
ഇരുൾനീക്കി പൊരുളിൻ വെളിച്ചമായ് നിറയുവാൻ
കരളിലായ് നന്മാർദ്ര തിരിതെളിക്കുംവിധം
തുലാമാസമമാവാസി നാളിൽ നാം നന്മതൻ
ദീപോത്സവം തെളിക്കുന്നു ഹൃദയങ്ങളിൽ.
അന്ധകാരത്തിൽനിന്നുള്ള വിമോചനം,
ബന്ധുര ചിന്താചെരാതായ് തെളിച്ചു നാം,
തിന്മയ്ക്കുമേൽ നന്മ വിജയിച്ച സുദിനത്തെ-
യോർത്തു വന്ദിക്കുന്നു, ഹൃദയാർദ്രമാംവിധം.
സ്മരണാമരന്ദമായ് നിറയുന്ന ചിന്തകൾ
ഉണരട്ടെയോരോ മനസ്സുകൾക്കുള്ളിലും
മധുരാർദ്രമാകട്ടെയോരോ പുലരിയും
മഹിതാർദ്രമാകട്ടെയിന്നിൻ രജനിയും.
മഹാലക്ഷ്മിതന്നവതാര ദിനമാകയും
നരകാസുരനെ വധിച്ചുദയമേകിയും
മഹനീയ ചിന്തയേകുന്നില്ലെ ദർശനം;
ഭഗവത്പാദങ്ങളോർക്കുന്നില്ലെ, സാദരം.
പ്രകാശപൂരിതമാകട്ടെ പാരിടം
ധനലക്ഷ്മിയായിത്തിളങ്ങട്ടെ; വത്സരം
പങ്കുവയ്ക്കാം മധുരഹൃദയബന്ധങ്ങളും
തിങ്കൾസ്മിതംപോൽ തെളിയ്ക്ക ദീപങ്ങളും.
ഒരു തിരിയിൽനിന്നനേക നാളങ്ങളായ്
തെളിയുന്നു; ജ്ഞാനംകണക്കെത്തിളങ്ങുന്നു
അണയാതിരിക്കട്ടെയറിവിൻ പ്രകാശവും;
കരുണാമയന്റെയാ, മഹനീയ രൂപവും.
പ്രകാശം കൊതിക്കുന്ന യേതു ഹൃദയത്തിലും
പ്രഭാതം വിടർത്തുന്നുണർവ്വിൻ മഹാസ്മിതം
പ്രദോഷമായീടിലുമേകുന്നുടയവൻ
നക്ഷത്രജാലമായലിവിൻ ശുഭസ്മിതം.
തമോമയമായതൊന്നാകേയകറ്റിടും
തേജോമയമായ ഹൃദയപ്രകാശവും
സദയം തെളിച്ചുണർത്തീടാം ശുഭസ്മിതം;
തമസ്സകന്നുണരട്ടെ, ഹൃദയമന്ദസ്മിതം...