
ഇടക്കാല തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ റിപ്പബ്ലിക്കൻ പാർട്ടിക്ക് രാജ്യത്തുടനീളം നേരിടേണ്ടിവന്ന കനത്ത തിരിച്ചടിയുടെ കാരണങ്ങളെക്കുറിച്ച് പലരും പലവിധ വിശദീകരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. നഗരപ്രാന്തങ്ങളിലോ പരമ്പരാഗത ഡെമോക്രാറ്റിക് കോട്ടകളിലോ മാത്രം ഒതുങ്ങിയതായിരുന്നില്ല ഈ തകർച്ച. റിപ്പബ്ലിക്കൻ പാർട്ടിക്ക് ശക്തമായ വേരോട്ടമുള്ള ഗ്രാമീണ മേഖലകളിലും നീല തരംഗം ആഞ്ഞടിച്ചു. ഒരുകാലത്ത് സുരക്ഷിതമെന്ന് കരുതിയിരുന്ന റിപ്പബ്ലിക്കൻ മണ്ഡലങ്ങൾ പോലും അപ്രതീക്ഷിതമായി പാർട്ടിക്ക് വെല്ലുവിളി ഉയർത്തി. എന്താണ് സംഭവിച്ചതെന്നറിയാതെ പാർട്ടി നേതൃത്വം ഉത്തരം തേടുകയാണ്.
ഇറാനുമായുള്ള യുദ്ധമാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയത്തിന് പ്രധാന കാരണമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പെട്ടെന്നുതന്നെ പ്രഖ്യാപിച്ചു. ഇസ്രായേലുമായുള്ള അമേരിക്കയുടെ ബന്ധം പുനഃപരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കൻ രാഷ്ട്രീയത്തിൽ ഒരുകാലത്ത് ഏറെക്കുറെ ചോദ്യം ചെയ്യാനാവാത്ത ബന്ധമായി കണക്കാക്കപ്പെട്ടിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ ഇത്തരമൊരു നിലപാട് വലിയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
എന്നിരുന്നാലും, എന്റെ കാഴ്ചപ്പാടിൽ, ട്രംപിന്റെ പ്രസിഡന്റ് പദവിയുടെ ഗതി മാറ്റിമറിച്ചത് യുദ്ധം മാത്രമായിരുന്നില്ല. യുദ്ധം അവസാനിപ്പിക്കാനും പ്രഖ്യാപിത ലക്ഷ്യങ്ങൾ കൈവരിക്കാനും കഴിയാതിരുന്നതാണ് ഈ രാഷ്ട്രീയ ദുരന്തത്തിലേക്ക് നയിച്ചത്.ജയിക്കുന്നവരെയാണ് അമേരിക്കക്കാർക്ക് ഇഷ്ടം. തങ്ങളുടെ രാജ്യം നിർണായകമായ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് വിശ്വസിക്കുന്നിടത്തോളം കാലം പ്രയാസങ്ങളും ത്യാഗങ്ങളും സഹിക്കാൻ അവർ തയ്യാറാണ്. എന്നാൽ അവസാനമില്ലാത്ത യുദ്ധവും, വ്യക്തമായ ഫലങ്ങളില്ലാതെ പെരുകുന്ന ചെലവുകളും, യാഥാർഥ്യങ്ങൾ മറിച്ചായിരിക്കുമ്പോഴും വിജയം അവകാശപ്പെടുന്ന നേതൃത്വവും അവർക്ക് അനന്തമായി അംഗീകരിക്കാനാവില്ല.
അമേരിക്കയുടെ സൈനിക മേധാവിത്വത്തിൽ അത്യധികം ആത്മവിശ്വാസത്തോടെയാണ് ട്രംപ് ഈ സംഘർഷത്തിലേക്ക് കടന്നത്. അമേരിക്കയുടെ അതിശക്തമായ സൈനികശേഷിയും ഇസ്രായേലിന്റെ സൈനിക മികവും സംയോജിപ്പിച്ചാൽ ഇറാനെ തകർക്കാനും അതിന്റെ സൈനിക അടിസ്ഥാനസൗകര്യങ്ങൾ നശിപ്പിക്കാനും ഒരുപക്ഷേ ഭരണകൂടത്തെത്തന്നെ മാറ്റിമറിക്കാനും കഴിയുമെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. ഇറാൻ തിരിച്ചടിക്കുക മാത്രമല്ല,അതിജീവിക്കുകയും ചെയ്തു. അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും വലിയ സാമ്പത്തികവും തന്ത്രപരവുമായ നഷ്ടങ്ങൾ വരുത്താൻ തങ്ങൾക്ക് കഴിയുമെന്ന് തെളിയിക്കാനും അവർക്ക് കഴിഞ്ഞു.
ടെഹ്റാനിൽ ഭരണമാറ്റം കൊണ്ടുവരുന്നതിൽ ട്രംപ് പരാജയപ്പെട്ടു. പകരം, വാഷിങ്ടണിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റാനാണ് അമേരിക്കൻ വോട്ടർമാർ തീരുമാനിച്ചത്. അതേസമയം, ഇസ്രായേലിലെ വോട്ടർമാർ ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണസഖ്യത്തിനും സ്വന്തം രീതിയിൽ തിരിച്ചടി നൽകി. വിധിയുടെ എത്ര വിചിത്രമായ തകിടംമറിച്ചിൽ!
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്ക നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്, യുദ്ധങ്ങൾ ആരംഭിക്കുമ്പോൾ നേതാക്കൾ വാഗ്ദാനം ചെയ്യുന്ന നിർണായക വിജയത്തോടെ അവ അവസാനിപ്പിക്കാൻ കഴിയാത്തതാണ്. വെസ്റ്റേൺ ഹെമിസ്ഫിയറിലെ സ്വന്തം തട്ടകത്തിൽ നടത്തിയ പരിമിതമായ സൈനിക നടപടികൾ മാറ്റിനിർത്തിയാൽ, രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള അമേരിക്കയുടെ യുദ്ധചരിത്രം അത്ര അഭിമാനകരമല്ല. കൊറിയൻ യുദ്ധം സമനിലയിൽ കലാശിച്ചു. വിയറ്റ്നാം യുദ്ധം ഒരു വലിയ ദുരന്തമായി. ഇറാഖ് യുദ്ധം മേഖലയെയാകെ അസ്ഥിരപ്പെടുത്തിയ നീണ്ട പ്രതിസന്ധിയായി മാറി. ഇരുപത് വർഷത്തെ പോരാട്ടത്തിനുശേഷം അമേരിക്കൻ സൈന്യം അപമാനകരമായി അഫ്ഗാനിസ്ഥാനിൽനിന്ന് പിൻവാങ്ങി. ഇപ്പോൾ ഇറാനും അവസാനമോ വ്യക്തമായ രാഷ്ട്രീയ പരിഹാരമോ കാണാത്ത ഒരു നിഷ്ഫലയുദ്ധമായി മാറിയിരിക്കുന്നു.
ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന 'പവൽ സിദ്ധാന്തം' ഈ അവസരത്തിൽ ഓർമ്മ വരുന്നു. യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ വ്യക്തമായിരിക്കണം, രാജ്യത്തിന്റെ നിർണായക ദേശീയ താൽപര്യങ്ങൾ അപകടത്തിലായിരിക്കണം, വിജയം ഉറപ്പാക്കാൻ ആവശ്യമായ അതിശക്തമായ സൈനികശേഷിയും ദൃഢനിശ്ചയവും ഉണ്ടായിരിക്കണം. ഈ വ്യവസ്ഥകൾ പാലിക്കുമ്പോൾ മാത്രമേ അമേരിക്ക യുദ്ധത്തിലേക്ക് കടക്കാവൂ എന്നതായിരുന്നു ആ സിദ്ധാന്തത്തിന്റെ കാതൽ.
എന്നാൽ വിരോധാഭാസമെന്നു പറയട്ടെ, ഈ സിദ്ധാന്തവുമായി ബന്ധപ്പെട്ടിരുന്ന അതേ വ്യക്തി പിന്നീട് ഇറാഖ് അധിനിവേശത്തെ ന്യായീകരിക്കാൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ഹാജരായി. ആ അധിനിവേശത്തെ ന്യായീകരിക്കാൻ ഉപയോഗിച്ച രഹസ്യാന്വേഷണ വിവരങ്ങൾ ഗുരുതരമായ പിഴവുകളുള്ളതായിരുന്നു. ഇറാഖിനെ അസ്ഥിരപ്പെടുത്തുക മാത്രമല്ല, ഇറാന്റെ പ്രാദേശിക സ്വാധീനം വർധിപ്പിക്കാനും മധ്യപൂർവേഷ്യയെ ഇന്നും വേട്ടയാടുന്ന തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് വളരാനുള്ള സാഹചര്യമൊരുക്കാനും ആ യുദ്ധം കാരണമായി.
ചരിത്രത്തിൽനിന്ന് പാഠം പഠിക്കാത്തവർ അതേ തെറ്റുകൾ ആവർത്തിക്കാൻ വിധിക്കപ്പെട്ടവരാണെന്നൊരു ചൊല്ലുണ്ട്. അതുതന്നെയാണ് ഇവിടെ വീണ്ടും സംഭവിച്ചത്.
യുദ്ധം ആസൂത്രണം ചെയ്യുന്നതിലും അതിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കുന്നതിലും ട്രംപ് ഭരണകൂടം പരാജയപ്പെട്ടതായി തോന്നുന്നു. അമേരിക്കയുടെ സൈനിക മേധാവിത്വത്തെക്കാൾ വളരെ പിന്നിലാണെങ്കിലും, അസാധാരണമായ യുദ്ധതന്ത്രങ്ങളിലൂടെ വലിയൊരു എതിരാളിക്ക് സാമ്പത്തികവും സൈനികവുമായ നഷ്ടങ്ങൾ വരുത്താൻ ഇറാന് കഴിയുമെന്ന് രഹസ്യാന്വേഷണ ഏജൻസികളും പ്രതിരോധ വകുപ്പും മുൻകൂട്ടി കാണേണ്ടതായിരുന്നു.
മേഖലയിലുടനീളമുള്ള അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരെ കൃത്യതയേറിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്താനുള്ള ഇറാന്റെ ശേഷിയെ കുറച്ചുകണ്ടതാണ് ഏറ്റവും ഗുരുതരമായ പിഴവുകളിലൊന്ന്. അമേരിക്കൻ-ഇസ്രായേൽ സൈന്യങ്ങൾ ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ വരുത്തിയെങ്കിലും, ഗൾഫ് മേഖലയിലെ സൈനിക താവളങ്ങൾക്കും അടിസ്ഥാനസൗകര്യങ്ങൾക്കും നിർണായക സാമ്പത്തിക കേന്ദ്രങ്ങൾക്കും ഭീഷണിയാകാനുള്ള ശേഷി ഇറാൻ നിലനിർത്തി.
ഈ സൈനിക കേന്ദ്രങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളും അവയുടെ സംരക്ഷണത്തിനും പുനർനിർമാണത്തിനുമായി വരുന്ന ചെലവുകളും മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തിന്റെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച രഹസ്യാന്വേഷണ സംവിധാനവും സൈനിക സാങ്കേതികവിദ്യയും കൈവശമുള്ള ഒരു രാജ്യത്തിന്, പതിറ്റാണ്ടുകളായി വികസിപ്പിച്ചെടുത്ത യുദ്ധതന്ത്രങ്ങൾ ഉപയോഗിക്കുന്ന എതിരാളിയെ എങ്ങനെ ഇത്രത്തോളം കുറച്ചുകാണാനായി?
എന്നാൽ എന്റെ കാഴ്ചപ്പാടിൽ, ഏറ്റവും വലിയ പരാജയം ഹോർമുസ് കടലിടുക്കിനെ തടസ്സപ്പെടുത്താനുള്ള ഇറാന്റെ ശേഷിയുടെ പ്രത്യാഘാതങ്ങൾ മുൻകൂട്ടി കാണാൻ കഴിയാതിരുന്നതാണ്. ലോകത്തിലെ മൊത്തത്തിലുള്ള പെട്രോളിയം ഉപഭോഗത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ ഇടുങ്ങിയ ജലപാത ഏഷ്യയിലെയും സമീപ പ്രദേശങ്ങളിലെയും ഊർജവിപണികളുടെ പ്രധാന മാർഗ്ഗമാണ്. ഇതിലൂടെയുള്ള ഗതാഗതം ദീർഘകാലത്തേക്ക് തടസ്സപ്പെട്ടാൽ ആഗോള എണ്ണവിലയിലും അന്താരാഷ്ട്ര വ്യാപാരത്തിലും ഇതിനകം പണപ്പെരുപ്പം നേരിടുന്ന സമ്പദ്വ്യവസ്ഥകളിലും ഉടനടി പ്രത്യാഘാതങ്ങളുണ്ടാകും.
ശക്തമായ നാവികസേനയോ വ്യോമസേനയോ ഇല്ലാതെയും ഈ സുപ്രധാന ജലപാതയെ ഭീഷണിപ്പെടുത്താൻ കഴിയുമെന്ന് ഇറാൻ തെളിയിച്ചു. ഒരിടത്ത് ഒരു മിസൈൽ, മറ്റൊരിടത്ത് ഒരു ഡ്രോൺ, അല്ലെങ്കിൽ ഏതാനും നാവിക മൈനുകൾ മാത്രം മതി വാണിജ്യ കപ്പൽഗതാഗതം അപകടകരമാക്കാൻ. ചെറിയൊരു തടസ്സംപോലും ഇൻഷുറൻസ് പ്രീമിയം കുത്തനെ ഉയർത്താനും കപ്പൽ കമ്പനികളെ തങ്ങളുടെ പ്രവർത്തനങ്ങൾ പുനഃപരിശോധിക്കാൻ നിർബന്ധിതരാക്കാനും കഴിയും. ഇൻഷുറൻസ് പരിരക്ഷ നിയന്ത്രിക്കപ്പെടുകയോ പിൻവലിക്കപ്പെടുകയോ ചെയ്യാവുന്ന കടലിലൂടെ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ചരക്കുമായി ഒരു വലിയ ടാങ്കറും ജീവനക്കാരുടെ ജീവനും അപകടത്തിലാക്കാൻ ഏത് കപ്പൽ ഉടമയാണ് തയ്യാറാകുക?
ആഗോള സമ്പദ്വ്യവസ്ഥയുടെ ദൗർബല്യങ്ങൾ യുദ്ധം ആസൂത്രണം ചെയ്തവരെക്കാൾ നന്നായി മനസ്സിലാക്കാൻ ഇറാന് കഴിഞ്ഞത് ഇവിടെയാണ്. ലോകത്തിലെ ഏറ്റവും ശക്തമായ നാവികസേന അമേരിക്കയ്ക്കുണ്ടായിരിക്കാം. എന്നാൽ വിമാനവാഹിനിക്കപ്പലുകളും യുദ്ധക്കപ്പലുകളും വിന്യസിച്ചതുകൊണ്ടുമാത്രം വാണിജ്യ കപ്പൽഗതാഗതം തടസ്സമില്ലാതെ നടക്കുമെന്ന് ഉറപ്പുനൽകാനാവില്ല. ലോകത്തിന്റെ ഊർജജീവനാഡി കടന്നുപോകുന്ന ഇടുങ്ങിയ പാതയിൽ ചെറിയൊരു ഭീഷണിക്കുപോലും വലിയ സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കാൻ കഴിയും.
രണ്ടാമത്തെ പ്രധാന പ്രത്യാഘാതം പേർഷ്യൻ ഗൾഫിലെ അമേരിക്കൻ നാവികസേനാ കേന്ദ്രങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കയാണ്. ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണികൾ മേഖലയിലെ സ്ഥിരം താവളങ്ങളിൽനിന്ന് അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് എത്രത്തോളം സുരക്ഷിതമായി പ്രവർത്തിക്കാനാകുമെന്ന കാര്യം പുനഃപരിശോധിക്കാൻ നിർബന്ധിതമാക്കി. ഇതുവരെ അറ്റകുറ്റപ്പണികൾക്കും ഇന്ധന-വിതരണത്തിനും മറ്റു സൗകര്യങ്ങൾക്കും വിശ്രമത്തിനുമായി ഈ താവളങ്ങളെ ആശ്രയിച്ചിരുന്ന കപ്പലുകൾ ഇറാന്റെ ആയുധപരിധിക്കുള്ളിൽ തുടരുന്നതിന്റെ അപകടസാധ്യത കണക്കിലെടുക്കേണ്ടിവന്നു.
വൻതുക ചെലവഴിച്ച് നിർമിച്ച സൈനിക കേന്ദ്രങ്ങൾ അവയുടെ ആസൂത്രകർ വേണ്ടത്ര കണക്കിലെടുക്കാതിരുന്ന ഭീഷണികൾക്കു മുന്നിൽ പെട്ടെന്ന് തുറന്നുകാട്ടപ്പെട്ടു. ഒരു സൈനിക താവളത്തിന്റെ പ്രാധാന്യം അതിന്റെ ലക്ഷ്യം നിറവേറ്റാൻ കഴിയുന്നിടത്തോളം മാത്രമാണ്. അമേരിക്കൻ നാവികസേനയുടെ കപ്പലുകൾ സുരക്ഷയ്ക്കായി കൂടുതൽ ദൂരത്തേക്ക് മാറി പ്രവർത്തിക്കേണ്ടിവന്നാൽ ഈ താവളങ്ങൾ നൽകുന്ന തന്ത്രപരമായ നേട്ടങ്ങൾ ഗണ്യമായി കുറയും.
മൂന്നാമത്തെ പ്രത്യാഘാതം ഗൾഫ് സഹകരണ കൗൺസിലിലെ രാജ്യങ്ങളുടെ ആത്മവിശ്വാസത്തിനും സാമ്പത്തിക സുരക്ഷയ്ക്കും ഉണ്ടായ വലിയ ആഘാതമാണ്. യുഎഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ പതിറ്റാണ്ടുകളായി തങ്ങളുടെ സമ്പദ്വ്യവസ്ഥകളെ അന്താരാഷ്ട്ര വ്യാപാരം, വിനോദസഞ്ചാരം, ധനകാര്യം, ഗതാഗതം, നിക്ഷേപം എന്നിവയുടെ പ്രധാന കേന്ദ്രങ്ങളാക്കി മാറ്റാൻ കഠിനാധ്വാനം ചെയ്തവരാണ്. അതിമനോഹരമായ നഗരങ്ങൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഹോട്ടലുകൾ, വ്യാപാരകേന്ദ്രങ്ങൾ എന്നിവ അവർ നിർമിച്ചു. ലക്ഷ
ക്കണക്കിന് പ്രവാസികളെയും കോടിക്കണക്കിന് ഡോളറിന്റെ വിദേശനിക്ഷേപത്തെയും ആകർഷിക്കുകയും ചെയ്തു.
ഈ നേട്ടങ്ങൾക്കെല്ലാം അടിത്തറയായ ഒരേയൊരു ഘടകം സ്ഥിരതയാണ്. മിസൈലുകളും ഡ്രോണുകളും മേഖലയ്ക്കു മുകളിലൂടെ പറക്കാൻ തുടങ്ങുമ്പോൾ ആത്മവിശ്വാസം അപ്രത്യക്ഷമാകുന്നു. നിക്ഷേപകർ ആശങ്കാകുലരാകുന്നു. ബിസിനസുകൾ തങ്ങളുടെ പദ്ധതികൾ പുനഃപരിശോധിക്കുന്നു. വിമാന സർവീസുകൾ തടസ്സപ്പെടുന്നു. സാധാരണ ജനങ്ങൾപോലും സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നു. അന്താരാഷ്ട്ര ബിസിനസിന്റെ സുരക്ഷിത താവളമെന്ന ഗൾഫ് മേഖലയ്ക്കുണ്ടായിരുന്ന പ്രതിച്ഛായയ്ക്ക് ഗുരുതരമായ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
സാമ്പത്തിക ശേഷിയുള്ളവർക്ക് തങ്ങളുടെ ബിസിനസുകളും കുടുംബങ്ങളുമായി മറ്റിടങ്ങളിലേക്ക് മാറാൻ കഴിയും. എന്നാൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് തുടങ്ങിയ വികസ്വര രാജ്യങ്ങളിൽനിന്നുള്ള ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ കാര്യമോ? അവരുടെ ജീവിതമാർഗം ഈ രാജ്യങ്ങളിലെ തൊഴിലിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. അവർക്ക് മറ്റ് അവസരങ്ങൾ വളരെ കുറവാണ്. നാട്ടിലുള്ള കുടുംബങ്ങൾ ഓരോ മാസവും അവർ അയയ്ക്കുന്ന പണത്തെയാണ് ആശ്രയിക്കുന്നത്. ഈ യുദ്ധത്തിന്റെ മാനുഷികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ യുദ്ധക്കളത്തിനപ്പുറത്തേക്കും വ്യാപിക്കുന്നു.
നാലാമത്തെ പ്രത്യാഘാതം ദീർഘകാലാടിസ്ഥാനത്തിൽ അമേരിക്കൻ താൽപര്യങ്ങൾക്ക് കൂടുതൽ ദോഷകരമായേക്കാം. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്കയ്ക്ക് ഇനി കഴിയുമോയെന്ന സംശയം അവിടത്തെ ഭരണാധികാരികൾക്കിടയിൽ ശക്തമാകുന്നതാണ് അത്. പതിറ്റാണ്ടുകളായി അമേരിക്കയുടെ സൈനിക സാന്നിധ്യത്തെയും അത്യാധുനിക ആയുധസംവിധാനങ്ങളെയും സുരക്ഷാ ഉറപ്പുകളെയുമാണ് ഈ രാജ്യങ്ങൾ ബാഹ്യഭീഷണികളിൽനിന്ന് സംരക്ഷണം നേടാൻ ആശ്രയിച്ചിരുന്നത്. അമേരിക്കൻ സൈനിക ഉപകരണങ്ങൾ വാങ്ങാനും സൈനികർക്ക് താവളങ്ങൾ ഒരുക്കിക്കൊടുക്കാനും അവർ കോടിക്കണക്കിന് ഡോളർ ചെലവഴിച്ചു.
എന്നാൽ ഇറാനുമായുള്ള സംഘർഷം രൂക്ഷമായപ്പോൾ അവരുടെ ഭൂപ്രദേശങ്ങളും സാമ്പത്തിക താൽപര്യങ്ങളും തിരിച്ചടികളുടെ ലക്ഷ്യങ്ങളായി മാറി. അമേരിക്കൻ സൈനിക താവളങ്ങൾക്ക് ആതിഥേയത്വം നൽകുന്നത് തങ്ങൾ പ്രതീക്ഷിച്ച സുരക്ഷ ഉറപ്പാക്കുന്നതിനുപകരം കൂടുതൽ അപകടസാധ്യതയിലേക്ക് നയിക്കാമെന്ന് അവർ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവ് ഗൾഫ് രാജ്യങ്ങളുടെ തന്ത്രപരമായ കണക്കുകൂട്ടലുകളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തിയേക്കാം. അവർക്ക് ഇറാനിൽനിന്ന് അകന്നുപോകാനാവില്ല. ഭൂമിശാസ്ത്രം അതിന് അനുവദിക്കുന്നില്ല. വാഷിങ്ടണിന് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും ടെഹ്റാനുമായി സഹവർത്തിത്വം കണ്ടെത്താൻ അവർ നിർബന്ധിതരാകും.
തൽഫലമായി, മിഡിൽ ഈസ്റ്റിലെ ബന്ധങ്ങളിൽ ക്രമേണ ഒരു മാറ്റത്തിന് നാം സാക്ഷ്യംവഹിച്ചേക്കാം. വിദേശനയത്തിൽ കൂടുതൽ സ്വാതന്ത്ര്യം തേടാനും പുതിയ സുരക്ഷാ സംവിധാനങ്ങൾ കണ്ടെത്താനും ഗൾഫ് രാജ്യങ്ങൾ ശ്രമിച്ചേക്കും. അമേരിക്കയുടെ സുരക്ഷാ ഉറപ്പുകളിലുള്ള വിശ്വാസം കുറയുമ്പോൾ ചൈനയ്ക്കും മറ്റു ആഗോള ശക്തികൾക്കും മേഖലയിലെ സ്വാധീനം വർധിപ്പിക്കാൻ അവസരമുണ്ടാകും. മധ്യപൂർവേഷ്യയിലെ സ്വാധീനം നിലനിർത്താൻ ഇത്രയധികം മനുഷ്യവിഭവവും സമ്പത്തും ചെലവഴിച്ച അമേരിക്കയ്ക്ക് ഇത് തന്ത്രപരമായ വലിയ തിരിച്ചടിയായിരിക്കും.
അവസാനമായി, ഈ സംഘർഷത്തിൽനിന്ന് കൂടുതൽ ആത്മവിശ്വാസം ആർജ്ജിച്ചുകൊണ്ട് ഇറാൻ ഉയർന്നുവരാനുള്ള സാധ്യതയുമുണ്ട്. ഇറാന്റെ സൈനിക അടിസ്ഥാനസൗകര്യങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യ ആക്രമണത്തെ അതിജീവിക്കാനും അയൽരാജ്യങ്ങൾക്ക് ഭീഷണിയാകാനും ആഗോള ഊർജവിതരണം തടസ്സപ്പെടുത്താനുമുള്ള ശേഷി ഇറാൻ നിലനിർത്തി. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക ശക്തിയെ വിജയകരമായി ചെറുത്തുനിന്നുവെന്ന അവകാശവാദം ഉന്നയിക്കാൻ ഇത് ഇറാൻ ഭരണകൂടത്തിന് കരുത്തേകും.
ഭാവിയിലെ ചർച്ചകളിൽ ഹോർമുസ് കടലിടുക്ക് മുൻനിർത്തി ഭീഷണിപ്പെടുത്താനുള്ള ശേഷി ഇറാൻ ആയുധമാക്കിയേക്കാം. പ്രാദേശിക താൽപര്യങ്ങൾ ഉപേക്ഷിക്കുന്നതിനുപകരം സ്ഥിരത പുനഃസ്ഥാപിക്കാനും സംഘർഷം കുറയ്ക്കാനും പകരമായി ഇറാൻ കൂടുതൽ ഇളവുകൾ ആവശ്യപ്പെട്ടേക്കാം. ചെലവേറിയ മറ്റൊരു മധ്യപൂർവേഷ്യൻ സംഘർഷത്തിൽനിന്ന് എത്രയും വേഗം പുറത്തുകടക്കാൻ ആഗ്രഹിക്കുന്ന അമേരിക്കയ്ക്ക്, യുദ്ധം ആരംഭിക്കുമ്പോൾ നേതാക്കൾ പ്രതീക്ഷിച്ചതിനേക്കാൾ ദുർബലമായ ചർച്ചാസാഹചര്യം നേരിടേണ്ടിവന്നേക്കാം. എന്തൊരു വിരോധാഭാസം! ഇറാനെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ട യുദ്ധം ഒടുവിൽ ചർച്ചകളിൽ ഇറാന്റെ വിലപേശൽ ശേഷി വർധിപ്പിച്ചേക്കാം.
ഈ സംഘർഷവുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ-തന്ത്രപരമായ പരാജയങ്ങൾ വരും വർഷങ്ങളിൽ വിശദമായി പഠനവിധേയമാകും. ഇറാൻ ഭരണകൂടത്തിന്റെ അതിജീവനശേഷി അമേരിക്കൻ സൈനിക ആസൂത്രകർക്ക് എങ്ങനെ തെറ്റായി വിലയിരുത്താനായി? സൈനിക സമ്മർദം ചെലുത്തിയാൽ ഇറാൻ രാഷ്ട്രീയമായി കീഴടങ്ങുമെന്ന ആത്മവിശ്വാസം എവിടെനിന്നുണ്ടായി? ദീർഘകാല സംഘർഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് എന്തുകൊണ്ടാണ് വേണ്ടത്ര പ്രാധാന്യം നൽകാതിരുന്നത്?
ഇറാന്റെ സൈനിക തന്ത്രങ്ങൾ രഹസ്യമായിരുന്നില്ല. അമേരിക്കയുടെ സൈനിക ശക്തിയോട് ഒരിക്കലും നേരിട്ട് മത്സരിക്കാനാവില്ലെന്ന് അറിയാമായിരുന്നിട്ടും വർഷങ്ങളായി മിസൈലുകൾ, ഡ്രോണുകൾ, ഭൂഗർഭ സൈനിക കേന്ദ്രങ്ങൾ, പരമ്പരാഗതമല്ലാത്ത യുദ്ധമുറകൾ എന്നിവയിൽ ഇറാൻ നിക്ഷേപം നടത്തി. യുദ്ധക്കളത്തിൽ അമേരിക്കയെ പരാജയപ്പെടുത്തുക എന്നതായിരുന്നില്ല ടെഹ്റാന്റെ ലക്ഷ്യം. വാഷിങ്ടണിന് രാഷ്ട്രീയമായും സാമ്പത്തികമായും താങ്ങാനാവാത്ത അവസ്ഥയിലേക്ക് യുദ്ധം നീളുന്നതുവരെ അതിജീവിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇവിടെയാണ് ട്രംപ് ഭരണകൂടവും രഹസ്യാന്വേഷണ ഏജൻസികളും ദയനീയമായി പരാജയപ്പെട്ടത്.
ജാരെഡ് കുഷ്നറും സ്റ്റീവ് വിറ്റ്കോഫും നടത്തിയ നയതന്ത്ര ചർച്ചകളിലും ഇറാൻ നേതൃത്വത്തിന്റെ അതിജീവനശേഷിയും തന്ത്രപരമായ കണക്കുകൂട്ടലുകളും വേണ്ടത്ര വിലയിരുത്തപ്പെട്ടതായി തോന്നുന്നില്ല. ശക്തിയിൽ ഗൊല്യാത്തിനോട് മത്സരിക്കാതെ, അയാളുടെ ദൗർബല്യങ്ങൾ മുതലെടുത്ത് ഡേവിഡിനെ നേരിടുന്ന മറ്റൊരു കഥയാണിത്.
ട്രംപിന്റെ നിരന്തരമായ ഭീഷണികളും അതിശയോക്തിപരമായ അവകാശവാദങ്ങളും നയതന്ത്ര മര്യാദകൾ പാലിക്കാത്ത പ്രസ്താവനകളും അമേരിക്കയുടെ സുഹൃദ്രാജ്യങ്ങളിൽ ആത്മവിശ്വാസം വളർത്തിയില്ല. ശത്രുരാജ്യങ്ങളെ ഭയപ്പെടുത്താനും എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനും അമേരിക്കയുടെ സൈനിക മേധാവിത്വം മാത്രം മതിയെന്ന ധാരണയിലായിരുന്നു അദ്ദേഹത്തിന്റെ ഭരണകൂടം.
എന്നാൽ സൈനിക കേന്ദ്രങ്ങൾ നശിപ്പിക്കുന്നത് യുദ്ധത്തിൽ വിജയിക്കുന്നതിന് തുല്യമല്ല. ഒരു എതിരാളിയെ ചർച്ചാമേശയിലെത്തിക്കുന്നത് അയാളെ കീഴടങ്ങാൻ നിർബന്ധിതനാക്കുന്നതിന് തുല്യവുമല്ല. ഈ അടിസ്ഥാന വ്യത്യാസം യുദ്ധം ആസൂത്രണം ചെയ്തവർക്കും നടപ്പാക്കിയവർക്കും മനസ്സിലായില്ലെന്നാണ് തോന്നുന്നത്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയത്തിന് ഇറാൻ യുദ്ധത്തെ കുറ്റപ്പെടുത്തുന്ന വൈസ് പ്രസിഡന്റ് വാൻസിന്റെ നിലപാട് ശരിയായിരിക്കാം. എന്നാൽ അതിനപ്പുറം ഒരു കാര്യംകൂടി പറയാനുണ്ട്. യുദ്ധത്തിലേക്ക് കടന്നതുകൊണ്ടു മാത്രമല്ല അമേരിക്കക്കാർ റിപ്പബ്ലിക്കൻ പാർട്ടിയെ തള്ളിക്കളഞ്ഞത്. യുദ്ധത്തിൽ വിജയിക്കാനോ അത് അവസാനിപ്പിക്കാനോ കഴിയാതിരുന്നതും വിദേശരാജ്യങ്ങളിൽ കോടിക്കണക്കിന് ഡോളർ ചെലവഴിക്കുമ്പോഴും സ്വന്തം രാജ്യത്തെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനാകാത്തതും ജനങ്ങളുടെ അതൃപ്തിക്ക് കാരണമായി.
'അമേരിക്ക ഫസ്റ്റ്' എന്ന മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ ട്രംപ്, അനന്തമായി നീളുന്ന വിദേശയുദ്ധങ്ങൾ അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, താൻ ശക്തമായി വിമർശിച്ചിരുന്ന അതേ തെറ്റുകൾ തന്നെ ആവർത്തിക്കുകയാണ് അദ്ദേഹം ചെയ്തത്. വിയറ്റ്നാം, ഇറാഖ്, അഫ്ഗാനിസ്ഥാൻ യുദ്ധങ്ങൾ സൈനിക മേധാവിത്വം മാത്രം രാഷ്ട്രീയ വിജയത്തിന് ഉറപ്പുനൽകില്ലെന്ന് അദ്ദേഹത്തെ പഠിപ്പിക്കേണ്ടതായിരുന്നു.
ഭാവിയിൽ അധികാരത്തിലെത്തുന്ന ഓരോ അമേരിക്കൻ പ്രസിഡന്റും പഠിക്കേണ്ട പാഠം ഇവിടെയുണ്ട്. രാജ്യത്തിന്റെ നിർണായക താൽപര്യങ്ങൾ അപകടത്തിലല്ലെങ്കിൽ യുദ്ധത്തിന് പോകരുത്. അതുപോലെ, വ്യക്തമായ ലക്ഷ്യവും യുദ്ധം അവസാനിപ്പിക്കാനുള്ള കൃത്യമായ തന്ത്രവും ഇല്ലാതെ ഒരിക്കലും യുദ്ധം ആരംഭിക്കരുത്.
ടെഹ്റാനിൽ ഭരണമാറ്റം കൊണ്ടുവരാമെന്ന് ട്രംപ് വിശ്വസിച്ചു. എന്നാൽ വാഷിങ്ടണിലെ രാഷ്ട്രീയ സമവാക്യം മാറ്റാനാണ് അമേരിക്കൻ വോട്ടർമാർ തീരുമാനിച്ചത്. എന്തൊരു വിരോധാഭാസം!
ദേശീയ സുരക്ഷ അപകടത്തിലാകുമ്പോൾ ഒരു പ്രസിഡന്റ് യുദ്ധത്തിലേക്ക് കടക്കുന്നത് അമേരിക്കക്കാർ ചിലപ്പോൾ ക്ഷമിച്ചേക്കാം. എന്നാൽ എങ്ങനെ യുദ്ധം അവസാനിപ്പിക്കണമെന്ന് അറിയാതെ രാജ്യത്തെ യുദ്ധത്തിലേക്ക് തള്ളിവിടുന്ന നേതാവിനോട് അവർ അത്ര എളുപ്പത്തിൽ ക്ഷമിക്കില്ല. തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി നൽകിയതും ഇതുതന്നെയാണ്.
യുദ്ധം തന്നെയാണ് പ്രശ്നം! എന്നാൽ അതിനേക്കാൾ വലിയ പ്രശ്നം നിങ്ങൾക്ക് യുദ്ധം അവസാനിപ്പിക്കാൻ കഴിയാത്തതാണ്.