Image

സുവിശേഷത്തിന്റെ വിത്തുകൾ പാകിയവരുടെ പാരമ്പര്യം പിന്തുടരുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു: ഉറുഗ്വേയിൽ പാപ്പാ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ ന്യൂസ് Published on 08 November, 2026
സുവിശേഷത്തിന്റെ വിത്തുകൾ പാകിയവരുടെ പാരമ്പര്യം പിന്തുടരുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു: ഉറുഗ്വേയിൽ പാപ്പാ

ഉറുഗ്വേയിലേക്കുള്ള അപ്പസ്തോലിക സന്ദർശനത്തിന്റെ രണ്ടാം ദിനമായ നവംബർ   ഏഴാം തീയതി, ലിയോ പതിനാലാമൻ പാപ്പാ, പയസാന്തുവിലെ പാർക്ക് പാരിസ് ലോണ്ട്രെസിൽ വിശുദ്ധ കുർബാനയർപ്പിച്ചു. തദവസരത്തിൽ നൽകിയ സുവിശേഷ സന്ദേശത്തിൽ, കൂട്ടായ്മയുടെ മൂല്യം പാപ്പാ എടുത്തു പറഞ്ഞു.

ഉറുഗ്വേയിലെ തന്റെ അപ്പസ്തോലിക സന്ദർശനത്തിലെ ആദ്യ വിശുദ്ധ ബലിയാണ്, പയസാന്തുവിൽ  അർപ്പിക്കുന്നതെന്ന് എടുത്തു പറഞ്ഞുകൊണ്ടാണ്, ലിയോ പതിനാലാമൻ പാപ്പാ തന്റെ സുവിശേഷ സന്ദേശം ആരംഭിച്ചത്. മനുഷ്യനെ ദൗത്യം ഏൽപ്പിക്കുകയും,  ഒരു തുടർന്ന്, അത് പൂർത്തിയാക്കുവാൻ പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു ദൈവത്തെയാണ് ഇന്ന് വചന ഭാഗത്ത് വിവരിക്കുന്നതെന്നു ആമുഖമായി പറഞ്ഞ പാപ്പാ, ചെറുതും വലുതുമായ കാര്യങ്ങളിൽ ദൈവത്തോട് വിശ്വസ്തത പുലർത്തുവാനാണ് ഏവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ഓർമ്മിപ്പിച്ചു.

ലാറ്റിൻ അമേരിക്കൻ ഭൂഖണ്ഡത്ത്,  സുവിശേഷവത്കരണം  ആരംഭിച്ചതുമുതൽ, ക്രിസ്തുവിനെ കണ്ടുമുട്ടുന്നതിൽ തങ്ങൾ അനുഭവിച്ച വലിയ സന്തോഷം പ്രഘോഷിക്കാൻ ഏറെ പുണ്യാത്മാക്കൾ വന്നിട്ടുണ്ടെന്ന്, വാഴ്ത്തപ്പെട്ട ജാചിന്തോ വേരയുടെ മാതൃക എടുത്തു പറഞ്ഞുകൊണ്ട് പാപ്പാ അനുസ്മരിച്ചു. 

വിശ്വാസത്തിന്റെ സ്ഥിരമായ സാക്ഷിയും, ദാനധർമ്മത്തിൽ ഉദാരതയുള്ളവനും, പ്രേഷിതദൗത്യത്തിനു പൂർണ്ണമായിസമർപ്പിച്ചവനും ആയിരുന്നു വാഴ്ത്തപ്പെട്ട ജാചിന്തോ എന്നതും പാപ്പാ ചൂണ്ടിക്കാട്ടി. വലിയ ദൂരങ്ങളും യാത്രയുടെ അപകടങ്ങളും മോശം കാലാവസ്ഥയും ഉണ്ടായിരുന്നിട്ടും അദ്ദേഹം കുതിരപ്പുറത്ത് രോഗികളെ സന്ദർശിക്കുവാൻ യാത്രചെയ്ത അനുഭവങ്ങളും പാപ്പാ വിവരിച്ചു.

അതിനാൽ, ഈ പുണ്യാത്മാക്കൾ സുവിശേഷത്തിന്റെ വിത്തുകൾ വിതച്ചതിന്റെ പാരമ്പര്യം ഇന്നും തുടരണം എന്നത് വിശ്വാസികളുടെ ചുമതലയാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. എന്നാൽ, നീതിയോടും സത്യസന്ധതയോടും വിശ്വസ്തതയോടും കൂടി, നാം പ്രഘോഷിക്കുന്ന സന്ദേശം നമ്മുടേതല്ലെന്നും, മറിച്ച് അത് അത് കർത്താവിൽ നിന്ന് നമുക്ക് കളിമൺ പാത്രങ്ങളിൽ ലഭിച്ച നിധിയാണെന്നും പാപ്പാ ചൂണ്ടികാണിച്ചു.

തുടർന്ന് ഉറുഗ്വേ പ്രദേശത്തെ സവിശേഷമാക്കുന്ന, മൂന്നു ഘടകങ്ങളെയും പാപ്പാ വിവരിച്ചു. ആദ്യമായി, രണ്ട്  അയൽ രാജ്യങ്ങളെ ഒന്നിപ്പിക്കുന്ന ഉറുഗ്വേ നദിക്ക് കുറുകെയുള്ള പാലത്തെയാണ് പാപ്പാ എടുത്തുപറഞ്ഞത്. ഒരു പാലം സൃഷ്ടിക്കുന്ന നേട്ടങ്ങൾ വിവിധങ്ങളാണെന്നും, അത്, തുറന്ന മനസ്സ്, ആശയവിനിമയം, പങ്കുവയ്ക്കൽ എന്നീ മൂല്യങ്ങൾ ഉറപ്പുവരുത്തുന്നുവെന്നും, അതിനാൽ ഏവരും പാലങ്ങളുടെ നിർമ്മാതാക്കളായിരിക്കുക എന്നത് ഏറെ പ്രാധാന്യം അർഹിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. അതുപോലെ തന്നെ, ഒഴുക്കുകൾക്ക് വശം വദരായി കടപുഴകാതിരിക്കുവാൻ ഉറച്ച അടിസ്ഥാനങ്ങളും ആവശ്യമാണെന്നും പരിശുദ്ധ പിതാവ് ചൂണ്ടിക്കാണിച്ചു.

മറ്റൊരു ചിഹ്‌നം, രാജ്യത്തെ പനകൾ ആണെന്നും, അത് കാറ്റിന്റെ ശക്തിയെ പ്രതിരോധിക്കുന്നുവെന്നും,കാരണം അവയ്ക്ക് ആഴത്തിലുള്ള വേരുകൾ ഉണ്ടെന്നും പാപ്പാ വിശദീകരിച്ചു. അതുപോലെ തന്നെ ഈ പനകൾ, വെളിച്ചം തേടി നേരെ സ്വർഗ്ഗത്തിലേക്ക് ഉയരുകയും, മധുരമുള്ള ഫലങ്ങൾ നൽകുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാണിച്ച പാപ്പാ,  ക്രിസ്തുവിൽ വേരൂന്നിയ ഒരു ജീവിതം നയിക്കുമ്പോഴാണ്, അവനോട് ഐക്യപ്പെട്ട് നല്ല ഫലം ഉത്പാദിപ്പിക്കുന്നതിനു സാധിക്കുന്നതെന്നു പാപ്പാ ചൂണ്ടിക്കാണിച്ചു. 

അതേ സമയം, ഈ പ്രദേശത്ത് ഈന്തപ്പന മരങ്ങൾ ഒറ്റപ്പെട്ട് വളരുന്നില്ലെന്നും, മറിച്ച് അവ, തോട്ടങ്ങൾ ആയിട്ടാണ് വളരുന്നതെന്നും പറഞ്ഞ പാപ്പാ, ദൈവവചനം, കൂദാശകൾ, പ്രാർത്ഥന, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ വഴിയായി മനുഷ്യകുലവും, കർത്താവിനെ സ്തുതിക്കുന്നുവെന്നു അടിവരയിട്ടു.

തുടർന്ന് തെക്കേ അമേരിക്കയിലെ വളരെ സാധാരണമായ പാനീയമായ 'മാത്തെ'യെക്കുറിച്ചും പാപ്പാ വിശദീകരിച്ചു. പരിചയം, സൗഹൃദം, കണ്ടുമുട്ടൽ എന്നിവയുടെ അടയാളമാണ് ഈ പാനീയമെന്നും, അതിനാൽ, ഏവരെയും ഒന്നിപ്പിക്കുകയും സഹോദരീസഹോദരന്മാരാക്കുകയും ചെയ്യുന്ന ബന്ധങ്ങൾ ശക്തിപ്പെടുത്താനും, പങ്കുവയ്ക്കുവാനും, കൂട്ടായ്‍മയിൽ അനുഭവിക്കുവാനും  ഇത് നമ്മെ പഠിപ്പിക്കുന്നുവെന്നു പാപ്പാ പറഞ്ഞു.

അതിനാൽ ദൈവവികാ ദൗത്യത്തിൽ വിശ്വസ്തരായിരിക്കുവാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. വിശ്വാസം അതിന്റെ ഉത്ഭവം മുതൽ ഉറുഗ്വേ ജനതയുടെ ഭാഗമാണെന്നും, അത് സർഗ്ഗാത്മക ധൈര്യത്തോടെ ഭാവി തലമുറകൾക്ക് കൈമാറേണ്ടത് ആവശ്യമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

 വിശ്വാസത്തിൽ കുട്ടികളെയും ചെറുപ്പക്കാരെയും രൂപപ്പെടുത്തുന്നത് തുടരണമെന്നും, കുടുംബങ്ങളെ അനുഗമിക്കാനും പ്രായമായവരെ പിന്തുണയ്ക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനോട് സംസാരിക്കുന്നതുപോലെ" കർത്താവുമായി സംഭാഷണം നിലനിർത്തുന്ന പ്രാർത്ഥനയുടെ സമൂഹം ആയിരിക്കുവാൻ ഉറുഗ്വേ ജനതയ്ക്കു സാധിക്കട്ടെയെന്ന ആശംസയും പാപ്പാ നൽകി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക