Image

സഭ നിർദേശിച്ചയാളെ റവന്യൂ മന്ത്രിയുടെ സ്റ്റാഫ് സെക്രട്ടറിയാക്കി; മന്ത്രിയോട് നന്ദി പറഞ്ഞ് ബിഷപ്പ് മാർ പാംപ്ലാനി

Published on 09 November, 2026
സഭ നിർദേശിച്ചയാളെ റവന്യൂ മന്ത്രിയുടെ സ്റ്റാഫ് സെക്രട്ടറിയാക്കി; മന്ത്രിയോട് നന്ദി പറഞ്ഞ് ബിഷപ്പ് മാർ  പാംപ്ലാനി

റവന്യൂ മന്ത്രി നൽകിയ വാക്ക് പാലിച്ചെന്ന് പരസ്യമായി വ്യക്തമാക്കി തലശ്ശേരി രൂപതാ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കാസർകോട് വെള്ളരിക്കുണ്ടിൽ നടന്ന കെ.സി.വൈ.എം യുവജന സമ്മേളനത്തിലാണ് ബിഷപ്പിന്റെ ഈ തുറന്നുപറച്ചിൽ.

റവന്യൂ വകുപ്പിൽ സഭ ആവശ്യപ്പെട്ട വ്യക്തിയെ മന്ത്രിയുടെ സ്റ്റാഫ് സെക്രട്ടറിയായി നിയമിച്ചെന്നും, മലയോര ജനതയുടെ പ്രശ്നങ്ങൾ തിരിച്ചറിയുന്ന ആൾ മന്ത്രിയുടെ ഓഫീസിലുണ്ടാകണമെന്ന സഭയുടെ ആഗ്രഹമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റവന്യൂ വകുപ്പിൽ സഭയ്ക്ക് സ്വീകാര്യനായ ആരെയും സജസ്റ്റ് ചെയ്തോളൂ എന്നും അവരെ എടുത്തിരിക്കുമെന്നും മന്ത്രി ഉറപ്പു നൽകിയിരുന്നു എന്ന് ബിഷപ് വ്യക്തമാക്കി. അങ്ങനെ ഞങ്ങൾ പറഞ്ഞ ആളെ അദ്ദേഹം സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു.

സഭ നിർദ്ദേശിച്ച ആളെത്തന്നെ മന്ത്രി ഈ പദവിയിൽ നിയമിച്ചതിന് വേദിയിൽ വെച്ച് പരസ്യമായി നന്ദിയും അറിയിച്ചു. ബിഷപ്പിന്റെ പ്രസംഗം പുഞ്ചിരിയോടെയാണ് സദസ്സിലുണ്ടായിരുന്ന റവന്യൂ മന്ത്രി എ.പി. അനിൽകുമാർ കേട്ടത്.

സമുദായ ശാക്തീകരണ വർഷാചരണത്തിൻ്റെ ഭാഗമായി കെ.സി.വൈ.എം.എസ്.എം.വൈ.എം തലശേരി അതിരൂപതയുടെ ആഭിമുഖ്യത്തിലാണ് GEN-Z യുവജനദിനം ആഘോഷിച്ചത്. വെള്ളരിക്കുണ്ടിൽ ആയിരുന്നു പരിപാടി.

സെൻ്റ് എലിസബത്ത് സ്‌കൂളിൽ നിന്ന് വർണാഭമായ റാലിയും നടന്നു. തുടർന്ന് യുവജന സമ്മേളനവും എക്‌സലൻസ് അവാർഡ് വിതരണവും തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്‌തു. കേരള റവന്യൂ മന്ത്രി എ.പി. അനിൽകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു.

വെള്ളരിക്കുണ്ട്, തോമാപുരം, മാലോം, കാസർഗോഡ്, കാഞ്ഞങ്ങാട്, പനത്തടി ഫൊറോനകളുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. യുവജനങ്ങളുടെ ഒത്തുചേരലിനും ആശയവിനിമയത്തിനും കഴിവുകൾ പ്രകടിപ്പിക്കുന്നതിനും സാമൂഹിക മുന്നേറ്റത്തിന് പുതിയ ദിശാബോധം നൽകുന്നതിനുമുള്ള വേദിയായി യുവജനദിനം മാറിയെന്നു സംഘടകർ പറഞ്ഞു.

യുവജനങ്ങളുടെ കഴിവുകളും നേതൃത്വപാടവവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിനൊപ്പം സമുദായത്തിൻ്റെ മുന്നേറ്റത്തിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനും സംഗമം ലക്ഷ്യമിട്ടതായും സംഘടകർ പറഞ്ഞു. ചടങ്ങിൽ യൂത്ത് എക്‌സലൻസ് അവാർഡുകളും സമുദായ ശാക്തീകരണ വർഷ സ്പെഷ്യൽ അവാർഡുകളും വിതരണം ചെയ്‌തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക