിക്കാൻ കഴിയാറുള്ളൂ. അത്തരമൊരു സാഹചര്യത്തിൽ ആദ്യ ശ്രമത്തിൽ തന്നെ പരീക്ഷ വിജയിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായിരുന്നു.
ബാർ പരീക്ഷ വിജയിച്ചശേഷം അമേരിക്കയിൽ അഭിഭാഷകനെന്ന നിലയിൽ നേരിട്ട വെല്ലുവിളികൾ എന്തായിരുന്നു?
പരീക്ഷ വിജയിച്ചശേഷം നൂറോളം ലോ ഫേമുകളിൽ ജോലി തേടി അപേക്ഷിച്ചു. എന്നാൽ, പ്രതീക്ഷിച്ച രീതിയിലുള്ള അവസരങ്ങൾ ലഭിച്ചില്ല. ഒടുവിൽ സ്വന്തമായി പ്രാക്ടീസ് ആരംഭിക്കുകയായിരുന്നു.
ഇതിനിടെ യൂണിവേഴ്സിറ്റി ഓഫ് ഹ്യൂസ്റ്റൺ ലോ സെന്ററിൽ എൽ.എൽ.എമ്മിന് ചേർന്നു. ഇന്റർനാഷണൽ ലോയിൽ മാസ്റ്റേഴ്സ് ചെയ്തു. കോഴ്സിന്റെ ഭാഗമായി അന്താരാഷ്ട്ര നിയമത്തിൽ, പ്രത്യേകിച്ച് 'Crimes of Aggression' എന്ന വിഷയത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നിർവചനത്തെ വിമർശിക്കുകയും പുതിയൊരു നിർവചനം മുന്നോട്ടുവയ്ക്കുകയും ചെയ്യുന്ന ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു. ആ പ്രബന്ധത്തിന് മികച്ച പ്രതികരണവും ലഭിച്ചു.
അഭിഭാഷകനിൽനിന്ന് ജഡ്ജിയിലേക്കുള്ള മാറ്റത്തിന് പ്രചോദനമായത് എന്താണ്? ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചത് എപ്പോഴാണ്?
അഭിഭാഷകനെന്ന നിലയിൽ പ്രാക്ടീസ് തുടർന്നുകൊണ്ടിരിക്കെയാണ് ജുഡീഷ്യൽ രംഗത്തേക്ക് കടക്കണമെന്ന ആഗ്രഹം ശക്തമായത്.
നിയമരംഗത്ത് പ്രവർത്തിച്ച അനുഭവങ്ങളും സമൂഹത്തിൽ നേരിട്ട ചില പ്രശ്നങ്ങളും വിലയിരുത്തിയപ്പോൾ ഒരു നല്ല ജഡ്ജിയായി പ്രവർത്തിക്കാൻ എനിക്ക് കഴിയുമെന്ന് തോന്നി.
2020-ലാണ് ആദ്യമായി മത്സരിച്ചത്. പ്രൈമറിയിൽ ഒരാൾക്കും 50 ശതമാനത്തിലധികം വോട്ട് ലഭിക്കാത്തതിനാൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ രണ്ടുപേർ റൺഓഫിലേക്ക് പോയി. അതിൽ ഞാൻ പരാജയപ്പെട്ടു.
എന്നാൽ ആ പരാജയം എന്നെ പിന്തിരിപ്പിച്ചില്ല. 2022-ൽ വീണ്ടും മത്സരിച്ചു. അന്ന് ഡെമോക്രാറ്റിക് പ്രൈമറിയിൽ സിറ്റിങ് ജഡ്ജിക്കെതിരെ മത്സരിച്ച് വിജയിച്ചു. തുടർന്ന് ജനറൽ ഇലക്ഷനിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയെയും പരാജയപ്പെടുത്തി 240-ാം ഡിസ്ട്രിക്ട് കോടതിയുടെ ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടു.
ആദ്യ തിരഞ്ഞെടുപ്പിൽ വെറും 194 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.
ആദ്യ ടേമിൽ തന്നെ കോടതിയുടെ പ്രവർത്തനത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവന്നു. ബാക്ക്ലോഗ് ഒഴിവാക്കിയതിനെക്കുറിച്ച് വിശദീകരിക്കാമോ?
ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ എന്റെ കോടതിയിൽ നിരവധി കേസുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ആദ്യ നാലുവർഷത്തെ ടേമിനുള്ളിൽ ആ ബാക്ക്ലോഗ് ഇല്ലാതാക്കുമെന്നാണ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം.
എന്നാൽ നാലുവർഷം കാത്തിരിക്കേണ്ടിവന്നില്ല. ആദ്യ രണ്ടു വർഷത്തിനുള്ളിൽ തന്നെ കോടതിയിലെ ബാക്ക്ലോഗ് പൂർണമായി ഒഴിവാക്കാൻ സാധിച്ചു.

കഴിഞ്ഞ നാലുവർഷത്തിനിടെ കൗണ്ടിയിലെ പത്ത് ഡിസ്ട്രിക്ട് കോടതികളിൽ ഏറ്റവും കൂടുതൽ ജൂറി ട്രയലുകൾ നടത്തിയ ജഡ്ജി എന്ന നേട്ടവും കൈവരിച്ചു. ഏറ്റവും കൂടുതൽ ബെഞ്ച് ട്രയലുകൾ നടത്തിയതിലും കേസുകൾ തീർപ്പാക്കിയതിലും റെക്കോർഡ് സൃഷ്ടിക്കാൻ കഴിഞ്ഞു.
നാല്പതിലേറെ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് നൽകാനും അവരെ മെന്റർ ചെയ്യാനും സാധിച്ചു. ബാർ അസോസിയേഷനുമായി മികച്ച ബന്ധം സ്ഥാപിച്ചു. 2025-ൽ കൗണ്ടിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ജഡ്ജിക്ക് ബാർ അസോസിയേഷനിൽനിന്ന് ലഭിച്ച പ്രത്യേക ഓണററി അംഗീകാരവും എനിക്ക് ലഭിച്ചു.
ആദ്യ തിരഞ്ഞെടുപ്പിൽ നേരിയ മാർജിനിൽ വിജയിച്ച താങ്കൾ ,രണ്ടാം തവണ ഏകദേശം 60,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഈ മാറ്റത്തെ എങ്ങനെ വിലയിരുത്തുന്നു?
ആദ്യ തിരഞ്ഞെടുപ്പിൽ എനിക്ക് നിരവധി പരിമിതികളുണ്ടായിരുന്നു. അമേരിക്കയിൽ എത്തിയിട്ട് അധികകാലമായിരുന്നില്ല. 2016-17 കാലഘട്ടത്തിലാണ് എനിക്ക് അമേരിക്കൻ പൗരത്വം ലഭിച്ചത്. പൊതുസമൂഹത്തിൽ എന്നെ അധികമാർക്കും അറിയില്ലായിരുന്നു. എന്റെ ഉച്ചാരണരീതിയും പശ്ചാത്തലവും കാരണം പൊതുസമൂഹം എത്രത്തോളം എന്നെ അംഗീകരിക്കുമെന്ന ആശങ്കയും ചിലർക്കുണ്ടായിരുന്നു.
ഒരു ഡിസ്ട്രിക്ട്കോടതിയുടെ ജഡ്ജി എന്നത് വളരെ വലിയ ഉത്തരവാദിത്വമുള്ള പദവിയാണ്. കൊലപാതകം, ലൈംഗികാതിക്രമം, കവർച്ച തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുകളും കോടിക്കണക്കിന് ഡോളറിന്റെ സിവിൽ കേസുകളുമാണ് ഈ കോടതിയിലെത്തുന്നത്. അതിനാൽ ആവശ്യമായ പരിചയവും യോഗ്യതയും എനിക്കുണ്ടോ എന്ന ചോദ്യങ്ങളും ഉയർന്നിരുന്നു.
എന്നാൽ കഠിനമായ പ്രചാരണവും സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും പിന്തുണയും വിജയത്തിലേക്ക് നയിച്ചു.

രണ്ടാമത്തെ തിരഞ്ഞെടുപ്പിൽ സാഹചര്യം വ്യത്യസ്തമായിരുന്നു. ആദ്യ ടേമിലെ പ്രവർത്തനങ്ങൾ എന്റെ ഏറ്റവും വലിയ പ്രചാരണായുധമായി. അഭിഭാഷകസമൂഹത്തിന്റെ വലിയ പിന്തുണയും ലഭിച്ചു. പ്രൈമറിയിൽ എതിരാളികളില്ലാതെ വിജയിച്ചു. ജനറൽ ഇലക്ഷനിൽ ഇന്ത്യൻ വംശജയായ ഒരു വനിതാ അഭിഭാഷകയായിരുന്നു എതിരാളി. അവർ ക്രിമിനൽ ഡിഫൻസ് ലോയറായി ഏകദേശം 35 വർഷമായി പ്രാക്ടീസ് ചെയ്യുന്ന വ്യക്തിയാണ്.
ഈ തിരഞ്ഞെടുപ്പിൽ എനിക്ക് ജയിക്കുമെന്ന കാര്യത്തിൽ വലിയ ആശങ്കയുണ്ടായിരുന്നില്ല. എന്നാൽ എതിരാളിയുടെ പ്രചാരണം ചിലപ്പോഴൊക്കെ നെഗറ്റീവ് സ്വഭാവത്തിലേക്ക് മാറി. ഞാൻ വിശ്വസിക്കുന്നത് പോസിറ്റീവ് ക്യാമ്പയിനിലാണ്. എന്റെ പ്രവർത്തനരേഖയും കഴിഞ്ഞ നാലുവർഷത്തെ നേട്ടങ്ങളുമാണ് ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചത്.
ആദ്യ തവണ 194 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിടത്ത് ഇത്തവണ ഏകദേശം 60,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. അത് എന്റെ വ്യക്തിപരമായ മഹിമയല്ല. ജനങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിന്റെ അംഗീകാരമാണ്. അതെന്റെ ഉത്തരവാദിത്ത ബോധം വർദ്ധിപ്പിക്കുകയാണ് ചെയ്തത്.
ഒരു ജഡ്ജിയുടെ പ്രവർത്തനമികവ് വിലയിരുത്തേണ്ടത് വിധികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണോ, അതോ നീതിയുടെ ഗുണനിലവാരവും സമയബന്ധിതമായ തീർപ്പുമാണോ പ്രധാനം?
ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ട കാര്യങ്ങളാണ്. 'Justice delayed is justice denied' എന്നൊരു തത്വമുണ്ട്. സമയബന്ധിതമായി നീതി ലഭ്യമാക്കാൻ കഴിയുന്നില്ലെങ്കിൽ അത് നീതിന്യായവ്യവസ്ഥയുടെ പരാജയമാണ്.
എന്നാൽ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന്റെ പേരിൽ നീതിയുടെ ഗുണനിലവാരം കുറയാൻ പാടില്ല. ഓരോ വ്യക്തിക്കും തന്റെ ഭാഗം വിശദീകരിക്കാനും വാദങ്ങൾ അവതരിപ്പിക്കാനും അവസരവും സമയവും ലഭിക്കണം.
കൃത്യമായ ഷെഡ്യൂളിങ്, കാര്യക്ഷമമായ കേസ് മാനേജ്മെന്റ്, സമയബന്ധിതമായ ഹിയറിങ്ങുകൾ എന്നിവയിലൂടെയാണ് ഞങ്ങളുടെ കോടതി പ്രവർത്തിക്കുന്നത്. ചെറിയൊരു സ്റ്റാഫ് മാത്രമുള്ളപ്പോഴും കാര്യക്ഷമമായി കോടതിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ഞങ്ങൾക്ക് സാധിക്കുന്നുണ്ട്.

ജഡ്ജിയെന്ന നിലയിൽ കഴിഞ്ഞ നാലുവർഷത്തിനിടെ ഏറ്റവും കൂടുതൽ മനസ്സിനെ സ്വാധീനിച്ച കേസുകളോ അനുഭവങ്ങളോ ഉണ്ടായിട്ടുണ്ടോ?
വളരെ ഗൗരവമേറിയ ക്രിമിനൽ കേസുകളും സങ്കീർണമായ സിവിൽ കേസുകളുമാണ് എന്റെ കോടതിയിലെത്തുന്നത്. ചില ലൈംഗികാതിക്രമ കേസുകൾ ഉൾപ്പെടെയുള്ള സംഭവങ്ങൾ വൈകാരികമായി ഏറെ സ്വാധീനിക്കുന്നവയാണ്.
എന്നാൽ ഒരു ജുഡീഷ്യൽ ഓഫീസർ എന്ന നിലയിൽ വ്യക്തിപരമായ വികാരങ്ങളും കുടുംബജീവിതവും കോടതി നടപടികളിൽ ഇടപെടാൻ അനുവദിക്കരുത്. ജഡ്ജിയുടെ ഉത്തരവാദിത്വം വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കതീതമായി നിയമത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ തീരുമാനമെടുക്കുക എന്നതാണ്.
വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും വേർതിരിച്ചുകൊണ്ടുപോകാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. വർഷങ്ങളായുള്ള അഭിഭാഷകപരിചയം അതിന് എന്നെ സഹായിക്കുന്നുണ്ട്.
നിയമരംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം വർധിച്ചുവരികയാണ്. അതിന്റെ സാധ്യതകളും വെല്ലുവിളികളും എങ്ങനെയാണ് കാണുന്നത്?
നിയമഗവേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ എഐ സഹായകരമാണ്. എന്നാൽ അതിനെ പൂർണമായി ആശ്രയിക്കുന്നത് അപകടകരമാണ്.
പ്രത്യേകിച്ച് സ്വയം കോടതിയിൽ കേസുകൾ ഫയൽ ചെയ്യുന്നവർ എഐ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ നിയമപരമായ മെമ്മോകളും അപേക്ഷകളും തയ്യാറാക്കുന്നുണ്ട്. എന്നാൽ, അതിൽ ഉൾപ്പെടുന്ന നിയമവ്യവസ്ഥകളും മുൻവിധികളും കൃത്യമാണോ എന്ന് പരിശോധിക്കാതെ കോടതിയിൽ സമർപ്പിക്കുന്നത് വലിയ പ്രശ്നമാണ്.
എഐ സൃഷ്ടിക്കുന്നതും യാഥാർഥ്യമല്ലാത്തതുമായ കേസ് ലോ, നിയമപരമായ ഉദ്ധരണികൾ എന്നിവ കോടതിയിൽ സമർപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അഭിഭാഷകർ ഇത്തരം തെറ്റായ വിവരങ്ങൾ പരിശോധിക്കാതെ സമർപ്പിച്ചാൽ അവരുടെ ലൈസൻസിനെ ബാധിക്കുന്ന നടപടികൾ ഉൾപ്പെടെയുള്ള ഉപരോധങ്ങൾ നേരിടേണ്ടിവരാം.
എഐ ഉപയോഗിക്കരുത് എന്നല്ല എന്റെ അഭിപ്രായം. എന്നാൽ അതിന്റെ സഹായത്തോടെ ലഭിക്കുന്ന വിവരങ്ങൾ നിയമപരമായി ശരിയാണെന്ന് ഉറപ്പുവരുത്തണം. അമേരിക്കൻ ജുഡീഷ്യറി ഈ വിഷയത്തിൽ വളരെ ജാഗ്രത പുലർത്തുന്നുണ്ട്.
അമേരിക്കയിലെ കുടിയേറ്റനിയമങ്ങളും കുടിയേറ്റക്കാരുടെ അവകാശങ്ങളും ഇപ്പോൾ വലിയ ചർച്ചാവിഷയമാണ്. നിയമവാഴ്ചയും മനുഷ്യാവകാശങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ എങ്ങനെ ഉറപ്പാക്കണം?
ഇമിഗ്രേഷൻ നിയമങ്ങൾ കൈകാര്യം ചെയ്യുന്നത് എന്റെ കോടതിയല്ല. അത് പ്രധാനമായും ഫെഡറൽ കോടതികളുടെ പരിധിയിലുള്ള വിഷയമാണ്. അതിനാൽ ഒരു ജുഡീഷ്യൽ ഓഫീസർ എന്ന നിലയിൽ അത്തരം നയപരമായ വിഷയങ്ങളിൽ വ്യക്തിപരമായ അഭിപ്രായം പറയുന്നത് ഉചിതമാണെന്ന് ഞാൻ കരുതുന്നില്ല.
എന്നാൽ എന്റെ കോടതിയിലെത്തുന്ന ഓരോ വ്യക്തിക്കും അവരുടെ വംശം, സാമ്പത്തിക പശ്ചാത്തലം, സാമൂഹിക സ്ഥാനം എന്നിവ പരിഗണിക്കാതെ തുല്യനീതി ഉറപ്പാക്കുക എന്നതാണ് എന്റെ ഉത്തരവാദിത്വം. നിയമം എല്ലാവർക്കും ഒരുപോലെയാണ്.

സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങൾ നിലനിൽക്കുന്ന സമൂഹത്തിൽ എല്ലാവർക്കും തുല്യനീതി ഉറപ്പാക്കാൻ കോടതികൾക്ക് എന്തുചെയ്യാൻ കഴിയും?
ഓരോ വ്യക്തിക്കും തുല്യമായ അവസരവും നീതിയും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ കോടതികൾക്ക് കഴിയും. എന്നാൽ സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങളുടെ ആഴവും വ്യാപ്തിയും ഒരു ജഡ്ജിക്ക് മാത്രം പരിഹരിക്കാനാവില്ല.
അത്തരം വിഷയങ്ങളിൽ നിയമനിർമാണസഭയ്ക്കും ഭരണനിർവഹണ വിഭാഗത്തിനുമാണ് കൂടുതൽ പ്രധാനപ്പെട്ട പങ്കുള്ളത്. എന്നാൽ കോടതിയിലെത്തുന്ന ഓരോ വ്യക്തിക്കും തുല്യനീതിയും നിയമപരമായ സംരക്ഷണവും ഉറപ്പാക്കുക എന്നത് ജഡ്ജിയുടെ അടിസ്ഥാന ഉത്തരവാദിത്വമാണ്.
ഇന്ത്യൻ ജുഡീഷ്യറിയിലും അമേരിക്കൻ ജുഡീഷ്യറിയിലും പ്രവർത്തിച്ച അനുഭവമുള്ള വ്യക്തിയെന്ന നിലയിൽ ഈ രണ്ട് നിയമവ്യവസ്ഥകൾ തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ്?
ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം ജൂറി ട്രയൽ സംവിധാനമാണ്.
ഇന്ത്യയിൽ ഭൂരിഭാഗം കേസുകളിലും ജഡ്ജിയാണ് വാദങ്ങളും തെളിവുകളും പരിശോധിച്ച് വിധി പറയുന്നത്. എന്നാൽ, അമേരിക്കയിൽ ക്രിമിനൽ കേസുകളിൽ സാധാരണയായി ജൂറി സംവിധാനമാണ് നിലവിലുള്ളത്. കുറ്റക്കാരനാണോ അല്ലയോ എന്ന് ജൂറിയാണ് തീരുമാനിക്കുന്നത്.
ക്രിമിനൽ കേസുകളിൽ രണ്ട് ഘട്ടങ്ങളുണ്ട്. ഒന്നാമത്തേത് കുറ്റം തെളിയിക്കുന്ന ഘട്ടവും രണ്ടാമത്തേത് ശിക്ഷ നിർണയിക്കുന്ന ഘട്ടവുമാണ്. ആദ്യഘട്ടത്തിൽ ജൂറി കുറ്റം തെളിയിച്ചാൽ ശിക്ഷ നിർണയിക്കുന്ന ഘട്ടം ജഡ്ജിയുടെ മുമ്പാകെ നടത്തണമോ അതോ ജൂറിയെക്കൊണ്ട് തന്നെ തീരുമാനിപ്പിക്കണമോ എന്ന് പ്രതിക്ക് തിരഞ്ഞെടുക്കാം.
സിവിൽ കേസുകളിൽ കക്ഷികൾക്ക് പരസ്പര ധാരണയോടെ ബെഞ്ച് ട്രയൽ തിരഞ്ഞെടുക്കാം. അല്ലാത്തപക്ഷം ആവശ്യാനുസരണം ജൂറി ട്രയലിലേക്ക് പോകാം.
രണ്ടു രാജ്യങ്ങളുടെയും നിയമവ്യവസ്ഥകൾക്ക് ബ്രിട്ടീഷ് കോമൺ ലോ ആണ് അടിസ്ഥാനമായുള്ളത്. അതിനാൽ അടിസ്ഥാന നിയമതത്വങ്ങളിൽ വലിയ സാമ്യമുണ്ട്. ഇന്ത്യയിലെ എന്റെ നിയമപരിചയം അമേരിക്കയിലെ ബാർ പരീക്ഷ വിജയിക്കാനും ഇവിടെ പ്രാക്ടീസ് ചെയ്യാനും ഏറെ സഹായിച്ചു.
അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ പൊതുരംഗത്തെ സാന്നിധ്യം വർധിച്ചുവരികയാണ്. പുതിയ തലമുറയോട് എന്താണ് പറയാനുള്ളത്?
അമേരിക്കയിൽ ഇന്ത്യൻ സമൂഹത്തിന്റെയും മലയാളി സമൂഹത്തിന്റെയും സാന്നിധ്യം എല്ലാ മേഖലകളിലും വർധിച്ചുവരുന്നുണ്ട്. എന്റെ കോടതിയിൽ തന്നെ രണ്ടുമൂന്ന് മലയാളി പ്രോസിക്യൂട്ടർമാരുണ്ട്. രാഷ്ട്രീയ, നിയമ, വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിലും ഇന്ത്യക്കാർ കൂടുതൽ സജീവമാകുന്നുണ്ട്.
അടുത്ത തലമുറയിൽപ്പെട്ട ഇന്ത്യൻ വംശജർ കൂടുതൽ സജീവമായി പൊതുരംഗത്തേക്ക് കടന്നുവരണം. അവർ ഉയർന്ന സ്ഥാനങ്ങളിലെത്തുന്നത് കാണാനും അവരെ പ്രോത്സാഹിപ്പിക്കാനും കൈത്താങ്ങാകാനും നമുക്കെല്ലാവർക്കും ഉത്തരവാദിത്വമുണ്ട്.
അടുത്ത തലമുറയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കണം. അവർക്ക് വഴികാട്ടാനും പിന്തുണ നൽകാനും നാം തയ്യാറാകണം.
മലയാളി സംഘടനകളുമായുള്ള ബന്ധവും പ്രവർത്തനങ്ങളും എങ്ങനെയാണ്?
ഞാൻ ഹ്യൂസ്റ്റണിലെ ഗ്രേറ്റർ ഹ്യൂസ്റ്റൺ മലയാളി അസോസിയേഷനുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ ഇതിന്റെ 2014-15 കാലയളവിൽ സെക്രട്ടറിയായും പിന്നീട് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്നും സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാറുണ്ട്. ആവശ്യമായ മാർഗനിർദേശങ്ങളും പിന്തുണയും നൽകാറുണ്ട്. മറ്റു മലയാളി സംഘടനകളുമായും ബന്ധമുണ്ട്. വെറ്ററൻസ് സംഘടനകളുടെ പ്രവർത്തനങ്ങളിലും കഴിയുന്ന രീതിയിൽ സഹായിക്കാറുണ്ട്.

'റൺ സിസ്റ്റർ റൺ' എന്ന വനിതാ ശാക്തീകരണ സംഘടനയുടെ പ്രത്യേക അംഗീകാരം ലഭിച്ചതിനെക്കുറിച്ച് പറയാമോ?
'Run Sister Run' എന്നത് സ്ത്രീകളെ രാഷ്ട്രീയരംഗത്തേക്ക് കൊണ്ടുവരാനും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. സാധാരണയായി സ്ത്രീ സ്ഥാനാർഥികൾക്കാണ് അവർ തിരഞ്ഞെടുപ്പുകളിൽ പിന്തുണ നൽകാറുള്ളത്.
എന്നാൽ ഈ തിരഞ്ഞെടുപ്പിന് മുമ്പ് എന്റെ ജുഡീഷ്യൽ, സാമൂഹിക, കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ പരിഗണിച്ച് അവർ എന്നെ പ്രത്യേകമായി ആദരിക്കുകയും അവാർഡ് നൽകുകയും ചെയ്തു.
സ്ത്രീകളെ മാത്രം പിന്തുണയ്ക്കുന്ന ഒരു സംഘടന പുരുഷനായ എന്നെ പ്രത്യേകം പരിഗണിച്ചത് വലിയ അംഗീകാരമായാണ് കാണുന്നത്. അവരുടെ തിരഞ്ഞെടുപ്പ് പിന്തുണയേക്കാൾ ഉപരിയായി, എന്റെ പ്രവർത്തനങ്ങളെ അവർ അംഗീകരിച്ചു എന്നതാണ് എന്നെ കൂടുതൽ സന്തോഷിപ്പിച്ചത്.
കാസർഗോഡിലെ ജന്മനാടുമായുള്ള ബന്ധം ഇപ്പോഴും നിലനിർത്തുന്നുണ്ടോ? നാട്ടിലെത്തുമ്പോൾ ലഭിക്കുന്ന സ്വീകരണങ്ങളെ എങ്ങനെ കാണുന്നു?
അമ്മയും സഹോദരങ്ങളും നാട്ടിലുണ്ട്. എല്ലാ വർഷവും പ്രിയപ്പെട്ടവരെ കാണാൻ നാട്ടിലെത്താൻ ശ്രമിക്കാറുണ്ട്. 2025-ൽ വരാൻ കഴിഞ്ഞില്ല. 2026 ജനുവരിയിൽ നാട്ടിലെത്തിയിരുന്നു. അടുത്ത ടേം ജനുവരി ഒന്നിന് ആരംഭിക്കുന്നതിനാൽ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുശേഷം വീണ്ടും നാട്ടിലെത്താനാണ് ആഗ്രഹം.
കേരള ഹൈക്കോടതി, തലശ്ശേരി ബാർ അസോസിയേഷൻ, കോഴിക്കോട് ബാർ അസോസിയേഷൻ, കാഞ്ഞങ്ങാട് ബാർ അസോസിയേഷൻ തുടങ്ങിയ ഇടങ്ങളിൽനിന്ന് സ്വീകരണങ്ങൾ ലഭിച്ചിട്ടുണ്ട്. ഞാൻ പഠിച്ച സ്കൂളുകളിലും കോളേജുകളിലും ആദരിക്കപ്പെട്ടിട്ടുണ്ട്.
എന്നാൽ നാട്ടിലെത്തുമ്പോൾ ഒരു ജഡ്ജിയുടെ പദവിയിലല്ല, പഴയ സുരേന്ദ്രനായിട്ടാണ് ആളുകൾക്കിടയിൽ ഇടപെടാൻ ആഗ്രഹിക്കുന്നത്. പഴയ സുഹൃത്തുക്കളെയും സഹപാഠികളെയും കാണുമ്പോൾ പഴയകാലത്തെപ്പോലെ തന്നെയാണ് പെരുമാറുന്നത്. നാട്ടുകാർ എന്നെ പഴയ സുരേന്ദ്രനായി കാണുന്നതാണ് എനിക്ക് ഏറ്റവും സന്തോഷം നൽകുന്നത്.
ജന്മനാട്ടിലെ സ്കൂളിന്റെ വികസനത്തിനായി എന്തെങ്കിലും പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിട്ടുണ്ടോ?
സ്കൂളിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് പലരും എന്നെ സമീപിക്കാറുണ്ട്. 2024-ൽ നാട്ടിലെത്തിയപ്പോൾ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയെയും മുഖ്യമന്ത്രിയെയും നേരിട്ട് കണ്ട് സ്കൂളിന് ആവശ്യമായ പുതിയ കെട്ടിടം ലഭിക്കുന്നതിനായി ഇടപെട്ടിരുന്നു.
സർക്കാർ തലത്തിൽ അനുകൂലമായ പ്രതികരണവും ലഭിച്ചു. മന്ത്രിയുടെ ഭാഗത്തുനിന്ന് സ്കൂൾ അധികൃതരുമായി നേരിട്ട് ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ചില ഭരണപരമായ കാരണങ്ങളാൽ പദ്ധതി മുന്നോട്ടുപോയില്ലെന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.
ഒരു വ്യക്തിക്ക് മാത്രം ഒരു സ്കൂളിന്റെ സമഗ്രവികസനം സാധ്യമല്ല. അതിന് കൂട്ടായ പരിശ്രമവും സ്ഥാപനങ്ങളുടെ സജീവമായ ഇടപെടലും ആവശ്യമാണ്. എന്റെ ജന്മനാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഇനിയും കഴിയുന്ന സംഭാവനകൾ നൽകണമെന്നാണ് ആഗ്രഹം.
കുടുംബത്തെക്കുറിച്ച് പറയാമോ?
ഭാര്യ ശുഭ സുരേന്ദ്രൻ അമേരിക്കയിൽ നഴ്സായി ജോലി ചെയ്യുന്നു. ഞങ്ങൾക്ക് രണ്ട് പെൺമക്കളാണ്.
മൂത്ത മകൾ അനഘ സുരേന്ദ്രൻ ടെക്സസ് സർവകലാശാലയിൽ മൂന്നാം വർഷ വിദ്യാർഥിനിയാണ്. കമ്മ്യൂണിക്കേഷനാണ് പ്രധാന വിഷയം. പഠനത്തിനുശേഷം ലോ സ്കൂളിൽ ചേരാനാണ് ആഗ്രഹം.
രണ്ടാമത്തെ മകൾ സാന്ദ്ര സുരേന്ദ്രൻ കോളജിൽ ഒന്നാം വർഷ വിദ്യാർഥിനിയാണ്. ജേണലിസമാണ് അവളുടെ മേജർ.
കുടുംബത്തിന്റെ പിന്തുണയില്ലാതെ എന്റെ ജീവിതത്തിലെ ഈ നേട്ടങ്ങളൊന്നും സാധ്യമാകുമായിരുന്നില്ല.
താങ്കളുടെ ജീവിതയാത്രയിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തികൾ?
എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തി തീർച്ചയായും എന്റെ അമ്മയാണ്. ത്യാഗത്തിന്റെ പര്യായമാണ് എന്റെ അമ്മ ജാനകി. ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങളും പ്രതിസന്ധികളും കഷ്ടപ്പാടുകളും അനുഭവിച്ചിട്ടും അതൊന്നും പുറത്തുകാണിക്കാതെ എല്ലാം സ്വയം സഹിച്ച് കുടുംബത്തിനുവേണ്ടി കഠിനാധ്വാനം ചെയ്ത വ്യക്തി.
എന്റെ ജീവിതയാത്രയിൽ പലപ്പോഴും വലിയ പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുമ്പോൾ ഞാൻ തിരിഞ്ഞുനോക്കുന്നത് അമ്മ അനുഭവിച്ച കഷ്ടപ്പാടുകളിലേക്കാണ്. അതുമായി താരതമ്യം ചെയ്യുമ്പോൾ എന്റെ സ്വന്തം പോരാട്ടങ്ങളൊന്നും അത്ര വലുതായി തോന്നാറില്ല. ജീവിതത്തെ നോക്കിക്കാണുന്ന രീതിയിലും പ്രതിസന്ധികളെ നേരിടാനുള്ള മനക്കരുത്തിലും അമ്മയുടെ ജീവിതം എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
അതുപോലെതന്നെ എന്റെ കുടുംബത്തിന്റെ പിന്തുണയും ഈ യാത്രയിൽ നിർണായകമാണ്. ഭാര്യ ശുഭയും മക്കളും വലിയ ത്യാഗങ്ങളാണ് എനിക്കുവേണ്ടി സഹിച്ചിട്ടുള്ളത്. പൊതുപ്രവർത്തനത്തിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായപ്പോൾ കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ടിയിരുന്ന സമയത്തിന്റെ വലിയൊരു ഭാഗം എനിക്ക് മാറ്റിവെക്കേണ്ടിവന്നു. എന്റെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്തും അവർ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചു. അവരുടെ പിന്തുണയില്ലാതെ എനിക്ക് ഇന്നത്തെ നിലയിലെത്താൻ കഴിയുമായിരുന്നില്ല.
ഭാര്യയ്ക്ക് അമേരിക്കയിൽ ജോലി ലഭിച്ചതാണ് എനിക്കും ഇവിടെ എത്താനുള്ള സാഹചര്യമൊരുക്കിയത്. ഇന്ത്യയിലെ അഭിഭാഷകജീവിതം ഉപേക്ഷിച്ച് അമേരിക്കയിലേക്ക് വരണമോ എന്ന കാര്യത്തിൽ ഞങ്ങൾക്കിടയിൽ വലിയ ചർച്ചകളും ആശങ്കകളുമുണ്ടായിരുന്നു. ഒടുവിൽ ഒരുമിച്ച് വരാൻ തീരുമാനിച്ചു. ആ തീരുമാനം എന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായി. അഭിഭാഷകനിൽനിന്ന് അമേരിക്കൻ ജഡ്ജിയിലേക്കുള്ള മാറ്റത്തിന് വഴിയൊരുക്കിയതിൽ ഭാര്യയോടുള്ള കടപ്പാട് എക്കാലത്തുമുണ്ടാകും.
എന്നെ പഠിപ്പിച്ച അധ്യാപകരും ഗുരുനാഥന്മാരും സുഹൃത്തുക്കളും അയൽവാസികളുമെല്ലാം പല ഘട്ടങ്ങളിലായി എന്റെ ജീവിതത്തെ സ്വാധീനിച്ചവരാണ്. അവരോടൊക്കെ എനിക്ക് വലിയ കടപ്പാടുണ്ട്.
പ്രത്യേകിച്ച് എടുത്തുപറയേണ്ട മറ്റൊരാൾ ഞാൻ പത്തുവർഷത്തോളം അഭിഭാഷകനായി പ്രവർത്തിച്ച ഓഫീസിലെ മുതിർന്ന അഭിഭാഷകനായ അപ്പുക്കുട്ടൻ വക്കീലാണ്. അദ്ദേഹത്തിന്റെ ക്ഷമാശീലവും സമീപനരീതിയും പ്രൊഫഷണൽ ജീവിതത്തിലെ അച്ചടക്കവും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. എന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിലും ഒരു അഭിഭാഷകനെന്ന നിലയിൽ എന്നെ പാകപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്.
അതുകൊണ്ട് എന്റെ ജീവിതവിജയം ഒരാളുടെ മാത്രം സംഭാവനയായി കാണാൻ കഴിയില്ല. അമ്മയുടെ ത്യാഗവും ഭാര്യയുടെയും മക്കളുടെയും പിന്തുണയും അധ്യാപകരുടെ മാർഗനിർദേശവും സ്വാധീനവും സുഹൃത്തുക്കളുടെ സ്നേഹവും എല്ലാം ചേർന്നാണ് ഇന്നത്തെ സുരേന്ദ്രൻ പട്ടേലിനെ രൂപപ്പെടുത്തിയത്.
പുതിയ തലമുറയോട് പ്രത്യേകിച്ച് വിദ്യാർഥികളോട് എന്താണ് പറയാനുള്ളത്?
ഡോ. എ.പി.ജെ. അബ്ദുൽ കലാം പറഞ്ഞതുപോലെ, വലിയ സ്വപ്നങ്ങൾ കാണുക എന്നതാണ് എനിക്ക് പുതിയ തലമുറയോട് പറയാനുള്ളത്.
വലിയ സ്വപ്നങ്ങൾ കാണുക മാത്രമല്ല, അവ സാക്ഷാത്കരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. നിശ്ചയദാർഢ്യത്തോടെയും ആത്മവിശ്വാസത്തോടെയും കഠിനാധ്വാനത്തോടെയും മുന്നോട്ടുപോകണം.
ജീവിതത്തിൽ എന്നെ പരാജയപ്പെടുത്താൻ പല സാഹചര്യങ്ങൾക്കും കഴിയുമായിരുന്നുവെങ്കിലും അവയൊന്നും എന്നെ തടഞ്ഞുനിർത്തിയില്ല. അതുകൊണ്ട് തന്നെ ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും: ലക്ഷ്യത്തിൽ വ്യക്തതയും അതിനായി പ്രവർത്തിക്കാനുള്ള നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ നിങ്ങളെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ല.
വലിയ സ്വപ്നങ്ങൾ കാണാനും അവ സാക്ഷാത്കരിക്കാനുമുള്ള കരുത്ത് പുതിയ തലമുറയ്ക്ക് ഉണ്ടാകട്ടെ.