
വാഷിംഗ്ടൺ: 2024ലെ റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിൽ സിഖ് പ്രാർഥന നടത്തിയതിനെച്ചൊല്ലിയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ യുഎസ് അസിസ്റ്റന്റ് അറ്റോർണി ജനറൽ ഹർമീത് കെ. ധില്ലൻ. രണ്ട് വർഷത്തോളം വിമർശനങ്ങളോട് പ്രതികരിക്കാതെ മൗനം പാലിച്ച താൻ ഇനി സ്വന്തം വിശ്വാസം മറച്ചുവെക്കില്ലെന്ന് അവർ വ്യക്തമാക്കി.
നവംബർ 8ന് എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ധില്ലൻ നിലപാട് വ്യക്തമാക്കിയത്. ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും തുടർന്നുള്ള ഭരണകൂടത്തിലും പ്രവർത്തിച്ചിരുന്നതിനാൽ പരസ്യമായി പ്രതികരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും വിമർശനങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചെന്നും അവർ പറഞ്ഞു.
2024 ജൂലൈ 15ന് മിൽവാക്കിയിൽ നടന്ന റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷന്റെ ഉദ്ഘാടനദിവസമാണ് ധില്ലൻ സിഖ് മതത്തിലെ പരമ്പരാഗത പ്രാർഥനയായ 'അർദാസ്' ചൊല്ലിയത്. ഗുരുമുഖി ഭാഷയിൽ ആരംഭിച്ച പ്രാർഥന പിന്നീട് ഇംഗ്ലീഷിലും തുടർന്നു. അമേരിക്കയ്ക്കും ജനങ്ങൾക്കും അന്നത്തെ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന ട്രംപിനും വേണ്ടി അവർ പ്രാർഥിച്ചു. ട്രംപിന് നേരെയുണ്ടായ വധശ്രമത്തിൽനിന്നുള്ള രക്ഷയെക്കുറിച്ചും പരാമർശിച്ചു.
സിഖ് പ്രാർഥന റിപ്പബ്ലിക്കൻ വേദിയിൽ അവതരിപ്പിച്ചതിനെതിരെ ചില യാഥാസ്ഥിതിക കമന്റേറ്റർമാരും ക്രിസ്ത്യൻ ദേശീയവാദികളും വിമർശനമുയർത്തിയിരുന്നു. നിക് ഫ്യൂന്റസ്, ലോറൻ വിറ്റ്സ്കെ എന്നിവരും വിമർശകരിൽ ഉൾപ്പെടുന്നു.
കൺവൻഷനിൽ പ്രാർഥന നടത്തുമ്പോൾ ഗുരുതരമായ അസുഖങ്ങളെത്തുടർന്ന് വീട്ടിലായിരുന്ന തന്റെ ഭർത്താവ് ചടങ്ങ് കണ്ടിരുന്നുവെന്നും മരണത്തിന് ഏതാനും ആഴ്ചകൾക്കുമുമ്പ് അയച്ച സന്ദേശത്തിൽ തന്നിൽ അഭിമാനിക്കുന്നതായി അറിയിച്ചിരുന്നുവെന്നും ധില്ലൻ വെളിപ്പെടുത്തി.
അമേരിക്കൻ ഭരണഘടനയുടെ ഒന്നാം ഭേദഗതി മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ടെന്നും 34 വർഷമായി എല്ലാ മതവിശ്വാസികളുടെയും അവകാശങ്ങൾക്കായി പ്രവർത്തിച്ചുവരികയാണെന്നും അവർ വ്യക്തമാക്കി. സ്വന്തം സിഖ് വിശ്വാസം മറച്ചുവെക്കാതെ എല്ലാ മതവിഭാഗങ്ങളുടെയും സ്വാതന്ത്ര്യത്തിനായി തുടർന്നും പോരാടുമെന്നും ധില്ലൻ വ്യക്തമാക്കി.