
അയർലണ്ടിലെ ആതുര സേവന രംഗത്ത് ഐറിഷ് അല്ലാത്ത ആദ്യത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി ഉയർന്ന പ്രിയ മധു കോട്ടയംകാരിയാണ്. ബിഎസ്സി നഴ്സിംഗ് ബിരുദവുമായി 2004ൽ ഡബ്ലിനിൽ പറന്നിറങ്ങിയ പ്രിയ, രണ്ടു പതിറ്റാണ്ടു കൊണ്ട് നേടിയെടുത്തത് രണ്ടു മാസ്റ്റേഴ്സ്, ഒട്ടേറെ ഡിപ്ലോമകൾ. അതിലേറെ വിലപ്പെട്ട അനുഭവ പരിജ്ഞാനം.
ഡോക്ടർമാരും നേഴ്സുമാരും ഉൾപ്പെടെ മൂവായിരത്തോളം പേരുടെ ഭരണ മേധാവിയായ പ്രിയയുടെ കീഴിൽ മൂന്നു ആശുപത്രികളുണ്ട്- ഒവ്വർ ലേഡി ഓഫ് ലൂർദ്സ്, ലൗത് കൗണ്ടി ഹോസ്പിറ്റൽ, കോട്ടേജ് ഹോസ്പിറ്റൽ. മൂവായിരം ജോലിക്കാരിൽ പകുതിയിലേറെയും മലയാളികൾ. ഐറിഷ് നാഷണൽ ഹെൽത്ത്കെയർ അസിസ്റ്റന്റ് ഡയറക്ടർ പദവികൂടിയുണ്ട് പ്രിയക്ക്.

അയർലണ്ടിൽ അപൂർവ ബഹുമതി നേടിയ പ്രിയ
കോട്ടയം മുനിസിപ്പാലിറ്റി 24ആം വാർഡ് ആയ തിരുവാതുക്കൽ കെ.കെ, മധുവിന്റെയും ബീനയുടെയും മകളായി ജനിച്ച പ്രിയ, മരിയൻ സെക്കണ്ടറി സ്കൂളിൽ നിന്ന് പ്ലസ് 2 പാസായി . സേലത്ത് വിനായക മിഷൻ വക അന്നപൂർണ കോളജ് ഓഫ് നഴ്സിംഗിൽ പഠിച്ച് ബിരുദം.
ബാംഗളൂരിലെ ഓക്സ്ഫോർഡ് കോളജിൽ ലക്ച്ചറർ ആയി. തുടർന്ന് മാൽഡീവ്സിലേക്ക്. അവിടെ എഡികെ ഹോസ്പിറ്റലിൽ നഴ്സിംഗ് സൂപ്പർവൈസറായി തുടങ്ങി.കോട്ടയത്തേക്ക് മടങ്ങിയ പ്രിയ ഭാരത് ഹോസ്പിറ്റലിന്റെ നഴ്സിംഗ് സ്കൂളിൽ അധ്യാപികയായി. 2004ൽ അയർലണ്ടിലേക്ക് പറന്നു.

ഔർ ലേഡി ഓഫ് ലൂർദ്സ് ഹോസ്പിറ്റലിൽ
തലസ്ഥാനമായ ഡബ്ലിനിൽ സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചേക്കേറിയ പ്രിയ സ്റ്റാഫ് നഴ്സ് ആയി തുടങ്ങി വാർഡ് മാനേജരും അസിസ്റ്റന്റ് നഴ്സിംഗ് ഡയറക്റ്ററും ഡയറക്ട്രേറ്റ് നഴ്സ് മാനേജരുമായി ഉയർന്നു. അടുത്തത് ബാർട്ര എന്ന പ്രൈവറ്റ് ഗ്രൂപ്പിന്റെ ആതുരസേവന വിഭാഗത്തിൽ സിഒഒയും ട്രാന്സിഷണൽ കെയർ സെർവീസസിന്റെ ഗ്രൂപ് ക്ലിനിക്കൽ ഡയറക്ടറും ആയി.
2925 നവംബറിൽ ഒവ്വർ ലേഡി ഓഫ് ലൂർദ്സ് ഹോസ്പിറ്റലിൽ സിഇഒയായി ചേർന്നു. പ്രൈവറ്റിൽ നിന്ന് ഗവർമെന്റ് സ്ഥാപനത്തിലേക്കുള്ള മാറ്റം സുരക്ഷിതത്വവും ആത്മവിശ്വാസവും വർധിപ്പിച്ചു. അതിന്റെ ഭാഗമായി ദേശീയ തലത്തിൽ അംഗീകാരം നേടുകയും ചെയ്തു.

ഡബ്ലിനിൽ മാസ്റ്റേഴ്സ് നേടിയപ്പോൾ
അയർലണ്ടിൽ രണ്ടു മാസ്റ്റേഴ്സാണ് പ്രിയ നേടിയത്. ഒന്ന് ഡബ്ലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക് അഡ്മി നിസ്ട്രേഷനിൽ നിന്ന് ലീഡര്ഷിപ് സ്ട്രാറ്റജിയിൽ എംഎ. രണ്ട്. റോയൽ കോളജ് സർജൻസിൽ നിന്ന് റെസ്പിറേറ്ററി മെഡിസിനിൽ എംഎസി. ഡേറ്റ പ്രൊട്ടക്ഷൻ ഉൾപ്പെടെയുള്ള മാനേജ്മെന്റ് വിഷയങ്ങളിൽ ഡിപ്ലോമകളും.
നാട്, നിറം, മതം, വിശ്വാസം തുടങ്ങിയ വ്യത്യാസങ്ങൾ നോക്കാതെ ഏതു നാട്ടുകാരനെയും സ്വീകരിക്കാനുള്ള മൾട്ടികൾച്ചറിസം ആണ് അയർലണ്ടിന്റെ മുഖമുദ്ര. ആർക്കും ആരോടും മത്സരിച്ച് ഉയർന്നു പോകാൻ കഴിയുന്ന ഈക്വൽ ഓപ്പർച്യുണിറ്റി. തുല്യ ജോലിക്കു തുല്യ ശമ്പളം.

മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയോടൊപ്പം ഡബ്ലിനിൽ
ആതുരസേവനത്തിനായി രാജ്യത്തെ ആറുമേഖലകളായി തിരിച്ചിട്ടുണ്ട്. അവയിൽ ഡബ്ലിന്റെ ഒരു ഭാഗം കൂടി ഉൾപ്പെടുന്ന വടക്കേ മേഖലയിലാണ് പ്രിയ. ഡബ്ലിനിൽ നിന്നും 43 കിമീവടക്കു യുകെയുടെ കീഴിലുള്ള ബെൽഫാസ്റ്റിനോട് അടുത്തു കിടക്കുന്ന ഡ്രോഗ്രെഡയിലെ ഒവ്വർ ലേഡി ഓഫ് ലൂർദ്സ് ആശുപത്രി ആസ്ഥാനമാക്കി പ്രിയ ഭരണം നടത്തുന്നു.
കേരളത്തിന്റെ ഇരട്ടി വലിപ്പവും ഏഴിലൊന്നു ജനവുമുണ്ട് ഐറിഷ് റിപ്പബ്ലിക്കിൽ. ദ്വീപിന്റെ വടക്കേ അതിർത്തി പ്രദേശമായ നോർത്തേൺ അയർലൻഡ് യുകെയുടെ ഒരു പ്രവിശ്യയാണ്. യൂറോപ്യൻ യൂണിയനിൽ അംഗമാണ് അയർലൻഡ്. യൂറോ അവരുടെ നാണയം.

സഹപ്രവർത്തകരുടെ നടുവിൽ
കേരളവുമായി അയർലണ്ടിനുള്ള ബന്ധം ആയിരക്കണക്കിന് മലയാളി നേഴ്സ്മാരും ഭർത്താക്കന്മാരും കുട്ടികളും അവിടെ ഉണ്ടെന്നുള്ളതാണ്. നഴ്സുമാർക്ക് തുടക്കത്തിൽ മാസം 2500-3000 യൂറോ വേതനം ലഭിക്കും. പക്ഷെ ജീവിതച്ചെലവ് കൂടുതലാണ്. താമസിക്കാൻ അപ്പാർട്മെന്റിന് കുറഞ്ഞത് 1500 യൂറോ വേണ്ടിവരും. ഭാര്യയും ഭർത്താവും ജോലിചെയ്താൽ ഒരളുടെ ശമ്പളം മിച്ചം പിടിക്കാൻ കഴിഞ്ഞേക്കും.
ജോൺ ജോസഫ് മർഫി എന്ന ഐറിഷ് പ്ലാന്ററാണ് 1900കളുടെ തുടക്കത്തിൽ തിരുവിതാംകൂറിലെ ഏറ്റവും വലിയ റബർ തോട്ടം വച്ചുപിടിപ്പിച്ചത്. ഇന്ന് കേരളത്തിലെ റബർ കൃഷിക്കാർക്ക് റിക്കോർഡ് വില ലഭിക്കുന്നു-കിലോക്ക് 300രൂപ. മർഫിയെ സംസ്കരിച്ചത് മുണ്ടക്കയത്തിനടുത്ത് കൂട്ടിക്കൽ സിഎസ്ഐ പള്ളി സെമിത്തേരിയിൽ. ഡബ്ലിനിൽ അദ്ദേഹത്തിനു സ്മാരകം ഉണ്ട്.

സിഡ്നിയിൽ കസിനോടൊപ്പം
സാഹിത്യ സംബന്ധമായും കേരളവും അയർലണ്ടും തമ്മിൽ ബന്ധമുണ്ട്. ഡബ്ലിനുപിന്നാലെ അടുത്ത കാലത്തായി കോഴിക്കോടും യുനെസ്കോ സാഹിത്യ നഗരമായി പ്രഖ്യാ പിക്കപെട്ടു. അയർലൻഡിൽ ജനിച്ച എ ഴുത്തുകാർ ജെയിംസ് ജോയ്സ്, സാമുവൽ ബെക്കറ്റ്, ഡബ്ള്യു. ബി. യേറ്റ്സ്, ബർണാഡ് ഷാ, ജോനാഥൻ സ്വിഫ്റ്റ് എന്നിവരെ മലയാളികളും ആദരിക്കുന്നു. നാല് ഐറിഷ് എഴുത്തുകാർക്ക് നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്-യേറ്റ്സ്, ജോയ്സ്, ഷാ, ഹീലി.
നാൽപതു വർഷം മുമ്പ് എയർ ഇന്ത്യയുടെ ഏറ്റവും വലിയ ദുരന്തം സംഭവിച്ചതും അയർലണ്ടിന്റെ തെക്കേ അറ്റത്തുള്ള കോർക്ക് പ്രവിശ്യയിലാണ്. കാനഡയിൽ നിന്ന് ഇന്ത്യയിലേക്കു വന്ന എമ്പറർ കനിഷ്ക്ക എന്ന ജംബോ ജെറ്റ് 1985 ജൂൺ 23നു ബോംബു പൊട്ടിത്തെറിച്ച് കടലിൽ പതിച്ചു. 329 പേർ മരിച്ചു. 268 പേർ ഇന്ത്യൻ വംശജരായ കാനേഡിയൻ പൗരൻമാരും 37 പേർ ബ്രിട്ടീഷ് പൗരൻമാരും 22 ഇൻഡ്യാക്കാരും.

അച്ഛനമ്മമാർ മധുവും ബീനയുയുമൊത്ത്; മുത്തശ്ശൻ ദയാനന്ദൻ, മുത്തശ്ശി കമലാക്ഷി.
മോൺട്രിയോൾ ഒളിമ്പിക്സ് റിപോർട്ട് ചെയ്ത കാലത്തു എന്റെ ആതിഥേയൻ ആയിരുന്ന പ്രുഡൻഷ്യൽ ഇൻഷ്വറൻസ് മേധാവി കോട്ടയം സ്വദേശി ജോസഫ് സാമുവൽ മരിച്ചവരുടെ ബന്ധുക്കൾക്കു ഇൻഷ്വറൻസ് തുക നൽകാനായി കോട്ടയവും തിരുവല്ലയുമൊക്കെ സന്ദർശിച്ചത് ഞാൻ ഓർക്കുന്നു.
അയർലണ്ടിൽ 80,000-83,000 ഇൻഡ്യാക്കാരുണ്ടെന്നാണ് ഔദ്യോഗിക ഭാഷ്യം. അവരിൽ 8500-10000 പേർ വിദ്യാർത്ഥികളാണ്. മലയാളികൾ 24,000-25,000 വരും. അവശേഷിക്കുന്ന ഇന്ത്യക്കാരിൽ തമിഴരും കന്നടക്കാരും തെലുങ്കരും ഹിന്ദിക്കാരും ബംഗാളികളുമെല്ലാം ഉണ്ട്. ഡബ്ലിൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ മലയാളി സമാജങ്ങൾ ഉണ്ട്. അവർ ഓണവും ക്രിസ്മസും നവവത്സരവുമൊക്കെ ആഘോഷിക്കുന്നു.

വീട്, വായന, ഓണം
പ്രിയയുടെ ഏക സഹോദരൻ അഭിലാഷ് ദുബൈയിൽ ഒരു ബിസിനസ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്റ്ററാണ്. ഡബ്ലിനിൽ ജോലിചെയ്യുന്ന ദേവൻ നായർ-പ്രിയ ദമ്പതിമാരുടെ ഏകമകൻ അക്ഷയ് ദേവൻ (26) എഡിൻബറോ യൂണിവേഴ്സിറ്റിയിൽ നിന്നു തിയറിട്ടിക്കൽ ഫിസിക്സിൽ ബിരുദം നേടിയ ശേഷം ലണ്ടനിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കറാണ്.
ലോകത്തിൽ എവിടെ ആണെങ്കിലും കേരളമാണ് പ്രിയയുടെ ഹൃദയത്തിൽ എന്നും പച്ചപിടിച്ചു നിൽക്കുന്നത്. മുത്തശ്ശൻ ദയാനന്ദനും മുത്തശ്ശി കമലാക്ഷിയും കടന്നു പോയി. ദുബൈനിന്ന് മടങ്ങിയ അച്ഛൻ മധുവും അമ്മ ബീനയും കാത്തിരിക്കുന്നു. കോട്ടയം മെഡിക്കൽ കോളജിൽ നഴ്സിംഗ് സൂപ്രണ്ട് ആയിരുന്ന കമലാക്ഷിയാണ് പ്രിയയുടെ റോൾ മോഡൽ.

യുകെ, അയർലൻഡ്, ഡബ്ലിൻ, ഡ്രോഗ്രെഡ