
ദീപാവലി അഥവാ ദീപങ്ങളുടെ ഉത്സവം വെളിച്ചത്തിന്റെ ഉത്സവമായി നാം ആഘോഷിക്കുന്നു. ഇരുട്ടിനെ തോൽപ്പിക്കാൻ ഒരു ചെറിയ ദീപം മതി എന്ന വലിയ പാഠം ഓരോ വർഷവും നമ്മെ ഓർമ്മിപ്പിക്കുന്ന ഉത്സവമാണ് ദീപാവലി. ദീപങ്ങളുടെ നിര എന്നാണ് ആ വാക്കിന്റെ അർത്ഥം. തിന്മയ്ക്കു മേൽ നന്മയുടെയും അജ്ഞതയ്ക്കു മേൽ അറിവിന്റെയും ഇരുട്ടിനു മേൽ വെളിച്ചത്തിന്റെയും വിജയമാണ് ഈ ആഘോഷത്തിന്റെ ലക്ഷ്യം. തുലാമാസത്തിലെ അമാവാസി (കാർത്തിക മാസം) രാത്രിയിലാണ് ഇത് ആഘോഷിക്കുന്നത്.
അമാവാസി നാളിലാണ് പ്രധാന ദീപാവലി. ഒക്ടോബർ–നവംബർ മാസങ്ങളിലായി വരുന്ന ഈ ഉത്സവം അഞ്ചു ദിവസം നീണ്ടുനിൽക്കുന്നു. ദീപാവലിക്കു പിന്നിൽ പല ഐതിഹ്യങ്ങളുണ്ട്. പതിന്നാലു വർഷത്തെ വനവാസത്തിനും രാവണവധത്തിനും ശേഷം ശ്രീരാമൻ സീതയോടും ലക്ഷ്മണനോടുമൊപ്പം അയോധ്യയിൽ മടങ്ങിയെത്തിയപ്പോൾ ജനങ്ങൾ ദീപങ്ങൾ തെളിയിച്ച് വരവേറ്റു എന്ന് ഉത്തരേന്ത്യ വിശ്വസിക്കുന്നു. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ സ്മരണയാണ് ദക്ഷിണേന്ത്യയിൽ, കേരളത്തിലും തമിഴ്നാട്ടിലും, ഈ ദിനം.
സമ്പത്തിന്റെ ദേവിയായ ലക്ഷ്മിയെ ആരാധിക്കുന്ന ദിവസം കൂടിയാണിത്. ജൈനർക്ക് മഹാവീരന് നിർവാണം ലഭിച്ച ദിനവും സിഖുകാർക്ക് ഗുരു ഹർഗോബിന്ദ് ജി ജയിൽമോചിതനായ "ബന്ദി ഛോഡ് ദിവസ്" ആഘോഷവുമാണിത്. ഇങ്ങനെ വിവിധ മതങ്ങളെ ഒരേ വെളിച്ചത്തിൽ ചേർത്തു നിർത്തുന്നു ദീപാവലി. ആഘോഷങ്ങൾക്കും ഒരുക്കങ്ങൾക്കും ഒട്ടും കുറവില്ല. വീടുകൾ വൃത്തിയാക്കി അലങ്കരിക്കും, മുറ്റത്ത് വർണ്ണങ്ങൾ കൊണ്ട് രംഗോലി വരക്കും, മൺവിളക്കുകൾ (ചിരാതുകൾ) സന്ധ്യയെ പ്രകാശമയമാക്കും, പുതുവസ്ത്രം ധരിച്ച്, മധുരപലഹാരങ്ങൾ പങ്കിട്ട്, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനങ്ങൾ നൽകും, പടക്കങ്ങളും കമ്പിത്തിരികളും കൊണ്ട് ആകാശം നിറയും. പക്ഷേ, ദീപാവലിയുടെ യഥാർത്ഥ പ്രകാശം പുറത്തെ വിളക്കുകളിൽ മാത്രമല്ല. മനസ്സിലെ അസൂയയും പകയും അഹങ്കാരവും നീക്കി സ്നേഹവും ദയയും പ്രകാശിപ്പിക്കുമ്പോഴാണ് ഈ ഉത്സവം പൂർണ്ണമാകുന്നത്. ഒരു ദീപം മറ്റൊരു ദീപം തെളിയിച്ചാലും അതിന്റെ പ്രകാശം കുറയുന്നില്ല, പങ്കുവെക്കുമ്പോൾ വെളിച്ചം കൂടുകയേ ചെയ്യൂ. ആ തിരിച്ചറിവാണ് ദീപാവലി നമുക്കു തരുന്ന ഏറ്റവും വലിയ പാഠം.
ഏവർക്കും ദീപാവലി ആശംസകൾ.
അഡ്വ. വത്സ മരങ്ങോലി
ദീപാവലി കവിത
അമാവാസി രാവിന്റെ മാറിൽ തെളിയുന്നു അനുരാഗദീപങ്ങൾ ആയിരമായ്,
ഇരുളിന്റെ നെഞ്ചിലെ മൗനം മായ്ക്കുന്നു ചിരാതിൻ നാളങ്ങൾ പൊൻകിരണമായ്.
മനസ്സിലെ മാലിന്യം മാഞ്ഞുപോകട്ടെ, മനുഷ്യസ്നേഹത്തിൻ പൂക്കൾ വിരിയട്ടെ, പകയുടെ കനലുകൾ കെട്ടടങ്ങട്ടെ, പുണ്യത്തിൻ പാതകൾ തെളിഞ്ഞുയരട്ടെ.
നരകാസുരനിഗ്രഹ സ്മരണയുണർത്തും നന്മയുടെ വിജയഗാഥ പാടിടാം,
രാമന്റെ മടക്കത്തിൻ ആഹ്ലാദമുണർത്തി ചിരാതുകളിന് പ്രകാശം പോൽ,
ഹൃദയം ദീപം തെളിക്കാം.
ഒരു തിരിനാളം പകരുന്ന വെളിച്ചം
ഒരു നൂറു ഹൃദയങ്ങളിൽ നിറയട്ടെ,
ലോകമാകെ സ്നേഹത്തിൻ പൂക്കളം തീർത്ത് ദീപാവലി നന്മയുടെ ഉത്സവമാകട്ടെ!
അഡ്വ വത്സ മരങ്ങോലി