
ക്ലിഫ്റ്റൺ (ന്യൂജേഴ്സി): അഞ്ച് പതിറ്റാണ്ടിന്റെ വിശ്വാസജീവിതവും കൂട്ടായ്മയും സേവനപാരമ്പര്യവും ആഘോഷിച്ച് ന്യൂജേഴ്സിയിലെ ക്ലിഫ്റ്റൺ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ സുവർണ ജൂബിലി ഭക്തിനിർഭരമായി ആചരിച്ചു. വിശ്വാസവും സഭാപാരമ്പര്യവും സാംസ്കാരിക മൂല്യങ്ങളും പുതുതലമുറയ്ക്ക് കൈമാറേണ്ടതിന്റെ പ്രാധാന്യം ചടങ്ങിൽ പങ്കെടുത്ത മെത്രാപ്പോലീത്തമാരും ക്ലിഫ്റ്റൺ മേയറും ഓർമിപ്പിച്ചു.
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത എന്നിവർ ആഘോഷങ്ങളിൽ പങ്കെടുത്തു. അഞ്ച് പതിറ്റാണ്ടായി മുതിർന്ന തലമുറ കാത്തുസൂക്ഷിച്ച വിശ്വാസപാരമ്പര്യവും മൂല്യങ്ങളും ഉൾക്കൊണ്ട് മുന്നോട്ടുപോകാൻ യുവജനങ്ങളോട് ഇരുവരും ആഹ്വാനം ചെയ്തു. ഇടവകയുടെ മുൻ വികാരിമാരും ചടങ്ങിൽ പങ്കെടുത്തു.

ക്ലിഫ്റ്റൺ നഗരത്തിന് ഇടവകയും വിശ്വാസിസമൂഹവും നൽകിയ സംഭാവനകളെ അഭിനന്ദിച്ച് മേയർ റെയ്മണ്ട് ഗ്രാബോസ്കി നഗരത്തിന്റെ ഔദ്യോഗിക പ്രൊക്ലമേഷൻ സമ്മാനിച്ചു. ലോകം വലിയ ഭിന്നതകളും അഭിപ്രായവ്യത്യാസങ്ങളും നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ മനുഷ്യർ ദൈവത്തിൽനിന്ന് അകന്നുപോകുന്നതാണ് പ്രധാന പ്രശ്നമെന്ന് അദ്ദേഹം പറഞ്ഞു. പാരമ്പര്യങ്ങൾ പിന്തുടരേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ മേയർ, ദൈവവിശ്വാസമുള്ളിടത്ത് സമാധാനം നിലനിൽക്കുമെന്നും സ്നേഹത്തിലൂടെയും ദൈവവിശ്വാസത്തിലൂടെയും വെറുപ്പിനെ അതിജീവിക്കണമെന്നും അഭിപ്രായപ്പെട്ടു. ലോകത്ത് സമാധാനം വിജയിക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു.

ട്രൈ-സ്റ്റേറ്റ് മേഖലയിൽ നിന്നുള്ള നിരവധി കുടുംബങ്ങൾ 1231 വാൻ ഹൗട്ടൻ അവന്യൂവിലെ ദേവാലയത്തിൽ നടന്ന ആഘോഷത്തിൽ പങ്കെടുത്തു. വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന ജൂബിലി സമ്മേളനത്തിൽ ഇടവകയുടെ മുൻ വികാരിമാരെ ആദരിക്കുകയും വിവിധ കാലഘട്ടങ്ങളിൽ സേവനമനുഷ്ഠിച്ച വൈദികർക്ക് മെമന്റോകൾ സമ്മാനിക്കുകയും ചെയ്തു.
സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത സുവർണ ജൂബിലി സുവനീർ പ്രകാശനം ചെയ്തു. ഗവർണർ മൈക്കി ഷെറിലും സെനറ്റർ ആൻഡി കിമ്മും ഇടവകയുടെ അഞ്ച് പതിറ്റാണ്ടത്തെ സേവനത്തെ അഭിനന്ദിച്ച് നൽകിയ ആശംസാസന്ദേശങ്ങളും സുവനീറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

1976 സെപ്റ്റംബറിൽ വെസ്റ്റ് ഓറഞ്ചിലെ വാടക ദേവാലയത്തിൽ വെരി റവ. ഫാ. ജോൺ മാത്യൂസിന്റെ നേതൃത്വത്തിലാണ് ന്യൂജേഴ്സിയിലെ ആദ്യ ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയ്ക്ക് തുടക്കമായത്. 1978 ഒക്ടോബർ 28ന് അഭിവന്ദ്യ തോമസ് മാർ മക്കാറിയോസിന്റെ നേതൃത്വത്തിൽ ഇടവകയ്ക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ന്യൂവാർക്ക്, ബെൽവിൽ, എലിസബത്ത് തുടങ്ങിയ വിവിധ സ്ഥലങ്ങളിലേക്ക് ആരാധനയ്ക്കായി മാറേണ്ടിവന്നെങ്കിലും വിശ്വാസിസമൂഹം സഭാപാരമ്പര്യവും കൂട്ടായ്മയും കൈവിട്ടില്ല.

ഇടവകയ്ക്ക് സ്വന്തമായി ദേവാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള നിർണായക പ്രവർത്തനങ്ങൾക്ക് 2007ൽ ഫാ. ബാബു വർഗീസിന്റെ (ഷെബാലി അച്ചൻ) നേതൃത്വത്തിൽ തുടക്കമായി. 2008 മേയ് 12ന് ക്ലിഫ്റ്റണിലെ 1231 വാൻ ഹൗട്ടൻ അവന്യൂവിലുള്ള ദേവാലയവസ്തു സ്വന്തമാക്കി. മേയ് 18ന് അവിടെ ആദ്യ വിശുദ്ധ കുർബാന അർപ്പിച്ചു. മേയ് 24ന് മാർ ബർണബാസ് ദേവാലയം കൂദാശ ചെയ്തു. പിന്നീട് ഫാ. ഷിനോജ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ നവീകരണപ്രവർത്തനങ്ങൾക്കുശേഷം 2017 ഡിസംബർ 25ന് നവീകരിച്ച ദേവാലയം വീണ്ടും കൂദാശ ചെയ്തു.

ഇന്ന് മുതിർന്നവരും യുവജനങ്ങളും കുട്ടികളുമുൾപ്പെടുന്ന സജീവ വിശ്വാസിസമൂഹമാണ് ഇടവകയുടെ കരുത്ത്. സൺഡേ സ്കൂൾ, ആത്മീയ സംഘടനകൾ, വിവിധ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ പുതുതലമുറയിൽ വിശ്വാസവും കൂട്ടായ്മയും വളർത്തുന്നതിൽ ഇടവക ശ്രദ്ധിക്കുന്നു.
നിലവിലെ വികാരി വെരി റവ. ഫാ. യേശുദാസൻ പാപ്പൻ കോർ എപ്പിസ്കോപ്പയുടെ നേതൃത്വത്തിലാണ് സുവർണ ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിച്ചത്. 2023 മുതൽ വികാരിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹത്തെ ചടങ്ങിൽ ആദരിച്ചു.

ജൂബിലി ജനറൽ കൺവീനർ മാത്യു ജേക്കബ്, സുവനീർ കൺവീനർ വർഗീസ് പി. മത്തായി, സെക്രട്ടറി തിമോത്തി കണ്ടത്തിൽ, ട്രസ്റ്റി ജിജു കൊട്ടാരത്തിൽ എന്നിവർ ആഘോഷങ്ങളുടെ വിജയത്തിനായി നേതൃത്വം നൽകി. ദേവാലയം സ്വന്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും വായ്പാ നടപടികളിലും ബാങ്കിങ്-അക്കൗണ്ടിങ് സംവിധാനങ്ങൾ ഒരുക്കുന്നതിലും മാത്യു ജേക്കബും വർഗീസ് പി. മത്തായിയും നിർണായക പങ്കുവഹിച്ചു. ജൂബിലിക്കായി ഏറ്റവും കൂടുതൽ സ്പോൺസർഷിപ്പ് സമാഹരിച്ച സാലിൽ ജോസഫിനെയും ആദരിച്ചു. ചടങ്ങിൽ ജിജു കൊട്ടാരത്തിൽ നന്ദി പറഞ്ഞു.
സ്ഥാപക വികാരി വെരി റവ. ഫാ. ജോൺ മാത്യൂസ് ഉൾപ്പെടെ വിവിധ കാലഘട്ടങ്ങളിൽ ഇടവകയെ നയിച്ച ഫാ. സി.എം. ജോൺ കോർ എപ്പിസ്കോപ്പ, ഫാ. സി.സി. മാത്യൂസ്, ഫാ. സാമുവൽ കെ. മാത്യു, ഫാ. ബാബു വർഗീസ്, ഫാ. ഷിനോജ് തോമസ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ഫാ. ഷിബു ഡാനിയേലും ഫാ. ജോയ്സ് പാപ്പനും അതിഥി വൈദികരായി പങ്കെടുത്തു.

ന്യൂജേഴ്സിയിൽ 50 വർഷം പൂർത്തിയാക്കുന്ന ആദ്യ ഓർത്തഡോക്സ് ഇടവകയെന്ന നേട്ടവും സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിന്റെ സുവർണ ജൂബിലിക്ക് പ്രത്യേക പ്രാധാന്യം നൽകുന്നു. വാടക ദേവാലയത്തിലെ ചെറിയൊരു വിശ്വാസിസമൂഹത്തിൽനിന്ന് സ്വന്തമായ ദേവാലയവും സജീവമായ തലമുറകളുടെ കൂട്ടായ്മയുമായി വളർന്ന ഈ യാത്ര വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും ചരിത്രം കൂടിയാണ്.
എളിയ നിലയിൽ ആരംഭിച്ച ഈ ഇടവക, നിരവധി കുടുംബങ്ങളുടെ വിശ്വാസം, സമർപ്പണം, ത്യാഗങ്ങൾ എന്നിവയിലൂടെ ക്രമേണ വളർന്നു. സൺഡേ സ്കൂൾ, ആത്മീയ സംഘടനകൾ, മറ്റ് വിവിധ ഇടവക പ്രവർത്തനങ്ങൾ എന്നിവ സമൂഹജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായി മാറി. ഇവ അംഗങ്ങളുടെ ആത്മീയ വളർച്ചയെ സഹായിക്കുകയും, തലമുറകൾക്കിടയിലുള്ള കൂട്ടായ്മയെ ശക്തിപ്പെടുത്തുകയും ചെയ്തു.
ഇന്നും, വളർന്നുകൊണ്ടിരിക്കുന്നതും വൈവിധ്യമാർന്നതുമായ ഒരു വിശ്വാസി സമൂഹത്തിന് ഈ ഇടവക സേവനം നൽകിപ്പോരുന്നു. മുതിർന്ന അംഗങ്ങൾ, യുവകുടുംബങ്ങൾ, കുട്ടികൾ, യുവാക്കൾ എന്നിവർ ഇതിലെ ആത്മീയവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരുന്നു. ഇത് മലങ്കര ഓർത്തഡോക്സ് സഭയുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം, തലമുറകൾക്കിടയിൽ ശക്തമായ ഒരു കൂട്ടായ്മ വളർത്തിയെടുക്കാനും സഹായിക്കുന്നു.