Image

ഇങ്ങനെയും ഒരു പ്രകാശനം! (നർമ്മകഥ:നൈന മണ്ണഞ്ചേരി)

Published on 11 November, 2026
 ഇങ്ങനെയും ഒരു പ്രകാശനം! (നർമ്മകഥ:നൈന മണ്ണഞ്ചേരി)

മെഗാ നോവൽ മത്സരത്തിന്റെ അറിയിപ്പ് കണ്ട് പ്രതീക്ഷയോടെയാണ് നോവൽ അയച്ചത്.വ്യത്യസ്തമായ ഒരു വിഷയമായതിനാൽ ഒന്നാം സമ്മാനം കിട്ടിയില്ലെങ്കിലും ഏതെങ്കിലും ഒരു സമ്മാനം പ്രതീക്ഷിച്ചു.. മത്സരഫലം ഇന്നു വരും നാളെ വരും എന്ന് പ്രതീക്ഷിച്ച് കാത്തു കാത്തിരുന്നു, പറഞ്ഞ തീയതി കഴിഞ്ഞ് പിന്നെയും തീയതികൾ നീണ്ടു പോയി, ചോദിക്കുമ്പോൾ സാർ, കുറച്ചു കൂടെ നോക്കി തീരാനുണ്ട്, ഒരു ജഡ്ജിയ്ക്ക് നല്ല സുഖമില്ലായിരുന്നു, അത് കൊണ്ട് നോക്കി തീരാൻ അൽപം താമസിക്കും..

ഇങ്ങനെ ഓരോ തവണ വീളിക്കുമ്പോൾ ഓരോരോ കാരണങ്ങൾ..പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ എന്ന് പറഞ്ഞതു പോലെ ഫലപ്രഖ്യാപനം  മാറ്റി വെക്കാൻ ഓരോരോ കാരണങ്ങൾ..ഒടുവിൽ ഓർക്കാപ്പുറത്ത് ഒരു നാൾ പ്രഖ്യാപനം വന്നു,

ആദ്യത്തെ പത്ത് സ്ഥാനങ്ങളിൽ പോലും എന്റെ നോവൽ വന്നില്ല.വെറുതെ കാത്തിരുന്നത് മിച്ചം..അത്രയ്ക്ക് മോശമായിരുന്നോ എന്റെ നോവൽ, അൽപ്പം നിരാശ തോന്നിയെങ്കിലും പതിയെ ആ കാര്യം ഞാൻ മറക്കാൻ ശ്രമിച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം  അപ്രതീക്ഷിതമായി മൽസര കൺവീനറുടെ ഫോൺ വരുന്നു, ’’സാർ, ഒരു പ്രധാനപെട്ട കാര്യം പറയാനാണ് വിളിച്ചത്..’’

മൽത്സര ഫലത്തിൽ ചില തെറ്റുകൾ സംഭവിച്ചു, സാറിനാണ് ഒന്നാം സമ്മാനം എന്നായിരിക്കാം ചിലപ്പോൾ പറയാൻ പോകുന്നതെന്ന് പ്രതീക്ഷിച്ചു.. എന്നാൽ എന്റെ പ്രതീക്ഷകളെ ചവറ്റുകുട്ടയിലെറിഞ്ഞു കൊണ്ട് അദ്ദേഹത്തിന്റെ പ്രഖ്യാപനം, ‘’സമ്മാനം കിട്ടിയില്ലെന്ന് വെച്ച് സാറിന് നിരാശ തോന്നരുത്..’’

ഏയ്, എനിക്ക് നിരാശയുണ്ടെന്ന് ആരാണ് പറഞ്ഞതെന്ന ഭാവത്തിൽ  ഞാൻ പറഞ്ഞു, ‘’എനിക്ക് അങ്ങനെ നിരാശയൊന്നുമില്ല. പ്രതീക്ഷിക്കാതെ സമ്മാനം കിട്ടിയിട്ടുണ്ട്, പ്രതീക്ഷിച്ചിട്ട് കിട്ടാതെ പോയിട്ടുമുണ്ട്, എങ്കിലും സത്യം പറയാമല്ലോ, ആദ്യത്തെ പത്ത് സ്ഥാനങ്ങളിൽ ഒന്നെങ്കിലും ഞാൻ പ്രതീക്ഷിച്ചു..’’

‘’സമ്മാനം കിട്ടിയില്ലെങ്കിലും മൽസരത്തിൽ പങ്കെടുത്ത കുറച്ചു നോവലുകൾ പുസ്തകമാക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്..’’

സന്തോഷമെന്ന് വിചാരിച്ചു തീരും മുമ്പ് കൺവീനറുടെ വക അടുത്ത പ്രഖ്യാപനവും വന്നു’’സാരേ, പ്രിന്റിംഗ് ചാർജ്ജ് തരേണ്ടി വരും, ആദ്യം നൂറ് കോപ്പി അടിക്കും’’

അയാൾ പറഞ്ഞ പ്രിന്റിംഗ് ചാർജ്ജ് കേട്ട് ഞാനൊന്ന് ഞെട്ടി.’’സുഹൃത്തെ ആയിരം കോപ്പി അടിച്ച ബുക്സ്കാരും ഇത്രയും ചാർജ്ജ് പറഞ്ഞിട്ടില്ല, തൽക്കാലം എന്റെ നോവൽ പെട്ടിയിൽ തന്നെ ഇരിക്കട്ടെ..’’

‘’അയ്യോ, സാറേ, അങ്ങനെ പറയരുത്, പ്രിന്റിംഗ് ചാർജ്ജൊക്കെ ഇപ്പോൾ എത്രയാ, പിന്നെ വേറൊരു സന്തോഷ വാർത്തയുണ്ട്, അത് കേട്ടാൽ സാറ് എത്ര കാശു മുടക്കിയും പുസ്തകം ഞങ്ങളെ ഏൽപ്പിക്കും..’’

ഇത്രയും സന്തോഷ വാർത്തകൾ പറഞ്ഞത് പോരാഞ്ഞിട്ട് അയാൾ അടുത്ത സന്തോഷ വാർത്തയ്ക്ക് തയ്യാറെടുത്തു.

‘’ഈ പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നത് ആരാണെന്ന് അറിയാമോ, കേരള ഗവർണ്ണർ, ഏറ്റുവാങ്ങുന്നത് കേന്ദ്രമന്ത്രി..’’

ഞാൻ വീണ്ടും ഞെട്ടി..’’അല്ല, സാറേ, അവരാരെങ്കിലും ഇക്കാര്യം അറിഞ്ഞിട്ടുണ്ടോ’’

എന്റെ ചോദ്യം കേട്ട് അയാൾ പറഞ്ഞു, ‘’എന്നാണ് ഞങ്ങളുടെ ഇന്നലെ ചേർന്ന കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്, അടുത്ത ദിവസം തന്നെ രണ്ടു പേരെയും ക്ഷണിക്കാൻ പോകുന്നുണ്ട്..’’

ഏതായാലും എന്റെ മനസ്സ് ഒന്ന് ചഞ്ചലമായി, ഗവർണ്ണറൊക്കെ പങ്കെടുക്കുന്ന ചടങ്ങാണെങ്കിൽ നല്ല വാർത്താ പ്രാധാന്യവും കിട്ടും..

‘’സാറിന് താത്പര്യമുണ്ടെങ്കിൽ അടുത്ത ദിവസം തന്നെ അറിയിക്കണം, അഡ്വാൻസും തരണം..’’

ഏതായാലും തത്ക്കാലം അയാളുടെ വാക്ക് വിശ്വസിച്ച് ഞാൻ ഓക്കെ പറഞ്ഞു..പിന്നെയും കുറെ ദിവസങ്ങൾ കഴിഞ്ഞു.

‘’സാറേ, പുസ്തകം റെഡിയായിട്ടുണ്ട്, ബാക്കി കാശ് ഉടനെ അയക്കുക, മെഗാ നോവൽ പുരസ്ക്കാര ദാനവും ഇരുപത്തിയഞ്ച് പുസ്തകങ്ങളുടെ മെഗാ പ്രകാശനവുമാണ് സംഘടിപ്പിച്ചിരിക്കുന്നത്..’’

ഗവർണ്ണർ എന്റെ പുസ്തകം കേന്ദ്ര മന്ത്രിയ്ക്ക് കൊടുത്ത് പ്രകാശനം ചെയ്യുന്ന ആ സുന്ദര മുഹൂർത്തമോർത്ത് ഞാൻ ആനന്ദ നിർവൃതിയടഞ്ഞു.. ഒരാഴ്ച്ച കഴിഞ്ഞ് കൺവീനർ പ്രോഗ്രാം നോട്ടീസ്സ് അയച്ചു തന്നു. സന്തോഷത്തോടെ ഒന്ന് വയിച്ചു, പിന്നെയും വായിച്ചൂ, ഗവർണ്ണറുടെയോ കേന്ദ്ര മന്ത്രിയുടെയോ പേര് നോട്ടീസിൽ കണ്ടില്ല.

എന്റെ കണ്ണിന്റെ കുഴപ്പമാണെന്ന് കരുതി, ഭാര്യയെ വിളിച്ച് നോട്ടീസ് കാണിച്ചു. അവളും രണ്ടു മൂന്ന് തവണ നോക്കി ’’ഇതിൽ കേരള ഗവർണ്ണർ പോയിട്ട് റോട്ടറി ഗവർണ്ണർ പോലുമില്ല,  ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതും വിശ്വസിച്ച് കാശയക്കാൻ നിൽക്കുന്ന നിങ്ങളെ വേണം പറയാൻ,അല്ലെങ്കിൽ തന്നെ കേരള ഗവർണ്ണർ നിങ്ങളുടെ പുസ്തകം പ്രകാശനം ചെയ്യുമെന്ന് പറഞ്ഞപ്പോൾ അങ്ങ് വിശ്വസിച്ചു കളഞ്ഞല്ലോ..’’

പരിഹാസപൂർവ്വം  അവൾ പറഞ്ഞു, പണ്ട് പൂച്ചയുടെ കയ്യിൽ പെട്ട ഒരു എലി പറഞ്ഞതു പോലെ, പൂച്ച തിന്നുന്നത് പിന്നേം സഹിക്കാം, അതിനു മുമ്പുള്ള തടകലാണ് സഹിക്കാൻ പറ്റാത്തത്, ഗവർണ്ണർ വന്നില്ലെന്നത് പോട്ടെന്ന് വെക്കാം, ഈ പരിഹാസമാണ് ഒട്ടും സഹിക്കാൻ പറ്റാത്തത്..

ഏതായാലും പുസ്തകം അടിച്ചു പോയില്ലേ,  കുടുംബ സമേതം തന്നെ തിരക്കി പിടിച്ച് തലസ്ഥാന നഗരിയിലെ പ്രകാശനം നടക്കുന്ന ഓഡിറ്റോറിയതത്തിലെത്തി.മെഗാ അവാർഡ് കിട്ടിയ പത്തുപേരും അവരുടെ കുടുംബാംഗങ്ങളും മെഗാ പുസ്തക പ്രകാശനത്തിനെത്തിയ ഇരുപത്തഞ്ച് പേരും അവരുടെ കുടുംബാംഗങ്ങളും എല്ലാവരും കാലേകൂട്ടി എത്തിയിട്ടുണ്ട്.  - ഏതായാലും ഇങ്ങനെ പരിപാടി സംഘടിപ്പിച്ചാൽ പിന്നെ സദസ്യരുടെ കാര്യമോർത്ത് ടെൻഷനടിക്കേണ്ടി വരില്ല.

എല്ലാവർക്കും പുരസ്ക്കാരം കൊടുത്തു കഴിഞ്ഞ് പിന്നെ പുസ്തക പ്രകാശന വേളയായി. ഇരുപത്തിയഞ്ച് പേരിൽ ഒരാളായി ഇപ്പോൾ വിളിക്കും എന്ന പ്രതീക്ഷയോടെ ഞാനും കാത്തിരുന്നു. ഗവർണ്ണറും കേന്ദ്ര മന്ത്രിയും പങ്കെടുക്കുമെന്ന് പറഞ്ഞ ചടങ്ങിൽ ആരുമറിയാത്ത ഏതൊക്കെയോ പ്രാദേശിക നേതാക്കൻമാർ മിന്നിമറഞ്ഞു. ഒരു പുസ്തകം ഒരാൾ ഇങ്ങോട്ടു കൊടുക്കും , അടുത്ത പുസ്തകം അയാൾ അങ്ങോട്ട് കൊടുക്കും , അങ്ങനെ സ്‌റ്റേജിലുള്ള നാലഞ്ചു പേർ അങ്ങോട്ടുമിങ്ങോട്ടും കൊടുത്ത് പുസ്തക പ്രകാശനം ഗംഭീരമാക്കി.

കുറച്ചു കഴിഞ്ഞ് ആരാണ് പ്രകാശനം ചെയ്തത് , ആരാണ് ഏറ്റുവാങ്ങിയത് എന്നോർത്തിട്ട് എനിക്ക് ഒരു പിടിയും കിട്ടിയില്ല. കൺവീനറോട് ചോദിച്ചിട്ട് അദ്ദേഹത്തിനും വലിയ ഓർമ്മ കിട്ടുന്നില്ല.

"സാറേ രണ്ടു ദിവസം കഴിഞ്ഞ് എല്ലാം ഒന്ന് സെർച്ച് ചെയ്തിട്ട് പറഞ്ഞാൽ മതിയോ? "

"ഇന്ന് പത്രത്തിൽ വാർത്ത കൊടുക്കാൻ രണ്ട് ദിവസം കഴിഞ്ഞ് കിട്ടിയിട്ട് എന്താ കാര്യം?   ഏതായാലും ഗവർണറെയും കേന്ദ്ര മന്ത്രിയെയും കിട്ടിയില്ലെങ്കിലും വേണ്ടില്ല, ഒരു സംസ്ഥാന മന്ത്രിയെ എങ്കിലും പങ്കെടുപ്പിക്കാമായിരുന്നു. "

എന്റെ രോഷം മുഴുവൻ പ്രകടിപ്പിച്ചു കൊണ്ട് ഞാൻ പുറത്തിറങ്ങി. "സാറേ, അടുത്തത് ഒരു മെഗാ കവിതാ മത്സരം നടത്തുന്നുണ്ട്. പങ്കെടുക്കണേ"

ഞാൻ ഇറങ്ങുമ്പോൾ അയാൾ വിളിച്ചു പറഞ്ഞു. ഭാര്യ കൂടെ ഉണ്ടായിരുന്നത് കൊണ്ട്

പറയാൻ വന്ന മറുപടി ഞാൻ പറഞ്ഞില്ല. അടുത്തത് രാഷ്ട്രപതി പങ്കെടുക്കുമെന്ന് പറഞ്ഞായിരിക്കും തട്ടിപ്പ്.

എന്റെ അവസ്ഥ മനസ്സിലാക്കിയാവണം ഭാര്യ കൂടുതലൊന്നും പറഞ്ഞില്ല. ഗവർണ്ണറും കേന്ദ്രമന്ത്രിയും ചേർന്ന് എന്റെ പുസ്തകം പ്രകാശനം ചെയ്യും എന്ന് മാസങ്ങളായി വീമ്പിളക്കി നടന്ന എന്റെ അപ്പോഴത്തെ ദയനീയത കണ്ട് പ്രിയതമ മനസ്സിലെങ്കിലും ചിരിച്ചു കാണും. പറഞ്ഞിട്ട് കാര്യമില്ല, വിനാശ കാലേ, മെഗാ പ്രകാശനം!
 

Join WhatsApp News
ഒരു സോവനീർ അനുഭവസ്ഥൻ 2026-11-11 18:31:39
ഇത്തരം പരിപാടികൾ അമേരിക്കയിലും നാട്ടിലും ഒക്കെ ധാരാളം നടക്കുന്നുണ്ട്. അല്ല ഗവർണരും രാഷ്ട്രീയക്കാരും, അവരുടെ കയ്യിലേക്ക് കൊടുത്തു വാങ്ങി പ്രകാശനം ചെയ്താൽ എന്തു ഗുണം?. അവർ സാധാരണ വായിക്കാത്ത കൂട്ടരാണ്. അവരൊക്കെ ചുമ്മാ രാഷ്ട്രീയ പ്രസംഗം മാത്രം നടത്തുന്നവരും അഴിമതിക്കാരും ആയിരിക്കും കൂടുതൽ. അക്ഷര പ്രസിദ്ധീകരണങ്ങൾ വായനക്കാരുടെ കയ്യിൽ കൊടുത്തോ, എഴുത്തുകാരുടെ കയ്യിൽ കൊടുത്തോ, പ്രകാശനം ചെയ്യുന്നതായിരിക്കും നല്ലതും ബുദ്ധിയും ന്യായവും. പിന്നെ ചില പുസ്തക - sovanir പ്രസിദ്ധീകരണക്കാരും, തട്ടിക്കൂട്ടുകാരും ഉണ്ട്. അവർ നമ്മളോട് നമ്മുടെ കൃതി ചോദിക്കും. പിന്നെ അത് ഇടാൻ കുറച്ച് തുകയും ചോദിക്കും, പരസ്യമുണ്ടെങ്കിൽ അതും കൊടുക്കാൻ പറയും. ചില പോക്കാന, foma ആൾക്കാരും അപ്രകാരം ചെയ്യുന്നത് കണ്ടിട്ടുണ്ട്?. അവസാനം എന്ത് സംഭവിക്കുന്നു. പരസ്യവും കാണില്ല, സോവനീരും കാണുന്നില്ല കൃതിയും അതിനകത്തു കാണുന്നില്ല. അതിൻറെ പ്രവർത്തകർ അങ്ങോട്ട് ഇങ്ങോട്ടും പഴിചാരി ചന്തിയും ചൊറിഞ്ഞു രക്ഷപ്പെടും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക