Image

75-ാം ജന്മദിനവും സുവർണ വിവാഹവാർഷികവും ആഘോഷിച്ച് പ്രൊഫ. ഡോ. സണ്ണി ലൂക്ക്; ജീവചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു

Published on 10 November, 2026
75-ാം ജന്മദിനവും സുവർണ വിവാഹവാർഷികവും ആഘോഷിച്ച് പ്രൊഫ. ഡോ. സണ്ണി ലൂക്ക്; ജീവചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു

അമേരിക്കയിൽനിന്ന് നേടിയ അറിവും അനുഭവസമ്പത്തും ജന്മനാടിന് സമർപ്പിച്ച് മാതൃകയായ പ്രവാസി; ‘റിവേഴ്സ് ബ്രെയിൻ ഡ്രെയിൻ’ എന്ന ആശയത്തിന് പ്രചോദനമായി സണ്ണി ലൂക്കിന്റെ ജീവിതയാത്ര

കോട്ടയം: ജീവിതവും സ്നേഹവും സൗഹൃദവും സേവനവും ഒത്തുചേർന്ന ആഘോഷത്തിന് നവംബർ 7-ന് കോട്ടയം ഹോട്ടൽ എയ്ഡ വേദിയായി. പ്രൊഫ. ഡോ. സണ്ണി ലൂക്കിന്റെ 75-ാം ജന്മദിനവും സണ്ണി ലൂക്ക്–ഫിലോ ദമ്പതികളുടെ 50-ാം വിവാഹവാർഷികവും കുടുംബാംഗങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും അക്കാദമിക് രംഗത്തെ സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആഘോഷിച്ചു. അമേരിക്കയിൽനിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയശേഷം വിദ്യാഭ്യാസ, ഗവേഷണ, സാമൂഹിക മേഖലകളിൽ സണ്ണി ലൂക്ക് നടത്തിയ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനമായിരുന്നു ചടങ്ങിന്റെ പ്രധാന ആകർഷണം.

കോട്ടയം സഹായമെത്രാൻ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം ചടങ്ങിന് ആശീർവാദം നൽകി. ഹൂസ്റ്റണിലെ വെരി. റവ. പ്രസാദ് കോവൂർ കോറെപ്പിസ്കോപ്പ സന്നിഹിതനായിരുന്നു. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. അച്യുത്ശങ്കർ എസ്. നായർ ആശംസാപ്രസംഗം നടത്തി. മാധ്യമപ്രവർത്തകയും ഇമലയാളി എഡിറ്ററുമായ മീട്ടു റഹ്മത്ത് കലാം രചിച്ച 'ദി ഗോൾഡൻ ചാപ്റ്റർ :സയൻസ്,സർവീസ് ആൻഡ് എ സെക്കൻഡ് കോളിംഗ് ' എന്ന 153 പേജുള്ള ഗ്രന്ഥം അദ്ദേഹം പ്രകാശനം ചെയ്തു. ആദ്യപ്രതി ബിസിഎം കോളജ് പ്രിൻസിപ്പൽ പ്രൊഫ. തോമസ് കെ.വി. ഏറ്റുവാങ്ങി.

അമേരിക്കയിൽ ഏകദേശം 35 വർഷത്തെ പ്രവാസജീവിതത്തിനുശേഷം കേരളത്തിൽ തിരിച്ചെത്തിയ സണ്ണി ലൂക്കിന്റെ ജീവിതത്തിലെ നിർണായകമായ അധ്യായമാണ് ഈ പുസ്തകം അടയാളപ്പെടുത്തുന്നത്. ഉന്നതവിദ്യാഭ്യാസം, ഗവേഷണം, അന്താരാഷ്ട്ര അക്കാദമിക് സഹകരണം, സാമൂഹിക സേവനം എന്നിവയിൽ അദ്ദേഹം നടത്തിയ ഇടപെടലുകളാണ് ഗ്രന്ഥത്തിന്റെ പ്രമേയം.

പ്രവാസജീവിതത്തിന്റെ യഥാർഥ വിജയം വിദേശത്ത് നേടിയെടുക്കുന്ന നേട്ടങ്ങളിൽ മാത്രമല്ല, അവയിൽനിന്ന് എന്തെല്ലാം സ്വന്തം നാടിന് തിരികെ നൽകുന്നു എന്നതിലുമാണെന്ന് സണ്ണി ലൂക്കിന്റെ ജീവിതം തെളിയിക്കുന്നു. മെഡിക്കൽ ജനറ്റിക്സ്, മോളിക്യുലാർ പാത്തോളജി, കാൻസർ ബയോളജി, ബയോടെക്നോളജി തുടങ്ങിയ മേഖലകളിൽ അമേരിക്കയിൽ ശ്രദ്ധേയമായ ശാസ്ത്രജീവിതം കെട്ടിപ്പടുത്ത അദ്ദേഹം, അറിവും അനുഭവസമ്പത്തും അന്താരാഷ്ട്ര അംഗീകാരങ്ങളും നേടിയശേഷം അവയെ സ്വന്തം നാടിന്റെ പുരോഗതിക്കായി വിനിയോഗിക്കാനാണ് തീരുമാനിച്ചത്.

അമേരിക്കൻ സർവകലാശാലകളുമായും ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും അക്കാദമിക് ബന്ധങ്ങൾ സ്ഥാപിക്കുന്നതിനായി അദ്ദേഹം പ്രവർത്തിച്ച ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് ആൻഡ് അക്കാദമിക് കൊളാബറേഷൻ (IISAC) ഈ ദൗത്യത്തിലെ പ്രധാന വേദിയായി. വിദ്യാർഥി വിനിമയ പരിപാടികൾ, സംയുക്ത ഗവേഷണം, അന്താരാഷ്ട്ര അക്കാദമിക് സഹകരണങ്ങൾ എന്നിവയിലൂടെ കേരളത്തിലെ വിദ്യാർഥികൾക്ക് ആഗോള വിദ്യാഭ്യാസ അവസരങ്ങൾ തുറന്നുകൊടുക്കാൻ അദ്ദേഹം പരിശ്രമിച്ചു.

ബിസിഎം കോളജിലെ പ്രൊഫസർ ഓഫ് പ്രാക്ടീസ് എന്ന നിലയിലുള്ള പ്രവർത്തനങ്ങളും പാഠ്യപദ്ധതി പരിഷ്കരണം, സിലബസ് രൂപീകരണം, അധ്യാപനം എന്നിവയിലെ ഇടപെടലുകളും അന്താരാഷ്ട്ര അക്കാദമിക് കാഴ്ചപ്പാടുകൾ കേരളത്തിലെ ക്ലാസ് മുറികളിലെത്തിക്കുന്നതിൽ നിർണായകമായി. അമേരിക്കയിൽ നേടിയ അറിവും ഗവേഷണ പരിചയവും പുതിയ തലമുറയിലേക്ക് പകർന്നുനൽകുന്നതിലൂടെ ആഗോളതലത്തിൽ മത്സരിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

സണ്ണി ലൂക്കിന്റെ ആശയത്തിൽ പിറന്ന ശ്രദ്ധേയമായ അക്കാദമിക് സംരംഭമാണ് Introduction to Kerala Studies എന്ന പുസ്തകം. കേരളത്തിന്റെ ചരിത്രം, സംസ്കാരം, സമൂഹം, വിജ്ഞാനപാരമ്പര്യം എന്നിവയെ അക്കാദമിക് പഠനത്തിന്റെ ഭാഗമാക്കി പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന അദ്ദേഹത്തിന്റെ ദർശനമാണ് ഈ സംരംഭത്തിനു പിന്നിൽ. ആഗോള കാഴ്ചപ്പാടുകൾ സ്വീകരിക്കുമ്പോഴും സ്വന്തം വേരുകളെയും സാംസ്കാരിക സ്വത്വത്തെയും മറക്കരുതെന്ന സന്ദേശമാണ് ഇതിലൂടെ അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്.

വിദ്യാഭ്യാസരംഗത്തിനപ്പുറവും അദ്ദേഹത്തിന്റെ സേവനമനോഭാവം വ്യാപിച്ചുകിടക്കുന്നു. ഏയ്ഞ്ചൽസ് വില്ലേജ് ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലെ പങ്കാളിത്തം സമൂഹത്തിലെ അർഹരായവരുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തിന്റെ പ്രതിഫലനമാണ്. അറിവും സമ്പത്തും വ്യക്തിപരമായ നേട്ടങ്ങളിൽ ഒതുങ്ങാതെ സമൂഹത്തിന്റെ ഉന്നമനത്തിനായി വിനിയോഗിക്കണമെന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ നയിക്കുന്നത്.

വിദേശത്ത് പോയി പഠിച്ച്, പ്രവർത്തിച്ച്, നേട്ടങ്ങൾ കൈവരിച്ചശേഷം അവയെ ജന്മനാടിന്റെ പുരോഗതിക്കായി തിരിച്ചുനൽകുന്ന ഈ ജീവിതയാത്ര പ്രവാസി സമൂഹത്തിന് ‘റിവേഴ്സ് ബ്രെയിൻ ഡ്രെയിൻ’ എന്ന ആശയത്തിന്റെ ഉത്തമ മാതൃകയാണ്. വിദേശത്തേക്ക് പോകുന്നതും നേട്ടങ്ങൾ കൈവരിക്കുന്നതും മാത്രമല്ല, ആ നേട്ടങ്ങളുടെ പ്രയോജനം സ്വന്തം നാടിനും സമൂഹത്തിനും ലഭ്യമാക്കുന്നതിലാണ് പ്രവാസജീവിതത്തിന്റെ യഥാർഥ മഹത്വമെന്ന് സണ്ണി ലൂക്ക് ഓർമിപ്പിക്കുന്നു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തെ ആഗോള വിജ്ഞാനശൃംഖലകളുമായും ഗവേഷണ സംരംഭങ്ങളുമായും അന്താരാഷ്ട്ര അക്കാദമിക് അവസരങ്ങളുമായും ബന്ധിപ്പിക്കുക എന്ന അദ്ദേഹത്തിന്റെ ദർശനമാണ് പ്രകാശനം ചെയ്ത പുസ്തകത്തിന്റെ കേന്ദ്രപ്രമേയം.

ആർട്ടിസ്റ്റ് മാത്യൂസാണ് പുസ്തകത്തിന്റെ രൂപകൽപ്പന നിർവഹിച്ചത്. 350 പേജുകളുള്ള സമ്പൂർണ ജീവചരിത്രം 'ഫ്രം ജീൻസ് ടു ജനറേഷൻസ്' ഈ വർഷം അവസാനത്തോടെ പ്രകാശനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ബാല്യവും കൗമാരവും വിവാഹജീവിതവും നൈജീരിയയിലെ അധ്യാപനകാലവും അമേരിക്കയിലെ ശാസ്ത്രജീവിതവും കേരളത്തിലേക്കുള്ള മടക്കവും ഉൾപ്പെടെ അദ്ദേഹത്തിന്റെ ജീവിതയാത്രയുടെ സമഗ്രരേഖയായിരിക്കും ഈ പുസ്തകം. മട്ടത്തില്പറമ്പിൽ കുടുംബത്തിന്റെ കുടിയേറ്റചരിത്രവും സണ്ണി ലൂക്കിന്റെ ജീവിതദർശനവും ഇതിൽ ഉൾപ്പെടും. സണ്ണി ലൂക്കിനെക്കുറിച്ചുള്ള 15 പേജുള്ള ആമുഖപുസ്തകവും ചടങ്ങിൽ അതിഥികൾക്ക് വിതരണം ചെയ്തു.

ദമ്പതികളുടെ മക്കളായ സന്ദീപ് ലൂക്കും സനൂപ് ലൂക്കും യഥാക്രമം അമേരിക്കയിൽനിന്നും ഡെൻമാർക്കിൽനിന്നും എത്തിയതോടെ ആഘോഷത്തിന് കുടുംബസംഗമത്തിന്റെ പ്രത്യേകത കൈവന്നു. പിതാവിനൊപ്പമുള്ള ബാല്യകാല ഓർമകളും വളർന്നുവന്ന കാലത്തെ അനുഭവങ്ങളും ഇരുവരും പങ്കുവച്ചു. ഭാര്യമാരായ ദിയ, കാമില, മക്കളായ ആവ, കയാൻ, ഫെലിക്സ് എന്നിവരുടെ ജന്മദിന, വിവാഹവാർഷിക ആശംസകളും അവർ കൈമാറി. അമേരിക്കയിലുള്ള സണ്ണി ലൂക്കിന്റെ സഹോദരങ്ങൾ സ്നേഹവും ആശംസകളും നിറഞ്ഞ വീഡിയോ സന്ദേശങ്ങൾ അയച്ചു. സുവർണ വിവാഹവാർഷികത്തിന്റെ ഭാഗമായി ലിയോ പതിനാലാമൻ മാർപാപ്പയുടെ ചിത്രം ആലേഖനം ചെയ്ത സ്മാരകോപഹാരവും ദമ്പതികൾക്ക് സമ്മാനിച്ചു. വിവിധ രാജ്യങ്ങളിൽനിന്നുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യവും സന്ദേശങ്ങളും ചടങ്ങിനെ ഹൃദയസ്പർശിയായ കുടുംബസംഗമമാക്കി.

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. അച്യുത്ശങ്കർ എസ്. നായർ സണ്ണി ലൂക്കിനെ ചുറുചുറുക്കും സൗഹൃദമനോഭാവവും കഠിനാധ്വാനവും ശുഭാപ്തിവിശ്വാസവുമുള്ള വ്യക്തിത്വമായാണ് വിശേഷിപ്പിച്ചത്. കാര്യങ്ങൾ ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും എപ്പോഴും മുഖത്തുള്ള പുഞ്ചിരിയും അദ്ദേഹത്തെ മികച്ച സഹപ്രവർത്തകനെന്നതിലുപരി പ്രിയപ്പെട്ട സുഹൃത്തുമാക്കിയെന്ന് അദ്ദേഹം അനുസ്മരിച്ചു. കേരളത്തിലെ സർവകലാശാലകളിൽ അന്താരാഷ്ട്ര അക്കാദമിക് വിനിമയ പരിപാടികൾ പുനരാരംഭിക്കുന്നതിന് സണ്ണി ലൂക്കിന്റെ അനുഭവസമ്പത്തും ഊർജവും പ്രയോജനപ്പെടുത്താൻ താൽപര്യമുണ്ടെന്നും അച്യുത്ശങ്കർ പറഞ്ഞു.

ആഘോഷത്തിന് സംഗീതസാന്ദ്രത പകർന്നുകൊണ്ട് അച്യുത്ശങ്കർ സണ്ണി ലൂക്കിന്റെ പ്രിയഗാനങ്ങളിലൊന്നായ 'സ്വർണച്ചാമരം വീശിയെത്തുന്ന' ആലപിച്ചു. ക്രിസ്തുവിനെക്കുറിച്ച് സ്വയംരചിച്ച ഏതാനും വരികളും അദ്ദേഹം അവതരിപ്പിച്ചു.

മാക്‌ഫാസ്റ്റിന്റെ സ്ഥാപകനും പുഷ്പഗിരി മെഡിക്കൽ കോളജിന്റെ മുൻ പ്രിൻസിപ്പളുമായ  റവ. ഫാ. ഡോ. എബ്രഹാം മൂലമറ്റം സണ്ണി ലൂക്കുമായുള്ള കാൽനൂറ്റാണ്ടത്തെ സൗഹൃദം അനുസ്മരിച്ചു. 25 വർഷം മുമ്പ് ന്യൂജേഴ്‌സിയിലെ സണ്ണിയുടെ വീട്ടിൽ നടത്തിയ സന്ദർശനവും അഡൽഫി സർവകലാശാലയിലെ മെഡിക്കൽ ബയോടെക്നോളജി ക്ലാസിലെ അധ്യാപനവും കൊളംബിയ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷണ പ്രവർത്തനങ്ങളും അമേരിക്കൻ ഉന്നതവിദ്യാഭ്യാസ മേഖലയെ അടുത്തറിയാൻ സഹായിച്ച അനുഭവങ്ങളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളിൽ നൂതന അക്കാദമിക് പരിപാടികൾ അവതരിപ്പിക്കാനുള്ള തന്റെ ശ്രമങ്ങൾക്ക് അമേരിക്കൻ വിദ്യാഭ്യാസരംഗത്തെയും ശാസ്ത്രഗവേഷണത്തെയും കുറിച്ചുള്ള സണ്ണിയുടെ അനുഭവസമ്പത്ത് വലിയ പിന്തുണയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

IISAC എക്സിക്യൂട്ടീവ് ഡയറക്ടറും വേൾഡ് മലയാളി കൗൺസിൽ(ന്യൂജേഴ്‌സി)സ്ഥാപകനും മൂന്ന് പതിറ്റാണ്ടിലേറെയായി സണ്ണി ലൂക്കിന്റെ അടുത്ത സഹപ്രവർത്തകനുമായ അലക്സ് കോശി ചടങ്ങിലെ ശ്രദ്ധേയമായൊരു നിമിഷത്തിന് നേതൃത്വം നൽകി. സണ്ണിയെയും ഫിലോയെയും മാലയിട്ട് പരസ്പരം ആദരിക്കാൻ ക്ഷണിച്ചുകൊണ്ട് 75-ാം ജന്മദിനത്തോടൊപ്പം അവരുടെ 50 വർഷത്തെ ദാമ്പത്യജീവിതവും പ്രതീകാത്മകമായി ആഘോഷിച്ചു. സണ്ണി ലൂക്കിന്റെ അക്കാദമിക് സംഭാവനകളെയും Introduction to Kerala Studies എന്ന പുസ്തകമെന്ന ആശയത്തിന്റെ പിന്നിലെ ദർശനത്തെയും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. കേരളത്തിന്റെ ചരിത്രവും സംസ്കാരവും സമൂഹവും വിജ്ഞാനപാരമ്പര്യവും അക്കാദമിക് പഠനത്തിന്റെ ഭാഗമാക്കാനുള്ള ഈ സംരംഭം, ആഗോള അറിവിനൊപ്പം സ്വന്തം വേരുകളെയും ചേർത്തുനിർത്തണമെന്ന സണ്ണിയുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം വിലയിരുത്തി.

വേൾഡ് മലയാളി കൗൺസിലിനെ (ഡബ്ല്യു.എം.സി.) പ്രതിനിധീകരിച്ച് മിഡിൽ ഈസ്റ്റ് ചാപ്റ്റർ സെക്രട്ടറി ജോണി കുരുവിള പ്രൊഫ. ഡോ. സണ്ണി ലൂക്കിനെ പൊന്നാട അണിയിച്ച് ആദരിച്ചു. വിദ്യാഭ്യാസ, സാമൂഹിക മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകൾക്കുള്ള ആദരസൂചകമായിരുന്നു ഈ ചടങ്ങ്.

സ്വീകരണം, ഉദ്ഘാടനച്ചടങ്ങ്, ആശീർവാദം, ആശംസാപ്രസംഗങ്ങൾ, ദമ്പതികളെ ആദരിക്കൽ, കേക്ക് മുറിക്കൽ എന്നിവയോടെയാണ് ആഘോഷങ്ങൾ നടന്നത്. പ്രാർഥന, സംഗീതപരിപാടികൾ, നൃത്താവിഷ്കാരങ്ങൾ, ജീവചരിത്ര പുസ്തകത്തിന്റെ പരിചയപ്പെടുത്തലും പ്രകാശനവും, അത്താഴവിരുന്ന്, കുടുംബചിത്രങ്ങൾ എന്നിവയും പരിപാടിയുടെ ഭാഗമായി.

വിദ്യാഭ്യാസ-ഗവേഷണ മേഖലകളിലെ പ്രമുഖരും അധ്യാപകരും സ്ഥാപനമേധാവികളും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സുഹൃത്തുക്കളും ഒത്തുചേർന്ന ചടങ്ങ് ഒരു ജന്മദിന-വിവാഹവാർഷിക ആഘോഷം എന്നതിലുപരി അറിവിന്റെയും സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും കൂട്ടായ്മയായി മാറി.

വിദേശത്ത് പോയി സമ്പാദിക്കുന്നതിലല്ല, സ്വന്തം വേരുകൾ നൽകിയ സമൂഹത്തിന് തിരികെ നൽകുന്നതിലാണ് ഒരു പ്രവാസിയുടെ ഏറ്റവും വലിയ പൈതൃകം എന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ ജീവിതം പകരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക