
19-ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം 2027 ജനുവരി 7 മുതൽ 9 വരെ പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനം ഉദ്ഘാടനം ചെയ്യും. രാഷ്ട്രപതി ദ്രൗപദി മുർമു സമാപനച്ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്യും.
സമ്മേളനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചേർന്ന് നവംബർ 11ന് ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. ഇതോടെ ഓൺലൈൻ രജിസ്ട്രേഷനും ആരംഭിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും പശ്ചിമ ബംഗാൾ സർക്കാരും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ആദ്യദിനം യൂത്ത് പ്രവാസി ഭാരതീയ ദിവസ് നടക്കും.
'വേരുകളിൽ നിന്ന് തിരിച്ചുവരവിലേക്ക്: ഭാരതവുമായുള്ള പ്രവാസി ബന്ധം പുനരുജ്ജീവിപ്പിക്കുക' (From Roots to Return: Reigniting Diaspora Connect with Bharat) എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.
ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ചരിത്രത്തിൽ കൊൽക്കത്തയ്ക്ക് സവിശേഷ സ്ഥാനമുണ്ടെന്ന് വെബ്സൈറ്റ് ഉദ്ഘാടനച്ചടങ്ങിൽ ജയശങ്കർ പറഞ്ഞു. മൗറീഷ്യസ്, ഫിജി, കരീബിയൻ രാജ്യങ്ങൾ തുടങ്ങിയ പ്രദേശങ്ങളിലേക്ക് കൊൽക്കത്തയിൽനിന്ന് കുടിയേറിയ ഇന്ത്യക്കാർ ആഗോള ഇന്ത്യൻ സമൂഹത്തിന്റെ വളർച്ചയ്ക്ക് അടിത്തറയിട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനോടനുബന്ധിച്ച് പ്രവാസികൾക്കും വിദേശികൾക്കുമായി 'ഭാരത് കോ ജാനിയേ' പ്രത്യേക ക്വിസും ആരംഭിച്ചു. നവംബർ 11 മുതൽ ഡിസംബർ 20 വരെയാണ് മത്സരം. വിജയികൾക്ക് പത്ത് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനും കൊൽക്കത്തയിലെ പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കാനും അവസരം ലഭിക്കും.
2003ൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഭരണകാലത്താണ് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് തുടക്കമായത്. 1915 ജനുവരി 9ന് മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയതിന്റെ സ്മരണയ്ക്കായാണ് ഈ ദിനം ആചരിക്കുന്നത്. 2015 മുതൽ രണ്ടുവർഷത്തിലൊരിക്കലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
സമ്മേളനത്തിന്റെ രജിസ്ട്രേഷൻ, പരിപാടികൾ, താമസം, മറ്റ് ക്രമീകരണങ്ങൾ എന്നിവയുടെ വിവരങ്ങൾ www.pbdindia.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.