
ഒരു ചരിത്ര വിദ്യാർത്ഥി എന്ന നിലയിൽ വളരെക്കാലമായി കാണാൻ ആഗ്രഹിച്ചിരുന്ന ഒരു ചരിത്ര സ്മാരകമായിരുന്നു സ്പെയിനിലെ കൊർദോബയിൽ സ്ഥിതി ചെയ്യുന്ന 'കൊർദോബ മോസ്ക്-കത്തീഡ്രൽ'. . .ഇസ്ലാമിക കടന്നുകയറ്റം നടന്ന പ്രദേശങ്ങളിലെല്ലാം ക്രിസ്റ്റ്യൻ പള്ളികൾ പിടിച്ചെടുത്തു മോസ്ക്ക് ആക്കിയിരിക്കുന്നതു ലോകത്തു പലയിടത്തും നമുക്ക് കാണാം, ഇതിനൊരു പ്രമുഖ ഉദാഹരണമാണ് മുഹമ്മദ് ജനിക്കുന്നതിനു മുൻപ് പണികഴിപ്പിച്ച ടർക്കിയിലെ ഹഗിയ സോഫിയ പള്ളി പിന്നീട് മോസ്ക് ആക്കി മാറ്റിയത് . എന്നാൽ ഒരു ക്രിസ്ത്യൻ ദേവാലയം സ്ഥിതി ചെയ്തിരുന്നിടത്ത് അതിമനോഹരമായ ഒരു മോസ്ക് നിർമ്മിക്കുകയും, പിന്നീട് ക്രിസ്ത്യൻ സൈന്യം പ്രദേശം തിരിച്ചുപിടിച്ചപ്പോൾ അതിനെ കത്തീഡ്രൽ ആക്കി മാറ്റുകയും ചെയ്ത അപൂർവ്വവും സങ്കീർണ്ണവുമായ ചരിത്രമാണ് കൊർദോബയിലെ Mezquita Catedral de Cordoba എന്നറിയപ്പെടുന്ന ഈ പള്ളിക്കുള്ളത്.

എ.ഡി. 756-ൽ സിറിയയിൽ നിന്നുള്ള ഉമയ്യാദ് രാജവംശത്തിന്റെ നേതൃത്വത്തിലാണ് സ്പെയിനിലേക്ക് ഇസ്ലാമിക ഭരണം വ്യാപിപ്പിക്കുന്നത്. തുടക്കത്തിൽ കൊർദോബയിലെ 'സെന്റ് വിൻസെന്റ്' പള്ളിയിൽ മുസ്ലിം, ക്രിസ്ത്യൻ വിശ്വാസികൾ സഹകരിച്ച് പ്രാർത്ഥനകൾ നടത്തിയിരുന്നു. പിന്നീട് ഈ പള്ളി മുസ്ലിങ്ങൾ പൂർണ്ണമായി കൈവശപ്പെടുത്തുകയും (വാങ്ങിയതാണെന്നും ചരിത്രത്തിൽ പരാമർശമുണ്ട്), എ.ഡി. 784-ൽ അക്കാലത്തെ ഏറ്റവും വലിയ മോസ്കുകളിലൊന്നിന്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു.

ഏകദേശം 23,400 ചതുരശ്ര മീറ്റർ (5.8 ഏക്കർ) വിസ്തീർണ്ണത്തിൽ നിർമ്മിച്ച ഈ മോസ്കിൽ ഒരേ സമയം 20,000-ത്തോളം പേർക്ക് പ്രാർത്ഥിക്കാൻ കഴിയുമായിരുന്നു. 987-ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാകുന്നത്. ഇതിനിടയിൽ സ്പെയിനിന്റെ ഭൂരിഭാഗവും കീഴടക്കിയ ഇസ്ലാമിക സൈന്യം, കൊർദോബയിൽ നിന്നും 882 കിലോമീറ്റർ അകലെയുള്ള സാന്റിയാഗോ ഡി കമ്പോസ്റ്റല കത്തീഡ്രലിലെ വൻ ഓട്ടു മണികൾ അഴിച്ചുകൊണ്ടു വന്ന് ഈ മോസ്കിലെ വിളക്കുകളാക്കി മാറ്റി എന്നൊരു സംഭവവും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കാലക്രമേണ ഉമയ്യാദ് ഭരണകൂടത്തിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങളും ക്രിസ്ത്യൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയും കാരണം വിവിധ രാജവംശങ്ങൾ അധികാരം കൈയാളാൻ തുടങ്ങി. അതിൽ ഇസ്ലാമിക നിയമങ്ങൾ വളരെ കർശനമായി നടപ്പിലാക്കിയവരായിരുന്നു ക്രിസ്റ്റ്യൻ സൈന്യത്തിനെതിരെ ഇസ്ലാമിക സൈന്യത്തെ സഹായിക്കാൻ മൊറോക്കോയിൽ നിന്ന് വന്ന അൽമോറാവിദ് രാജവംശം.
1086-ൽ അധികാരം പിടിച്ചെടുത്ത ഇവർ ക്രിസ്തുമത വിശ്വാസികളുടെ മേൽ വലിയ മതനികുതി (ജിസിയ) ചുമത്തുകയും, ഒരു വലിയ വിഭാഗത്തെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുകയും ചെയ്തു. കൂടാതെ പുതിയ പള്ളികൾ പണിയുന്നതിനും വസ്ത്രധാരണത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതോടെ ഫെർഡിനന്റ് മൂന്നാമൻ രാജാവിന്റെ നേതൃത്വത്തിൽ ജനങ്ങൾ അണിനിരക്കുകയും 1236-ൽ ഇസ്ലാമിക ഭരണകൂടത്തിന്റെ ആസ്ഥാനമായിരുന്ന കൊർദോബ തിരിച്ചുപിടിക്കുകയും ചെയ്തു. തുടർന്ന് മോസ്ക് പള്ളിയായി പുനർനാമകരണം ചെയ്യപ്പെടുകയും, മുൻപ് അഴിച്ചുകൊണ്ടു വന്ന മണികൾ ഉരുക്കി വീണ്ടും പള്ളിമണികളാക്കി സാന്റിയാഗോ കത്തീഡ്രലിൽ തിരികെ സ്ഥാപിക്കുകയും ചെയ്തു.

1523-ൽ അധികാരത്തിലെത്തിയ ചാൾസ് അഞ്ചാമൻരാജാവ് മോസ്കിന്റെ നടുഭാഗത്ത് ഭാഗികമായി മാറ്റങ്ങൾ വരുത്തി, നവോത്ഥാനശൈലിയിൽ മനോഹരമായ ഒരു കത്തീഡ്രൽ നിർമ്മിച്ചു. ഇന്ന് ഈ സ്മാരകം ഇസ്ലാമിക-ക്രിസ്ത്യൻ വാസ്തുവിദ്യകളുടെയും സംസ്കാരങ്ങളുടെയും അപൂർവ്വ സംഗമമായി ലോകമെമ്പാടുമുള്ള ചരിത്രപ്രേമികളെ ആകർഷിക്കുന്നു.
1984-ൽ യുനെസ്കോ ഈ കൊർദോബ സ്മാരകത്തെ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു. പ്രതിവർഷം രണ്ടുമില്യണിലധികം സന്ദർശകരാണ് ഇവിടെയെത്തുന്നത്. സ്പെയിനിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന പ്രധാന ഇടങ്ങളിലൊന്നാണിത്.

ഉമയ്യാദ് ഭരണകാലത്ത് കൊർദോബ സ്ഥിതി ചെയ്തിരുന്ന പ്രദേശം 'അൽ-അന്ദലൂസ്' എന്നാണ് അറിയപ്പെട്ടിരുന്നത്. സ്പെയിനിന്റെ സുവർണ്ണകാലഘട്ടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സമയത്ത് കലയും ശാസ്ത്രവും സംസ്കാരവും ഉന്നതിയിലായിരുന്നു. അവിടുത്തെ ലൈബ്രറിയിൽ നാല് ലക്ഷത്തോളം (400,000) പുസ്തകങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
സ്പെയിനിൽ ക്രിസ്ത്യൻ ഭരണകൂടം പൂർണ്ണമായി നിലവിൽ വന്നതോടെ മുസ്ലിം, ജൂത ജനവിഭാഗങ്ങളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുകയോ രാജ്യത്തുനിന്ന് പുറത്താക്കുകയോ ചെയ്തു. എന്നാൽ മതം മാറിയ പലരും രഹസ്യമായി പഴയ മതാചാരങ്ങൾ പിന്തുടരുന്നുണ്ടെന്ന സംശയത്താൽ അവരെ ശിക്ഷിക്കാനായി 1478-ൽ ആരംഭിച്ച സംവിധാനമാണ് 'സ്പാനിഷ് ഇൻക്വിസിഷൻ'. ചരിത്രകാരന്മാർക്കിടയിൽ കണക്കുകളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും, ഇതിന്റെ പേരിൽ പതിനായിരക്കണക്കിന് ആളുകൾ വിചാരണ ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും വിവിധ ശിക്ഷകൾക്ക് വിധേയമാക്കപ്പെടുകയും ചെയ്തു എന്നാണ് പറയുന്നത്.1500-ഓടെ ക്രിസ്ത്യാനികളല്ലാത്ത ഭൂരിഭാഗം ആളുകളും സ്പെയിനിൽ നിന്ന് നാടുകടത്തപ്പെട്ടു.