
ആയിരകണക്കിന് ക്രിസ്ത്യൻ പള്ളികൾ അമേരിക്കയിൽ പൂട്ടിക്കഴിഞ്ഞു. ഇപ്പോഴും പൂട്ടിക്കൊണ്ടിരിക്കുകയാണ്. അടുത്ത 10 വർഷത്തിനുള്ളിൽ അമേരിക്കയിൽ ഒരു ലക്ഷത്തോളം ക്രിസ്ത്യൻ പള്ളികൾ പൂട്ടുമെന്നാണ് 2026 ഒക്ടോബർ ഒന്നിന് CNN പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. ആ വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു. “A ‘tsunami’ of church closings is poised to remake America.” പള്ളികൾ അടച്ചുപൂട്ടുന്നതിന്റെ ഒരു സുനാമി അമേരിക്കയുടെ സാമൂഹിക ഭൂപടത്തെ മാറ്റിമറിക്കാൻ പോകുന്നു.
CNN റിപ്പോർട്ട് ആരംഭിക്കുന്നത് മിഷിഗണിലെ Belding എന്ന ചെറുപട്ടണത്തിലുള്ള 120 വർഷം പഴക്കമുള്ള ഒരു മെത്തഡിസ്റ്റ് പള്ളിയുടെ സംഭവത്തിലൂടെതയാണ്. ആയിരത്തോളം ആളുകൾക്ക് ഇരിക്കാവുന്ന വിശാലമായ പള്ളി. മനോഹരമായ സ്റ്റെയിൻഡ് ഗ്ലാസ് ജനാലകൾ, ഉയർന്ന മേൽക്കൂര, യേശുവിന്റെ വലിയ ചിത്രം. എന്നാൽ 2024 ൽ പള്ളി അടച്ചുപൂട്ടുന്നതായി പ്രഖ്യാപിക്കുമ്പോൾ അവിടെ ഉണ്ടായിരുന്നത് ഏകദേശം 12 പ്രായമായ വിശ്വാസികൾ മാത്രം. കുട്ടികളില്ല. യുവകുടുംബങ്ങളില്ല. ഗായകസംഘമില്ല. പള്ളിയുടെ പ്രവർത്തനങ്ങൾ തുടരാൻ ആവശ്യമായ അംഗങ്ങളുമില്ല. പാസ്റ്റർ Melissa Wagner വിശ്വാസികളോട് പള്ളി അടച്ചുപൂട്ടുന്ന കാര്യം പ്രഖ്യാപിക്കുമ്പോൾ 12 വിശ്വാസികൾ മാത്രമാണ് പള്ളിയിൽ ഉണ്ടായിരുന്നത്.
CNN ചർച്ച ചെയ്ത Christianity at a Crossroads എന്ന നാല് ഭാഗങ്ങളുള്ള PBS ഡോക്യുമെന്ററി, പള്ളികളുടെ അടച്ചുപൂട്ടൽ വിശ്വാസികളെ മാത്രമല്ല, പ്രാദേശിക സമൂഹങ്ങളെയും എങ്ങനെ ബാധിക്കുമെന്നും പരിശോധിക്കുന്നുണ്ട്. 2024 ൽ മാത്രം 4000 പള്ളികളാണ് അടച്ചുപൂട്ടിയത്. 2025 ആയപ്പോഴേക്കും 15000 ത്തോളം അടച്ചുപൂട്ടി. അമേരിക്കയിൽ ഇപ്പോൾ തന്നെ 30% പേർ ഒരു മതവുമായി ബന്ധമില്ലാത്തവരാണ്. ഇവരെയാണ് Religious Nones എന്ന് വിശേഷിപ്പിക്കുന്നത്. ഇവരിൽ നിരീശ്വരവാദികളും അജ്ഞേയവാദികളും പ്രത്യേക മതമില്ലെന്ന് പറയുന്നവരും ഉൾപ്പെടുന്നു.
എന്ത് കൊണ്ടാണ് ഇത്രമാത്രം പള്ളികൾ പൂട്ടിപോകുന്നത്? ശാസ്ത്രബോധം വർദ്ധിക്കുന്നതും അന്ധവിശ്വാസങ്ങൾ കുറയുന്നതും മാത്രമാണോ കാര്യം. അതാണ് പ്രധാന കാര്യമെങ്കിലും അത് മാത്രമല്ല. പുതിയ തലമുറയിൽ സംഘടിത മതത്തോടുള്ള താൽപര്യം മുൻതലമുറകളെ അപേക്ഷിച്ച് കുറവാണ്. മതമില്ലാതെയും ധാർമ്മികമായ ജീവിതം നയിക്കാമെന്നും സമൂഹവുമായി ബന്ധപ്പെടാമെന്നും കൂടുതൽ പേർ കരുതുന്നു. അത് പോലെ പല പരമ്പരാഗത പള്ളികളിലും അംഗങ്ങളിൽ ഭൂരിഭാഗവും മുതിർന്നവരാണ്. അവർ മരിക്കുകയോ ആരാധനയ്ക്ക് എത്താൻ കഴിയാതാവുകയോ ചെയ്യുമ്പോൾ പകരം യുവകുടുംബങ്ങൾ എത്തുന്നില്ല. പിന്നെയൊരു കാര്യം സാമ്പത്തിക പ്രതിസന്ധിയാണ്. വിശ്വാസികളുടെ എണ്ണം കുറയുമ്പോൾ സംഭാവനകളും കുറയുന്നു. പള്ളിക്കെട്ടിടങ്ങളുടെ പരിപാലനം, വൈദ്യുതി, ഇൻഷുറൻസ്, വൈദികരുടെ ശമ്പളം എന്നിവ വഹിക്കാൻ ബുദ്ധിമുട്ടാകുന്നു. ഇതിനെല്ലാം പുറമെ ലൈംഗിക പീഡന വിവാദങ്ങൾ, സാമ്പത്തിക ക്രമക്കേടുകൾ, രാഷ്ട്രീയ ധ്രുവീകരണം, LGBTQ അവകാശങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങൾ എന്നിവ ചില വിശ്വാസികളെ സ്ഥാപനമതത്തിൽനിന്ന് അകറ്റിയിട്ടുണ്ട്. പിന്നെ വിശ്വാസം അവശേഷിക്കുന്ന വേറെ ചിലർ ചെറിയ പ്രാർത്ഥനാസമൂഹങ്ങളിലേക്കും ഓൺലൈൻ ആരാധനയിലേക്കും മാറുന്ന സാഹചര്യങ്ങളും പള്ളി പൂട്ടലിന്റെ വേഗതയെ ത്വരിതപ്പെടുത്തിയിട്ടുണ്ട്.
ഈ അടച്ചുപൂട്ടൽ അമേരിക്കൻ സാമൂഹ്യജീവിതത്തെ എങ്ങനെ ബാധിക്കുമെന്നുകൂടി നോക്കാം. കഴിഞ്ഞ നൂറുവർഷങ്ങളായി അമേരിക്കൻ ജീവിതത്തിന്റെ കേന്ദ്രങ്ങളിലൊന്നായിരുന്നു ക്രിസ്ത്യൻ പള്ളികൾ. ഞായറാഴ്ചകളിലെ കുടുംബങ്ങളുടെ ഒത്തുചേരലും സാമൂഹിക ബന്ധങ്ങളും പലപ്പോഴും പള്ളികളെ കേന്ദ്രീകരിച്ചായിരുന്നു. അത് കൊണ്ട് തന്നെ പള്ളികൾ ആരാധനാകേന്ദ്രങ്ങൾ മാത്രമായിരുന്നില്ല. അമേരിക്കയിലെ പല പ്രദേശങ്ങളിലും അവ സാമൂഹിക സേവനങ്ങളുടെ കേന്ദ്രങ്ങളായിരുന്നു. ഭക്ഷണവിതരണം, ഭവനരഹിതർക്കുള്ള സഹായം, കുട്ടികളുടെ പരിചരണം, കുടിയേറ്റക്കാർക്കുള്ള സഹായം, ദുരന്തസമയത്തെ സന്നദ്ധപ്രവർത്തനം തുടങ്ങിയ സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ പള്ളികൾ ഒരു വലിയ പങ്ക് വഹിച്ചിരുന്നു.
ഇനി വെള്ളക്കാർ അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്ന ഈ പള്ളികൾക്ക് ഇപ്പോൾ എന്താണ് സംഭവിക്കുന്നത് എന്നുകൂടി നോക്കാം. കുറെയെണ്ണം കുടിയേറ്റക്കാർ വാങ്ങിസ്വന്തം പള്ളിയാക്കിയിട്ടുണ്ട്. അവരിൽ നമ്മുടെ നാട്ടിൽ നിന്ന് കുടിയേറിയ സീറോ മലബാറും, മാർത്തോമായും, ബാവാ കക്ഷിയും, മെത്രാകക്ഷിയും, പെന്തകൊസ്തും എല്ലാം ഉൾപെടും. പിന്നെ ചിലത് ഹിന്ദു ക്ഷേത്രങ്ങളും ആയിട്ടുണ്ട്. ഒരു പ്രൊട്ടസ്റ്റന്റ് ചർച്ച് ഇപ്പോൾ ഹനുമാൻ ടെംപിൾ ആണ്. ആകെയുള്ള വിത്യാസം യേശു തൂങ്ങി കിടന്ന അൾത്താരയിൽ ഇപ്പോൾ നമ്മുടെ സ്വന്തം ഹനുമാനാണ് ഉള്ളതെന്ന് മാത്രമേയുള്ളൂ. ന്യൂയോർക്കിൽ ഒരു പള്ളി മുസ്ളീം സമുദായക്കാർ വാങ്ങി മോസ്‌ക്ക് ആക്കിയത് വലിയ ചർച്ച ആയിരുന്നല്ലോ. പിന്നെ കുറച്ചെണ്ണം ബാറുകളും നിശാ ക്ളബ്ബുകളും ആയിട്ടുണ്ട്. എന്തായാലും അവിടെയും സ്പിരിറ്റും സ്പിരിച്വലിറ്റിയും ഉപഭോക്താവിന് ലഭിക്കുന്നുണ്ട്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അമേരിക്കയിൽ ആരാധനാലയങ്ങളുടെ മൊത്തം എണ്ണത്തിൽ വലിയ കുറവ് വന്നിട്ടില്ല. നൂറ് കണക്കിന് മോസ്‌കുകൾ ഇക്കാലയളവിൽ അമേരിക്കയിൽ നിർമ്മിക്കപ്പെട്ട് കഴിഞ്ഞു. ചിലതൊക്കെ താജ്മഹലിനേക്കാൾ വലിപ്പവും ഭംഗിയുമുള്ളവ. ന്യൂജേഴ്‌സിയിൽ 150 ഏക്കറിൽ BAPS നിർമ്മിച്ചിരിക്കുന്ന ക്ഷേത്രത്തിന് അയോദ്ധ്യയിലെ ക്ഷേത്രത്തേക്കാൾ ഭംഗിയുണ്ട്. വാഷിംഗ്ടണിൽ 18 പടിയുമുള്ള അയ്യപ്പക്ഷേത്രമുണ്ട്. മൊത്തം 500നും 800നും ഇടക്ക് ഹൈന്ദവ ക്ഷേത്രങ്ങൾ ഇപ്പോൾ അമേരിക്കയിൽ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇനിയുള്ള ചോദ്യം കുടിയേറ്റക്കാരുടെ ഇവിടെ ജനിച്ച് വളരുന്ന അടുത്ത തലമുറക്ക് ഈ ദൈവങ്ങളും ആരാധനാലയങ്ങളുമൊക്കെ വേണ്ടി വരുമോ എന്നതാണ്.