
കേരള മനസാക്ഷിയെ ഞെട്ടിച്ച രാജന്‍ സംഭവം നടന്നിട്ട് ഇത് അമ്പതാം വര്‍ഷം. കോഴിക്കോട് റീജിണല്‍ എന്‍ജിനീയറിങ് കോളേജില്‍ ബി.ടെക് ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിയായിരുന്ന പി. രാജന്‍ വാരിയരുടെ മരണത്തിന് ഉത്തരവാദി ആര്, കൊല്ലപ്പെട്ടെങ്കില്‍ മൃതദേഹം എവിടെ മുതലായ വളരെ പ്രാഥമികമായ ചോദ്യങ്ങള്‍ക്കു പോലും ഉത്തരമറിയാതെ പ്രബുദ്ധ കേരളം ഇന്നും ഇരുട്ടില്‍ തപ്പുന്നു. അര നൂറ്റാണ്ടിനു ശേഷവും നാം ഊഹങ്ങളുടെയും, വാഗ്വാദങ്ങളുടെയും ലോകത്തു തന്നെയാണ്.

രാജന്റെ ജ്യേഷ്ഠ സഹോദരി രമാദേവി
1976 മാര്‍ച്ച് ഒന്നിന് കോളേജ് ഹോസ്റ്റലില്‍ നിന്ന് രാജനെ പോലീസ് പിടിച്ചുകൊണ്ടുപോയി; മൂന്നാംമുറ പീഡനങ്ങള്‍ക്ക് ഇരയാക്കിയതിനൊടുവില്‍ മൃതപ്രായനായ വിദ്യാര്‍ത്ഥിയെ ജീപ്പിലേക്കു വലിച്ചിട്ടു പാതിരാത്രിയില്‍ എങ്ങോട്ടോ കൊണ്ടുപോയി; രാജന്റെ തിരോധാനം സംസ്ഥാനത്ത് വന്‍ കോളിളക്കം സൃഷ്ടിച്ചു; രാജനെവിടെ എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടു, സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ 'ഹേബിയസ് കോര്‍പ്പസ്' ഉത്തരവ് പുറപ്പെടുവിച്ചു; രാജനെ അറസ്റ്റു ചെയ്തിട്ടില്ലെന്ന വ്യാജസത്യവാങ്മൂലം നല്‍കിയ മുഖ്യമന്ത്രിക്കു രാജിവെക്കേണ്ടി വന്നു; അടിയന്താരാവസ്ഥയുടെ കറുത്ത ദിനങ്ങളില്‍ നടമാടിയ കൊടുംക്രൂരതയാണ് രാജന്‍ സംഭവമെന്ന് ദേശീയ മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് എഴുതുകയും ചെയ്തു. ഇത്രയുമാണ് തെളിവും തീര്‍ച്ചയുമുള്ള വസ്തുതകള്‍. ബാക്കിയുള്ളവയെല്ലാം തെളിവുകളുടെ അഭാവത്തില്‍ കേരളത്തിനകത്തും പുറത്തുമുള്ള നീതിന്യായ കോടതികള്‍ തള്ളിക്കളഞ്ഞു.

രമ ടീച്ചര്‍
'അനിയനെ കൊന്നത് ആരാണെന്ന് ഞങ്ങള്‍ക്കറിയില്ല, അവനു വേണ്ടി അച്ഛനും, അമ്മയും, ഞാനും, അനിയത്തി ചാന്ദിനിയും, അതു പോലെ പലരും ദീര്‍ഘ കാലം കാത്തിരുന്നു. പക്ഷേ, അവന്‍ വന്നില്ല,' രാജന്റെ ജ്യേഷ്ഠ സഹോദരി രമാദേവിയുടെ വാക്കുകളില്‍ സങ്കടം തളംകെട്ടി നിന്നു.
'രാജന്റെ ഇളയവളാണ് ചാന്ദിനി. അമ്മയും രാജനും സംഗീതപ്രേമികളായിരുന്നു. രാജന്റെ പാട്ടു പരിപാടികളെക്കുറിച്ചു അവര്‍ പതിവായി വീട്ടില്‍ സംസാരിക്കുന്നത് ഞാനും ചാന്ദിനിയും കേട്ടിട്ടുണ്ട്,' രമ ടീച്ചര്‍ ഓര്‍ത്തെടുത്തു.

രമ ടീച്ചറും കൊച്ചുമകളും
രാജനെ പോലീസ് കസ്റ്റഡിയില്‍ എടുത്തതും അവന്‍ ഫറോക്ക് കോളേജില്‍ നടന്ന അന്തര്‍-കോളേജ് കലാമേളയിലെ സംഗീത മത്സരങ്ങളില്‍ പങ്കെടുത്തു കോളേജ് ഹോസ്റ്റലില്‍ തിരിച്ചെത്തിയ അന്നു തന്നെയായിരുന്നു.
തന്റെ വിവാഹം നടന്നത് എറണാകുളത്തു വച്ചായിരുന്നുവെന്നും, അതില്‍ രാജന്‍ പങ്കെടുക്കണമെന്നത് എല്ലാവരുടെയും വലിയ മോഹമായിരുന്നുവെന്നും രമ ടീച്ചര്‍ ആലോചിച്ച്, നിര്‍ത്തി നിര്‍ത്തി പറഞ്ഞു. രാജന്റെ അസാന്നിധ്യം മൂലം ആരുടെ മുഖത്തും ഒരു പ്രസാദവും ഇല്ലായിരുന്നെന്നും, ഒരു കല്യാണത്തിന്റെ ആരവമൊന്നും എവിടെയും ഉണ്ടായിരുന്നില്ലെന്നും അവര്‍ ദുഃഖത്തോടെ സ്മരിക്കുന്നു.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ രാജന്‍ മെമ്മോറിയല്‍ വാര്‍ഡില്‍ സ്ഥാപിച്ച ഫോട്ടോ
'മോഹിക്കാനല്ലേ ഞങ്ങള്‍ക്കു വിധിച്ചിട്ടുള്ളൂ,' ഇടറിയ ശബ്ദത്തില്‍ ആ എഴുപത്തഞ്ചുകാരി എടുത്തുപറഞ്ഞു.
തൃശ്ശൂര്‍ ചെമ്പുക്കാവ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ ഗണിതശാസ്ത്രം അധ്യാപിക പദവിയില്‍ നിന്നു വിരമിച്ചവരാണ് രമ ടീച്ചര്‍. ചാന്ദിനി, കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ നിന്നു പിരിഞ്ഞവരും. തൃശൂര്‍ സെന്റ് തോമസ് കോളേജ്, എറണാകുളം മഹാരാജാസ് കോളജ്, ചിറ്റൂര്‍ ഗവണ്‍മെമെന്റ് കോളേജ്, കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവിടങ്ങളില്‍ ഹിന്ദി അധ്യാപകനായിരുന്നു പിതാവ് ഈച്ചര വാരിയര്‍.
'രാജനും, അച്ഛനും, അമ്മയും പോയി. രാജന്റെ വിവരങ്ങള്‍ അറിയാന്‍ തുടങ്ങിയപ്പോള്‍ അമ്മയ്ക്ക് സമനില തെറ്റി, തീരാദുഃഖത്തിലായി. മാനസിക ആഘാതത്തില്‍ കുറെ കാലം കിടപ്പിലായിരുന്നു. അമ്മ 2000-ല്‍ യാത്രയായി. അച്ഛനേക്കാളും ആറു വര്‍ഷം മുമ്പ്. ഇനി ഞങ്ങളേ ബാക്കിയുള്ളൂ. ഭക്തിയും, കൂട്ടുകാരികളുമൊത്ത് അക്ഷരശ്ലോകം ചൊല്ലലുമായി ഞങ്ങള്‍ കാലം കഴിക്കുന്നു,' പതിഞ്ഞ സ്വരത്തില്‍ രമ ടീച്ചര്‍ പറഞ്ഞു.
രാജന്‍
മക്കളുടെ സ്വപ്നങ്ങള്‍ക്കു തന്റേതിനേക്കാള്‍ നിറമുണ്ടെന്നു കരുതിയ ഒരു പിതാവായിരുന്നു ഈച്ചര വാര്യര്‍. കാണാതായ തന്റെ ഏക മകനെത്തേടി ഒരായുസ്സു മുഴുവന്‍ അലഞ്ഞുനടന്ന് മണ്ണോടുമണ്ണടിഞ്ഞ ആ പാവം പിതാവിന്റെ തേങ്ങല്‍ ഈ മണ്ണില്‍ ഇന്നുമുണ്ട്.
പുത്രദുഃഖമാണ് ദുഖങ്ങളില്‍ ഏറ്റവും അഗാധമായതെന്ന് മുതിര്‍ന്നവര്‍ പറയാറില്ലേ! രാജന്‍ ജീവിച്ചിരിപ്പില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ അവന്റെ പിതാവിന് ഒരിക്കലും കഴിഞ്ഞിരുന്നില്ല. മകന്‍ ഒരിക്കല്‍ തിരിച്ചുവരുമെന്നു തന്നെ ഈച്ചര വാര്യര്‍ തന്റെ മരണം വരെ കരുതി. അദ്ദേഹം രചിച്ച 'ഒരച്ഛന്റെ ഓര്‍മക്കുറിപ്പുകള്‍' വായിച്ചു കണ്ണു നിറയാത്തവരുണ്ടോ?

രമാദേവി, രാജന്‍, ചാന്ദിനി.
'രാധേ, ഒരു പാത്രം ചോറും ഒരു വാഴയിലയും ഊണ്‍മേശയില്‍ എന്നും കരുതണം. ഏതു സമയവും രാജന്‍ പടി കയറി വരാം. അവന്‍ വിശന്നായിരിക്കാം വരുന്നത്. തീര്‍ച്ചയായും അവന്‍ വരും,' ഈച്ചര വാര്യര്‍ പത്‌നി രാധാ വാരസ്യാരോട് പതിവായി പറയാറുണ്ടായിരുന്നു.
കഷ്ടം, കോഴിക്കോടിനു 20 കി.മി ദൂരെ ചാത്തമംഗലത്തുള്ള കോളേജു കേമ്പസില്‍ നിന്നു നീണ്ട യാത്ര കഴിഞ്ഞു ക്ഷീണിച്ചു വാര്യത്തെത്തുന്ന പ്രിയ പുത്രനായിരുന്നു ആ പാവം പിതാവിന്റെ ഉള്ളിലെന്നും. ഇന്നല്ലെങ്കില്‍ നാളെ തീര്‍ച്ചയായും രാജന്‍ വരുമെന്നു തന്നെ അദ്ദേഹം സങ്കല്പിച്ചു. അഥവാ, അങ്ങനെ സങ്കല്പിക്കാനായിരുന്നു സ്‌നേഹനിധിയായ ആ അച്ഛനിഷ്ടം. പത്‌നിയോടും, പുത്രിമാരോടും രാജന്‍ ഇങ്ങെത്തുമെന്നു തന്നെ ഉറപ്പിച്ചു പറഞ്ഞു. ശ്വാനന്മാരും, കുറുക്കന്‍മാരും ഓരിയിടുന്നതിനിടയില്‍ പ്രിയ പുത്രന്റെ കാലൊച്ച കേള്‍ക്കാതിരിക്കുമോ എന്നു ശങ്കിച്ചു, പല രാത്രികളിലും ഉമ്മറ വാതില്‍ മലക്കെ തുറന്നിട്ടു കാത്തിരുന്നു. രാജന്റെ സഹപാഠികളോടും, ഒപ്പം പോലീസ് പിടിയിലായവരോടും ഉത്കണ്ഠയോടെ ഇടക്കിടെ വിവരങ്ങള്‍ ആരാഞ്ഞു. കക്കയം കേമ്പിലും, കായണ്ണാ പോലീസ് സ്റ്റേഷനിലും പോയി രാജനെവിടെയെന്നു തിരക്കിക്കൊണ്ടുമിരുന്നു. നാട്ടുകാരനും, അല്‍പം പരിചയവുമുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോലും ആ പിതാവ് കയറിയിറങ്ങി. എന്നാല്‍, മര്യാദ കുറഞ്ഞ പ്രതികരണങ്ങളും, അധിക്ഷേപങ്ങളും മാത്രമായിരുന്നു അധികൃതരില്‍ നിന്നു ലഭിച്ചത്.

ഈച്ചര വാര്യര്‍
'അമ്മ അല്‍പം അമര്‍ഷത്തോടെ അനിയനെക്കുറിച്ചു ചോദിക്കുമ്പോള്‍, എന്തെങ്കിലും ഇത്തിരി വിവരം മാത്രം അച്ഛന്‍ പറയും,' രമ ടീച്ചര്‍ വ്യക്തമാക്കി. 'അധികം സംസാരിക്കുന്ന പ്രകൃതമായിരുന്നില്ല അച്ഛന്റേത്.'
1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് 21 വരെയുള്ള 21 മാസങ്ങളെയാണ് നവ ഭാരത ചരിത്രത്തിലെ ഇരുണ്ട അധ്യായമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മൗലികാവകാശങ്ങളും പൗരാവകാശങ്ങളും നിഷേധിക്കപ്പെട്ട കാലം. കുറ്റം ചുമത്താതെയും, വിചാരണ ചെയ്യാതെയും, പ്രജകളെ പ്രതിരോധ തടങ്കലില്‍ വയ്ക്കാന്‍ അധികൃതര്‍ക്ക് അധികാരം നല്‍കുന്ന 'മിസ' എന്ന കരാള നിയമം അതിവ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ട ദിനങ്ങള്‍. ഇക്കാലത്തെ ഏറ്റവും വേദനിപ്പിക്കുന്ന സംഭവമായി രാജ്യം അടയാളപ്പെടുത്തുന്നത് കേരളത്തില്‍ നടന്ന രാജന്‍ കേസാണ്. ഇത് പോലീസ് ക്രൂരതയുടെ ഏറ്റവും ശോകമയമായ ദൃഷ്ടാന്തമായി ഇന്നും കരുതപ്പെടുന്നു.
ഈച്ചര വാര്യര്‍
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലുള്ള കായണ്ണ പോലീസ് സ്റ്റേഷന്‍, 1976 ഫെബ്രുവരിയില്‍, ഒരു സംഘം നക്‌സല്‍ തീവ്രവാദികള്‍ ആക്രമിക്കുകയും, തിര നിറച്ച ഒരു തോക്ക് കൈക്കലാക്കുകയും ചെയ്തു. ഓടി അകലുന്ന അക്രമികളില്‍ ഒരാള്‍ മറ്റൊരാളെ 'രാജ9' എന്നു വിളിച്ചത്, സ്റ്റേഷനിലെ ഒരു പോലീസുകാര9 കേട്ടു. തുടര്‍ന്ന്, സംസ്ഥാനത്തെ 'രാജ9' നാമധാരികളായ യുവാക്കളെല്ലാം സംശയത്തിന്റെ നിഴലിലായി. വൈകാതെ, നക്‌സലൈറ്റുകളെ അമര്‍ച്ച ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ കോഴിക്കോട് നഗരത്തിന്റെ വടക്കുകിഴക്ക9 മലമ്പ്രദേശത്തെ കക്കയം മലമുകളില്‍, ഒരു പൊലീസ് ഔട്ട്പോസ്റ്റ് തുടങ്ങുകയും ചെയ്തു. സംശയിക്കപ്പെട്ട ഇരുനൂറോളം പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാന്‍ തുടങ്ങി. അടിവസ്ത്രം മാത്രം അനുവദിച്ചു, ബഞ്ചില്‍ കിടത്തി, കൈകളും കാലുകളും പുറകിലോട്ടു ബന്ധിച്ചു, കരുത്തരായ പോലീസുകാര്‍ ഇരുവശത്തും നിന്ന് ഉലക്ക പോലെ ഉഴിഞ്ഞെടുത്ത ഒരു മരദണ്ഡ് ഉപയോഗിച്ചു തുടകളില്‍ അതിശക്തിയായി ഉരുട്ടുക എന്നതായിരുന്നു അവിടത്തെ നവീനമായ പീഡന മുറ. കാല്‍വണ്ണയിലെ അസ്ഥിയില്‍ നിന്നു മാംസപേശികള്‍ പിളരുമ്പോഴുള്ള കഠിന വേദനയില്‍ അലറിക്കരയുന്നത് വെളിയില്‍ കേള്‍ക്കാതിരിക്കാന്‍ വായില്‍ പഴന്തുണികള്‍ കുത്തിക്കയറ്റി. വേണ്ടത്ര 'ഉരുട്ടി' പരുവപ്പെടുത്തിയവരെ ഉരുട്ടല്‍ മുറിയുടെ അധിപന്‍ കേമ്പ് മേധാവിയുടെ അടുത്തേക്കു കൊണ്ടുപോകും. താന്‍ പ്രതീക്ഷിക്കുന്ന ഉത്തരം കുറ്റാരോപിതനില്‍ നിന്നു ലഭിച്ചില്ലെങ്കില്‍, തൊലി ഉരിഞ്ഞു, ചതഞ്ഞരഞ്ഞു വീര്‍ത്തുപൊന്തിയ തുടകളില്‍ കൂര്‍പ്പിച്ച പെന്‍സില്‍ കൊണ്ട് കേമ്പ് മേധാവി കുത്തും. വീണ്ടും കൊണ്ടുപോയി 'ഉരുട്ടാന്‍' ഉത്തരവിടും. കുറ്റം ചെയ്യാത്തവരും, നരകയാതന സഹിക്കാനാവാതെ, കുറ്റം സമ്മതിച്ചുപോകുന്ന പൈശാചികത്വം! തന്റെ ഓര്‍മക്കുറിപ്പുകളില്‍, ഹിറ്റ്‌ലറുടെ കോണ്‍സെന്‍ട്രേഷന്‍ കേമ്പുമായി ഈച്ചര വാര്യര്‍ കക്കയത്തെ താരതമ്യപ്പെടുത്തുന്നുണ്ട്. ഈ പീഡന കേന്ദ്രവും, ഇവിടെ പിറവികൊണ്ട 'ഉരുട്ടലും' എന്നും നമുക്കു നല്‍കുന്നത് കൊടും ഭീതിയും, നൊമ്പരം നിറഞ്ഞ ഓര്‍മകളുമാണ്.
രാജന്റെ അമ്മ രാധാ വാരസ്യാര്‍
'മനസ്സിനെ കീറിമുറിക്കുന്നതൊന്നും പറയാതിരിക്കൂ. എല്ലാം മറക്കാന്‍ ശ്രമിക്കുകയാണ്,' രമ ടീച്ചര്‍ കൂടെക്കൂടെ ഓര്‍മപ്പെടുത്തി.
കായണ്ണ പോലീസ് സ്റ്റേഷന്‍ കയ്യേറിയവരില്‍ ഒന്നുരണ്ടു രാജന്മാര്‍ ഉണ്ടായിരുന്നെങ്കിലും, എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി രാജന്‍ ആ സംഘത്തില്‍ ഉണ്ടായിരുന്നില്ലെന്ന് നീതിപാലകര്‍ക്ക് പിന്നീട് ബോധ്യപ്പെട്ടു. അതേസമയം, കക്കയം കേമ്പില്‍ വെച്ചു ഈച്ചര വാര്യരുടെ മകന്‍ കൊല്ലപ്പെട്ടുവെന്ന് ഗത്യന്തരമില്ലാതെ വന്നപ്പോള്‍ പോലീസിന് സമ്മതിക്കേണ്ടതായും വന്നു.
പ്രാകൃതമായ ഹിംസകള്‍ക്കിടയില്‍ അന്ത്യശ്വാസം വലിച്ച രാജന്റെ മൃതദേഹം എവിടെയെന്ന് ഇന്നും ആര്‍ക്കും അറിയാത്തതാണ് സംഭവത്തിലെ ഏറ്റവും തിക്തമായ സത്യം! ലാറ്റിന്‍ സംജ്ഞയായ 'ഹേബിയസ് കോര്‍പ്പസ്' എന്നതിന്റെ അര്‍ത്ഥം 'ശരീരം ഹാജരാക്കുക' എന്നാണ്. പക്ഷേ, അതു മാത്രം സംഭവിച്ചില്ല.
ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍
രാജന്റെ ദേഹത്ത്, കല്ലുകള്‍ കെട്ടി ഭാരം കൂട്ടിയ ശേഷം, കക്കയം അണക്കെട്ടിന്റെ റിസര്‍വോയറില്‍ എറിഞ്ഞിട്ടുണ്ടാകാം എന്നൊരു വാദവിഷയം ഉയര്‍ന്നതിനെ തുടര്‍ന്നു നാവികസേനയിലെ ഡൈവിംഗ് വിദഗ്ധര്‍ എത്തി ഏകദേശം മുപ്പത് അടി ആഴമുള്ള ജലസംഭരണിയുടെ അടിനിരപ്പ് അരിച്ചുപെറുക്കി. രണ്ടു ദിവസം നീണ്ടുനിന്ന തീവ്രമായ തിരച്ചിലില്‍ രാജന്റെ ഭൗതികാവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല. ശരീരം വെട്ടിനുറുക്കി സമീപത്തുള്ള ഉരക്കുഴി വെള്ളച്ചാട്ടത്തില്‍ വലിച്ചെറിഞ്ഞെന്നും, കാടിനകത്ത് എവിടെയോ കുഴിച്ചു മൂടിയെന്നും, പഞ്ചസാരയിട്ടു കത്തിച്ചുവെന്നുമുള്ള ശ്രുതികളില്‍ കഴമ്പുണ്ടോയെന്നും പരിശോധിക്കുകയുണ്ടായി. എന്നാല്‍, ഒരു തുമ്പും കിട്ടിയില്ല. ചെറു കഷണങ്ങളാക്കി കാട്ടുപന്നികള്‍ക്ക് തീറ്റയിട്ടുകൊടുത്തതിനെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത് പാഴ് വേലയാണെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു.
രാജന്റെ കസ്റ്റഡി മരണത്തിന് സിവില്‍ നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാരില്‍ നിന്നു ലഭിച്ച തുക, എറണാകുളം ജനറല്‍ ആശുപത്രിയില്‍ 'രാജന്‍ മെമ്മോറിയല്‍ ക്രിറ്റിക്കല്‍ കെയര്‍ വാര്‍ഡ്' സ്ഥാപിക്കുന്നതിനും, വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റുകള്‍ ആരംഭിക്കുന്നതിനുമായി ഈച്ചര വാര്യര്‍ ചിലവിട്ടു.

എറണാകുളം ജനറല്‍ ആശുപത്രിയിലെ രാജന്‍ മെമ്മോറിയല്‍ വാര്‍ഡ്
'മകന്റെ ചോരക്കു ലഭിച്ച കാശ് ഉത്തമമായ പൊതു കാര്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കുകയുള്ളൂ,' തന്റെ പുസ്തകത്തില്‍ മഹാനായ ആ പിതാവ് മുമ്പേ തന്നെ സൂചിപ്പിച്ചിരുന്നു. പരക്കേ വായിക്കപ്പെട്ട 'ഒരച്ഛന്റെ ഓര്‍മക്കുറിപ്പുകള്‍' 2004-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം നേടി.
.

എറണാകുളം ജനറല്‍ ആശുപത്രിയിലെ രാജന്‍ മെമ്മോറിയല്‍ വാര്‍ഡ്
കാണാതായ ഓമന മകനെ തേടിയുള്ള ഒരു പിതാവിന്റെ അലച്ചിലുകള്‍, 'പിറവി' എന്ന ചലച്ചിത്ര കാവ്യം വികാര തീവ്രമായി വരച്ചുകാട്ടി. 1989-ല്‍, ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത പ്രഥമ പടം, നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ നേടിയതിനൊപ്പം, അന്തര്‍ദേശീയ മേളകളില്‍ തരംഗങ്ങളും തീര്‍ത്തു.
രമ ടീച്ചര്‍ 'പിറവി' കണ്ടിരുന്നോ? ഇല്ലെന്നായിരുന്നു ഉത്തരം.
'സങ്കടപ്പെടുത്തുന്നതൊന്നും കാണാനോ സംസാരിക്കാനോ താല്പര്യമില്ല. അച്ഛന്‍ എഴുതിയ പുസ്തകം പോലും ഞാ9 വായിച്ചിട്ടില്ല. അനിയന്റെ ഓര്‍മകള്‍ ഇന്നും ഞങ്ങളെ അസ്വസ്ഥരാക്കുന്നു. ജീവിച്ചിരുന്നെങ്കില്‍ അവന് ഇക്കൊല്ലം 72 വയസ്സ് തികയുമായിരുന്നു,' രാജന്റെ ചേച്ചി ശോകത്തോടെ പറഞ്ഞു നിര്‍ത്തി.