
തൃശൂർ: പെട്രോളിൽ പരിധിയിൽ കൂടുതൽ എഥനോൾ കലർത്തുന്നു എന്ന ആരോപണങ്ങൾക്കിടെ, ഇന്ധനത്തിലെ എഥനോൾ മിശ്രിതത്തെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. ഇ20 പെട്രോളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൻ്റെ പക്കൽ കൃത്യമായ ശാസ്ത്രീയ റിപ്പോർട്ടുകളുണ്ടെന്നും ആര് വേണമെങ്കിലും പരിശോധന നടത്തട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടക സർക്കാരോ കേരള സർക്കാരോ ഇതുമായി ബന്ധപ്പെട്ട് എന്ത് പരിശോധന വേണമെങ്കിലും നടത്തട്ടെയെന്ന് മന്ത്രി വെല്ലുവിളിച്ചു. നിലവിൽ കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുള്ള എഥനോൾ കലർത്തലിൻ്റെ തോത് 20 ശതമാനമാണെന്നും (E20), എന്നാൽ ഭാവിയിൽ ഇത് ഇനിയും വർധിപ്പിക്കാനാണ് കേന്ദ്ര തീരുമാനമെന്നും അദ്ദേഹം വെളിപ്പെടുത്തി. ശാസ്ത്രീയമായ പ്രായോഗികത പൂർണമായും വിലയിരുത്തിയ ശേഷമേ ഈ വർധനവ് നടപ്പിലാക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഈ വിഷയത്തിൽ ആരെങ്കിലും സാങ്കേതിക കുത്തിത്തിരിപ്പുകൾ നടത്താൻ ശ്രമിച്ചാൽ, അതിൻ്റെ തുരങ്കം ആർക്ക് വീഴുമെന്ന് വരും ദിവസങ്ങളിൽ കാണാം," എന്ന് സുരേഷ് ഗോപി മുന്നറിയിപ്പ് നൽകി. കർണാടകയിലും കേരളത്തിലും പെട്രോളിലെ എഥനോൾ അളവിനെ ചൊല്ലി രാഷ്ട്രീയ വടംവലികളും ഉപഭോക്തൃ വകുപ്പിൻ്റെ മിന്നൽ പരിശോധനകളും നടക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
'ഇരുപതാണ് ഞങ്ങൾ അംഗീകരിച്ചിട്ടുള്ള കണക്ക്, എന്നാൽ വേണമെങ്കില്ർ അത് വർധിപ്പിക്കും. കാലക്രമേണ വർധിപ്പിക്കാനാണ് തീരുമാനം. ശാസ്ത്രീയ പ്രായോഗികത നോക്കിയിട്ടാണ് വർധിപ്പിക്കുക. രാഷ്ട്രീയത്തിന് വേണ്ടി സാങ്കേതിക കുത്തിത്തിരിപ്പ് നടത്തിയാൽ തുരങ്കം ആർക്കുവീഴുമെന്ന് കാണാമെന്നും,' അദ്ദേഹം പറഞ്ഞു