
ഇടതൂർന്നും പരസ്പരം പുണർന്നും നിൽക്കുന്ന വൻമരങ്ങൾ. അവയ്ക്കിടയിൽ മാതാപിതാക്കൾക്കടുത്ത് മക്കളെന്ന പോലെ കുഞ്ഞു ദേവദാരുക്കൾ. ശീലാന്തിയും പുന്നയും പൊന്നശോകവും തുടങ്ങി മറ്റനേകം വൃക്ഷങ്ങൾ. ആരാലും പരിപാലിക്കാതെ സ്വയം വടവൃക്ഷമായി വളർന്നു പന്തലിച്ചവ.സ്വർണമുകിൽ ചോലമരങ്ങൾക്കിടയിലൂടെ ചോർന്നൊലിച്ചുകൊണ്ടിരുന്നു.
പച്ചിലകൾക്കിടയിലൂടെ മനുഷ്യ സഞ്ചാരത്തിൻ്റെ നേർത്ത കാൽപ്പാടുകൾ പതിഞ്ഞ വഴിത്താര .ആൾ സഞ്ചാരം തീരെ കുറഞ്ഞത് എന്ന് ഇടയ്ക്കിടയ്ക്ക് ഉയർന്നു വരുന്ന പച്ചിലകൾ പറഞ്ഞു.കാവലായി കരിയിലകൾക്കിടയിൽ ചെറു പാമ്പുകൾ. കുളയട്ടകൾ ചിലപ്പോൾ ശരീരത്തിൽ പറ്റി കൂടെ വന്നേക്കും.അമൽ ചുവടുകൾ ശ്രദ്ധിച്ചു വച്ചു കൊണ്ടിരുന്നു.ഊദിൻ്റെ സുഗന്ധം വന്ന് അവനെ ആലിംഗനം ചെയ്ത് സ്വീകരിച്ചു. കാവലായി കരിയിലകൾക്കിടയിൽ ചെറു പാമ്പുകൾ . കരിയിലയുടെ നിറമുള്ളവ.അതു കൊണ്ടു തന്നെ കാഴ്ച തെറ്റി ചവിട്ടു വീണേക്കും.
സായ്പ് വന്നു താമസിച്ച മല. രണ്ട് മലകൾ .ഇടതും വലതുമായി സ്ഥിതി ചെയ്തതിനാൽ ഇടം കുത്തി മലയെന്നും വലംകുത്തി മലയെന്നും അവ വിളിക്കപ്പെട്ടു.ഔഷധങ്ങളുടെ കലവറയായിരുന്നു രണ്ടു മലകളും. നീലക്കുറിഞ്ഞിയും നീലയമരിയും തുടങ്ങി താഴ്വാരത്തിലെ ജനങ്ങളുടെ അസുഖങ്ങൾക്കുള്ള പ്രതിവിധികൾ ഈ മലകളിൽ അധിവസിക്കുന്നു. ഗിരിജയുടെ മൂന്നു പെൺകുട്ടികളുടെയും ത്വക്ക് രോഗം മുതൽ ജോയിക്കുട്ടൻ്റെ ആന്ത്രമുടക്കു വരെയുമുള്ള അസുഖങ്ങൾക്ക് മരുന്ന് തേടി ദാമു വൈദ്യർ ഇടയ്ക്കിടയ്ക്ക് മലയിലേയ്ക്ക് പ്രവേശിക്കാറുണ്ട്. മരുന്നെടുക്കേണ്ട കാലം നോക്കി അദ്ദേഹം മലകയറും, സഹായികളില്ലാതെ. താഴെ അങ്ങാടിയിൽ അലഞ്ഞു നടന്ന കരിമ്പൻ പട്ടിയുടെ കടിയേറ്റ് തുടങ്ങിയ നളിനൻ്റെ പേയ്ക്കുള്ള മരുന്ന് കണ്ടെടുത്തതും മലയിൽ നിന്നുമായിരുന്നു. ഇടവപ്പാതി കനക്കുമ്പോൾ ഇടം കുത്തിമല മഴവില്ലിൻ്റെ സാരിത്തുമ്പ് എടുത്ത് ചുമലിലേയ്ക്കിടും. അസ്തമയ കാലങ്ങളിൽ വലംകുത്തി മല റോസ് നിറമുള്ള നേര്യതു ചുറ്റും. അങ്ങനെ അവ നീലമലയെന്നും റോസ് മലയെന്നും കൂടി അറിയപ്പെട്ടു .
ലൂയിസായിപ്പിൻ്റെ കാലശേഷം മലകളിൽ മരങ്ങൾ വർദ്ധിച്ച് വനനിബിഡമായി.
ഇടതു വശത്തെ മല അൽപം ചെറുതാണ്. ഇരു മലകളും പേരുകേട്ട മല ആയതു കൊണ്ട് പേരുമല എന്നും അറിയപ്പെട്ടു. താഴ് വാരത്തിൽ നിന്നും നോക്കിയാൽ ഒരു യുവതിയുടെ മലർശയനം പോലെ തോന്നാറുണ്ട്.
താഴ് വാരത്തെ വീടുകളിൽ നിന്നും പിണങ്ങിപ്പോയവർ ഈ കാട്ടിലെ പല ചോലകളിലും അഭയം പ്രാപിച്ചു. വഴിത്താരകളിൽ കാറ്റ് മരങ്ങൾ ഒടിച്ചിട്ട് ഇരിപ്പിടങ്ങൾ നിരത്തിയിട്ടുണ്ട്. ഇരു മലകളിൽ നിന്നുമായി ഓരോ നീരൊഴുക്ക് താഴേയ്ക്ക് ചാലിട്ട് മലയിടുക്കിൽ വച്ച് ഒന്നു ചേർന്ന് ഒരു പുഴയായി ഒഴുകുന്നു. രാവിൽ ചാന്ദ്രശോഭ കൊങ്കയിൽ നിന്നുമൊഴുകുന്ന ക്ഷീര പഥം പോലെ അവിടേയ്ക്ക് ഒഴുകിക്കൊണ്ടിരുന്നു.
നടന്നു തളർന്ന അമൽ ചെറിയ പാറക്കെട്ടുകൾ കടന്നു വരുന്ന നീരൊഴുക്കിൽ നിന്നും ദാഹമകറ്റി.കൗമാര കഥകളിലെ അത്ഭുത കഥാപാത്രമായിരുന്നു ഒറ്റമുലച്ചി. അവളുടെ നേർപ്പേര് ഇന്നാർക്കുമറിയില്ല. വിമലയെന്ന് ആരൊക്കെയോ പറഞ്ഞു നടന്നു.അനേകം കഥകൾ അവൾ ഒറ്റയ്ക്ക് പേറിയിരുന്നു.മലയിലെ ഇന്നത്തെ ഏക അന്തേവാസി.
മലയിലേയ്ക്കുള്ള ആണൊഴുക്ക് തടയാൻ നാട്ടിലെ പെണ്ണുങ്ങൾ അവൾ ഒറ്റമുലച്ചിയാണെന്ന കഥയൊരുക്കി.കഥയെ കാറ്റെടുത്ത് നാട്ടിലൊഴുക്കി. അവളെ ആ രൂപത്തിൽ സങ്കൽപ്പിച്ച പുരുഷൻമാർ കുറേപ്പേർ അടങ്ങിപ്പാർത്തു. പക്ഷേ അത് സത്യ കഥയല്ലെന്ന് അവളെ കണ്ടു മടങ്ങിയവർ വെളിപ്പെടുത്തി.
"ഞാൻ പോയിരുന്നെടാ... അതൊന്നും പറഞ്ഞൂടെടാ. പുഴയുടെ കുളിര് കുളിച്ചു തന്നെ അറിയണം."
സുലൈമാൻ്റെ വാക്കുകൾ അമലിന് ഓർമ വന്നു.
അമ്മൂമ്മ മരിക്കും വരെയും മലയുടെ കഥ ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു.ഒരു ഇടിഞ്ഞു പൊളിഞ്ഞ കരിങ്കൽ കെട്ടിടമുണ്ടുപോൽ. ലൂയിസായിപ്പ് നിർമ്മിച്ച കെട്ടിടം.താഴ് വാരത്തിൽ നിന്നും തൊഴിലാളികൾ തലച്ചുമടായിട്ടായിരുന്നു അന്ന് കല്ല് ചുമന്നു കയറ്റിയത്. അനേകം പണിക്കാരും മറ്റുമായി അയാൾ അവിടെ താമസിച്ചു. ദൊര മരിച്ചപ്പോൾ പുറം പണിക്കാരൻ സുധാകരൻ കൈയ്യൂക്കിൻ്റെ ബലത്തിൽ കെട്ടിടത്തിൽ കയറി വാസമുറപ്പിച്ചു. അവകാശികളിൽ കൈയ്യൂക്കുള്ളവർ ഇല്ലാതെ വന്നനാൾ പിൻതുടർച്ചാവകാശം പുറംപണിക്കാരനായി വന്ന കരിം കയ്യേറി. പതിറ്റാണ്ടുകൾക്കു ശേഷം ഒരു കാലവർഷത്തിൻ്റെ കൊടുകാറ്റിൽ കെട്ടിടത്തിൻ്റെ ഒരു ഭാഗം ഇടിഞ്ഞു തകർന്നു. കരീമും പണിക്കാരിൽ ചിലരും കല്ലിനടിയിലായി. മിച്ചം വന്ന രണ്ടുമൂന്നു പേർ മലയിറങ്ങി താഴ്വാരത്തിലേയ്ക്ക് തിരിച്ചു പോയി. പിന്നീടാരും ആ മലകയറി വന്നില്ല. കരിങ്കൽ കെട്ടിടത്തെ കാലം വള്ളിച്ചെടികൾ കൊണ്ടു മൂടി ചരിത്രത്തിലേക്ക് മുതൽക്കൂട്ടി. അമ്മുമ്മയോടൊപ്പം നാട്ടിലെ കഥക്കാരികൾ പറഞ്ഞു പതിഞ്ഞ കഥകൾ അമലിൻ്റെ ഓർമകളുടെ കാടിറങ്ങി വന്നു.

വര :പി ആര് രാജന്
പിന്നെയാണ് ഒറ്റമുലച്ചി കാടുകേറിപ്പോയത് .
"തേവിടിച്ചി. നാട്ടിൽ നിന്നും ആട്ടിപ്പായിച്ചതാ. ജനങ്ങൾ കൂകി മല കയറ്റി."
ലളിതാമ്മ അതു പറഞ്ഞ് വായിലെ മുറുക്കാൻ പുറത്തേയ്ക്ക് നീട്ടിത്തുപ്പി. ചോര കൊണ്ടുള്ള ഒരു വര പോലെ തുപ്പൽ മുറ്റത്തു കിടന്നു. താഴ് വാരത്തിലെ പുരുഷൻമാരിൽ വിമലയുടെ കൊങ്കയിൽ നിന്നും ദാഹമകറ്റാത്തവരില്ലായിരുന്നു. അവളോടെത്തിച്ചേരാത്തവർ താനും ഇനി പിറക്കാനുള്ള ആൺകുട്ടികളും മാത്രമേയുള്ളൂവെന്ന്
താഴ് വാരത്തിലെ ആൺ വർഗ്ഗത്തിൻ്റെ രഹസ്യ വർത്തമാനങ്ങളിൽ നിന്നും അമൽ മനസ്സിലാക്കിയിരുന്നു.
"ടേയ്, വാവച്ചൻ മുതലുള്ള വാവമാരെല്ലാം റോസ് മല കയറിയവരാണ്."
മൈതാനത്തിലെ കളിക്കിടയിലെ വിശ്രമത്തിൽ യുവാക്കൻമാരുടെ സംസാരവിഷയമായിരുന്നു അവൾ. നാൽക്കവലയില് ദാമൂൻ്റെ ചായപ്പീഠികയിൽ വൃദ്ധൻമാരുടെ രഹസ്യവിഷയവും വിമലയായിരുന്നു.ഞരമ്പുകളിലൂടെ അവളുടെ ഒരു പ്രവാഹമുണ്ട് മോനേ. ചാടാത്ത തവളയും ചാടും. സുധാകരൻ്റെ വാക്കുകൾ കവിളിൽ നിറഞ്ഞ ചായ നീലൻ വിഴുങ്ങിപ്പോകുന്നതിന് കാരണമായി. ഒരു നിമിഷം നീലൻ ശ്വാസം നിലച്ചിരുന്നു.
"ഇപ്പാ മരിക്കോടേയ് നീയ്."
സുദർശൻ ചോദിച്ചു.
അരവിന്ദൻ ഒരിക്കൽ അമലിനോട് പറഞ്ഞത് അവന് ഓർമ്മ വന്നു. "പറ്റില്ല മോനെ. ആ കാടിൻ്റെ പകുതി ദൂരം പിന്നിടാൻ മനുഷ്യനെക്കൊണ്ടാകില്ല. അത്രയേറെ ആഴമാണ് ആ കാടിന്. കയറും തോറും ഇരുൾ ഏറിവരുന്ന ഒരു നിബിഡ വനമാണത്. ആ ഇരുളിൻ്റെ കനം താങ്ങാൻ നമ്മെക്കൊണ്ടാവില്ല."
കാറ്റ് മരം ഒടിച്ചുപണിതു വച്ച ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് അമൽ മുന്നോട്ടു നടന്നു. കരിയില നിറമുള്ള ഒരു പാമ്പിൻ്റെ വളഞ്ഞു പുളഞ്ഞുള്ള കിടത്തം പോലെ നീണ്ട വഴിത്താര. ദൂരം പിന്നിടും തോറും അരവിന്ദ് പറഞ്ഞത് സത്യമാണെന്ന് അമലിന് ബോധ്യമായിക്കൊണ്ടിരുന്നു. പകൽ വെളിച്ചത്തിലും ഇരുളിനെ ആവാഹിക്കാൻ കാടിനു കഴിയും. കൊടുംവേനലിലും മഞ്ഞു കൊണ്ട് പുതയ്ക്കാൻ കാടിനു കഴിയും.
രണ്ടായി പിളർന്നു നിൽക്കുന്ന ഒരു പാറയിടുക്കിൻ്റെ മുന്നിൽ അമലിൻ്റെ സഞ്ചാരം നിലച്ചു. അവൻ ചുറ്റിനും നോക്കി.ഇരുവശവും മാനംമുട്ടുന്ന നീളൻ മരങ്ങൾ. ഉത്സവത്തിന് മുത്തണിക്കൂണുകൾ ചേർത്തു നിർത്തിയതു പോലെ. എല്ലാം ഹരിതവർണത്തിൽ.മണ്ണിൽ പതിക്കാൻ ചില്ലകൾക്കിടയിലൂടെ ഒളിച്ചു കടക്കുന്ന സൂര്യപ്രകാശം. സഞ്ചരിച്ചെത്താനാകാത്ത വഴുക്കലായിരുന്നു പാറയിടുക്കിൽ .ആദ്യ ചുവടു തന്നെ വഴുതി. ജലമൊഴുക്കിൻ്റെ എതിരെ നടന്ന് പാറയിടുക്ക് കടന്നാലെ മുകളിലേയ്ക്ക് എത്താനാകൂ. 'സഞ്ചാരത്തെ സ്നേഹിച്ചാൽ പാതയും സഞ്ചാരിയെ തിരികെ സ്നേഹിക്കും. എങ്കിൽ നിനക്ക് കടക്കാനാകാത്ത പാതയില്ല.' ഇരുപത്തി ഏഴു വർഷത്തെ ഭൂവാസത്തിനിടയിൽ എവിടെയോ വായിച്ച വാക്കുകൾ വന്ന് അമലിൻ്റെ ചുമലിൽ തട്ടി ധൈര്യപ്പെടുത്തി.
നീരൊഴുക്കിൻ്റെ ഇരുവശങ്ങളിലും ചുവടൂന്നി, ഇരുവശങ്ങളിലും കരമൂന്നി അവൻ മുന്നോട്ടു നടന്നു. ഏകദേശം ഒരു കിലോമീറ്ററിനടുത്ത് നീളമുള്ള വിടവ്. ഇടയ്ക്കിടയ്ക്ക് കയറ്റങ്ങൾ. കയറ്റങ്ങളിൽ ചീളു പോലെ പാറമടക്കുകൾ. ഒരു വഴുതൽ വലിയ അപകടം തന്നെ വരുത്തിയേക്കാം. തളർന്നു പോയേക്കാം.ഓരോ ചുവടിലും വീഴ്ചയെ പ്രതീക്ഷിച്ചു കൊണ്ടു തന്നെ അവൻ മുന്നോട്ട് സഞ്ചരിച്ചു. ഇടയ്ക്ക് മാനമൊന്ന് തുടുത്തു.ചീവിടുകളുടെ ശബ്ദം ഉച്ചത്തിലായി.
ഒരു യുവതിയുടെ ഉയർന്നു വരുന്ന ശ്വാസഗതി പോലെ കാടിൻ്റെ മുഴക്കം വർദ്ധിച്ചു വന്നു. മലമുകളിൽ നിന്നും താഴേയ്ക്ക് മഴ വരികയാണ്. ആകാശത്തിന് ഭൂമിയോടുള്ള പ്രണയം പോലെ മഴ പെയ്തിറങ്ങി.അമൽ പ്രകൃതി എടുത്ത് ചരിച്ചു വച്ച ഒരു പാറമടക്കിൽ അഭയം പ്രാപിച്ചു.നനവില്ലാത്ത പൂഴിമണൽ വിരിച്ച തറ.അമൽ മണൽത്തറയിലിരുന്നു. ചില്ലകൾക്കിടയിലൂടെ മഴ താഴേയ്ക്ക് പെയ്തു.ഒരു സ്ത്രീയുടെ നേർത്ത തേങ്ങൽ പോലെ മഴ പെയ്തു കൊണ്ടിരുന്നു.തങ്ങളുടെ വീര്യം പരിശോധിക്കാൻ മലകയറിയ നരവംശത്തിലെ ചരിത്ര പുരുഷൻമാരിൽ ചിലരെ അമലിന് ഓർമ്മ വന്നു.അമരനാകാൻ ചെയ്ത യുദ്ധത്തിൽ തന്നെ മരിച്ചു പോയ മുപ്പത്തിമൂത്തു വയസുകാരൻ തുമ്പി .വിവാഹമുറപ്പിച്ച നാൾ മുതൽ അവൻ നിശബ്ദനായി.
"ടാ, ആ റോസ് മലയൊന്നു കേറി വാ.നിൻ്റെ ശബ്ദമിങ്ങ് പോരും വിമലയെ നമസ്ക്കരിച്ചു വാ."
കൂട്ടുകാർ പറഞ്ഞു. പക്ഷേ തുമ്പി പോയില്ല. വിവാഹത്തിൻ്റെ തലേന്നാൾ അവൻ തൂങ്ങി മരിച്ചു. എങ്കൂടം താഴ് വരയാകെ അവൻ്റെ മരണം ചർച്ചയായി.
"ഒടിഞ്ഞ വാഴത്തണ്ട് വച്ച് അവൻ എന്തോ പുളുത്താനാ."
ആണുങ്ങളും പെണ്ണുങ്ങളും പരസ്പരം രഹസ്യമൊഴി നടത്തി. പക്ഷേ അവൻ്റെ പത്താംതരം സതീർഥ്യരായ അഞ്ചു പേരും പറഞ്ഞു.
"അതു നുണ.റബ്ബർ തോട്ടത്തിലെ മുളങ്കാടിനടുത്തു വച്ചുള്ള മൈഥുന മത്സരത്തിൽ ഏറ്റവും ദൂരം പിന്നിട്ടത് അവനാ. എന്നിട്ട് വിജയിയായി അവൻ്റെ ഒരു ചിരി ഉണ്ടായിരുന്നു. ഞങ്ങൾ അഞ്ചാളും ആണത്തം കെട്ട് നിന്നു പോയി."
അവർക്ക് അവൻ ഒരു പ്രഹേളികയായി.
മഴ തോർന്നു.അമൽ മുന്നോട്ട് നടന്നു.പാറമടക്കുകൾ സസൂക്ഷ്മം പിന്നിട്ട് അവൻ ഒരു ചെറിയ പുൽത്തകിടിയിൽ എത്തി.ഈ ഘോരവനത്തിൽ ഒരു പുൽത്തകിടി എങ്ങനെ ! അമൽ അതിശയിച്ചു. ശരീരം നന്നെ തളർന്നിരുന്നു.അവൻ നീണ്ടു നിവർന്ന് പുൽത്തകിടിൽ കിടന്നു.കുത്തനെ നിൽക്കുന്ന ഭയാനമായ മരങ്ങൾ ചുറ്റിലും. സമയമിപ്പോൾ എന്തായിരിക്കും.രാവിലെ തുടങ്ങിയ സഞ്ചാരമാണ്. പ്രഭാതം തീർന്നു കാണുമോ .ഉച്ചകഴിഞ്ഞിട്ടുണ്ടാകുമോ?അവനു നന്നെ വിശക്കുന്നുണ്ടായിരുന്നു. ഏറെ നേരം അവർ ആ പുൽത്തകിടിയിൽ കിടന്നു. ഒരു കാട്ടു മുയൽ കുടുംബത്തോടൊപ്പം അവൻ്റെ മുന്നിലൂടെ ചാടിയോടി. ആശ്വാസത്തിൻ്റെ ഒരു തീരത്ത് എത്തിപ്പെട്ടതു പോലെ അവനു തോന്നി. ഒരുവേള അവൻ അറിയാതുറങ്ങിപ്പോയി. സ്വപ്നങ്ങളൊന്നുമില്ലാത്ത സുന്ദരവും വിശ്രാന്തവുമായ നിദ്ര. ഓരോ കോശങ്ങളും അതിവേഗം തണുത്തു.
കാട്ടുപക്ഷികളുടെ കൂജനം കേട്ട് അമൽ ഉണർന്നു.പുൽത്തകിടി വിട്ട് അവൻ മുന്നോട്ട് നടന്നു. വസന്തകാലം നടന്നു പോയതിൻ്റെ കാൽപ്പെരുമാറ്റം പോലെ വഴിത്താരയിൽ പൊഴിഞ്ഞുകിടക്കുന്ന പൂക്കൾ.ചെറിയൊരു സമതലം കടന്ന് ഒരു ജലാശയത്തിനരികിലെത്തി. സ്ഫടികം പോലെ തെളിഞ്ഞ ജലം. മരങ്ങൾക്കിടയിൽ നിന്നും ചോർന്നു വന്ന സൂര്യകിരണങ്ങൾ ജലപ്പരപ്പിനെ സ്വർണച്ചായം പൂശിക്കൊണ്ടിരുന്നു.കാലം എടുത്തു വച്ച വശത്തെ ചെറിയ കല്ലിൽ ചവിട്ടി അവൻ കൈക്കുമ്പിളിൽ ജലം കോരിക്കുടിച്ചു. ഇളം
മധുരത്തോടെ നേർത്ത തണുപ്പോടെ ജലം ഉള്ളിനെ തഴുകി.

വര :പി ആര് രാജന്
നിബിഡവനങ്ങളുടെ ദീർഘദൂരംതാണ്ടി നടന്നു. കയറുംതോറും കയറ്റം വർദ്ധിച്ചു കൊണ്ടിരിക്കുന്ന മല. രാവും പകലും ഇടകലർന്ന അന്തരീഷം. പ്രണയത്തിൻ്റെ ഇളം ചുവപ്പ് നിറം.
ദീർലമായ നടത്തത്തിനു ശേഷം അവൻ മലമുകളിലെത്തി.പറഞ്ഞു കേട്ട വന്യമൃഗങ്ങളെ ഒന്നും അവൻ ആ വഴിത്താരയിൽ കണ്ടില്ല. വാക്കുകളിൽ കോർത്തെടുക്കാനാകാത്ത ഒരു കാനന സംഗീതം മലമുകളിൽ എത്തുന്നതുവരെയും അവന് അകമ്പടി വന്നു. ചരിത്രത്തിൻ്റെ പന്നലുകൾ പടർന്നു കയറിയ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടം തിരഞ്ഞ് അവൻ നടന്നു. പറഞ്ഞു കേട്ട കഥകളിലെ ദൃശ്യങ്ങളൊന്നും അമലിനു കണ്ടെത്താനായില്ല. കുന്നിൻ്റെ നെറുകയിൽ നിന്നും ഒരു നീരുറവയുടെ വെൺമുത്തുകൾ പതിച്ച കനമുള്ള വെള്ളി നൂലുപോലെ താഴേയ്ക്കുള്ള ഒഴുക്ക്.ഈ ഒഴുക്കു പതിച്ച ജലാശയത്തിൽ നിന്നുമായിരുന്നു താൻ ദാഹമടക്കിയത്.സ്വയം വഴികാട്ടിയായി അവൻ ആ കുന്നിൽ വിമലയുടെ വാസസ്ഥലം തിരഞ്ഞു. ഒടുവിൽ ഒരു പുൽമേഞ്ഞ കുടിലിനരികിൽ അവൻ്റെ സഞ്ചാരം അവസാനിച്ചു.ഒരു നായ കുരച്ചു ചാടി, അമൽ പിന്നാക്കം മറിഞ്ഞു.നായയ്ക്കു പുറകെ കൃശഗാത്രയായ ഒരു സ്ത്രീ. ഇളം പച്ച നിറത്തിലൊരു സാരി വാരിച്ചുറ്റിയിരിക്കുന്നു. അവൻ സംശയാലുവായി. മനസിൽ വഹിച്ചുകൊണ്ടു വന്ന മദാലസയായ മാദകയുവതി എവിടെ. ഈ സ്ത്രീയിലാണോ തൻ്റെ വീറു പരീക്ഷിക്കേണ്ടത്.ഇവൾ നാടു പറഞ്ഞ കഥ പോലെ ഒറ്റമുലച്ചിയാണോ. കാഴ്ചയിൽ അതു തെറ്റാണ്.എങ്കൂടം ഗ്രാമത്തിൻ്റെ കഥകളിലെ അഭിസാരിക ഇവളാണോ? നാടോടിക്കഥയെന്ത്! നേരിൻ്റെ കഥയെന്ത്!
വർഷങ്ങൾക്കു ശേഷം മല കയറി വന്ന യുവാവിനെ കണ്ട് വിമല ചിരിച്ചു. ചിരിയും മുഖവും തമ്മിലുള്ള പാരസ്പര്യം അവനെ അത്ഭുതപ്പെടുത്തി. കണ്ണും കവിൾത്തടങ്ങളും ഒന്നു ചേർന്ന ചിരിയാണ് മനുഷ്യൻ്റെ സൗന്ദര്യം എന്ന് അമലിനു തോന്നി.
അവൻ്റെ കണ്ണുകളിലെ സംശയം ചോദിക്കപ്പെടാത്ത ചോദ്യമായി.
"അതെ. ഞാൻ തന്നെയാണ്."
അവൾ മറുപടി പറഞ്ഞു. പ്രതീക്ഷകൾ തകിടം മറിഞ്ഞ അവൻ്റെ മുഖം അവൾ തിരിച്ചറിഞ്ഞു. വശീകരിക്കാൻ കഴിയുന്നവളല്ലെ വേശ്യ .പക്ഷേ ഈ മുഖം വശീകരിക്കുകയല്ല, ഒരു കാന്തിക ധ്രുവം പോലെ ആകർഷിക്കുകയാണ്.
"നീ ഒരു അത്ഭുതമാണ്."
വിമല പറഞ്ഞു.
"ഈ മലകയറി വരാൻ നിനക്ക് കഴിഞ്ഞു. എത്രയോ പേർ താഴ് വാരത്തിൽ നിന്നും പുറപ്പെട്ടു. പക്ഷേ ഈ മലയിലേക്കുള്ള യാത്ര വിജയകരമായി പൂർത്തിയാക്കിയവർ ചുരുക്കം ചിലർ മാത്രമായിരുന്നു. അതിൽ ഒരാളെ നീ അറിയും."
"ആരാ ?"അമൽ ചോദിച്ചു. "ആമോസിനെ."
അമലിൻ്റെ സംശയം പുരികക്കൊടിയിൽ നിഴലിച്ചു.
"അതെ, പ്രാന്തൻ ആമോസ് ."
അമലിന് ആമോസിനെ ഓർമ്മ വന്നു. നെഞ്ചിൽ അർബുദം ബാധിച്ച് ഭാര്യ മരിച്ചു. എത്രയോ ആശുപത്രികളിൽ ആമോസ് ഭാര്യയേയും കൊണ്ട് പരിഹാരം തേടി നടന്നു. പക്ഷേ ശാസ്ത്രം അവളുടെ ജീവനെ തടഞ്ഞു നിർത്താൻ പാകത്തിൽ വളർന്നിരുന്നില്ല. ഒടുവിൽ ഭാര്യ മരിച്ച് പതിനേഴാം നാൾ ആമോസ് പിറുപിറുത്ത് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. മക്കൾ വിളിച്ചിട്ടും തിരികെ വന്നില്ല. രാവും പകലും അമോസിന് ഒരു പോലെയായി. ഇഹവും പരവും അതിർത്തി ചോർന്നു.ക്രമേണ ആമോസ്, പ്രാന്തൻ ആമോസായി. ഇടയ്ക്കിടയ്ക്ക് കാൽനടക്കാരെ തടഞ്ഞു നിർത്തി പറഞ്ഞു. എൻ്റെ പ്രാണൻ ചോർന്നു പോയി. ഭ്രാന്തൻ്റെ ജൽപനമായി ജനം അതിനെ കേട്ടു.
"വിശപ്പുണ്ട് അല്ലെ? കഴിക്ക്."
വിമല അടുത്തിരുന്ന് കാട്ടു കിഴങ്ങ് പുഴുങ്ങിയത് ഇലയിൽ എടുത്തു വച്ചു. മുൻ ശീലങ്ങളുടെ അഭാവം അവൻ്റെ കണ്ണുകളെ അവളിൽ നിന്നും പിൻവലിച്ചുകൊണ്ടിരുന്നു. മലകേറി ആരും കാട്ടു കിഴങ്ങു കഴിക്കാൻ വിമലയുടെ അടുത്ത് വരില്ല. പക്ഷേ -
"വയറു കാഞ്ഞാൽ അര ഉണരില്ല." കഴിക്ക് അവൾ പറഞ്ഞു. കാട്ടുകറിയ്ക്കൊപ്പം അവൻ കാട്ടു കിഴങ്ങ് കഴിച്ചു.നന്നേ വിശക്കുന്നുണ്ടായിരുന്നു. ആഹാരത്തിൻ്റെ രുചി നിർണയിക്കുന്നത് വിശപ്പാണ്.
വിശപ്പടങ്ങി അമൽ ചാണകം മെഴുകിയ മൺതിണ്ണയിൽ ചാരിയിരുന്നു.
"വിശപ്പു കഴിഞ്ഞും നിനക്കൊരു ഇഷ്ടം ആഹാരത്തോട് തോന്നുന്നുവെങ്കിൽ അതാണ് ആഹാരത്തിൻ്റെ രുചി."
വിമല പറഞ്ഞു.
"അങ്ങനെ ആഹാരം രുചിക്കുമോ?" അവൻ സംശയാലുവായി.
"അങ്ങനെ രുചിക്കാത്തതാണ് നിങ്ങൾ ആണുങ്ങളുടെ കുഴപ്പം. അവിടെയാണ് നിങ്ങൾ തോറ്റത്." വിമലയുടെ വാക്കുകൾ വല്ലാതെ ആകർഷിക്കുന്നുണ്ടെന്ന് അമലിനു തോന്നി.വാക്കുകൾക്കും സ്പർശനശേഷിയുണ്ട്.
സന്ധ്യ മയങ്ങാൻ തുടങ്ങി.മല സൂര്യവെളിച്ചത്തിൽ റോസ് നിറമായി .മലമുകളിൽ ഇങ്ങനെയും ഒരു നിറം ഉണ്ടെന്ന് അവൻ അറിഞ്ഞു. ഉടുത്തൊരുങ്ങിയ രാത്രി വന്നു ചേർന്നു. ഒരു വേശ്യയോട് ഇടപഴകേണ്ട രീതി അവന് അറിയില്ലായിരുന്നു.എങ്ങനെയാണ് ആവശ്യം ഉന്നയിക്കുക. അവളിൽ ഒരു വേശ്യയുടെ സമീപനങ്ങൾ അവന് അനുഭവപ്പെട്ടില്ല. വിശപ്പിന് കാട്ടു കിഴങ്ങ് അവിച്ചു തന്നപ്പോൾ ചെറുതിലെ വിശന്നുവലഞ്ഞ സമയം അമ്മ ചേമ്പിൻ താളും മരച്ചീനി പുഴുങ്ങിയതും ചേർത്തിളക്കി തന്നതാണ് ഓർമ്മ വന്നത്.ഈ മൺകുടിലിൻ്റെ എത്ര മുറിയുണ്ടാകും. അതിൽ ഏതു മുറിയിൽ വച്ചാണ് അവളുടെ മേൽ തൻ്റെ വീര്യം പരീക്ഷിക്കാനാവുക. അവൻ്റെ ഹൃദയം പെരുമ്പറകൊട്ടി.
മൺകുടിലിൻ്റെ മുന്നിലെ പുൽത്തകിടിയിൽ നിലാവു പരന്നു. വിമല പുൽപ്പായ കൊണ്ടുവന്നു വിരിച്ചു.
"വരൂ .ഇവിടിരിക്കൂ." അവൾ വിളിച്ചു. എന്തിന് ?ഇവിടെയാണോ...? അവൻ്റെ മനസിൽ സംശയങ്ങൾ മുള പൊട്ടി. അവൻ പുൽപ്പായയിൽ വന്നിരുന്നു. അവളുടെ മേനിയേക്കാൾ വാക്കുകൾ അവനെ ആകർഷിച്ചു പിടിച്ചിരുന്നു. അവൾ സംസാരിക്കുന്നതു കേൾക്കാൻ അവൻ ആഗ്രിച്ചു.
"കാട്ടുചേമ്പിനൊപ്പം വിളമ്പിയ കറി നന്നായിരുന്നു. എൻ്റെ അമ്മ ഉണ്ടാക്കുമായിരുന്ന കറിയാണ്." അമൽ പറഞ്ഞു.
"വിശാഖനും ഇഷ്ടമായിരുന്നു.ബാല്യത്തിലെ എൻ്റെ ഏക രുചി ആ കറിയായിരുന്നു. പിന്നീട് നിരവധി വിഭവങ്ങൾ തയ്യാറാക്കാൻ ഞാൻ പഠിച്ചപ്പോഴും ആ കറിയുടെ രുചി എൻ്റെ നാവു വിട്ടു പോയില്ല."
വിമല അതു പറയുമ്പോൾ ഒരു പാവാടക്കാരി അമലിൻ്റെ മുന്നിലൂടെ കൊഞ്ചിക്കൊണ്ടോടി.
"ആരായിരുന്നു വിശാഖൻ?"
ഇരുളും പ്രകാശവും കലരുമ്പോഴുള്ള ആകാശത്തിൻ്റെ നിറത്തിലേയ്ക്ക് അവൾ നോക്കി. "ഭർത്താവായിരുന്നോ?"
അമൽ ഒരു ഉത്തരം കൊടുത്തു കൊണ്ട് ചോദിച്ചു.
"അങ്ങനെ വിളിക്കുവാൻ എനിക്കിഷ്ടമായിരുന്നില്ല. ഒരു കൂട്ടുകാരൻ.പക്ഷേ വിശാഖൻ അതായിരുന്നില്ല. പെണ്ണിന് പ്രണയം പ്രാണൻ്റെ നയമാണ്. ആണിന് പ്രണയം ഉടലിൻ്റെ ആർത്തിയും. പക്ഷേ .... "
വീണ്ടും വിമല നിശബ്ദതയെ പുതച്ചു.കഥയുടെ നീരൊഴുക്ക് തടസപ്പെട്ടു. ഭൂതകാലത്തിൽ തളം കെട്ടിക്കിടക്കുന്ന ഏതോ ജലാശയത്തിൽ വീണുപോയ പോലെ.
"പറയൂ."
അമൽ ആവശ്യപ്പെട്ടു.
കല്ലണക്കെട്ടിൽ നിന്നും ഒരു കല്ലെടുത്തു മാറ്റിയാൽ എന്ന പോലെ കഥയുടെ കടൽ വീണ്ടുമൊഴുകി. വിശാഖൻ. കൗമാരത്തിൻ്റെ വസന്തത്തിൽ മനസിൻ്റെ മലരിൽ വന്നിരുന്ന ചിത്രശലഭം. ദാരിദ്ര്യം പൂതലിച്ച് ദ്രവിച്ചു പോയ ഓലക്കുടിലിൽ പൊട്ടിപ്പോയ കഞ്ഞിക്കലത്തിൽ അമ്മ താളുകറി വയ്ക്കുമ്പോൾ കൗമാരക്കാരിയുടെ പുസ്തകത്താളിൽ സ്വപ്നങ്ങളുടെ മയിൽപ്പീലി പെറ്റുപെരുകിക്കൊണ്ടിരുന്നു.അമ്മയുടെ ആശിർവാദം 'മോളേ അമ്മയ്ക്ക് ഈ ലോകത്തെ വിശ്വാസമില്ല' എന്ന വാക്യമായിരുന്നു.പക്ഷേ വിമലയ്ക്ക് വിശ്വാസമായിരുന്നു. സ്നേഹം കള്ളമാകുന്നതെങ്ങനെ.അത് ഉളവായതു കൊണ്ടു തന്നെയല്ലെ ഉള്ളത്. വിശാഖനൊപ്പമുള്ള യാത്ര ചെന്നൈ നഗരത്തിൻ്റെ വശ്യതയിലേയ്ക്ക് ആദ്യം .അവിടെ അവൻ കൂടെയുണ്ടായിരുന്നു. അലഹാബാദിൽ നിന്നും *സോനാഗച്ചിയിലെത്തിയപ്പോഴാണ് പെണ്ണുടലിൽ പണം കായ്ക്കുമെന്ന് അവൻ തിരിച്ചറിഞ്ഞത്. അവനു വേണ്ടി കഞ്ഞിയുമായി കാത്തിരുന്നവളുടെ വാതിലിൽ മുട്ടുകേട്ട് പ്രണയഭരിതയായി തുറന്ന വാതിൽ കടന്നു വന്നത് ഒരു കെട്ട വാടയായിരുന്നു. കറിക്കത്തി ഓങ്ങി നാഭിയിൽ ചവിട്ടി പുറത്തു തള്ളി. പക്ഷേ പിന്നാലെ കയറി വന്നവനെ കണ്ട് തളർന്നു. കെടന്നു കൊടുക്കെടീ ശവമേ, എന്ന അലർച്ചയും ചെവിടടക്കമുള്ള അടിയും. തനുവും മനവും ജഡമായ ദിവസം.പിന്നീട് ദീർഘസഞ്ചാരത്തിൻ്റെ കാലമായിരുന്നു. നഗരങ്ങളിൽ നിന്നും നഗരങ്ങളിലേയ്ക്ക്. ഒരിടത്തും അവൻ സ്ഥിരമായി പാർത്തില്ല.ഓരോ തെരുവും അവന് ശക്തി പരീക്ഷണത്തിൻ്റേതായിരുന്നു. ഒടുവിൽ മറ്റൊരു പെണ്ണിനും അവനും കഞ്ഞി വയ്ക്കേണ്ടി വന്നു. എന്നിട്ടും പിൻതുടർന്നു. ഒരു നായയെക്കൂട്ട് .പഞ്ചാബിലെ അഭിസാരികമാളികയിൽ എത്തുവോളം അവനും അതു തന്നെ ചെയ്തു. പുരുഷന് സ്വയം ശക്തനാണെന്ന് ഉറപ്പിക്കാൻ വേണ്ടിയുള്ള ഒരു ശൂന്യ സ്ഥലം മാത്രമാണ് സ്ത്രീ.സ്ത്രീ ശരീരത്തിൽ ഓരോ പുരുഷനും ഒരു ഫാസിസ്റ്റാണ്. അവൻ്റെ സേച്ഛാധിപത്യം നടപ്പിലാക്കാനുള്ള ഒരു സാമ്രാജ്യമാണ് പെണ്ണുടൽ. അവൻ്റെ എല്ലാ ഗർവ്വും വീറും തീർക്കേണ്ടിടം. ഭാര്യ ഒരു ജഡപദമായിരിക്കണം. അവൾക്ക് ഉണർവോ ഉയിരോ പോലും പാടില്ലെന്ന് മുംബൈയുടെ ഖലികളിൽ വച്ച് വിശാഖനിൽ നിന്നു തന്നെയാണ് അറിഞ്ഞത്. പിന്നെ അവന് അവളൊരു പഴന്തുണിയാണ്. അവൻ്റെ ശരീരത്തിലെ ചലങ്ങൾ തുടച്ചെടുക്കാൻ മാത്രം ഉപയോഗിക്കാവുന്ന ഒരു പഴന്തുണി.. അവൻ തന്നെ സ്നേഹിച്ചു തുടങ്ങുന്ന ദിവസവും കാത്ത് അവനൊപ്പം വർഷങ്ങൾ അലഞ്ഞു. ഒരു വീടും മക്കളും ഭർത്താവും, പെണ്ണിൻ്റെ സാമ്രാജ്യം ... സമൂഹം അടിച്ചേൽപ്പിച്ചതോ, ഒന്നും അവൾക്കറിയില്ല. ഒന്നു മാത്രമേ അവൾക്കറിയൂ. ഒരു വീട് അത് പെണ്ണിനെന്നും ഇഷ്ടമാണ്. കുഞ്ഞുങ്ങൾ ഓടിക്കളിക്കുന്ന മുറ്റമുള്ള വീട് . അതു പരിപാലിക്കാനും ഇഷ്ടമാണ്.ഭൂമിയിലെ ചെറുതുകളുടെ മോഹം.വിമലയുടെ സ്വപ്നങ്ങൾ കൺമുന്നിൽ വിടർന്നു. ഒരു മയിൽ അപ്പോൾ അവളുടെ കണ്ണുകളിൽ നൃത്തം ചെയ്യുന്നത് അമൽ കണ്ടു. കിനാവുകൾ കോർത്തൊരു പൂച്ചെണ്ട് കാർമേഘങ്ങൾ നിറഞ്ഞ വാനത്തിൻ്റെ കോണിൽ വിടർന്നു.ആണിന് ഉടൽപ്പെരുക്കം തീരുമ്പോൾ പ്രണയം തീരും. പക്ഷേ പെണ്ണിൻ്റെ പ്രണയം അവിടെ ആരംഭിക്കുകയാണ്. തൻ്റെ സിരകളിൽ നിലാവു പോലെ പടർന്നവൻ പ്രാണനിൽ കോർത്തിരിക്കും, ഷണ്ഡനാണെങ്കിൽ കൂടി.
"നീയൊന്ന് പ്രാണൻ കൊണ്ട് പെണ്ണിനെ ആലിംഗനം ചെയ്താൽ മരണം വരെ അവൾ നിൻ്റെ പരിസരത്തിലെ നായയെപ്പോലെ കൂടെ നടക്കും. പക്ഷേ നിനക്കവളെ ഹൃദയം കൊണ്ട് ആലിംഗനം ചെയ്യാനാകണം. വീറ് പരീക്ഷണമല്ല അവൾ കൊതിക്കുക."
ഓരോ വീറുകാലത്തിനും ശേഷം അവൻ ചരിഞ്ഞു കിടന്നുറങ്ങി.ഉരിയാടാൻ അക്ഷരമില്ലാത്തവനായി അവൻ കൂർക്കം വലിച്ചപ്പോൾ കഥകളും ഉപകഥകളുമായി അവൾ രാവിൽ കൺതുറന്നു കിടന്നു. ഇതാ ഈ പുൽത്തകിടിയും നിലാവും കണ്ടോ. ഈ ഇളം നിലാവിൽ അവൾക്കൊപ്പം നിനക്ക് ആകാശത്തിൻ്റെ ചാരുത കാണാനാകുമോ? നീ കടന്നു വന്നിടത്തെ നീർത്തടാകം കണ്ടുവോ.അതു പോലെരിടത്ത് അവൾക്കൊപ്പം നീന്താനാകുമോ? മഞ്ഞ് മലയെ പുതയ്ക്കുന്നതു കണ്ടോ? അതുപോലെ നിനക്കവളെ പുതയ്ക്കാനാകുമോ?ആകുമെങ്കിൽ അവളുടെ മുന്നിൽ വീരൻ നീ തന്നെയാണ്.
അമൽ പുൽത്തകിയിൽ എഴുന്നേറ്റിരുന്നു. ഇടവിട്ട് ഇടവിട്ട് പെയ്യുന്ന മഴ പോലെ അവൾ പെയ്തു കൊണ്ടിരുന്നു. പെണ്ണുടൽ ഒരു നിബിഡ വനമാണ്. അനേകം നിഗൂഢതകൾ അതിൽ ഒളിഞ്ഞിരിപ്പുണ്ട്. അത് നിനക്ക് കണ്ടെത്താനാകുമോ?പുൽനാമ്പിനെ മഞ്ഞുതുള്ളി ചുംബിക്കുന്നത് എങ്ങനെയാകും.അതു പോലൊരു ചുംബനം അതൊക്കെ മതി അവൾക്ക്.
കിഴക്കൻ ചക്രവാളച്ചരുവിലെ നിലാവ് അവളുടെ ശിരസിനു ചുറ്റും ഒരു പ്രകാശവലയം തീർത്തിരിക്കുന്നു. തൻ്റെ മുന്നിലിരിക്കുന്നത് മേഘങ്ങൾക്കിടയിൽ നിന്നും ഇറങ്ങി വന്ന ഒരു മാലാഖയാണെന്ന് അമലിനു തോന്നി.ഈ പാഠങ്ങളാണോ തൻ്റെ മുന്നിൽ വന്ന പുരുഷൻമാർക്ക് വിമല പകർന്നു നൽകിയത്.തുമ്പി വിമലയെ കണ്ടിരുന്നെങ്കിൽ തീർച്ചയായും അവൻ ആത്മഹത്യ ചെയ്യില്ലായിരുന്നു. ആമോസിന് ഭ്രാന്തു വരാൻ കാരണവും അമലിനു മനസിലായി.പെണ്ണുടൽ അനേകം രാഗങ്ങൾ ചേർത്തു വച്ച ഒരു സംഗീതോപകരണമാണ്. നിനക്കതിലെ രാഗങ്ങൾ മീട്ടാനായില്ലെങ്കിൽ നീ എത്ര വീരനായാലും തോറ്റു പോകും. അവ മീട്ടാൻ നിനക്കാകുമെങ്കിൽ നീ എത്ര പരാജിതനാണെങ്കിലും നീ വിജയിയാകും.വാക്കടുത്താൽ മനമടുക്കും.മനമടുത്താൽ തനുവടുക്കും. നിൻ്റെ പക്കൽ ധാരാളം ജലമുണ്ടായേക്കാം. അത് കടൽ ജലമാണെങ്കിൽ ദാഹമകറ്റാനാകില്ല. ഒരു തുടമെങ്കിലും തെളിനീരാണെങ്കിൽ ആത്മാവ് തണുക്കും. നീ പെണ്ണിനെ മാല കൊണ്ട് കെട്ടരുത്. വാക്കു കൊണ്ട് കെട്ടണം. ഇതാ നിൻ്റെ മുന്നിൽ എൻ്റെ ഉടൽ. നീ എടുത്തുകൊൾക. അതു പറഞ്ഞ് അവൾ പുൽത്തകിടിയിൽ വിരിച്ച പുൽപ്പായയിൽ മലർന്നു കിടന്നു.
തൻ്റെ മുന്നിൽ കിടക്കുന്നത് ഒരു മലയാണ് എന്ന് അമലിനു തോന്നി.അമൽ വിറങ്ങലിച്ചു നിന്നു. കൽകെട്ടുകളിലും മൈതാനങ്ങളിലും സൗഹൃദങ്ങൾ പരസ്പരം പങ്കുവച്ച രതിപാഠങ്ങൾ അവൻ ഓർത്തു. തനിക്കു പകർന്നു കിട്ടിയ ആൺപാഠങ്ങളിൽ ഒന്നുമില്ലാതിരുന്ന അപൂർവ്വ പാഠങ്ങൾ കേട്ട് അവൻ ജ്ഞാന ബുദ്ധനായി. പിന്നെ പതിയെ അവളുടെ കാൽപ്പാദങ്ങൾക്കരികിൽ മുട്ടുകുത്തി. പാദങ്ങളിൽ തൊട്ടു. അവൾ എഴുന്നേറ്റിരുന്നു. അവൻ്റെ ശിരസിൽ കൈവച്ചു.പിന്നെ കാതുകളിൽ അവസാന വചനങ്ങൾ മന്ത്രിച്ചു.
"വീറിനു മുൻപും വീറുകാട്ടുമ്പോഴും വീറിനു ശേഷവും നിനക്ക് സ്നേഹിക്കാൻ കഴിയണം. ആ പാഠം നീ മറക്കുമ്പോൾ അവൾ മരിക്കാൻ തുടങ്ങും."
അതു വരെ കുമ്പിടാത്ത ഒരു പ്രതിഷ്ഠയ്ക്കു മുൻപിൽ അവൻ ശിരസുകുനിച്ചു. ജീവജാലങ്ങൾ അവയുടെ പ്രണയപരാഗങ്ങൾ പൊഴിക്കുന്ന പാതിരാവിൽ അവളോട് യാത്ര പറഞ്ഞ് അമൽ മലയിൽ നിന്നും തിരിച്ചിറങ്ങാൻ തുടങ്ങി. വിമല പുൽപ്പായയിൽ നിലാവിൽ കണ്ണയച്ചു കിടന്നു.അവളുടെ കടമിഴികളിൽ നിന്നും ജലത്തുള്ളികൾ താഴേയ്ക്കൊഴുകി.
....................
* സോനാഗച്ചി-ഏഷ്യയിലെ ഏറ്റവും വലിയ റെഡ് ലൈറ്റ് ഏര്യ(ലൈംഗിക തൊഴിലാളി തെരുവ്) പശ്ചിമ ബംഗാൾ