
1981-ൽ മനേക ഗാന്ധി ഗാന്ധി കുടുംബവീട് വിട്ടുപോയതിനെ കുറിച്ച് വെളിപ്പെടുത്തി സോണിയ ഗാന്ധിയുടെ ഓർമകുറിപ്പ്. കുടുംബത്തിനുള്ളിലെ മാസങ്ങൾ നീണ്ട അഭിപ്രായവ്യത്യാസങ്ങൾക്കും രാഷ്ട്രീയ തർക്കങ്ങൾക്കും പിന്നാലെയാണ് മനേക വീടുവിട്ടിറങ്ങിയതെന്ന് സോണിയ ഓർമിച്ചു. തന്റെ ഓർമക്കുറിപ്പായ 'Belonging: A Journey Of Love' -ലാണ് മനേകയുമായുള്ള ബന്ധത്തിലെ തകർച്ചയെക്കുറിച്ചും ഇന്ദിരാഗാന്ധിയുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചും സോണിയ വിവരിക്കുന്നത്.
തുടക്കത്തിൽ മനേകയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. പിന്നീടത് ക്രമേണ വഷളായി. പെരുമാറ്റത്തിൽ മാറ്റം വരുത്തുകയോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും താമസിക്കുകയോ ചെയ്യണമെന്ന് ഇന്ദിര മനേകയോട് ആവശ്യപ്പെട്ടു. സഞ്ജയ് ഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ മനേകയ്ക്ക് 18 വയസായിരുന്നു. അന്ന് കുടുംബത്തിലെ ഇളയ മരുമകളായിരുന്ന മനേകയെ 'ഛോട്ടി ബഹു' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.
1973-ലാണ് സഞ്ജയ് ഗാന്ധി മനേകയെ പരിചയപ്പെട്ടത്. സഞ്ജയേക്കാൾ പത്ത് വയസ്സ് കുറവായിരുന്നു മനേകയ്ക്ക്. പരിചയപ്പെട്ട് ഒരു വർഷത്തിനുള്ളിൽ ഇരുവരും വിവാഹിതരായി. ഇളയ അനിയത്തിയെന്ന നിലയിൽ മനേകയെ ആദ്യം സന്തോഷത്തോടെയാണ് സ്വീകരിച്ചത്. സുഹൃത്തുക്കളെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചുമുള്ള മനേകയുടെ സംസാരങ്ങൾ കേൾക്കാൻ തനിക്ക് ഇഷ്ടമായിരുന്നു. മകൾ പ്രിയങ്കയും കഥകൾ കേൾക്കാൻ ഇടയ്ക്കിടെ മനേകയുടെ മുറിയിലെത്താറുണ്ടായിരുന്നു.
എന്നാൽ പിന്നീട് കുടുംബത്തിലെ അന്തരീക്ഷം മാറി. വീട്ടിൽ തനിക്ക് 'ബഹുറാണി' എന്നും മനേകയ്ക്ക് 'ഛോട്ടി ബഹു' എന്നുമായിരുന്നു വിളിപ്പേര്. കുടുംബത്തിലെ തുല്യ അംഗങ്ങളായാണ് ഇരുവരെയും കണ്ടിരുന്നതെങ്കിലും ഈ വ്യത്യാസം മനേകയ്ക്ക് അപമാനമായി തോന്നിയിരിക്കാം.
സഞ്ജയ്‌യും മനേകയും തമ്മിലുള്ള തർക്കങ്ങൾ പിന്നീട് രൂക്ഷമായതായും പുസ്തകത്തിൽ പരാമർശിക്കുന്നു. സഞ്ജയ്‌ക്കൊപ്പം രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കാൻ തുടങ്ങിയതോടെ മനേക കുടുംബത്തിൽ കൂടുതൽ സ്വാധീനം നേടി. എന്നാൽ ഇത് സഞ്ജയും രാജീവ് ഗാന്ധിയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾക്ക് കാരണമായി.
1977-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതോടെ ഇന്ദിരാഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കും പരാജയം നേരിടേണ്ടിവന്നു. തുടർന്ന് ഉദ്യോഗസ്ഥതലത്തിലെ കാലതാമസങ്ങളെ കുറിച്ചും പ്രധാനമന്ത്രിയുടെ നിലപാടുകളെ കുറിച്ചും സഞ്ജയ് അഭിമുഖങ്ങളിൽ സംസാരിക്കാൻ തുടങ്ങി. മരുമകളെക്കുറിച്ച് അന്നത്തെ ക്യാബിനറ്റ് സെക്രട്ടറി പി.എൻ. ധറിനോട് ഇന്ദിര നടത്തിയ പരാമർശവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'അവൾക്ക് ഇപ്പോഴേ ചിറകുകൾ മുളച്ചുതുടങ്ങി' എന്നായിരുന്നു ഇന്ദിരയുടെ വാക്കുകളെന്ന് സോണിയ ഓർത്തെടുക്കുന്നു.
1978-ൽ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണം സഞ്ജയുടെ തീരുമാനങ്ങളാണെന്ന് രാജീവ് ഗാന്ധി ആരോപിച്ചതോടെ കുടുംബത്തിലെ ഭിന്നത രൂക്ഷമായി. തനിക്ക് നിന്നോട് ക്ഷമിക്കാനാകില്ലെന്നും അമ്മയെ ഈ അവസ്ഥയിലെത്തിച്ചത് നീയാണെന്നും രാജീവ് സഞ്ജയോട് പറഞ്ഞതായും സോണിയ വെളിപ്പെടുത്തുന്നുണ്ട്.
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ താനും രാജീവും രാജ്യം വിടാൻ പദ്ധതിയിട്ടിരുന്നുവെന്നതുൾപ്പെടെ തെറ്റായ കഥകൾ മനേക പ്രചരിപ്പിച്ചു. 1980-ൽ വിമാനാപകടത്തിൽ സഞ്ജയ് ഗാന്ധി മരിച്ചതോടെ കുടുംബത്തിലെ സാഹചര്യം കൂടുതൽ വഷളായി. മനേകയ്ക്ക് രാഷ്ട്രീയ പദവി നൽകണമെന്ന് അവരുടെ അനുയായികൾ ആഗ്രഹിച്ചിരുന്നെങ്കിലും 23 വയസ്സ് മാത്രമുള്ള മനേകയ്ക്ക് ചുമതലകൾ ഏറ്റെടുക്കാനുള്ള പരിചയവുമില്ലെന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ നിലപാട്
ഇന്ദിരാഗാന്ധി ലണ്ടനിലായിരുന്ന സമയത്ത് മനേക തന്റെ സാധനങ്ങൾ വീട്ടിൽനിന്ന് മാറ്റിത്തുടങ്ങി. ലണ്ടനിൽ നിന്ന് തിരികെയെത്തിയ ഇന്ദിര, മനേകയോട് പെരുമാറ്റത്തിൽ മാറ്റം വരുത്തുക, അല്ലെങ്കിൽ വീട് വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് മാധ്യമപ്രവർത്തകനായ ഒരു സുഹൃത്തിന്റെ സഹായത്തോടെ വീട്ടിൽ നിന്ന് മാറാനുള്ള തയാറെടുപ്പുകൾ മനേക നടത്തിയിരുന്നുവെന്നും സോണിയ ഓർമക്കുറിപ്പിൽ പരാമർശിക്കുന്നു.