Image

ടോണിയുടെ അയൽക്കാരൻ (ചെറുകഥ: അബ്ദുൾ പുന്നയൂർക്കുളം)

Published on 11 November, 2026
ടോണിയുടെ അയൽക്കാരൻ (ചെറുകഥ: അബ്ദുൾ പുന്നയൂർക്കുളം)

മധ്യവസ്കനായ ഇറ്റാലിയൻ അയൽക്കാരനോട് ടോണിക്ക് അസഹ്യമായ ഈർഷ്യ തോന്നി. അയൽക്കാരൻ തരം കിട്ടുമ്പോഴൊക്കെ തന്നെ തുറിച്ചുനോക്കുന്നു. ജാലകപ്പഴുതിലൂടെ തന്റെ ഓരോ നീക്കവും നിരീക്ഷിക്കുന്നു. ഈയിടെയായി അയാൾ ജോലിക്കൊന്നും പോകുന്നതായി കാണുന്നില്ല. മെയിലോ ന്യൂസ്‌പേപ്പറോ എടുക്കാൻ മാത്രമേ തല ഒരു നിമിഷം വെളിയിൽ നീട്ടൂ. അപൂർവ്വമായേ അയാൾ പുറത്ത് പോകാറുള്ളൂ. പോയാൽ ഉടനെത്തന്നെ, പിസ്സയോ മറ്റോ വാങ്ങിച്ചു തിരികെ വരും. അയാളുടെ റെഡ് ഫെറാറി സ്പോർട്ട്സ് ജി. ടി.എസ്. ഡ്രൈവ് വേയിൽ മിക്കവാറും കാണും.

ഒരു കാരണവുമില്ലാതെയല്ലേ അയൽക്കാരൻ അയാളുടെ ഭാര്യയേയും മക്കളേയും വീട്ടിൽ നിന്നിറക്കിവിട്ടത്. അതിനുശേഷമാണ് ഈ നോട്ടം രൂക്ഷമാകുന്നത്. ഉന്മാദിയെപ്പോലെ അയാൾ വീട്ടിൽ അങ്ങോട്ടുമിങ്ങോട്ടും ലാത്തുന്നത് കാണാം. ഒരുപക്ഷേ ഭാര്യയേയും മക്കളേയും ഇറക്കിവിട്ടതിലെ അപരാധബോധം കൊണ്ടാവാം?

അയാളുടെ വളർത്തുനായ്ക്കളായ രണ്ടു ജർമ്മൻ ഷെപ്പേർഡുകളെ ഈയിടെയായി കാണാറില്ല. ആദ്യത്തേതിനെ കണ്ടെത്തുന്നവർക്ക് ഇനാം നല്കാമെന്ന് അങ്ങിങ്ങ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ടാമത്തേതിനെപ്പറ്റി അങ്ങനെയൊന്നും കാണുന്നില്ല. അയാളുടെ വീടിനു പുറകിൽ മക്കളുമായി കളിച്ചിരുന്ന അഞ്ചാറ്  മുയലുകളെയും ഇപ്പോൾ കാണാനില്ല. ഇതെല്ലാം എങ്ങനെ അപ്രത്യക്ഷമാകുന്നു?

ടോണി അസ്വസ്ഥനായി.

സമീപവാസികൾ അയാളുടെ വീടിന്റെ പിൻഭാഗത്തുനിന്ന് ഒരുതരം ഗന്ധം വമിക്കുന്നുവെന്ന് ആരോപിച്ചതിനെ അയാൾ നിശിതമായി എതിർത്തിരുന്നു.

ടോണിയുടെ ആത്‌മസംഘർഷം ഏറിവരുന്നു; പോലീസിനെ വിളിക്കണോ...?

ടോണി ശങ്കിച്ചു. ഒരു നല്ല പൗരൻ എന്ന നിലയിൽ ജനം അരുതാത്തത് ചെയ്യുമ്പോൾ ശബ്ദമുയർത്തേണ്ടത് തന്റെ കടമയല്ലേ? ഒരു തീരുമാനമെടുക്കാൻ കഴിയാതെ കൂട്ടിലിട്ട വെരുകിനെപ്പോലെ അയാൾ പൂമുഖത്ത്  ധൃതിയിൽ നടന്നുകൊണ്ടിരുന്നു.  

ടോണി അയൽക്കാരന്റെ ഓരോ അനീതിയും വിശകലനം ചെയ്യാൻ ശ്രമിച്ചു. ഒരുപക്ഷേ, അയാൾ ഭാര്യയേയോ കുട്ടികളേയോ കൊല...? ഛെ! അങ്ങനെ നീചമായി ചിന്തിക്കാൻ തന്നെ പാടില്ല. അയാളുടെ ഭാര്യ, കുട്ടികളുമായി തന്റെ വീടിന്റെ മുന്നിലൂടെ രണ്ടാഴ്ച മുമ്പ് നടന്നുപോകുന്നത് കണ്ടതാണ്. അപ്പോൾ അവർ ഇളയ കുട്ടിയുടെ കൈ പിടിച്ചിരുന്നു. മൂത്ത കുട്ടി മുമ്പെ നടന്നിരുന്നു. അവർ കരയുന്നതായി തോന്നി. വലതു കൈകൊണ്ടു മുഖം തുടച്ചിരുന്നു.

ഇനിയെന്തെകിലും അവിവേകം അയാൾ ചെയ്തെങ്കിൽ തന്നെ, അതേപ്പറ്റി ആരെങ്കിലും പറഞ്ഞു കേൾക്കു മായിരുന്നില്ലേ...?

ടോണിക്ക് പിന്നെയും സ്വസ്ഥനാകാൻ കഴിഞ്ഞില്ല. ഇതൊക്കെ എങ്ങനെ പൊലീസിൽ അറിയിക്കാതിരിക്കും?

ടോണി ഒടുവിൽ പൊലീസിനു ഫോൺ ചെയ്തു; അയൽക്കാരന്റെ ചെയ്തികൾ വിവരിച്ചു.

ഫോൺ ചെയ്തു കഴിഞ്ഞപ്പോൾ ടോണിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി.

മിനുറ്റുകൾക്കുള്ളിൽ സൈറൺ ഇടാതെ ഫ്ലാഷ് മിന്നിച്ചു, രണ്ടു പൊലീസ് കാറുകൾ ടോണിയുടെ വീടിനു മുന്നിൽ വന്നു നിന്നു. രണ്ടു പൊലീസ് ഓഫീസർമാർ സാവധാനം വീടിനടുത്തേക്ക് നടന്നടുത്തു.

പുറത്തു മേനി മരവിക്കുന്ന ശൈത്യമുണ്ടായിട്ടും, വീടിന്റെ ഉമ്മറത്ത് ടീ ഷർട്ട് മാത്രം ധരിച്ചു നില്ക്കുന്ന   ടോണിക്കു തണുപ്പനുഭവപ്പെടുന്നതായി തോന്നിയില്ല! പൊലീസിനെ കണ്ട മാത്രയിൽ, അയാൾ തിടുക്കത്തിൽ ഓഫീസറുടെ അടുത്തേക്ക് ചെന്നു, സ്വയം പരിചയപ്പെടുത്തി. അയൽക്കാരനെ വീണ്ടും കുറ്റപ്പെടുത്തി സംസാരിച്ചു.

ഒരു ഓഫീസർ ചോദിച്ചു: ' താങ്കൾ പറയുന്ന വീടേതാണ്? ടോണി തന്റെ വീടിന്റെ മുന്നിലെ ഒഴിഞ്ഞ  ഭാഗ  ത്തേക്ക് വിരൽ ചൂണ്ടി.

ടോണി ചൂണ്ടിയ ഇടത്തേക്ക് ഉദ്യോഗസ്ഥർ ഒരുപോലെ നോക്കി.

....??

ഓഫീസർമാർ മുഖാമുഖം നോക്കി.

ഒരു ഓഫീസർ പതുക്കെ: 'സർ അവിടെ വീടൊന്നും കാണുന്നില്ലല്ലോ?!'

ടോണി പോക്കറ്റിൽ നിന്ന് ഒരു വലിയ കടലാസ്സെടുത്തു അതിൽ വരച്ച ഒരു വീടും അതിന്റെ അഡ്രസ്സും കാണിച്ചു കൊടുത്തു. അവർ അതിൽ സസൂക്ഷ്മം നോക്കിയ ശേഷം, ഈ അഡ്രസ്സ് പ്രകാരം ഞങ്ങൾ കമ്പ്യു ട്ടറിൽ പരിശോധിച്ചപ്പോൾ, ഇങ്ങനെ ഒരു വീട് ഈ തെരുവിൽ കണ്ടെത്താനായില്ല.

ടോണി എന്തോ പറയാൻ ഭാവിക്കവെ, ഒരു ഓഫീസർ അനുനയത്തിൽ: 'വിരോധമില്ലെങ്കിൽ ഞങ്ങളീ വീടൊന്ന് കണ്ടോട്ടെ?

ടോണി സമ്മതഭാവത്തിൽ തലയാട്ടി.

ഓഫീസർ വീടിന്നകം കണ്ണോടിക്കവെ, തൃപ്തികരമല്ലാത്ത ഒരു മണം ശ്വസിക്കുന്നതായി തോന്നി. ആ മണം പിന്തുടർന്ന് അവർ വീടിന്റെ താഴത്തെ നിലയിലേക്ക് നീങ്ങി...

താഴത്തെ നിലയിലെ ദുർഗന്ധം അവരുടെ നാസാരന്ധ്രങ്ങളിലേക്ക് തുളച്ചു കയറിയപ്പോൾ, അവർ വീണ്ടും മുഖാമുഖം നോക്കി.

ഉടനെ ഒരു ഓഫീസർ സ്റ്റേഷനിലേക്ക് വിളിച്ചു പിന്തുണ ആവശ്യപ്പെട്ടു. തുടർന്നവർ മുഖംമറച്ചു സൂക്ഷ്മപരിശോധന തുടങ്ങി... തൂണിൽ ആണിയിൽ തറച്ചിട്ടിരിക്കുന്ന നായ്ക്കളുടേയും മുയലുകളുടേയും ശരീരങ്ങൾ... നിലത്ത് ചിതറിക്കിടക്കുന്ന അവയുടെ അവയവങ്ങൾ!

താമസിയാതെ സഹായികളെത്തി.

പരിശോധന പൂർത്തിയാക്കിയ ഓഫീസർമാർ ടോണിയുടെ അടുത്തെത്തി. ടോണി സ്വീകരണമുറിയിൽ നിസ്സംഗനായി ടി.വി.യിൽ കണ്ണുoനട്ടിരിക്കുന്നു. ഒരു ഓഫീസർ ഔദ്യോഗിക ഭാഷയിൽ: 'സാർ, യു ആർ അണ്ടർ അറസ്റ്റ് ഫോർ അനിമൽ അബ്യുസ് ഏന്റ് ക്രുവൽറ്റി.

ടോണിയെ പോലീസ് കാറിൽ കയറ്റുമ്പോഴും, വീടില്ലാത്ത ഭാഗം ചൂണ്ടി അയാൾ അയൽക്കാരനെ കുറ്റപ്പെടുത്തികൊണ്ടിരുന്നു...

ഓഫീസർ സ്വരം താഴ്ത്തി: 'സർ, ആ അയൽക്കാരൻ താങ്കൾ തന്നെയാണ്!   

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക