
ആധുനികലോകം മുന്നിൽ വയ്ക്കുന്ന വ്യാജവിഗ്രഹങ്ങൾക്ക് മുന്നിൽ മുട്ടുമടക്കരുതെന്നും, ക്രിസ്തുവിന്റെ സ്നേഹവും പ്രത്യാശയും പകർന്നുകൊണ്ട് അവനൊപ്പം ലോകത്തിലേക്കിറങ്ങണമെന്നും യുവജനങ്ങളെ ആഹ്വാനം ചെയ്‌ത് ലിയോ പതിനാലാമൻ പാപ്പാ. തന്റെ അപ്പസ്തോലിക യാത്രയുടെ ഭാഗമായി പത്തുലക്ഷത്തോളം യുവജനങ്ങളുടെ പങ്കാളിത്തത്തിൽ നവംബർ 10-ന് അർജന്റീനയുടെ തലസ്ഥാനത്ത് നടന്ന പ്രാർത്ഥനാസയാഹ്നത്തിലാണ് ഇത്തരമൊരു ആഹ്വാനം പരിശുദ്ധ പിതാവ് മുന്നോട്ടുവച്ചത്.
ഉറുഗ്വായ്, അർജന്റീന, പെറു എന്നീ രാജ്യങ്ങളിലേക്കുള്ള അപ്പസ്തോലിക സന്ദർശനത്തിന്റെ ഭാഗമായി, അർജന്റീനയുടെ തലസ്ഥാനമായ ബൊയ്നോസ് അയ്റെസ് നഗരത്തിലെ "മൊണുമെന്തോ ദെ ലോസ് എസ്പഞ്ഞോളെസിന്" മുന്നിൽ, നവംബർ 10 ചൊവ്വാഴ്ച, പത്തുലക്ഷത്തോളം യുവജനങ്ങൾക്കൊപ്പം നടത്തിയ പ്രാർത്ഥനാസയാഹ്നത്തിൽ, ക്രിസ്തുവിന്റെ ജീവിതശൈലി സ്വന്തമാക്കാനും, അവന്റെ സ്നേഹവുമായി ലോകത്തിലേക്കിറങ്ങാനും ലിയോ പതിനാലാമൻ പാപ്പാ ആഹ്വാനം ചെയ്തു.
ആധുനിക ലോകത്തിലെ വ്യാജവിഗ്രഹങ്ങൾ
വിജയം, പണം, സൗന്ദര്യം, ജനപ്രീതി, അനിയന്ത്രിതമായ സുഖാന്വേഷണം തുടങ്ങിയവ ഇന്ന് മനുഷ്യനെ അടിമപ്പെടുത്തുന്ന വിഗ്രഹങ്ങളായി മാറിയിരിക്കുകയാണെന്ന് ഓർമ്മിപ്പിച്ച പരിശുദ്ധ പിതാവ്, മറ്റുള്ളവരുടെ അംഗീകാരം നേടുന്നതിനായി കള്ളം പറയുക, വഞ്ചിക്കുക, സാമൂഹികമാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അപമാനിക്കുക തുടങ്ങിയ പ്രവണതകൾ യഥാർത്ഥ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതാണെന്ന് മുന്നറിയിപ്പ് നൽകി. അശ്ലീലതയും ലഹരിവസ്തുക്കളും മനുഷ്യനെ അടിമത്തത്തിലേക്കാണ് നയിക്കുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
ദാനിയേലിന്റെ ഗ്രന്ഥം പരാമർശിച്ചുകൊണ്ട്, ബാബിലോണിലെ അഗ്നികുണ്ഡത്തിൽ എറിയപ്പെട്ടിട്ടും ദൈവവിശ്വാസം ഉപേക്ഷിക്കാതിരുന്ന ഹനനിയാ, അസറിയാ, മിഷായേല്‍ എന്നീ മൂന്ന് യുവാക്കളുടെ വിശ്വാസധീരത ചൂണ്ടിക്കാട്ടിയ പരിശുദ്ധ പിതാവ്, രാജാവിന്റെ പ്രലോഭനത്തിന് മുന്നിൽ, തങ്ങളെ ദൈവം രക്ഷിച്ചില്ലെങ്കിലും വിഗ്രഹത്തെ ആരാധിക്കില്ലെന്ന (ദാനിയേൽ 3,18) അവരുടെ ഉറച്ച നിലപാട് യുവജനങ്ങൾക്ക് വലിയ മാതൃകയാണെന്ന് ഓർമ്മിപ്പിച്ചു.
എല്ലാവർക്കുമായി തുറന്നിരിക്കുന്ന സഭ
ലിസ്ബണിൽ നടന്ന ആഗോള യുവജനസമ്മേളനത്തിലെ, “എല്ലാവരും, എല്ലാവരും, എല്ലാവരും” എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ പരാമർശിച്ച ലിയോ പതിനാലാമൻ പാപ്പാ, സഭയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിരിക്കണമെന്ന് ഓർമ്മിപ്പിച്ചു.
എല്ലാവരും ക്രിസ്തുവിലേക്ക്, ക്രിസ്തുവിനൊപ്പം, ക്രിസ്തുവിനെപ്പോലെ എന്നീ മൂന്ന് ആശയങ്ങൾ കേന്ദ്രീകരിച്ച് തന്റെ പ്രഭാഷണം നടത്തിയ പരിശുദ്ധ പിതാവ്, വിശ്വാസത്തിൽ നിന്ന് അകന്നുപോയവർക്കും ജീവിതത്തിൽ മുറിവേറ്റവർക്കും സംശയങ്ങളുള്ളവർക്കും സഭയിൽ ഇടമുണ്ടെന്ന് പ്രസ്താവിച്ചു. എത്ര വീണുപോയാലും ക്രിസ്തുവിന് നിങ്ങളെ കരം പിടിച്ചുയർത്താനാകുമെന്നും, തിരിച്ചുവരാനാകാത്തവിധം ഇനിയും സമയം അവസാനിച്ചിട്ടില്ലെന്നും പാപ്പാ കൂട്ടിച്ചേർത്തു. പ്രാർത്ഥന, സുവിശേഷവായന, ദിവ്യകാരുണ്യ സ്വീകരണം, അനുരഞ്ജന കൂദാശ എന്നിവയിലൂടെ ക്രിസ്തുവിനോട് കൂടുതൽ അടുക്കാൻ യുവജനങ്ങളോട് പാപ്പാ ആഹ്വാനം ചെയ്തു.
വിശക്കുന്നവർക്ക് ഭക്ഷണം നൽകുക, ഭവനരഹിതർക്ക് അഭയം ഒരുക്കുക, രോഗികളെ സന്ദർശിക്കുക, ഏകാന്തത അനുഭവിക്കുന്നവർക്ക് സ്നേഹവും ആശ്വാസവും പകരുക തുടങ്ങിയവയിലൂടെ ക്രിസ്തുവിനെപ്പോലെ ജീവിക്കണമെന്ന് യുവജനങ്ങളെ ഓർമ്മിപ്പിച്ച പരിശുദ്ധ പിതാവ്, മറ്റുള്ളവരുടെ പാദങ്ങൾ കഴുകിയ യേശുവിന്റെ എളിമയും സേവനമനോഭാവവും ജീവിതത്തിൽ പകർത്തേണ്ടതുണ്ടെന്ന് കൂട്ടിച്ചേർത്തു.
സുവിശേഷം അറിയിക്കുക
ക്രിസ്തുവിനെ കണ്ടെത്തിയവർ അവിടുത്തെ സന്തോഷം മറ്റുള്ളവരിലേക്ക് എത്തിക്കാൻ കൂടിയാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, എല്ലായിടങ്ങളിലും പോയി സുവിശേഷം അറിയിക്കാൻ യുവജനങ്ങളോട് പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ ആഹ്വാനം ചെയ്തു. ദൈവത്തിൽനിന്ന് തങ്ങൾ അകന്നുപോയി എന്ന് കരുതുന്നവരോട്, ക്രിസ്തു അവരെ തേടുകയാണെന്ന് മനസ്സിലാക്കാൻ സഹായിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെയെന്ന് ആശംസിച്ച പാപ്പാ, യുവജനങ്ങൾക്ക് അർജന്റീനയുടെ സ്വർഗ്ഗീയമദ്ധ്യസ്ഥയായ ലുഹാനിലെ പരിശുദ്ധ അമ്മയുടെ സംരക്ഷണം ആശംസിക്കുകയും, ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള ക്ഷണം അവർത്തിക്കുകയും ചെയ്താണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.