Image

മിഷനറിയും മെത്രാനുമായി അജപാലനശുശ്രൂഷ ചെയ്ത പെറുവിൽ ദശലക്ഷങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി ലിയോ പതിനാലാമൻ പാപ്പാ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ് Published on 12 November, 2026
മിഷനറിയും മെത്രാനുമായി അജപാലനശുശ്രൂഷ ചെയ്ത പെറുവിൽ ദശലക്ഷങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി ലിയോ പതിനാലാമൻ പാപ്പാ

ലിയോ പതിനാലാമൻ പാപ്പായും പെറുവിന്റെ പ്രസിഡന്റ് കെയ്‌ക്കോ സൊഫീയ ഫുജിമോറി ഹിഗൂച്ചിയും (VATICAN MEDIA)

 

ഉറുഗ്വായ്, അർജന്റീന, പെറു എന്നീ രാജ്യങ്ങളിലേക്ക് നവംബർ 6 മുതൽ 17 വരെ തീയതികളിലായി നടത്തുന്ന അപ്പസ്തോലികയാത്രയുടെ മൂന്നാം പാദമായ പെറുവിലേക്ക് എത്തി ലിയോ പതിനാലാമൻ പാപ്പാ . രാജ്യത്തെ തന്റെ പ്രഥമദിനത്തിൽ, പ്രസിഡന്റിന്റെ കൊട്ടാരം സന്ദർശിച്ച പാപ്പാ, പെറുവിലെ രാഷ്ട്രീയ, സാമൂഹിക നേതൃത്വങ്ങളും, നയതന്ത്രപ്രതിനിധികളുമൊത്തുള്ള കൂടിക്കാഴ്ചയും നടത്തി. മുപ്പത് ലക്ഷത്തോളം ആളുകളാണ് പാപ്പായെ കാണാനായി ലീമായുടെ വീഥികളിലും മറ്റ് സ്വീകരണയിടങ്ങളിലും എത്തിയത്.

നവംബർ 11 ബുധനാഴ്ച പ്രാദേശികസമയം ഉച്ചകഴിഞ്ഞ് 2.38-ന് അർജന്റീനയിലെ "മിനിസ്ത്രോ പിസ്തറീനി" (Ministro Pistarini International Airport) അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട് മൂവായിരത്തി അഞ്ഞൂറ് കിലോമീറ്ററുകൾ സഞ്ചരിച്ച്, പ്രാദേശികസമയം വൈകുന്നേരം അഞ്ചുമണിയോടെ, (ഇന്ത്യയിൽ നവംബർ 12 രാവിലെ മൂന്നരയോടെ) വിമാനം പെറുവിലെ കയ്യാവോയിലുള്ള (Callao) വ്യോമസേനയുടെ വിമാനത്താവളത്തിലെത്തി. അർജന്റീനയിലെ സമയത്തേക്കാൾ രണ്ടു മണിക്കൂറും, ഇന്ത്യയുമായി പത്തര മണിക്കൂറും പിന്നിലാണ് പെറുവിലെ സമയം.

പരിശുദ്ധ സിംഹാസനവും പെറുവും പ്രാദേശിക സഭയും

1877-ൽ പെറുവിലേക്കും ബൊളീവിയയിലേക്കുമായി ഇന്റർ നൂൺഷ്യേച്ചർ സ്ഥാപിക്കപ്പെട്ടതോടെയാണ് പരിശുദ്ധ സിംഹാസനവും പെറുവും തമ്മിലുള്ള ഔദ്യോഗിക നയതന്ത്രബന്ധം ആരംഭിച്ചത്. തുടർന്ന് 1917 ജൂലൈ 20-ന് ലീമായിൽ അപ്പസ്തോലിക നൂൺഷ്യേച്ചർ സ്ഥാപിക്കപ്പെട്ടു. നിലവിൽ രാജ്യത്തെ നൂൺഷ്യോ, ആർച്ച്ബിഷപ് പൗളോ റോക്കോ ഗ്വാൽത്തിയെരി (Paolo Rocco Gualtieri) 2022 ഓഗസ്റ്റ് 6-നാണ് രാജ്യത്തേക്ക് നിയമിക്കപ്പെട്ടത്.

ലുറീൻ (Lurín) രൂപതാധ്യക്ഷനായ ബിഷപ് കാർലോസ് എൻറിക്കെ ഗർസീയ കമാദെർ (Carlos Enrique García Camader) ആണ് 2025 ജനുവരി 22 മുതൽ രാജ്യത്തെ മെത്രാൻസമിതി അദ്ധ്യക്ഷൻ. ഈ മെത്രാൻസമിതിയുടെ നിയമാവലി 2023 ഒക്ടോബർ 9-നാണ് അംഗീകരിക്കപ്പെട്ടത്.

ലീമാ നഗരം

"സ്യുദാദ് ദേ ലോസ് റേയെസ്" (Ciudad de los Reyes), രാജാക്കന്മാരുടെ നഗരം, എന്ന പേരിൽ ഫ്രാൻസിസ്‌കോ പിത്സാറോ (Francisco Pizarro) 1535 ജനുവരി 18-ന് സ്ഥാപിച്ചതും, പിന്നീട്, പ്രാദേശിക ഭാഷയുടെ അടിസ്ഥാനത്തിൽ, ലീമാ എന്ന പേര് ലഭിച്ചതുമായ ഈ തലസ്ഥാനഗരം പെറുവിലെ ഏറ്റവും വലിയ നഗരമാണ്.

ഒരു ഐതിഹ്യമനുസരിച്ച്, ഈ നഗരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഇടം സ്ഥിരീകരിച്ചത്, പൂജരാജാക്കന്മാരുടെ വരവിനെ അനുസ്മരിപ്പിക്കുന്ന കർത്താവിന്റെ എപ്പിഫനി ദിനമായ ജനുവരി 6-ന് ആയതുകൊണ്ടാണ് ഈ ഇടത്തിന് രാജാക്കന്മാരുടെ നഗരം എന്ന പേര് നൽകപ്പെട്ടത്. ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള മുപ്പത് നഗരങ്ങളിൽ ഒന്നായ ഇവിടെയാണ്, ആധുനികലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഉന്നതവിദ്യാഭ്യാസകേന്ദ്രം, അതായത്, 1551 മെയ് 12-ന് സ്ഥാപിക്കപ്പെട്ട സാൻ മാർക്കോസ് നാഷണൽ യൂണിവേഴ്സിറ്റി (San Marcos National Universisty) സ്ഥിതി ചെയ്യുന്നത്.

പാപ്പാ വിമാനത്താവളത്തിൽ

“നമുക്ക് ഹൃദയം തുറക്കാം” എന്ന പ്രമേയം മുന്നോട്ടുവച്ചുകൊണ്ട്, പെറുവിലേക്കുള്ള അപ്പസ്തോലികയാത്രയുടെ ഭാഗമായി തലസ്ഥാനനഗരിയിലേക്കെത്തിയ പാപ്പായെ, അപ്പസ്തോലിക നൂൺഷ്യോയും, പെറുവിലെ പ്രോട്ടോകോൾ തലവനും വിമാനത്തിലെത്തി അഭിവാദ്യം ചെയ്യുകയും, പെറുവിന്റെ പ്രസിഡന്റ് കെയ്‌ക്കോ സൊഫീയ ഫുജിമോറി ഹിഗൂച്ചി (Keiko Sofía Fujimori Higuchi), വിദേശകാര്യമന്ത്രി കാർലോസ് എസ്പാ (Carlos Espá) തുടങ്ങിയവർ ചേർന്ന് സ്വീകരിക്കുകയൂം ചെയ്തു. രണ്ടു കുട്ടികൾ പാപ്പായ്ക്ക് പൂക്കൾ നൽകി. തുടർന്ന് ഏവരും വിമാനത്താവളത്തിലെ പ്രധാന അതിഥികൾക്കായുള്ള ശാലയിലേക്ക് പോയി.

വിമാനത്താവളത്തിൽനിന്ന് സർക്കാർ മന്ദിരത്തിലേക്ക്

വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം, ഏവരും "പലാസിയോ ദേ ഗൊബിയെർണോ" (Palacio de Gobierno) എന്ന പേരിൽ അറിയപ്പെടുന്നതും, നിയമ നിർവ്വഹണ വിഭാഗവും, പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും ഉൾപ്പെടുന്നതുമായ സർക്കാർ മന്ദിരത്തിലേക്ക് കാറിൽ യാത്രയായി. ലീമാ നഗരത്തിന്റെ പുരാതനഭാഗത്ത് "പ്ലാസാ മയോർ" (Plaza Mayor) അടുത്തുള്ള ഈ കെട്ടിടം ഏതാണ്ട് 19.208 ചതുരശ്രമീറ്റർ വലിപ്പമുള്ളതാണ്. പെറുവിന്റെ പ്രസിഡന്റ് കെയ്‌ക്കോ സൊഫീയ ഫുജിമോറി ഹിഗൂച്ചി ഈ സ്ഥാനമേറ്റെടുത്തത് 2026 ജൂലൈ 28-നാണ്.

ഔദ്യോഗിക സ്വീകരണവും പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കുള്ള സന്ദർശനവും

വൈകുന്നേരം ആറേകാലോടെ സർക്കാർ മന്ദിരത്തിലെത്തിയ പാപ്പായെ, പ്രസിഡന്റ് സ്വീകരിക്കുകയും, തുടർന്ന് പ്രോട്ടോകോൾ മേധാവി ഉൾപ്പെടെയുള്ളവർ ചേർന്ന്, സ്വീകരണസ്ഥലത്തേക്ക് നയിക്കുകയും ചെയ്തു. തുടർന്ന് നടന്ന ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം, ഇരുനേതൃത്വങ്ങളും കൊട്ടാരത്തിന്റെ മദ്ധ്യഭാഗത്തേക്ക് എത്തുകയും, അവിടെയുണ്ടായിരുന്ന ഗായകസംഘം ദേശീയഗാനങ്ങൾ ആലപിക്കുകയും ചെയ്തു.

തുടർന്ന് ഇതേ കൊട്ടാരത്തിന്റെ മറ്റൊരു ശാലയിൽ വച്ച് പാപ്പായും പ്രസിഡന്റും സ്വകാര്യകൂടിക്കാഴ്ച നടത്തുകയും, സമ്മാനങ്ങൾ കൈമാറുകയും പ്രസിഡന്റ് തന്റെ കുടുംബത്തെ പരിചയപ്പെടുത്തുകയും ചെയ്തു. തുടർന്ന് നടന്ന അഭിവാദ്യങ്ങൾക്ക് ശേഷം, രാജ്യത്തെ രാജ്യത്തിന്റെ പ്രസിഡന്റും രാഷ്ട്രീയ, സാമൂഹിക നേതൃത്വങ്ങളും, രാജ്യത്തേക്കുള്ള നയതന്ത്രപ്രതിനിധികളും ഒത്തുചേർന്ന കൂടിക്കാഴ്ചയിൽ സംബന്ധിക്കാനായി, 11 കിലോമീറ്ററുകൾ അകലെയുള്ള "ഗ്രാൻ തെയാത്രോ നാസിയൊണാൽ"  (Gran Teatro Nacional) എന്ന കൺസേർട്ട് ശാലയിലേക്ക് പാപ്പാ യാത്രയായി. വിമാനത്താവളത്തിൽനിന്ന് പ്രസിഡന്റിന്റെ ഔദ്യോഗികഭവനത്തിലേക്കും പിന്നീട് കൺസേർട്ട് ശാലയിലേക്കുമുള്ള യാത്രയിലും സ്വീകരണയിടങ്ങളിലുമായി ഏതാണ്ട് മുപ്പത് ലക്ഷത്തോളം ആളുകൾ പരിശുദ്ധ പിതാവിനെ കാണാനെത്തിയിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഗ്രാൻ തെയാത്രോ നാസിയൊണാൽ

1.500 ആളുകളെ ഉൾക്കൊള്ളാൻ തക്ക വലിപ്പമുള്ള ഗ്രാൻ തെയാത്രോ നാസിയൊണാൽ, 2011 ജൂലൈ 23-നാണ് ഉദ്‌ഘാടനം ചെയ്യപ്പെട്ടത്. ഇപ്പോഴത്തെ പ്രസിഡന്റിന്റെ പിതാവും, മുൻ പ്രസിഡന്റുമായിരുന്ന അൽബെർത്തോ ഫുജിമോറിയുടെ മൃതസംസ്കാരച്ചടങ്ങുകൾ നടന്നതും ഇവിടെ വച്ചാണ്.

രാഷ്ട്രീയ, സാമൂഹിക നേതൃത്വങ്ങളും, നയതന്ത്രപ്രതിനിധികളുമൊത്തുള്ള കൂടിക്കാഴ്ച

കൺസേർട്ട് ശാലയ്ക്ക് മുന്നിലെത്തിയ പാപ്പായെ പ്രസിഡന്റ് ഫുജിമോറി സ്വീകരിക്കുകയും, ഇരുവരും തീയേറ്ററിലേക്ക് പ്രവേശിക്കുകയും ചെയ്തു. രാജ്യത്തെ രാഷ്ട്രീയ, മത, സാംസ്‌കാരിക, സാമൂഹിക നേതൃത്വങ്ങളും, വ്യവസായപ്രമുഖരും, നയതന്ത്രപ്രതിനിധികളും ഉൾപ്പെടുന്ന ഈ സമ്മേളനത്തിൽ, പെറുവിന്റെ പരമ്പരാഗത ഗാനാലാപനത്തിന് ശേഷം, പ്രസിഡന്റ് പരിശുദ്ധ പിതാവിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. തുടർന്ന് പാപ്പാ താൻ ദീർഘകാലം മിഷനറിയും മെത്രാനായി ശുശ്രൂഷ ചെയ്ത ഈ രാജ്യത്തേക്കുള്ള തന്റെ അജപാലന യാത്രയിലെ പ്രഥമ പ്രഭാഷണം നടത്തി.

പരിശുദ്ധ പിതാവിന്റെ പ്രഭാഷണത്തിന് ശേഷം ഒരു പരമ്പരാഗത നൃത്തവും അരങ്ങേറി. തുടർന്ന് വൈകിട്ട് എട്ടേകാലോടെ പരിശുദ്ധ പിതാവ് അവിടെനിന്ന് 7 കിലോമീറ്ററുകൾ അകലെയുള്ള അപ്പസ്തോലിക നൂൺഷ്യേച്ചറിലേക്ക് യാത്രയായി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക