Image

ദേശസ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ചരിത്രസ്മരണയായി വെറ്ററന്‍സ് ഡേ... (എ.എസ് ശ്രീകുമാര്‍)

Published on 11 November, 2026
ദേശസ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ചരിത്രസ്മരണയായി വെറ്ററന്‍സ് ഡേ... (എ.എസ് ശ്രീകുമാര്‍)

അമേരിക്കയുടെ അതിരടയാളങ്ങളില്‍ നിതാന്ത ജാഗ്രതയോടെ കാവല്‍നിന്ന് ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിച്ചവര്‍... യുദ്ധഭൂമിയില്‍ ജീവന്‍ ബലിയര്‍പ്പിച്ച് വീരചരമം പ്രാപിച്ചവര്‍... മരണത്തിന്റെ നിഴല്‍ തൊട്ടറിഞ്ഞിട്ടും ജീവിതത്തിലേക്ക് മടങ്ങിയെത്തിയവര്‍... രാജ്യത്തിന്റെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട വര്‍ഷങ്ങള്‍ സൈനികസേവനത്തിന് സമര്‍പ്പിച്ചവര്‍... അവരെയെല്ലാം ഒരേപോലെ ആദരവോടെ സ്മരിക്കുന്ന ദിനമാണ് നവംബര്‍ 11. വെറ്ററന്‍സ് ഡേ... ഈ ദിനം രാജ്യസ്‌നേഹത്തിന്റെയും ധീരതയുടെയും ആത്മത്യാഗത്തിന്റെയും ചരിത്രത്തോടുള്ള നന്ദിപ്രകടനമാണ്.

ഒരു രാജ്യത്തിന്റെ യഥാര്‍ത്ഥ കരുത്ത് അതിന്റെ സാമ്പത്തികശക്തിയിലോ സൈനികശേഷിയിലോ മാത്രം ഒതുങ്ങുന്നില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ജനാധിപത്യവും സംരക്ഷിക്കാന്‍ സന്നദ്ധരാകുന്ന മനുഷ്യരുടെ ആത്മവീര്യത്തിലാണ് അതിന്റെ അടിത്തറ. അത്തരത്തില്‍ അമേരിക്കയുടെ ചരിത്രത്തിലും ജനജീവിതത്തിലും നിര്‍ണായകമായ സ്ഥാനമുള്ളവരാണ് രാജ്യത്തിന്റെ സായുധസേനയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള വെറ്ററന്‍സ്. കരസേന, നാവികസേന, വ്യോമസേന, മറീനുകള്‍, കോസ്റ്റ് ഗാര്‍ഡ് തുടങ്ങി വിവിധ സൈനിക വിഭാഗങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ളവരുടെ സംഭാവനകള്‍ക്ക് രാജ്യം നല്‍കുന്ന ആദരവിന്റെ പ്രതീകമാണ് ഈ ദിനം.

ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനമാണ് വെറ്ററന്‍സ് ഡേയുടെ ചരിത്രത്തിന് അടിത്തറയിട്ടത്. 1914-ല്‍ ആരംഭിച്ച മഹായുദ്ധം ലോകത്തെ വലിയൊരു ദുരന്തത്തിലേക്കാണ് നയിച്ചത്. ലക്ഷക്കണക്കിന് മനുഷ്യജീവനുകള്‍ പൊലിഞ്ഞു. രാജ്യങ്ങളുടെ സമ്പദ്   വ്യവസ്ഥകള്‍ തകര്‍ന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും ഭീകരമായ യുദ്ധങ്ങളിലൊന്നായി മാറിയ ആ പോരാട്ടത്തിന് 1918 നവംബര്‍ 11-ന് വിരാമമിട്ടു. അന്ന് പതിനൊന്നാം മാസത്തിലെ പതിനൊന്നാം ദിവസം, പതിനൊന്നാം മണിക്കൂറില്‍ ജര്‍മനിയും സഖ്യകക്ഷികളും തമ്മിലുള്ള യുദ്ധവിരാമ ഉടമ്പടി പ്രാബല്യത്തില്‍ വന്നു. ലോകം പ്രതീക്ഷയോടെ കാത്തിരുന്ന സമാധാനത്തിന്റെ പുതിയൊരു അധ്യായമായിരുന്നു അത്.

1919 നവംബര്‍ 11-ന് പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ ഈ ദിനത്തെ ആദ്യത്തെ ആര്‍മിസ്റ്റിസ് ഡേ ആയി പ്രഖ്യാപിച്ചു. യുദ്ധത്തില്‍ രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ വീരസ്മരണകളെ അഭിമാനത്തോടെ ആദരിക്കുകയും സമാധാനത്തിന്റെ മൂല്യം തിരിച്ചറിയുകയും ചെയ്യുക എന്നതായിരുന്നു പ്രഖ്യാപനത്തിന്റെ ലക്ഷ്യം. 1926-ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് നവംബര്‍ 11-ന്റെ പ്രാധാന്യം ഔദ്യോഗികമായി അംഗീകരിച്ചു. തുടര്‍ന്ന് 1938-ല്‍ ഈ ദിനം നിയമപരമായ ദേശീയ അവധിയായി മാറി.

എന്നാല്‍ രണ്ടാം ലോകമഹായുദ്ധവും കൊറിയന്‍ യുദ്ധവും അമേരിക്കന്‍ സൈനികരുടെ സേവനത്തിനും ത്യാഗത്തിനും പുതിയ ചരിത്രമാനങ്ങള്‍ നല്‍കി. ഒന്നാം ലോകമഹായുദ്ധത്തില്‍ മരണമടഞ്ഞവരെ മാത്രം സ്മരിക്കുന്ന ദിനമെന്ന പരിമിതിയില്‍നിന്ന് എല്ലാ യുദ്ധങ്ങളിലും സേവനമനുഷ്ഠിച്ച അമേരിക്കന്‍ സൈനികരെ ആദരിക്കുന്ന ദിനമായി ഇതിനെ മാറ്റണമെന്ന ആവശ്യം ശക്തമായി. അലബാമയിലെ ബര്‍മിങ്ഹാമില്‍ നിന്നുള്ള രണ്ടാം ലോകമഹായുദ്ധ സൈനികനായ റെയ്മണ്ട് വീക്‌സ് ഇതിനായി നടത്തിയ പരിശ്രമങ്ങള്‍ ശ്രദ്ധേയമായിരുന്നു. 1947-ല്‍ അദ്ദേഹം സംഘടിപ്പിച്ച ദേശീയതലത്തിലുള്ള വെറ്ററന്‍സ് ദിനാചരണം ഈ ആശയത്തിന് വലിയ പ്രചോദനമായി.

1954 ജൂണ്‍ ഒന്നിന് പ്രസിഡന്റ് ഡൈ്വറ്റ് ഡി. ഐസന്‍ഹോവര്‍ (ഉംശഴവ േഉ. ഋശലെിവീംലൃ) ആര്‍മിസ്റ്റിസ് ഡേ എന്ന പേര് മാറ്റി വെറ്ററന്‍സ് ഡേ എന്നാക്കി നിയമം അംഗീകരിച്ചു. അങ്ങനെ നവംബര്‍ 11, അമേരിക്കയുടെ എല്ലാ യുദ്ധങ്ങളിലും സൈനികസേവനം അനുഷ്ഠിച്ചവരെയും രാജ്യത്തിന്റെ സുരക്ഷയ്ക്കായി നിലകൊണ്ടവരെയും ആദരിക്കുന്ന ദേശീയ ദിനമായി മാറി.

1968-ല്‍ ദേശീയ അവധികള്‍ തിങ്കളാഴ്ചകളിലേക്ക് മാറ്റാനുള്ള നിയമത്തിന്റെ ഭാഗമായി വെറ്ററന്‍സ് ഡേയും ഒക്ടോബറിലെ നാലാമത്തെ തിങ്കളാഴ്ചയിലേക്ക് മാറ്റിയെങ്കിലും ചരിത്രപ്രാധാന്യമുള്ള നവംബര്‍ 11 തന്നെ വേണമെന്ന ജനകീയ വികാരം ശക്തമായി. 1975-ല്‍ പ്രസിഡന്റ് ജെറാള്‍ഡ് ഫോര്‍ഡ് ഒപ്പുവച്ച നിയമപ്രകാരം 1978 മുതല്‍ വെറ്ററന്‍സ് ഡേ വീണ്ടും നവംബര്‍ 11-ന് ആചരിച്ചുതുടങ്ങി. ചരിത്രത്തോടുള്ള ആദരവും ജനവികാരത്തോടുള്ള ബഹുമാനവും ഒരുപോലെ പ്രതിഫലിപ്പിച്ച തീരുമാനമായിരുന്നു അത്.

വെറ്ററന്‍സ് ഡേയുടെ ഏറ്റവും വലിയ പ്രത്യേകത, യുദ്ധത്തില്‍ മരണമടഞ്ഞവരെ മാത്രമല്ല, സൈനികസേവനം അനുഷ്ഠിച്ച എല്ലാ ജീവിച്ചിരിക്കുന്നവരെയും ആദരിക്കുന്നു എന്നതാണ്. യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരെ പ്രത്യേകം സ്മരിക്കുന്ന ദിനമാണ് മെമ്മോറിയല്‍ ഡേ. നിലവില്‍ സൈനികസേവനത്തിലുള്ളവരെ ആദരിക്കുന്നതിനായി ആംഡ് ഫോഴ്‌സസ് ഡേയും ആചരിക്കുന്നു. ഈ വ്യത്യാസങ്ങള്‍ അമേരിക്കന്‍ ജനത സൈനികസേവനത്തിനും ത്യാഗത്തിനും നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.

നവംബര്‍ 11-ന് അമേരിക്കയുടെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും സൈനിക പരേഡുകള്‍, അനുസ്മരണച്ചടങ്ങുകള്‍, പുഷ്പാര്‍ച്ചനകള്‍, ദേശീയപതാക ഉയര്‍ത്തല്‍, സ്മാരക സന്ദര്‍ശനങ്ങള്‍ എന്നിവ നടക്കുന്നു. വിദ്യാലയങ്ങളിലും പൊതുസ്ഥാപനങ്ങളിലും സൈനികരുടെ സേവനവും രാജ്യത്തിന്റെ ചരിത്രവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നു. ഭരണകൂട പ്രതിനിധികളും സൈനിക സംഘടനകളും സാധാരണ പൗരന്മാരും ഒത്തുചേര്‍ന്ന് മുന്‍ സൈനികരെ ആദരിക്കുന്നു. യുദ്ധസ്മാരകങ്ങള്‍ക്കു മുന്നില്‍ പൂക്കള്‍ അര്‍പ്പിക്കുമ്പോള്‍ അത് ഒരു ചടങ്ങിന്റെ ഭാഗം മാത്രമല്ല; രാജ്യത്തിനുവേണ്ടി ജീവന്‍ നല്‍കിയവരോടും ജീവിതം സമര്‍പ്പിച്ചവരോടുമുള്ള കടപ്പാടിന്റെ പ്രകടനം കൂടിയാണ്.

അമേരിക്കന്‍ ജനതയുടെ ദേശാഭിമാനം പ്രകടമാകുന്ന അപൂര്‍വ നിമിഷങ്ങളാണ് ഇത്തരം ദിനാചരണങ്ങള്‍. വീടുകളിലും പൊതുസ്ഥലങ്ങളിലും ദേശീയപതാക അഭിമാനത്തോടെ ഉയരുന്നു. സൈനിക യൂണിഫോമണിഞ്ഞ് ചടങ്ങുകളിലെത്തുന്ന മുന്‍ സൈനികര്‍ക്ക് ജനങ്ങള്‍ എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കുന്നു. 'ഠവമിസ ഥീൗ ളീൃ ഥീൗൃ ടലൃ്ശരല' എന്ന നന്ദിവാക്കുകള്‍ കേവലം ഔപചാരികമായ അഭിവാദ്യമല്ല; രാജ്യത്തിന്റെ സുരക്ഷയ്ക്കായി അവര്‍ നല്‍കിയ സേവനത്തോടുള്ള ഹൃദയംഗമമായ അംഗീകാരമാണ്.

എന്നാല്‍ യുദ്ധത്തിന്റെ ആഘാതങ്ങള്‍ അനുഭവിച്ച സൈനികരുടെ ജീവിതം അവിടെ അവസാനിക്കുന്നില്ല. ശാരീരികവും മാനസികവുമായ മുറിവുകളുമായി ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നവരും കുടുംബത്തില്‍നിന്നും പ്രിയപ്പെട്ടവരില്‍നിന്നും അകന്ന് സേവനമനുഷ്ഠിച്ചവരും അനേകരാണ്. അതുകൊണ്ടുതന്നെ വെറ്ററന്‍സ് ഡേയുടെ സന്ദേശം അനുസ്മരണത്തില്‍ മാത്രം ഒതുങ്ങുന്നില്ല. മുന്‍ സൈനികരുടെ പുനരധിവാസം, ആരോഗ്യപരിരക്ഷ, തൊഴില്‍സുരക്ഷ, കുടുംബങ്ങളുടെ ക്ഷേമം, സാമൂഹികമായ അംഗീകാരം എന്നിവയ്ക്കുള്ള ഉത്തരവാദിത്വവും ഈ ദിനം ഓര്‍മിപ്പിക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ അമേരിക്കന്‍ സൈനികര്‍ നടത്തിയ സേവനങ്ങള്‍ ആ രാജ്യത്തിന്റെ ചരിത്രത്തില്‍ മായാത്ത അധ്യായങ്ങളാണ്. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സംരക്ഷണത്തിനായി ജീവന്‍ പണയപ്പെടുത്തിയവരുടെ ധീരതയെ ഒരു തലമുറയില്‍നിന്ന് അടുത്ത തലമുറയിലേക്ക് കൈമാറുന്ന സന്ദര്‍ഭം കൂടിയാണ് നവംബര്‍ 11.

യുദ്ധങ്ങള്‍ അവസാനിക്കാം; പോരാട്ടങ്ങളുടെ മുറിവുകള്‍ കാലക്രമേണ ഉണങ്ങാം. എന്നാല്‍ രാജ്യത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ചവരുടെ ഓര്‍മകള്‍ക്ക് ഒരിക്കലും മരണമില്ല. അതുകൊണ്ടാണ് ഓരോ നവംബര്‍ 11-നും അമേരിക്കയുടെ മണ്ണില്‍ വീരസ്മരണകള്‍ വീണ്ടും ഉണരുന്നത്. ഒരു ദേശീയപതാകയുടെ ഓരോ ചലനത്തിലും, യുദ്ധസ്മാരകങ്ങള്‍ക്കു മുന്നില്‍ അര്‍പ്പിക്കുന്ന ഓരോ പുഷ്പത്തിലും, മുന്‍ സൈനികര്‍ക്ക് നല്‍കുന്ന ഓരോ അഭിവാദ്യത്തിലും നിറയുന്നത് ഒരേയൊരു വികാരമാണ്  നന്ദി!

രാജ്യത്തിന്റെ സ്വാതന്ത്ര്യം അനുഭവിക്കുന്ന ഓരോ പൗരനും അതിന്റെ സംരക്ഷണത്തിനായി നിലകൊണ്ടവരോട് കടപ്പെട്ടിരിക്കുന്നു എന്ന വലിയ സത്യമാണ് വെറ്ററന്‍സ് ഡേ ഓര്‍മിപ്പിക്കുന്നത്. യുദ്ധഭൂമിയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും മരണത്തെ അതിജീവിച്ച് മടങ്ങിയെത്തിയവര്‍ക്കും ഒരുപോലെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് അമേരിക്കന്‍ ജനത വീണ്ടും പ്രഖ്യാപിക്കുന്നു: രാജ്യത്തിനുവേണ്ടി നിങ്ങള്‍ ചെയ്ത ത്യാഗങ്ങള്‍ ഒരിക്കലും വിസ്മരിക്കപ്പെടില്ല. വീരന്മാരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ തലകുനിക്കുന്ന ഒരു ജനതയുടെ ദേശാഭിമാനത്തിന്റെ മഹത്തായ അടയാളമായി, ചരിത്രത്തിന്റെ അഭിമാനദിനമായി, ഓരോ നവംബര്‍ 11-നും വെറ്ററന്‍സ് ഡേ കടന്നുവരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക