Image

ഒരു വ്യക്തിക്ക് ജോലി നിഷേധിക്കുക എന്നതിനർത്ഥം അന്തസ്സിനെ ഗുരുതരമായി മുറിവേൽപ്പിക്കുക എന്നതാണ്: ലിയോ പാപ്പാ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി Published on 11 November, 2026
ഒരു വ്യക്തിക്ക് ജോലി നിഷേധിക്കുക എന്നതിനർത്ഥം അന്തസ്സിനെ ഗുരുതരമായി മുറിവേൽപ്പിക്കുക എന്നതാണ്: ലിയോ  പാപ്പാ

ലിയോ പതിനാലാമൻ പാപ്പാ  അർജന്റീനിയയിലേക്കുള്ള സന്ദർശന വേളയിൽ, ബുഎനസ് ഐറസിലെ പൊന്തിഫിക്കൽ കത്തോലിക്കാ സർവ്വകലാശാലയിൽ വച്ച്, സാമൂഹിക-തൊഴിൽ മേഖലയിലുള്ളവരുമായി കൂടിക്കാഴ്ച നടത്തി. തൊഴിലാളികൾ, സംരംഭകർ, അക്കാദമിക് പ്രതിനിധികൾ എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പാ സംസാരിച്ചു.

മനുഷ്യന്റെ ആത്മാവിനെ ദൈവത്തിലേക്ക് ഉയർത്താനും,  നമ്മുടെ ദൈനംദിന ജീവിതത്തെ മുൻപോട്ടു നയിക്കുവാനും  സംഗീതം നമ്മെ സഹായിക്കുന്നതുപോലെ, കർത്താവിന്റെ അത്ഭുതകരവും, ഏകോപനാത്മകവുമായ കരവേലയോട് സഹകരിക്കുവാൻ തൊഴിൽ നമ്മെ ക്ഷണിക്കുന്നുവെന്ന ആമുഖത്തോടെയാണ്, ബുഎനസ് ഐറസിലെ പൊന്തിഫിക്കൽ കത്തോലിക്കാ സർവ്വകലാശാലയിൽ വച്ച്, സാമൂഹിക-തൊഴിൽ മേഖലയിലുള്ളവരുമായി, ലിയോ പതിനാലാമൻ പാപ്പാ നടത്തിയ കൂടിക്കാഴ്ചാവേളയിൽ നൽകിയ സന്ദേശം ആരംഭിച്ചത്.

തൊഴിലാളികൾ, സംരംഭകർ, അക്കാദമിക് പ്രതിനിധികൾ എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ട്, തൊഴിലിന്റെ മാഹാത്മ്യത്തെപ്പറ്റി പാപ്പാ സംസാരിച്ചു. ജോലി എന്നത് കേവലം ഒരു ഉൽപ്പാദന ഉപാധിയോ സംഘർഷത്തിനുള്ള വഴിയോ അല്ല, മറിച്ച് സ്രഷ്ടാവിന്റെ കരവേലയിൽ പങ്കാളിയാകാനുള്ള അവസരമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. സാമ്പത്തിക സംവിധാനങ്ങൾ മനുഷ്യന്റെ സേവനത്തിനായിരിക്കണം നിലകൊള്ളേണ്ടതെന്നും, അതിനാൽ തൊഴിലില്ലായ്മ എന്നത് ഒരു സാമ്പത്തിക പ്രശ്നം മാത്രമല്ല, മറിച്ച് ഒരു വ്യക്തിയുടെ അന്തസ്സിന് ഏൽക്കുന്ന കഠിനമായ മുറിവാണെന്നും, ശക്തമായ ഭാഷയിൽ പാപ്പാ ഉദ്‌ബോധിപ്പിച്ചു.

പാരിസ്ഥിതിക പ്രതിസന്ധിയും, വിഭവങ്ങളുടെ അപരിമിതമായ ചൂഷണവും വലിയ വെല്ലുവിളിയാണെന്ന്  ചൂണ്ടിക്കാട്ടിയ പാപ്പാ, പ്രകൃതിയുടെ ആവാസവ്യവസ്ഥയെയും ഭാവി തലമുറയുടെ അവകാശങ്ങളെയും ഹാനികരമായി ബാധിക്കുന്ന വളർച്ച യഥാർത്ഥ പുരോഗതിയല്ലെന്നും ചൂണ്ടിക്കാട്ടി. ചിലരുടെ മാത്രം സാമ്പത്തിക നേട്ടത്തിന് പകരം സമഗ്രമായ പരിസ്ഥിതിവിജ്ഞാനീയം അടിസ്ഥാനമാക്കിയുള്ള പുരോഗതിയാണ് പ്രധാനമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

സ്വകാര്യ സ്വത്തിനുള്ള അവകാശത്തെ സഭ അംഗീകരിക്കുന്നുണ്ടെങ്കിലും, ഭൂമിയുടെ വിഭവങ്ങൾ മനുഷ്യരാശിക്കു  ഒന്നാകെ അവകാശപ്പെട്ടതാണെന്ന തത്വം മറക്കരുതെന്നു പാപ്പാ ചൂണ്ടിക്കാട്ടി. പ്രകൃതിവിഭവങ്ങളുടെ സംരക്ഷകരായ നാം അസമത്വങ്ങൾ ഇല്ലാതാക്കി ഉത്തരവാദിത്തത്തോടെ മുന്നോട്ട് പോകണമെന്നും, ഇത് കേവലം സഹതാപത്തിന്റെ വിഷയമല്ല, മറിച്ച് ഉത്തരവാദിത്തമുള്ള ഐക്യദാർഢ്യത്തിന്റെ ആവശ്യകതയാണെന്നും പാപ്പാ എടുത്തുപറഞ്ഞു.

ഭരണകൂടങ്ങൾ പ്രാദേശിക സംഘടനകളെയും ഇടനില സ്ഥാപനങ്ങളെയും അടിച്ചമർത്താതെ അവരെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നു ചൂണ്ടിക്കാട്ടിയ പാപ്പാ, ഫ്രാൻസിസ് പാപ്പാ മുന്നോട്ടുവെച്ച "ഭൂമി, മേൽക്കൂര, ജോലി" എന്നീ  മൂന്ന് ആവശ്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും ചൂണ്ടിക്കാട്ടി. മനുഷ്യനാണ് എല്ലാ സാമ്പത്തിക, സാമൂഹിക ജീവിതത്തിന്റെയും രചയിതാവും കേന്ദ്രവും ലക്ഷ്യവും, അതിനാൽ, സമ്പദ് വ്യവസ്ഥ വ്യക്തിയുടെ സേവനത്തിലായിരിക്കണമെന്നും പാപ്പാ എടുത്തുപറഞ്ഞു.

സംരംഭകർ തങ്ങളുടെ ബിസിനസ്സുകളിൽ സാമ്പത്തിക ലാഭത്തിനപ്പുറം തൊഴിലിന്റെ അന്തസ്സിനും, പരിസ്ഥിതി സുസ്ഥിരതയ്ക്കും മുൻഗണന നൽകണമെന്നും,  തൊഴിലാളികളുടെ മാന്യമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിലും ഐക്യദാർഢ്യം വളർത്തുന്നതിലും ട്രേഡ് യൂണിയനുകൾ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ  നിറവേറ്റണമെന്നും പാപ്പാ പറഞ്ഞു. വരാനിരിക്കുന്ന നിർമ്മിതബുദ്ധിയുടെയും യന്ത്രവൽക്കൃത നിയന്ത്രണങ്ങളുടെയും കാലഘട്ടത്തിൽ സാങ്കേതികവിദ്യ എപ്പോഴും ധാർമ്മിക മൂല്യങ്ങൾക്ക് വിധേയമാകണമെന്നും  പാപ്പാ കൂട്ടിച്ചേർത്തു.

ധ്രുവീകരണങ്ങളെ മറികടന്ന് നീതിയിലും സംഭാഷണത്തിലും ഊന്നിയ ഒരു "സാമൂഹിക സൗഹൃദം" വളർത്തിയെടുക്കണമെന്ന് പാപ്പാ സന്ദേശത്തിൽ ആഹ്വാനം ചെയ്തു. നമ്മുടെ ജോലിയിലൂടെ മറ്റുള്ളവരെ സേവിക്കാനും നമുക്ക് ചുറ്റുമുള്ളവരുടെ ആവശ്യങ്ങളിൽ ശ്രദ്ധ പുലർത്താനും ദൈവം നമ്മെ വിളിക്കുന്നുവെന്നും പാപ്പാ എടുത്തുപറഞ്ഞു. ദൈവത്തെ നമ്മുടെ പ്രവൃത്തികളുടെ കേന്ദ്രത്തിലും, മനുഷ്യനെ നമ്മുടെ തീരുമാനങ്ങളുടെ കേന്ദ്രത്തിലും നിർത്തി പുതിയൊരു സ്നേഹത്തിന്റെ നാഗരികത പടുത്തുയർത്താൻ ഏവരെയും ക്ഷണിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക