
ഹ്യൂസ്റ്റൺ: യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (യുസിഎഫ്) ഈ വർഷത്തെ 42 ആമത് യോഗം മത്തായി കെ മത്തായിയുടെ അധ്യക്ഷതയിൽ ശ്രീ. ജോൺ കുരുവിള- അമ്മിണി കുരുവിള യുടെ വസതിയിൽ കൂടി. ജോൺ എബ്രഹാം പ്രാരംഭ പ്രാർത്ഥന നടത്തി. ഗാനങ്ങൾക്ക് ശേഷം എൻ എം മാത്യു മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മോളി മത്തായി പ്രാർത്ഥിച്ചു.
തുടർന്ന് മിഷൻസ് ഇന്ത്യ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഡോ. മാത്യു തരിയൻ വചന സന്ദേശം നൽകി.

നാം സൗഖ്യം ഉള്ളവരാണെങ്കിൽ മാത്രമേ മറ്റുള്ളവർക്ക് സൗഖ്യം പ്രദാനം ചെയ്യുവാൻ സാധിക്കുകയുള്ളൂ. വിക്കനും, ചെകിടനുമായ മനുഷ്യന് സൗഖ്യം പ്രാപിച്ച് അത് കണ്ടു നിന്നവർ പോലും കർത്താവിൻറെ സാക്ഷിയായി തീരുവാൻ ഇടയായി. ആത്മീയവും, ശാരീരികവും, ഭൗതീകവും ആയതാണ് യഥാർത്ഥ സൗഖ്യദായക ശുശ്രൂഷ.മർക്കോസ് 7ന്റെ 31 മുതൽ 37 വരെയുള്ള വാക്യങ്ങൾ അടിസ്ഥാനമാക്കി ഡോ. തരിയൻ ചൂണ്ടിക്കാട്ടി.

നിരവധി പേരുടെ സാക്ഷ്യങ്ങൾക്കും, ബാബു കൊച്ചുമ്മന്റെ സമാപന പ്രാർത്ഥനയ്ക്കും ശേഷം മത്തായി കെ മത്തായി ആശിർവാദവും നടത്തി.ഡോ.സൂസൻ തരിയനും യോഗത്തിൽ സംബന്ധിച്ചു.
സെന്റ്. തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ വികാരി റവ. ദീപു എബി ജോണിന്റെ പത്നി എലിസബത്തിൻറെ മാതാപിതാക്കളാണ് ഡോ. മാത്യു തരിയനും, ഡോ. സൂസൻ തരിയനും.യു സി എഫ് ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
മാത്തുക്കുട്ടി സ്വാഗതവും, പി ഐ വർഗീസ് നന്ദിയും അറിയിച്ചു.
