Image

നീല മൂങ്ങ (കവിതകൾ) - ഡോണ മയൂര (പുസ്തക പരിചയം തയ്യാറാക്കിയത് : ബാജി ഓടംവേലി, ഡാലസ്)

Published on 12 November, 2026
നീല മൂങ്ങ (കവിതകൾ) - ഡോണ മയൂര (പുസ്തക പരിചയം തയ്യാറാക്കിയത് : ബാജി ഓടംവേലി, ഡാലസ്)

മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ എഴുതുന്ന പ്രമുഖയായ ഒരു കവയിത്രിയും എഴുത്തുകാരിയും ചിത്രകാരിയും കാലിഗ്രാഫിസ്റ്റുമാണ് ഡോണ മയൂര. ഡോണയുടെ കവിതകൾ മാത്രമല്ല, ദൃശ്യകവിതകളും (Visual poetry) പരീക്ഷണാത്മക കവിതകളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഈ കവിതകൾ വിവിധ സർവ്വകലാശാലകളിൽ പഠനവിഷയമായിട്ടുണ്ട്. പ്രസിദ്ധീകരിച്ച് ഒന്നരമാസത്തിനുള്ളിൽ രണ്ടാം പതിപ്പിലേക്കെത്തിയ കവിതാസമാഹാരമാണ് നീല മൂങ്ങ. 

പ്രകൃതിയിലുള്ള മൂങ്ങകൾ സാധാരണയായി തവിട്ട് , ചാരനിറം, കറുപ്പ്, വെള്ള, ഇളംമഞ്ഞ തുടങ്ങിയ നിറങ്ങളിലാണ് കാണപ്പെടുന്നത്. കാടുകളിലും രാത്രി കാലങ്ങളിലും ശത്രുക്കളിൽ നിന്ന് ഒളിച്ചിരിക്കാൻ ഈ നിറങ്ങളാണ് അവയെ സഹായിക്കുന്നത്. ബിജു മേനോൻ നായകനായി അഭിനയിച്ച 'വെള്ളിമൂങ്ങ' എന്ന സിനിമ ഹിറ്റായപ്പോൾ മുതലാണ് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്ന വെള്ളിമൂങ്ങയെ എല്ലാവരും തിരഞ്ഞു തുടങ്ങിയത്. സാധാരണ മൂങ്ങകളെ അമംഗളസൂചകമായി കാണുന്നവരുണ്ടെങ്കിലും, വെള്ളിമൂങ്ങയുമായി ബന്ധപ്പെട്ട് നിരവധി നല്ല വിശ്വാസങ്ങളുണ്ട്. 
ഇത് നീല മൂങ്ങയാണ്. യഥാർത്ഥ പ്രകൃതിയിൽ നീല നിറമുള്ള മൂങ്ങകൾ (Blue Owls) ജീവനോടെ നിലവിലില്ല. അപൂർവ്വ ഇനം 'നീല മൂങ്ങ' എന്ന പേരിൽ പല ചിത്രങ്ങളും ഇൻ്റർനെറ്റിൽ പ്രചരിക്കാറുണ്ട്. എന്നാൽ ഇവയെല്ലാം സാധാരണ മൂങ്ങകളുടെ ചിത്രങ്ങളിൽ എഡിറ്റിംഗ് നടത്തി നീല നിറമാക്കിയതാണ്. 

നീല മൂങ്ങ എന്ന പേരിൽ ഒരു കവിതാസമാഹാരവും ആ പേര് പറഞ്ഞാൽ ഓർമ്മ വരുന്ന ഒരു കവിയിത്രിയും ഉണ്ടെന്നുള്ള കാര്യം ഉറപ്പാണ്. ബ്ളോഗുകളുടെ സുവർണ്ണകാലം മുതൽ ബൂലോകത്ത് (Boolokam) മുഴങ്ങിക്കേട്ടു തുടങ്ങിയതാണ് നീലമൂങ്ങയുടെ ശബ്ദം. ഒരു വ്യക്തിയെ ഒരു വാക്ക് പൂർണ്ണമായി റീപ്ലേസ് ചെയ്തോ എന്ന് സംശയിക്കുമാറ് അത് കവിതയായോ കവിയായോ മനസ്സിൽ ഉറച്ചു.   

'മൗനത്തിലേക്ക് വാക്കുകൾ കൊത്തിയിടീക്കുന്ന കാകസമനിമിഷങ്ങൾക്കാണ് ' ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത്. ആദ്യ കവിതയായ ' പ്രചോദനം' വാക്കുകളുടെ ശക്തിയേക്കുറിച്ച്, പ്രചോദനാത്മകമായ വാക്കുകളുടെ ശക്തിയേക്കുറിച്ച് അടിവരയിടുന്നു. 'കല്ലെട് തുമ്പീ.., കല്ലെട് തുമ്പി.. എന്നാർത്തു വിളിക്കുന്നതിനു പകരം കന്മദം കണ്ടെട് തുമ്പീ..., എന്ന് തിരുത്തി ചൊല്ലിയപ്പോൾ ഭൂമിയെ പോലും എടുത്തു പൊക്കുന്ന തുമ്പിയെ നമുക്ക് കവിത കാട്ടിത്തരുന്നു.

'ഒരു സ്വപ്നം ഡിലീറ്റ് ചെയ്യുന്നു ' എന്ന കവിത സൈബറിടത്തിലെ ക്ഷണികമായ ജീവിതമാണ് പറയുന്നത്. 
'വീടിനുപിന്നിൽ തൊടിയില്ലാത്തതിനാൽ 
തെരുവുകളിൽ നടക്കാനിറങ്ങുന്ന
വീടിൻ്റെ ഭാഷയില്ലാത്തതിനാൽ
ദേശമില്ലാതെ അലയുന്ന
വീടിനുള്ളിൽ വാക്കില്ലാത്തതിനാൽ
അക്ഷരങ്ങൾ വറ്റിപ്പോയ എന്നോട്
എന്നെഴുതി അയച്ചതിനു പിന്നാലെ
ഒരു  ഈമെയിൽ അക്കൗണ്ട്
ഡിലീറ്റ് ചെയ്യുമ്പോലെ
ആ സങ്കടം ഡിലീറ്റ് ചെയ്തു' 

വീടിൻ്റെ മേൽവിലാസത്തിൽ നിന്നും ഈമെയിൽ വിലാസത്തിലേക്കുള്ള മാറ്റം; ദേശം, വീട്, ഭാഷ എന്നിവയുടെ തിരസ്ക്കാരത്തിലേക്കാണ് വഴിയൊരുക്കിയത്. ജീവിതം എപ്പോൾ വേണമെങ്കിലും ഡിലീറ്റ് ചെയ്യാവുന്ന വ്യവഹാരമാകുന്നു.

'നീല മൂങ്ങ' എന്ന കവിതയിൽ 'മഴയത്ത്, തിളയ്ക്കുന്ന എണ്ണയിൽ പൊട്ടാൻ മടിച്ചു കിടക്കുന്ന കള്ള കടുകുമണികൾ പോലെയാണ് നമ്മളെന്നും, മഴയത്ത് തിളയ്ക്കുന്ന എണ്ണയിലേക്ക് ചീന്തിയിട്ട കാന്താരിമുളകിൻ്റെ അരികൾ പോലെയാണ് നമ്മളെന്നും' പറയുന്നുണ്ട്. തുടർന്ന് നമ്മളെങ്ങനെ നീല മൂങ്ങയായി എന്നും പറയുന്നു.  

'രാത്രി
പുരാതനമായ
ഏതോ കരയിൽ നിന്നും
പെരുങ്കാറ്റും താണ്ടി,
നിലാവ് നീലിപ്പിച്ച
വെള്ളിത്തൂവലുകളും 
വീശി വന്ന
നീലമൂങ്ങയെപോലെ നമ്മൾ!'

'ഓറഞ്ചുകാരൻ' എന്ന കവിത വിയറ്റ്നാമിലും ജപ്പാനിലും മറ്റ് ലോകരാജ്യങ്ങളിലും അമേരിക്ക നടത്തിയ ഇടപെടലുകളെക്കുറിച്ചുള്ളതാണ്. ഈ കവിതകളിലെ വാമൊഴി വഴക്കം വാക്കുകളിൽ നിന്നും ഉയർന്നു പൊങ്ങി പക്കാ രാഷ്ട്രീയവിചാരമായി ഒഴുകുന്നത് കാണാം.

' നിങ്ങ നിങ്ങടെ ആളോളെ
തല്ല്യേ കൊല്ല്യേ തൊഴിക്ക്യേ
വെടിവെച്ചോ കുഴിച്ചിട്ടോ
തൂക്കികൊല്ല്യേ ഒക്കെ ചെയ്തോ
നുമ്മ ചെർത്തായിട്ട്
വളരെ ചെർത്തായിട്ടേ
(ഏയ് ചെർത്താവ്യേ!!) എടപെടൂ...'

ഡോണ മയൂരയുടെ അഭിപ്രായത്തിൽ ഓരോ മനുഷ്യരും ഒട്ടനവധി കവിതകളാണ്. അതിൽ ഓരോന്നും സങ്കീർണമായ കവിതകളുമാണ്. സങ്കീർണം എന്ന് പറയുമ്പോൾ മനസിലാവായ്മയല്ല. മനസിലാക്കാൻ പ്രാപ്തമായവർ മനസിലാക്കിയാൽ മതി എന്ന നിലപാടുള്ള കവിതകൾ. വിഷയവും അനുഭവവും ഒന്നായാൽ പോലും, ഓരോ കവിയും എഴുതുന്ന കവിതകൾ മറ്റൊരാൾക്ക് എഴുതാൻ കഴിയാത്തവയാണ്. 

വിഷയ സ്വീകരണത്തിലെ വ്യത്യസ്തതയും ഭാവുകത്വവും പുതുമകളും കൊണ്ടാണ് ഡോണ ശ്രദ്ധേയയായി തീരുന്നത്. ലോക സാഹിത്യത്തിലെ പുത്തൻ രീതികളെ പരിചയപ്പെടുത്തുന്നതോടൊപ്പം കവിതകളിൽ അനായാസമായി അത് ചേർത്ത് വയ്ക്കുന്നതിലും ഈ കവി വിജയം കണ്ടിട്ടുണ്ട്. 

മറ്റ് ഭാഷകളിലേക്ക് നോക്കുമ്പോൾ  ഡ്രോൺ ഉപയോഗിച്ച് സിങ്ക്രനൈസ് ചെയ്ത് എയറിലും, ക്യൂ ആർ കോഡിലുമെല്ലാം കവിതകൾ വരുന്നു. അതു കൂടാതെ സെനോ ടെക്സ്റ്റ് (The Xenotext), ലോകത്തിലെ തന്നെ ആദ്യത്തെ 'ലിവിങ്ങ് പൊയം', കവിതയെഴുതുന്ന ബാക്ടീരിയ പോലുള്ള കവിതകൾ ഭാഷയുമായി ഇടപെടുന്നു. കവിത ആരുടെയും നിർവചനങ്ങൾക്കുള്ളിൽ ഒതുക്കി നിർത്താവുന്ന കാലമല്ല ഇതെന്ന് കവി വിശ്വസിക്കുന്നു.
എപ്പോഴും കവിതയെന്നത് അനുഭവം മാത്രമല്ല, സിമ്പതി, എമ്പതി എന്ന തലങ്ങളും അതിനുണ്ട്. അതിനൊരു തോട്ട് പ്രോസസ്സ് ഉണ്ട്, അത് ഐറ്റ്റേറ്റ്‌ ചെയ്തു കൊണ്ട് വരുന്ന വരികളുടെ അടരുകളിൽ മെറ്റഫറുകളായി ഉൾക്കൊള്ളിക്കാനാണ് കവിക്കിഷ്ടം. വിവിധ വീക്ഷണകോണുകളുള്ള കവിതകളിലും ദൃശ്യങ്ങളിലുമാണ് കവിക്ക് താല്പര്യം. അവിടെ ലോജിക്കും സയൻസും ജിയോമെട്രിയും എല്ലാം കടന്നു വരുന്നുണ്ട്. ഡോണയുടെ കവിതകൾ വിവിധരീതികളിൽ ആവിഷ്ക്കരിച്ചിരിക്കുന്നു. അതിൽ വാക്കും വരകളുമുണ്ട്. വരയ്ക്കാൻ ടെക്നോളജിയേയും കൂട്ടുപിടിക്കുന്നു. ഏതൊക്കെ സാധ്യതകളിൽ കൂടി കവിതയെഴുതാൻ കഴിയുമെന്ന നിരന്തരമായ അന്വേഷണവും നടത്തുന്നു.

ഒറ്റ കവിതയിൽ ഒതുക്കാൻ കഴിയുന്ന ഒരു ഹൃദയമല്ല തൻ്റേതെന്ന് കവി തന്നെ പറയുന്നു. ചില കവിതകളിൽ ഹൃദയത്തിന്റെ എക്സ്റെ, മറ്റ് ചിലതിൽ എം.ആർ.ഐ, ചിലത് ബൈപ്പാസ് സർജറികളോ ട്രാൻസ്‌പ്ലാന്റുകളോ ആണ്. ചിലത് കോഡ് ബ്ലൂവിലേക്ക് പോയവ, മറ്റു ചിലത് സി.പി.ആറിൽ, ചിലത് മിനിറ്റിൽ 60 ൽ താഴെ പോയത്, മറ്റു ചിലത് 100 നും മുകളിലേക്ക് കുതിച്ചത് എന്ന് കവി വിശദീകരിക്കുന്നു.

ഭാഷകൾ തമ്മിലുള്ള അതിരുകൾ എങ്ങനെ ഭേദിക്കാമെന്ന ആലോചനയുടെ തുടർച്ചയായി ടെക്സ്റ്റ് കവിതകളിൽ നിന്നും വിഷ്വൽ കവിതകളിലേക്ക് ആവിഷ്ക്കാരങ്ങളെ വിപുലപ്പെടുത്താനുള്ള ശ്രമങ്ങളിൽ കവി വിജയിക്കുകയും അതിൽ തുടർന്നും റിസർച്ച് ചെയ്യുകയും ചെയ്തു കൊണ്ടേയിരിക്കുന്നു. 

'ചെകിളപ്പൂക്കളിലെ അവസാന ജലശില്പം'  എന്ന പേരിൽ ഡോ. സി. ആർ. പ്രസാദ് എഴുതിയ പഠനത്തിൽ ഈ കവിതകളെ ഓർമ്മകളുടെയും വിഭ്രമത്തിൻ്റെയും വരകളും കുറികളും കൊണ്ട് ജീവിതക്കാഴ്ചയുണ്ടാക്കാൻ ശ്രമിക്കുന്ന കാലിഡോസ്ക്കോപ്പ് കവിതകൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഡോണയുടെ കവിതയോടൊപ്പം വായനക്കാരും സഹസൃഷ്ടാക്കളായി ചേർന്നെങ്കിലേ കവിത പൂർണ്ണമാവുകയുള്ളൂ.   
ഈ പുസ്തകത്തിലെ കവിതകളെ പറ്റി മേതിൽ പലപ്പോഴായി എഴുതിയ കത്തുകളിൽ ചിലതും ഈ സമാഹാരത്തിൽ ആമുഖമായി ചേർത്തിട്ടുണ്ട്. 'കവിത സംസാരവിഷയമാകുന്നു, പൊതു ഇടത്തിലെ കവി' എന്ന പേരിൽ കരുണാകരൻ്റെ പഠനക്കുറിപ്പും അനുബന്ധമായി ചേർത്തിട്ടുണ്ട്. ഇൻസൈറ്റ് പബ്ലിക്കയാണ് 122 പേജുകളുള്ള 67 കവിതകളുടെ ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 150 രൂപ.

ഡോണ മയൂര 

തിരുവനതപുരം ജില്ലയിലെ ആറാംന്താനത്ത് ജനനം. കമ്പ്യൂട്ടർ സയൻസിൽ ബിരുദം. 1999 മുതൽ അമേരിക്കയിലെ പല നഗരങ്ങളിലായി പ്രവാസം. ഇപ്പോൾ കണക്ടിക്കട്ടിൽ (Connecticut) ആണ് താമസം.
2016 വരെ എഴുതിയ ചില കവിതകൾ മാത്രമേ നീലമൂങ്ങയിലും ഉൾപ്പെടുത്തിയുള്ളു. അതിനു ശേഷം എഴുതിയവ ശേഖരിക്കപ്പെട്ടിട്ടില്ല. അത് ഓൺലൈനിലും ആനുകാലികങ്ങളിലുമായി ചിതറിക്കിടക്കുകയാണ്. 'ഹൃദയം കൊണ്ട് ആപ്പിൾ മുറിക്കുന്ന പെൺകുട്ടി' എന്ന കവിത കഴിഞ്ഞയാഴ്ച്ച മാധ്യമം ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്നിരുന്നു. 
ആദ്യ കവിത 1998 ൽ അച്ചടിച്ച് വന്നു. ഐസ്‌ ക്യൂബുകൾ (2012), നീലമൂങ്ങ (2019) എന്നിവയാണ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച മലയാളം കവിതാസമാഹാരങ്ങൾ. ഉമ്മപ്പോര് / Kiss Skulduggery (2021) എന്ന മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുതിയ കവിതകളും ദൃശ്യകവിതകളും ഉൾപ്പെടുന്ന പ്രത്യേക പതിപ്പ് ചാപ്ബുക്ക് (Chapbook) പ്രസിദ്ധീകരിച്ചു. 

Listening To Red (2018), Echoes (2019), Language Lines & Poetry (2020) എന്നിവ സ്വീഡനിൽ നിന്നും ടിം‌ഗ്ലാസെറ്റ് എഡിഷൻസ് (Timglaset Editions) പ്രസിദ്ധീകരിച്ചിച്ചു. Ritu | Season (2022) കാനഡയിൽ നിന്നും പ്രസിദ്ധീകരിച്ചു.
വാക്കുകൾക്ക് അപ്പുറമുള്ള ദൃശ്യരൂപങ്ങളിലൂടെയുള്ള കവിതകളും 'കാലിഗ്രാഫി സ്റ്റോറീസും' (Calligraphy Stories) രചിക്കുന്നതിൽ ശ്രദ്ധേയയാണ്.  സ്വീഡൻ, കാനഡ, ഇറ്റലി, സ്‌പെയിൻ, പോർച്ചുഗൽ, പോളണ്ട്, യു.എസ്.എ തുടങ്ങി ഒട്ടനവധി രാജ്യങ്ങളിൽ ഇന്റർനാഷണൽ എക്സിബിഷനുകളിൽ ഇവർ ദൃശ്യകവിതകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഫ്രഞ്ച്, ജർമ്മൻ ഉൾപ്പെടെ എട്ടു ഭാഷകളിലേക്ക് കവിതകൾ പരിഭാഷപ്പെട്ടിട്ടുണ്ട്. നിരവധി അവാർഡുകൾ തേടിയെത്തിയിട്ടുണ്ട്. 
ഇമെയിൽ :- donamayoora@gmail.com
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക